ജോബിനെക്കുറിച്ച് എന്തെഴുതിയാലും എത്രയെഴുതിയാലും ജോബിൻ എന്ന ആളിനെ ഉൾകൊള്ളാൻ പറ്റാത്തെ വരും. അമ്പലങ്ങളിലെ ശിലകളോടും, നല്ലൊരു സിനിമയോടും, ദൈവം എന്ന സങ്കല്പത്തോടുമാണ് ഏറ്റവും ചേർച്ചയോടെ ജോബിനെ ഉപമിക്കാനാവുക. ആർക്കെങ്കിലും അവൻ രക്ഷകനായിട്ടുണ്ടോ എന്നെനിക്കറിയില്ല, ഉണ്ടാവും.. അപ്പോൾ പിന്നെ ഈ ഉപമ? നിങ്ങൾ കാണുന്നതെല്ലാം ഒന്നുതന്നെ പക്ഷെ നിങ്ങളറിയുന്നതൊന്നും ഒരേപോലെയുള്ളവയല്ല; ദൈവമാകട്ടെ, ശിലകളാവട്ടെ, നല്ലൊരു സിനിമയാകട്ടെ, ആകാശത്തുകൂടി തെന്നിനീങ്ങുന്ന മേഘങ്ങളാവട്ടെ.
ജോബിനും അങ്ങനെ തന്നെ. ഇന്ദിര ഭവനിൽ ഒരു സന്ധ്യക്കാണ് മറുപാർട്ടിയിലെ പലകൂട്ടുകാരും ചെറിയ പേടിയോടെ പൊക്കിപ്പറഞ്ഞ ആ ‘സൂപ്പറായിട്ട്’ സംസാരിക്കുന്ന ചെറുക്കനെ പരിചയപ്പെടുന്നത്. പിന്നീടുള്ള പല വൈകുന്നേരങ്ങളിലും സ്വന്തം ക്ളാസിലുമധികം അടുപ്പം തോന്നിയ ജൂനിയർ പിള്ളേരോട് കമ്പനി ആകാൻ ചെല്ലുമ്പോൾ, അവന്റെ സാനിധ്യം സൃഷ്ടിക്കുന്ന ഗുരുത്വബല ഗർത്തത്തിനു ചുറ്റും കറങ്ങുന്ന ജ്യോതിർഗോളങ്ങളെയായിരുന്നു കണ്ടിരുന്നതും. തിരിച്ച് അവൻ സ്വയം അവർക്കു ചുറ്റും കറങ്ങിയിരുന്നു. കൃത്യമായി ദിവസം ഓർമയില്ലാത്ത ഏതോ രാത്രിയിൽ, PMG ബസ്റ്റോപ്പിലേക്ക് കോഫി ഹൗസിൽ നിന്ന് നടക്കുന്നതിനിടെ “കളിക്കു ശേഷം രാജാവും കാലാളുമെല്ലാം ഒരേ പെട്ടിയിൽ” എന്ന വരി അവൻ പറഞ്ഞു. ഇതൊരു ഷോർട്ട് ഫിലിം ആക്കണമെന്നും. ഞങ്ങൾ ചർച്ച ചെയ്യുന്ന കഥകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു; ഏറ്റവും ചെലവു ചുരുക്കി, എത്രയും പെട്ടെന്ന് ഷൂട്ട് ചെയ്യാവുന്ന കഥകൾ ആയിരിക്കും എപ്പോഴും. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും, ആ കഥകൾ വലുതാവും. കയ്യിൽ സ്വന്തം ചായക്കാശു മാത്രം കഷ്ടിച്ചുള്ള ക്യാമറാമാൻ ആയ കൂട്ടുകാരന്മാർ സ്വന്തമായില്ലാത്ത രണ്ട് ഇരുപതുകാർക്ക് ചെയ്യാൻ പറ്റാത്ത വലിപ്പത്തിലുള്ള സിനിമയായി എല്ലാ കഥകളും മാറും. ഡബിൾ ടിക്കിനും ശംഖുമുഖത്തിനും സംഭവിച്ചത് മറ്റൊന്നുമല്ല. പക്ഷെ 180 ഞങ്ങൾ ചെയ്തു. പക്ഷെ ഈ എഴുത്ത് അതിനെപ്പറ്റിയല്ല. അന്ന് രാത്രി, കയറിയ ബസിൽ ഞങ്ങൾക്കിരിക്കാൻ സീറ്റ് കിട്ടിയില്ല. ജോബിന് നന്നായി തലവേദനിക്കുനുണ്ടായിരുന്നു, ഛർദിക്കാൻ വരുമെന്നും പറയുന്നുണ്ടായിരുന്നു; വേറെ വഴിയില്ലാതെ ഞങ്ങൾ ആ സൂപ്പർഫാസ്റ്റിന്റെ പടിയിലിരുന്നു. ആ മനംപിരട്ടലിൽ നിന്നവന്റെ മനസിനെ മാറ്റാൻ ഞാൻ കഥകളും പറഞ്ഞുകൊണ്ടിരുന്നു. തൈക്കാട് ഞാനിറങ്ങിപ്പോയശേഷം അവൻ ഛർദിച്ചോ എന്നെനിക്കറിയില്ല. പക്ഷെ കോളേജിൽ മറ്റാരും കണ്ടു കാണാത്ത ജോബിനെ ഞാനന്ന് കണ്ടു. ക്ഷീണിച്ച വയ്യാത്ത ജോബിൻ. മുന്നിൽ കണ്ട എന്തിനെയും സംരക്ഷിക്കാനോ, പരമാവധി ശല്യപ്പെടുത്താതിരിക്കാനോ ശ്രമിക്കുന്ന ജോബിൻ. നിസ്സഹായനായി, ആ ബസിന്റെ പടിയിൽ; വാക്ചാതുര്യമില്ല, കുസൃതി കലർത്തിയ ചിരിയില്ല, ലോക തത്വങ്ങളെ ചുരുക്കം വരികളിൽ പറയുന്നില്ല, പച്ചയായ തലയുയർത്താത്ത ജോബിൻ. അയാളോടെനിക്ക് സ്നേഹം തോന്നി; ഒരു സഹജീവിയോട് തോന്നുന്ന സഹതാപം എന്ന സ്നേഹം അല്ല, ഒരുതരം സംരക്ഷണ മനോഭാവം, മറ്റാർക്കും അറിയാത്ത എന്തോ രഹസ്യം എന്നോട് വിശ്വസിച്ചേല്പിച്ച ഒരാളോട് തോന്നുന്ന വിശ്വാസം, ആദരവ്, കൂറ്.
വർഷങ്ങൾ കടന്നുപോയി.. ഇടയ്ക്കെപ്പോഴോ കുറച്ചു നാൾ പലകാരണങ്ങൾ, പല അവസ്ഥകൾ.. ജോബിനും ഞാനും രണ്ടിടത്തായി.. അവനു പുതിയ കൂട്ടുകാരെക്കിട്ടി, എനിക്കും. ജീവിതത്തിൽ എനിക്കേറ്റക്കുറച്ചിലുകളുണ്ടായി.ഒടുവിൽ, ജീവിതത്തിൽ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് ഞാനെന്നു തോന്നിയ ഒരു വൈകുന്നേരം, അവന്റെ ജന്മദിനാഘോഷത്തിന് ഞാൻ ചെല്ലാത്ത ആ ദിവസങ്ങളിൽ എന്നോ ഒരു വൈകുന്നേരം, അവനെന്നെ വിളിച്ചു. ഞാൻ കേൾക്കേണ്ടിയിരുന്നതെന്തൊക്കെയോ പറഞ്ഞു. ഞാൻ വീണ്ടും ആ സൗരയൂഥത്തിലേക്കു തിരിച്ചു വന്നു; ജീവിതത്തിൽ വീണ്ടും ഉയർച്ചകൾ. സിക്കമൂർ എന്ന പേരിലാവും ആദ്യത്തെ കവിതാ പുസ്തകം ഇറക്കുക എന്നൊരിക്കലവനെന്നോട് പറഞ്ഞിട്ടുണ്ട്; യേശുവിനെക്കാണാൻ സക്കറിയാ കയറിയിരുന്ന മരം. അവൻ ലോകത്തെ കാണുന്നത് ഈ കവിതകളിലിരുന്നാവണം; അതാവണം കവിതാപുസ്തകത്തിന് ആ പേരിടാൻ കാരണം; പിന്നീട് ആ പേരിൽ അവൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി; അതിൽ കൊച്ചു വലിയ കവിതകളെഴുതിയിടാൻ തുടങ്ങി. അതിനും അവൻ ടാഗ് ലൈൻ കൊടുത്തു, ഉയരങ്ങളിൽ ഇരുന്ന് അവൻ അതു കണ്ടു. ചിത്രങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നും അവന്റെ പ്രിയപ്പെട്ട കാര്യം; പറയുന്ന സിനിമാക്കഥകളിൽ എന്നും നല്ല ഫ്രെയിമുകൾ, വിഷ്വലുകൾ; എഴുതുന്ന കവിതകളിൽ ഉജ്വല ഇമേജറി, അപാരമായ ഡിസൈനുകൾ; ഡിഗ്രിക്ക് ചെയ്ത പ്രൊജക്റ്റ്, പുസ്തകങ്ങളുടെ ചട്ടകൾ. കാണുന്ന കാഴ്ചകളിൽ മറ്റാരും കാണാത്തത് അവൻ കണ്ടു; ഒരുപക്ഷെ അതാവണം, ഏറ്റവും അടുത്ത മൂന്നു കൂട്ടുകാരുടെ പേര് ചോദിക്കുമ്പോൾ അവന്റെ പേര് പറയുക, കാരണം മറ്റാരും കാണാത്തത് ജോബിൻ എന്നിൽ കണ്ടു. എന്റെ അന്ധകാരങ്ങളിൽ അശുദ്ധികളുടെ വെള്ളപ്പുക അവൻ കണ്ടു; എന്റെ ഇരുട്ടുകളിൽ പ്രകാശവും. സർഗാത്മകതയുടെ ശവപ്പറമ്പുകളിലേക്ക് ഞാൻ അലഞ്ഞു തിരിഞ്ഞു പോകുമ്പോൾ ഒരു ഫോൺവിളിയിൽ അവനെന്നെ തിരിച്ചു കൊണ്ടു വന്നു; വസന്തങ്ങൾ കാട്ടിത്തന്നു. കരിന്തിരി കത്തുന്ന വിളക്കിലേക്ക് എണ്ണ പകർന്നു തന്നു; ഉയരങ്ങളിലിരുന്ന്, അവനെന്നെ കണ്ടു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ