അടുക്കളകളില്ലാതാവുന്ന കാലം

കാലം ഒരു വൃത്തം വരച്ചു പൂർത്തിയാകുമ്പോൾ ചരിത്രത്തിൻറെ താളുകളിൽ വൃത്തികെട്ട ഒരു പൂജ്യം തെളിയുന്നു
(സുഭാഷ് ചന്ദ്രൻ- മനുഷ്യന്  ഒരു ആമുഖം )

ചെളി പുരണ്ട ഫുട്ബോൾ ബൂട്ടുകൾ ഊരിവച്ച് മൂക്കിന് സമാന്തരമാകാൻ മത്സരിക്കുന്ന വയറിനെ നോക്കി ദുഃഖിച്ചുകൊണ്ട് വെള്ളം കുടിക്കുമ്പോളാണ് ഞാനാ കാഴ്ച കണ്ടത്. അമ്മ അടുക്കളയിൽ നിന്നു പുറത്തു വന്നു വീടിനു ചുറ്റും നോക്കി, പടർന്നു നിൽക്കുന്ന കോവൽ വള്ളികളിൽ, പറമ്പിലങ്ങിങ്ങായി വളർന്ന അനാഥ വാഴകളിൽ, മുരിങ്ങയിൽ പ്ലാവിൽ; എന്നിട്ടു പരാതി പറഞ്ഞു "ഉച്ചയ്ക്കെന്തു വയ്ക്കാൻ?!"

         ഒന്നു രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ ഈ രംഗം അന്യം നിന്നു പോകുമെന്ന് എന്റെ മനസു പറയുന്നു. വീടിനു ചുറ്റുപാടു നിന്നു ആഹാരം സൃഷ്ടിക്കുന്ന "Housemakers" (മലയാള പദം സ്ത്രീകൾക്ക് മാത്രം ബാധകം ആകുന്നതാണ്.. വീട്ടച്ഛൻ എന്നൊരു പ്രയോഗം ഇല്ല!?) എത്ര ബാക്കിയുണ്ടെന്നറിയില്ല.. "കലോറി കൂടിയ ആഹാരത്തിനു തൊഴിലാളി ഭരണകൂടം അമിത നികുതി ചുമത്തിയ തീ ദിവസം തന്നെ ഇത് വന്നത് യാദൃശ്ചികം ആയി തോന്നുന്നു. Instant, ready-made എന്നീ വാക്കുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് കുറച്ചു നാളുകളേ ആവുന്നുള്ളൂ. ഈ സൗകര്യങ്ങൾ ചെയ്തത് ബുദ്ധിമുട്ട് കുറയ്ക്കലല്ല മറിച്ചു കഴിവുകളില്ലാതാക്കുകയാണ്. പാചകം എന്ന കലയെ ഏകശ്രുതിയായ വീട്ടുജോലിയായി തളച്ചിടുകയാണു ചെയ്യപ്പെട്ടത്. അക്ഷമരായ ഒരു തലമുറയുടെ തത്വശാസ്ത്രം ഉൽപാദനത്തിന്റെ സൗകുമാര്യത അല്ല, മറിച്ച് പൂർത്തിയാകുന്നതിലെ ആശ്വാസമാണ്. തത്‌ഫലമായി സർഗാത്മകതയുടെ ഇടങ്ങൾ കൊട്ടിയടയ്ക്കപ്പെടുന്നു. അടുക്കള "സ്ത്രീത്വത്തിന്റെ തടവറ" എന്നു മുദ്രകുത്തപ്പെട്ടു.
അടുക്കളകളില്ലാതാവുന്ന കാലം വരും. ആഹാരം ഹോട്ടലുകളിൽ മാത്രം ഉണ്ടാക്കപ്പെടും. പൊള്ളലിൽ തേൻ പുരട്ടുന്ന പനിക്കു ചുക്കുകാപ്പി തരുന്ന അടുക്കളവൈദ്യവും നിന്നു പോവും. സ്ഥാപനങ്ങൾ അവയുടെ ജോലി ചെയ്യും! പതിയെ പതിയെ മറ്റൊരു വർണ വ്യവസ്ഥ രൂപം കൊള്ളും !

അഭിപ്രായങ്ങള്‍