ഹ്രസ്വം

 പലപ്പോഴായി നെറ്റിയിൽ നിന്ന് താത്കാലിക സ്ഥാനം കിട്ടിയ പൊട്ടുകളുടെ തിരുശേഷിപ്പുകളായ വൃത്തങ്ങൾ കൊണ്ടലങ്കരിച്ച കണ്ണാടിയിൽ അവൾ മുഖം നോക്കി നിൽക്കുകയായിരുന്നു. മുഖത്തു വരകൾ വീണു തുടങ്ങിയിരിക്കുന്നു. ആറു വർഷങ്ങൾ, അർഹിക്കുന്നതിലും കൂടുതൽ വരകൾ അവളുടെ ശരീരത്തിലും മുഖത്തും വരച്ചിട്ടു കഴിഞ്ഞു. ഉള്ളിൽ വീണ മുറിവുകളിൽ നിന്നു ഒഴുകിയിറങ്ങിയ തീയുറച്ചു കല്ലായി മാറിക്കഴിഞ്ഞു. കണ്ണിനടിയിലെ കറുപ്പിന് മീതെ, അവൾ നിറങ്ങൾ പൂശി. ചുണ്ട് ചുവപ്പിച്ചു. അയഞ്ഞുടുത്ത സാരി കുറച്ചു പിന്നിലേക്ക് നീങ്ങിനിന്ന് ഒന്നുകൂടി നോക്കി. കഴുത്തിന് താഴെയുള്ള മറുക് കാണാമെന്നുറപ്പ് വരുത്തി. മുന്നിലെ മേശയിൽ ഒരു മുഴം മുല്ലപ്പൂവ് തലേന്ന് രാത്രി തന്നെ കെട്ടിവച്ചിരുന്നു. 

"ഇന്ന് പണിക്കു പോണോ ഡി" 

അമ്മ ചോദിക്കുന്നു. പ്രായത്തിലധികം വാർദ്ധക്യം മാത്രം സ്വന്തമായുള്ള അമ്മ. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയെന്നോണം, വിരലിൽ ഒരു വെളുത്ത വളയം അവശേഷിക്കുന്ന അമ്മ. 

ശാപവാക്കുകൾ തുപ്പാൻ പോലും അമ്മയ്ക്കിപ്പോൾ ആരോഗ്യമില്ലാതെയായിരിക്കുന്നു. "തന്തയോണ്ടാർന്നെങ്കി.. തല്ലി കൊന്നേനെ" എന്നുള്ള സ്ഥിരം പല്ലവി കഴിഞ്ഞ മൂന്നു വർഷമായി അമ്മ പറയാറില്ല. താനിങ്ങനെ ആയതുകൊണ്ടാണ് താൻ ചാവാതിരിക്കാനുള്ള ആഹാരമെങ്കിലും തനിക്കു കിട്ടുന്നതെന്ന് അമ്മയ്ക്ക് നല്ലോണം അറിയാം. 

വീട്ടിൽ നിന്നിറങ്ങി, കുറച്ചപ്പുറത്തെ പെട്ടിക്കടയിൽ നിന്ന് അവളൊരു പീട വാങ്ങി. യുവാവായ കടക്കാരൻ പ്രണയത്തോടെ അവളെ നോക്കുന്നത് മുൻപും, ഇന്നും, അവൾ കണ്ടു. പ്രണയം, അവൾക്കു ചവർപ്പു മാത്രം ബാക്കി വയ്ക്കുന്നതാണ്. കാമത്തോടെയുള്ള കണ്ണുകളെയാണ് അവൾ തേടുന്നത്. അതാണവളുടെ ചോറ്. ഒരിക്കൽ ഒരിക്കൽ വിശ്വസിച്ച വികാരങ്ങളെ വീണ്ടും വിശ്വസിക്കുന്നത് അപകടമാണെന്ന് അവൾ പലതവണ സ്വയം പറഞ്ഞു പഠിപ്പിച്ചതാണ്.

തീവണ്ടികൾ വന്നുപൊയ്ക്കൊണ്ടിരുന്നു. അവളുടെ മുടിയിലെ മുല്ലപ്പൂക്കൾ തളർന്നു തുടങ്ങി. പക്ഷികളും മനുഷ്യരും ചേക്കേറാൻ തുടങ്ങിയിരിക്കുന്നു. ഇരുൾ പുറത്തും, അകത്തും പരന്നു തുടങ്ങി. ദൂരെ എവിടെയോ ഒന്നു രണ്ടു നായ്ക്കളുടെ ഓരിയിടൽ, മാംസത്തിന്റെയും എച്ചിൽ പൊതികളുടെയും അവകാശത്തിനുള്ള പിടിവലികൾ. അവൾക്കെതിരെ മീശമുളച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു യുവാവ് വന്നിരുന്നു. കാറ്റ്, അവളുടെ സാരിത്തുമ്പിൽ കാണിക്കുന്ന കുസൃതികളിലേക്ക് അവൻ പാളി നോക്കി. സ്വന്തം സെൽഫി എടുക്കാനുള്ള ഭാവത്തിൽ അവളുടെ ചിത്രമെടുക്കാൻ ശ്രമിച്ച അവനെ അവൾ ഒറ്റ നോട്ടത്തിൽ ഭസ്മമാക്കിക്കളഞ്ഞു. ട്രെയിൻ വന്നു നിന്നു. പുറത്തു കയറാൻ മടിച്ചു നിന്ന രണ്ടുപേർ, അവൾ കയറുന്നതുകണ്ട് കൂടെ ഇടിച്ചു കയറാൻ ശ്രമിച്ചു. ഇടതു ചുമലിലൂടെ തള്ളിക്കയറാൻ ശ്രമിച്ചവന്റെ നെഞ്ചിൽ അവളുടെ ഇടംകൈമുട്ട് പതിഞ്ഞു. അവൻ പിന്നിലേക്കു വീണു. പിന്നിലേക്കു വീണ അവൻ നല്ലൊരു തെറി വിളിച്ചു പറഞ്ഞു. നിന്റെ തള്ളയോട് പോയിപ്പറയെടാ എന്നവൾ ഉറക്കെ വിളിച്ചു പറഞ്ഞു. കൂടെക്കയറിയ രണ്ടാമൻ പതുക്കെ പുറത്തേക്കിറങ്ങി. ഇറങ്ങുന്നതിനു മുൻപ്, അവളുടെ ഇടുപ്പിൽ അവന്റെ കൈ തലോടി. അവന്റെ ദേഹത്ത് അവളുടെ മുറുക്കാൻ തെറിച്ചു വീണു. അപമാനങ്ങൾ സഹിച്ചു നിന്ന പഴയ കൗമാരക്കാരിയെ , ഈ കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ എവിടെയോ നഷ്ടമായിരുന്നു. വെറുപ്പിനോടും പുച്ഛത്തോടും ചുണ്ടിനു വശത്തുകൂടി ഒലിച്ചിറങ്ങിയ വെറ്റിലക്കറ അവൾ തുടച്ചു. 

ട്രെയിനിനുള്ളിൽ ഒറ്റയ്ക്കിരുന്ന ഒരു സ്ത്രീ അവൾ നടന്നു വരുന്നത് കണ്ട് സ്വന്തം സീറ്റിൽ ബാഗെടുത്തു വച്ചു. "അല്ലെങ്കിലും നിന്റടുത്ത് ഞാൻ ഇരിക്കാൻ വരണില്ലെടി" എന്നവൾ ഉറക്കെ വിളിച്ചു പറഞ്ഞ് അശിരം തീർത്തു. ആ സ്ത്രീയോടല്ല ദേഷ്യം, അവന്മാരോടാണ്. പക്ഷെ തനിക്കാ പരിഗണന മനുഷ്യർക്കു കൊടുക്കാനുള്ള അവസരമില്ല. കരുണ, അപകടമാണ്. പ്രകടിപ്പിക്കുന്ന വികാരങ്ങൾ ബലഹീനതകളും. മനസിനു മതിൽ കെട്ടിയടയ്ക്കുന്നതാണ് ഏറ്റവും നല്ലത്. രണ്ടു തടിച്ച മനുഷ്യരുടെ എതിരെ കൈകൾ വെള്ളത്തുണികൊണ്ടു മറച്ച്, ജനലിനോട് ചേർന്നിരുന്ന മെലിഞ്ഞ മനുഷ്യന്റെയരികിൽ അവളിരുന്നു. ട്രെയിൻ ചലിച്ചു തുടങ്ങി. അയാളുടെ കൈ മറച്ചിരുന്ന തുണി ട്രെയിനിന് പുറത്തുനിന്നു വന്ന കാറ്റെടുത്തുപോയി. വിലങ്ങ്.ഒരറ്റം ജനൽകമ്പിയിൽ മുറുക്കിയ വിലങ്ങ്. കമ്പാർട്മെന്റിലാകെ ഒരു മുറുമുറുപ്പ് പടർന്നു. 

"എന്താ സാറെ കേസ്? ബലാത്സംഗം ആണോ?" കഷണ്ടി കയറിത്തുടങ്ങിയ ഒരു സഹയാത്രികൻ ചോദിച്ചു. അയാളുടെ അരയിൽ വളരെ ബുദ്ധിമുട്ടി ഒരു മുണ്ട് തങ്ങി നിന്നു. ഇരിക്കാൻ ഇടമുണ്ടായിട്ടും, അവളുടെ മുന്നിൽ നിൽക്കുന്ന അയാളോട് അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. 

"ഓ അല്ലെന്നേ.. കൊലക്കേസാ.. ജയിൽ മാറ്റി കൊണ്ട് പോകുവാ.. പൂജപ്പുരയ്ക്ക്"

അവൾ അയാളെ നോക്കി, കണ്ണുകൾക്ക് താഴെ കറുപ്പ് പടർന്നിരിക്കുന്നു. കൈകളിൽ ചതവ് പാടുകൾ. 

"കൈപോലും അനക്കാൻ വയ്യാത്ത അയാളുടെ അടുത്ത് ഇരുന്നിട്ട് അവൾക്കെന്തിനാണാവോ?"

"പോലീസുകാരെയാവും നോട്ടം" ഉടുപ്പിൽ പുകയിലക്കറ പുരണ്ട രണ്ടു പേർ അപ്പുറത്തെ കമ്പാർട്മെന്റിൽ ഇരുന്നു മുറുമുറുത്തു. അവരുടെ അടക്കിപ്പിടിച്ച ചിരിയെ അവളുടെ നോട്ടം കെടുത്തി. അവർ അവളുടെ കണ്ണുകളിലേക്കും, നെഞ്ചിലെ മറുകിലേക്കും നോക്കി. സാരി ഒന്നു നീക്കിയിട്ട്, അവൾ വെറ്റിലയോന്നമർത്തി ചവച്ചു. അവർ ശ്രദ്ധമാറ്റി. 

ട്രെയിൻ നിന്നു. പോലീസുകാർ കുറ്റവാളിയുടെ വിലങ്ങഴിച്ചു. സീറ്റിൽ നിന്നെഴുന്നേൽക്കുന്നതിനു മുൻപ്, അവളുടെ പുരികങ്ങൾക്കു മീതെ അലസമായി വീണു കിടന്ന മുടിയിഴകൾക്കു പിന്നിൽ ഒളിച്ചിരുന്ന കണ്ണുകളിലേക്ക് അയാൾ നോക്കാൻ ശ്രമിച്ചു. ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടിയിരുന്നു. വായുവിലെവിടെയോ ഒരു വിങ്ങൽ തങ്ങിനിന്നു. പുറത്തേക്കു നടന്ന കുറ്റവാളിയെ നോക്കിയ മധ്യവയസ്കനെയും, അവളുടെ സാരി അനുവദിച്ച ദൃശ്യങ്ങളിൽ കണ്ണുകളഴിച്ചു വിട്ടിരുന്ന യുവാക്കളേയും സ്തബ്ധരാക്കികൊണ്ട് അവൾ പതുക്കെ വിളിച്ചു. "അച്ഛാ.." നിസ്സഹായാത നിറഞ്ഞ കണ്ണുകൾ കൊണ്ട്, അർത്ഥമറിയാത്ത ഒരു നോട്ടം അവൾക്ക് തിരികെ നൽകി, അയാൾ പുറത്തേക്കു നടന്നു.



അഭിപ്രായങ്ങള്‍