347 തിരുവനന്തപുരം-കിളിമാനൂർ.

 "അതിനകത്ത് ഇരുന്നൂറ്റമ്പത് രൂപയെ ഉള്ളൂ. അതെനിക്ക് പ്രശ്നമല്ല! പക്ഷെ ഞാനാരാന്നറിയോ അതിലുള്ള രേഖകൾ എന്താണെന്നറിയുന്നോ?" വാതിലിനു തൊട്ടുപിന്നിൽ സീറ്റിൽ അറ്റത്തിരുന്നു അയാൾ ഉറക്കപ്പറയുകയാണ്. പരുത്തിപ്പാറ വച്ച് തുടങ്ങിയ ബഹളമാണ്. എന്തൊരു ശല്യമാണിത്. "അവിടെ താഴെയെങ്ങാനും കാണും; ഒന്നുകൂടി നോക്ക്" അവൾ വിളിച്ചു പറഞ്ഞു. "കണ്ടക്ടർ മിണ്ടണ്ട; നിങ്ങളോടല്ലല്ലോ പറഞ്ഞത്! എടുത്ത ആളിനെ എനിക്കറിയാം! മര്യാദയ്ക്ക് തന്നോ! ഇല്ലെങ്കിൽ ബസ് മണ്ണന്തല സ്റ്റേഷനിലോട്ട് വിടണം." പിന്നിലിരിക്കുന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു. അവരുടെ അടുത്തിരുന്ന നീലയൂണിഫോം ഇട്ട പെൺകുട്ടി ഫോണിൻ്റെ ഹെഡ്സെറ്റ് എടുത്ത് കാതിൽ വച്ചു. ആ സ്ത്രീ നാലാഞ്ചിറ ഇവാനിയോസ് കോളേജിന് മുന്നിൽ ഇറങ്ങി. വല്ലാണ്ട് പരിഭ്രമിച്ചിരുന്നു അവർ. അയാളുടെ ബഹളം കൂടിക്കൂടി വന്നു. "എൻ്റെ കൃഷ്ണാ ഇതിനൊരവസാനം ഇല്ലേ?" "എന്താ ചേച്ചി കാര്യം." തൻ്റെ കൺസെഷൻ ഫോം എടുത്ത് നീട്ടി, നാലാഞ്ചിറ നിന്ന് കയറിയ പയ്യൻ ചോദിച്ചു. "അയാളുടെ പേഴ്‌സ് ആരോ മോഷ്ടിച്ചെന്ന്!" "ഇരുന്നൂറ്റമ്പത് രൂപ  പോട്ടെന്നു വയ്ക്കും ഞാൻ! അതല്ല പ്രശ്നം." അയാൾ പതിനാറായിരമത്തെ തവണയും അത് തന്നെ പറഞ്ഞു. മുതിർന്ന പൗരന്മാർ എന്നെഴുതിയ സീറ്റിലിരുന്ന യുവാവ് അയാൾ വെള്ളമടിച്ചിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു. വട്ടപ്പാറ കഴിഞ്ഞപ്പോഴേക്കും അയാൾ നിശബ്ദനായി. ഉറങ്ങുകയാണെന്നു തോന്നുന്നു. അതെ ഉറങ്ങി. നാലാഞ്ചിറ നിന്ന് കയറിയ പയ്യനൊരു കള്ളച്ചിരി. "ചേച്ചി.." 

"ചേച്ചിക്ക് പഴയ നടി ഗൗതമിയുടെ കട്ട് ഉണ്ടെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

"ഉണ്ടെങ്കിൽ..?" 

"ഉണ്ടെങ്കിൽ അതൊരു സത്യം മാത്രം!" 

"ആഹ് ആയിക്കോട്ടെ"

വാതിലിനു നേരെയുള്ള മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൻ്റെ പിടിയിൽ കാലുപിണച്ച് അവൻ ഇരുന്നു. ആ സീറ്റിൽ ജനലിനോട് ചേർന്നിരിക്കുന്ന പെൺകുട്ടി ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ട് അവനെ നോക്കുന്നുണ്ട്. അവന് ആ സീറ്റിൽ ഇരിക്കാനുള്ള ഭാവമില്ല. ഇനി, അതാണോ ആ പെൺകുട്ടിക്ക് വേണ്ടത്? അവൻ്റെ ഫോൺ ബെല്ലടിച്ചു, സാധാരണ ഒരു പത്തുനാല്പതു വയസുകഴിഞ്ഞ  അമ്മാവന്മാർക്ക് മാത്രം കൈമുതലായുള്ള കൃഷ്ണാ നീ ബേഗനെ ആണ് കേട്ട പാട്ട്. അവനെ കണ്ടാൽ പറയില്ലലോ, ഇതാണ് റിങ്ടോൺ എന്ന്! "അല്ല, ഞാനെന്തിനാ അവൻ്റെ ഫോണിൽ ശ്രദ്ധിക്കുന്നത്?" സത്യം പറഞ്ഞാൽ, ചെയ്യാൻ മറ്റൊന്നും ഇല്ലാഞ്ഞിട്ടാണ്. ജോലി ചെയ്തു തളർന്ന്, അവനവൻ്റെ വീടെത്താൻ, പിന്നിലേക്കു പോകുന്ന കാഴ്ചകളെ നോക്കി സമയം പോക്കുന്ന കുറച്ചു പേർ  അവിടവിടെയായിരിക്കുന്ന ബസ്. പുറത്താണെങ്കിൽ, എല്ലാവരും തിരക്കിട്ടു നടക്കുകയാണ്. ഇരുട്ട് പടർന്നു തുടങ്ങിയെങ്കിലും, വിളക്കുകൾ തെളിയിക്കാൻ ഇനിയും പല കടകളും തയാറായിട്ടില്ല. അകന്നു പോകുന്ന പകലിൻ്റെ അവസാന നിമിഷങ്ങളിൽ കടിച്ചു തൂങ്ങി, വൈദ്യുത ബില്ല് കുറയ്ക്കാൻ ശ്രമിക്കുന്നവർ. പച്ചക്കറി സഞ്ചിയും തൂക്കി നടന്നുപോകുന്ന കുടുംബസ്ഥർ. ഫോണിൽ നിന്ന് തലയുയർത്താതെ നടക്കുന്ന യുവാക്കൾ; പ്രതീക്ഷകൾ പല നിറത്തിൽ തൂക്കി, തല താഴ്ന്നു പോയ സ്കൂൾ കുട്ടികൾ; എല്ലാവരും വീട്ടിലേക്ക്. വ്യത്യസ്തമായൊന്നുമില്ലാത്ത ദിവസത്തിൻ്റെ ഭാഗം. ഇരുന്നൂറ്റമ്പതിൻ്റെ നഷ്ടമില്ലായ്മയെപ്പറ്റി വീണ്ടും ഉറക്കെ സംസാരിച്ചുകൊണ്ട്, അയാൾ ഉണർന്നു. ബസ് വെമ്പായം എത്തിയിട്ടേയുള്ളൂ. ഇനിയും ഏകദേശം ഒരു മണിക്കൂറെടുക്കും കിളിമാനൂരെത്താൻ. അയാളുടെ ഒച്ചയുയരുന്നതിനനുസരിച്ച് ആ പയ്യൻ ചൂളമടിച്ചു തുടങ്ങി. അടുത്ത സ്റ്റോപ്പ് എത്തുമ്പോഴേക്ക് അയാൾ വീണ്ടും ഉറങ്ങി. അവൻ മൂളിയുറക്കിയോ അയാളെ? പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ ബസ് നിർത്തിയപ്പോൾ ദീപാരാധനയുടെ മണി മുഴങ്ങുന്നത് കേൾക്കാം, ഇത് ഇടയ്ക്കു പതിവാണ്. മിക്കവാറും എല്ലാ വ്യാഴാഴ്ചകളിലും ബസ് ഇവിടെയെത്തുന്ന സമയത്താണ് ദീപാരാധന. മണിശബ്ദം കേട്ടുണരുന്ന ചില മുതിർന്നവർ, ജനലിലൂടെ ചില്ലറത്തുട്ടുകൾ പുറത്തേക്കെറിയാറുണ്ട്. പ്രാർഥിക്കാനൊന്നു കണ്ണടച്ചു. അപ്പോൾ,

"ഇയാളെ എന്ത് ചെയ്യും?" സീറ്റിൽ ഇരിക്കാത്തവൻ, കിന്നാരം പറയുന്നവൻ.

"എന്ത് ചെയ്യാൻ? ഇനി എപ്പോ എഴുന്നേൽക്കുമോ അപ്പോൾ തൊട്ട് വീണ്ടും തുടങ്ങും. കിളിമാനൂർ വരെ സഹിക്കണം."

"അയാൾ ഇറങ്ങിയിട്ട് ആ പേഴ്‌സ് ചേച്ചിക്ക് കിട്ടിയാലോ?" 

"ഓ എങ്കിൽ ഡിപ്പോയിൽ കൊടുക്കണം; അവിടെ എഴുതി വെക്കണം, വീണ്ടും ചടങ്ങാ". അവൻ ചിരിച്ചു. ഇറങ്ങാനായി പടിയുടെ അടുത്തേക്ക് വന്നിട്ട്, അവൻ അയാളിരുന്ന സീറ്റിനു താഴെ നിന്ന് എന്തോ കുനിഞ്ഞെടുത്തു. 

"അയാളുണരുമ്പോ കൊടുത്തേക്ക്. പിന്നെ ശല്യമുണ്ടാവില്ല." 

അതിനുള്ളിൽ ഇരുനൂറ്റമ്പത് രൂപയും എന്തൊക്കെയോ കാർഡുകളും.

കുറച്ചു ദൂരെ, ഇവാനിയോസ് കോളേജിന് മുന്നിലിറങ്ങിയ സ്ത്രീ സ്വന്തം ബാഗ് മുഴുവൻ ആ പേഴ്‌സ് തിരയുകയായിരുന്നു. പക്ഷെ അവർക്കൊരു മയിൽപ്പീലി അല്ലാതെയൊന്നും കിട്ടിയില്ല. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ