ദിവാസ്വപ്നങ്ങൾ

ചുറ്റുമുള്ളവരെല്ലാം ഒരു മഹാമാരി കാരണം അകത്തളങ്ങളിൽ ഒതുങ്ങേണ്ടി വന്ന കാലത്തെ ഞാനൊഴികെ മറ്റെല്ലാവർക്കും വേണ്ടിയെടുക്കേണ്ടിവരുന്ന തീരുമാനങ്ങളുടെ ആകെത്തുക നെഞ്ചിലെ ഭാരം മാത്രമാണെന്ന് തോന്നുന്ന ഒരു വൈകുന്നേരം, ജീവിതത്തിൽ എനിക്ക് നിയന്ത്രണമുള്ള എന്തെങ്കിലും ഒന്നുണ്ടാവണം എന്ന തോന്നലിന്റെ ബാക്കിയായി, മുഖത്തെ കുറെ രോമം വടിച്ചു കളഞ്ഞു. മുറിയിലെ എല്ലാ മുഷിഞ്ഞ തുണികളും അലക്കിയിട്ടു. പുസ്തകങ്ങൾ അടുക്കിവച്ചു, പാട്ടുകൾ കേട്ടു. പക്ഷെ ആ രാത്രി അവസാനിച്ചില്ല. ഉള്ളിലും പുറത്തും ഇരുട്ടു കൂടി വന്നതേയുള്ളു.
പകലും ആ ഭാരം ബാക്കിയായി. എന്തോ കുറവുണ്ട്, ജീവിതത്തിന്. എന്താണെന്നറിയില്ല പക്ഷെ. വീണ്ടും, പാട്ടുകളിൽ അഭയം. മൂന്നു പാട്ടുകളാണ് മാറി മാറി കേട്ടുകൊണ്ടിരുന്നത്. എൽവിസിന്റെ "I can't help falling in love with you",  ഡോറിസ് ഡേയുടെ "Dream a little dream of me" ബൂബ്‌ലെയുടെ, "the way you look tonight".

ആദ്യത്തെ പാട്ട്;
ഏതോ പാർട്ടി കഴിഞ്ഞ്, മഴപെയ്തു തീർന്ന ഒരു ആളൊഴിഞ്ഞ തെരുവിലൂടെ, മഞ്ഞ വിളക്കുകളുടെ ചുവട്ടിലൂടെ ഞങ്ങൾ നടക്കുകയാണ്. കൊഴിഞ്ഞ നനഞ്ഞ ഇലകൾ നടപ്പാതയോട്‌ ചേർന്ന് മണ്ണിനെ തൊട്ടു കിടക്കുന്നു. ഞങ്ങൾ ഒരുമിച്ചു കൈ കോർത്തു പിടിച്ചല്ല നടക്കുന്നത്. അവളെനിക്ക് മുന്നിലാണ്. തളംകെട്ടി നിൽക്കുന്ന മഴവെള്ളക്കെട്ടുകളിൽ ചാടാൻ വേണ്ടി, അവൾ ഊരി കയ്യിൽ തന്ന കറുത്ത ഹൈഹീൽസ് കയ്യിൽ പിടിച്ചു പിന്നിൽ നടക്കുകയാണ് ഞാൻ. അവൾ ചവിട്ടി തെറിപ്പിക്കുന്ന മഴത്തുള്ളികൾ, നിയോൺ വിളക്കുകളുടെ പ്രകാശം തട്ടി സ്വർണതരികൾ  പോലെ ചിതറുന്നു.

രണ്ടാമത്തെ പാട്ട്;
ഞങ്ങളൊരു യാത്രയിലാണ്. മുകളിലെ മൂടി തുറക്കാൻ പറ്റുന്ന ഒരു കാറിൽ. ഏതോ കടൽത്തീരത്തിലൂടെ നീണ്ടു നീണ്ടു പോകുന്ന ഒരു രണ്ടുവരിപ്പാത. പകൽ കണ്ണുതുറക്കുന്നതേയുള്ളൂ. സ്വർണനിറത്തിൽ പ്രകാശം ഭൂമിയിലേക്ക്‌ വരുന്നു, മറ്റെങ്ങും തൊടുന്നതിനു മുൻപ് അത് കൈനീട്ടി സൈഡ്സീറ്റിൽ മയങ്ങുന്ന അവളുടെ നെറ്റിയിലും കവിളിലും തൊടുന്നു. നെറ്റിയിൽ വീണു കിടക്കുന്ന അനുസരണയില്ലാത്ത ഒന്നു രണ്ടു മുടിയിഴകൾ, കാറ്റിന്റെ കൈപിടിച്ച്, അവളുടെ നെറ്റിയിൽ നൃത്തം ചെയുന്നു. വെയിൽ തട്ടുമ്പോഴാണ് അവയുടെ നിറം അറിയാനാവുക. ഇളംചൂടു  തട്ടിയിട്ടാവും, അവളൊന്നു പതുക്കെ തിരിഞ്ഞു. ചുണ്ടിലൊരു ചിരി പടരുന്നു. എന്തോ സ്വപ്നം കാണുകയാണ് നീ. അതെന്താണെന്ന് അറിയാൻ എനിക്കു മാർഗ്ഗമില്ല. നമ്മളെയായിരുന്നുവെങ്കിൽ...

രണ്ടു ദിവാസ്വപ്നങ്ങളുടെ ചിറകിലേറി മനസിലെ ഭാരം ഒഴിഞ്ഞു തുടങ്ങുന്നു.
മൂന്നാമത്തെ പാട്ട്,
ഒരു കടൽത്തീരത്താണ് ഞാനും നീയും. അസ്തമയം നോക്കി ഇരിക്കുകയാണ്. എന്റെ മുഖത്തു തൊടാൻ കഷ്ടപ്പെടുന്ന നിന്റെ മുടിയിഴകളെ നീയെന്തിനു തടയാൻ ശ്രമിക്കുന്നു? എനിക്കിഷ്ടമാണ് അവയെ. ഒരുപക്ഷെ, ഐസ്ക്രീം വാങ്ങുമ്പോൾ അറിയാതെ എന്റെ വിരലിൽ തൊടുന്ന നിന്റെ വിരലുകളെക്കാൾ. സൂര്യൻ പതുക്കെ താഴുന്നതു നോക്കിയിരിക്കുകയാണ് നീ. നിന്റെ കണ്ണുകളിലേക്കാണ് ഞാൻ നോക്കുന്നത്. സമുദ്രത്തേക്കാൾ ആഴം അവയ്ക്കുണ്ട്. എന്റെ പ്രതിബിംബം അതിലാണ് ആണ്ടു പോകുന്നത്. പെട്ടെന്നു നീ തിരിയുന്നു; എന്നോട് ചോദിക്കുന്നു, "നിന്റെ സ്വപ്നങ്ങളിൽ പോലും നിന്റെ ഉള്ളിൽ നിറയുന്നത് ഞാനറിയാതെ പോവുന്നതെന്തേ? നീയെന്നെ സ്നേഹിക്കുന്നതുപോലെ ഞാൻ സ്നേഹിക്കാത്തതെന്തേ? നിന്റെ സ്വപ്നങ്ങൾക്കു നിറം കൊടുക്കുന്നത്, ആ വിരഹമാണോ?"

അഭിപ്രായങ്ങള്‍