ഈ പക്ഷിക്കു പേര് ജരിത എന്നിടാം. ജരിതയെ നിങ്ങൾ ഓർക്കുന്നില്ലേ? ഖാണ്ഡവ വനം ജ്വലിച്ചപ്പോൾ, മക്കൾ നിർബന്ധിച്ചതു കൊണ്ട് അവരെ തീയിലുപേക്ഷിച്ചുപോകാൻ വിധിക്കപ്പെട്ടവൾ? അവളുടെ പേര് ഈ പക്ഷിക്കിടാൻ തീരുമാനിച്ചത്, മനപ്പൂർവം ആണ്. ജരിത ഒരു യുദ്ധത്തിന്റെ ബാക്കിയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായ വലിയൊരു യുദ്ധത്തിന്റെ പ്രതീകമാണ് ഖാണ്ഡവ ദഹനം. അതിൽ എല്ലാം നഷ്ടപെട്ടവളാണ് പഴയ ജരിത. പഴങ്കഥകൾ ശുഭപര്യവസായി ആവേണ്ടതുണ്ട് എന്നുളളതുകൊണ്ട്, അവളെയും മക്കളെയും അഗ്നിദേവൻ രക്ഷിച്ചുവെന്നേയുള്ളൂ.
ലോകമഹായുദ്ധം വീണ്ടും രണ്ടെണ്ണം കഴിഞ്ഞു; മൂന്നാമത്തേത് നടന്നത്, ആണവായുധങ്ങൾ ഉപയോഗിച്ചായിരുന്നു. പരലോകത്തിരുന്ന് ഓപ്പെൺഹെയ്മറിന്റെയും ആൽഫ്രഡ് നൊബേലിന്റെയും ഐൻസ്റ്റീന്റെയും ആത്മാക്കൾ മൂക്കത്തു വിരൽ വച്ചു. സർവ്വവും തകർത്ത യുദ്ധമായിരുന്നു അത്. ഇതായിരുന്നു മഹാഭാരതത്തിൽ സംഭവിച്ചത് എന്നോർത്ത് പുതിയ ഭാരതീയ തത്വശാസ്ത്രജ്ഞർ അഭിമാനപ്പെട്ടു. അവരുടെ സഹോദരർ വിശന്നു കരഞ്ഞു. മനുഷ്യൻ നിർമിച്ചതെല്ലാം ആ യുദ്ധത്തിൽ തകർന്നു. വർഷങ്ങൾക്കു ശേഷം, മനുഷ്യൻ വീണ്ടും ഓരോന്നു കെട്ടിപ്പടുത്തു തുടങ്ങി.മഹായുദ്ധം തകർത്ത എല്ലാ സംസ്കാരങ്ങളും, വ്യവസ്ഥകളും വീണ്ടും പതുക്കെ പതുക്കെ ഉയർന്നു തുടങ്ങി. ആ ഉയർച്ചകളോടൊപ്പം, താഴ്ചകളും ഉണ്ടായി. ഉയർച്ചകളും താഴ്ചകളും, അധികാരത്തെയും അടിമകളെയും സൃഷ്ടിച്ചു. അതിന്റെ പരിണിത ഫലമായി വീണ്ടും യുദ്ധങ്ങളുണ്ടായി. അത്തരമൊരു യുദ്ധത്തിന്റെ കാലത്താണ് ജരിത ജനിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം മായ്ച്ചു കളഞ്ഞ രാജ്യാതിർത്തികൾ വീണ്ടും വരയ്ക്കപ്പെടുന്നതിനു മുൻപായതുകൊണ്ട് എവിടെയാണ് അവൾ മുട്ട വിരിഞ്ഞു പുറത്തു വന്നതെന്ന് പറയാൻ സാധിക്കുകയില്ല. കണ്ണു തുറക്കുമ്പോൾ അവൾ ഒരു മരത്തിനു മുകളിലെ ഒരു കൂട്ടിലായിരുന്നു കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഒരു കാടിന്റെ നടുവിലെ ഒരേ ഒരു മുട്ട മാത്രം വിരിഞ്ഞ കൂട്. ആ കാടിന് ഇരുവശത്തും ജീവിച്ചിരുന്ന രണ്ടു ഗോത്രക്കാർ തമ്മിൽ ഒരു സ്പർദ്ധ വളരുന്നത് ആ കാട്ടിലെ ഒരു ജീവിയും തിരിച്ചറിഞ്ഞില്ല. ജരിത, പതിയെ വളർന്നു. ഇളംചുവപ്പു നിറത്തിലുള്ള അവളുടെ ദേഹത്ത് ചെറിയ വെളുത്ത തൂവലുകൾ വന്നു. അമ്മ കൊക്കിൽ തീറ്റയുമായി വരുമ്പോൾ മാത്രം ഉയർത്തിയിരുന്ന തല, കൂട്ടിനു പുറത്തേക്കും വശത്തേക്കും ഭാവിയിലേക്കും എത്തിനോക്കിത്തുടങ്ങി. ആ ചെറിയ കൂട്ടിൽ അവൾക്കും അമ്മയ്ക്കും അച്ഛനും ഒരുമിച്ചിരിക്കാനുള്ള ഇടമില്ലാതെയായിത്തുടങ്ങി. ഒരു പൗർണമി രാവിൽ, അവളുടെ അമ്മ അവളെ കൂട്ടിനു പുറത്തേക്കു തള്ളിത്തുടങ്ങി. പെട്ടെന്ന് അമ്മയെന്തുകൊണ്ട് ക്രൂരതകാട്ടുന്നു എന്നവൾക്കു മനസിലായില്ല. താഴെ മുഴുവൻ ഇരുട്ടു വിരിച്ചിരിക്കുകയാണ്. എന്തൊക്കെയോ അറിയാത്ത ശബ്ദങ്ങൾ കേൾക്കുന്ന ഇരുട്ട് അവളുടെ കൂടിരുന്ന മരത്തിന്റെ പകുതിയും വിഴുങ്ങി കെട്ടിനിൽകുന്നു. അതിലേക്കാണ് അമ്മ തന്നെ ഉന്തിയിടാൻ ശ്രമിക്കുന്നത്. പ്രതിരോധിച്ചു നോക്കി, സാധിക്കുന്നില്ല. അമ്മ തൻ്റെ തോളും ചിറകും കൊണ്ട്, തന്നെ കൂട്ടിൽ നിന്നുയർത്തുകയാണ്. വക്കുകൾക്ക് ഉയരമില്ലാത്ത ചെറിയ കൂട്. അമ്മയ്ക്കാണ് കരുത്ത്. ജരിത കൂടിനു വശത്ത് അള്ളിപ്പിടിച്ചിരിക്കാൻ ചെറിയ ശ്രമം നടത്തി. സാധിച്ചില്ല. ഉയരത്തിൽ നിന്ന് താഴേക്ക്; തനിക്കു പറക്കാൻ സാധിക്കും എന്ന് ആ നിമിഷത്തിൽ ജരിത തിരിച്ചറിഞ്ഞതല്ല. അവളൊരു പക്ഷിയായിരുന്നു; സാധാരണക്കാരിയായ ഒരു പക്ഷി. ഉയരത്തിൽ നിന്ന് നിലത്തേക്കു വീഴുമ്പോൾ, അപകടം മുന്നിൽ കാണുമ്പോൾ, ഭയക്കുമ്പോൾ, അവൾക്കൊന്നേ ചെയ്യാനറിയൂ. ചിറകടിക്കാൻ. അവൾ ചിറകുകളടിച്ചു. വായു തന്നെ മുകളിലേക്കു തള്ളുന്നത് അവളറിഞ്ഞു. താഴ്ചയിൽ നിന്നു മുകളിലേക്ക്. നിലത്തു തളം കെട്ടിയ ഇരുട്ടിൽ നിന്ന്, നക്ഷത്രങ്ങൾ വിതറിയ ഇരുട്ടിലേക്ക്.
പിന്നെയുള്ള രാത്രികൾ ആഹാരം തേടാൻ പഠിപ്പിക്കുന്നതിൻ്റെയും പുതിയ ഇടങ്ങൾ തേടുന്നതിന്റെയുമായിരുന്നു. ചെറു ജീവികളെ വേട്ടയാടി. പഴത്തോട്ടങ്ങളിൽ ഒളിച്ചു കടന്നു കഴിച്ചു. 1000 ചന്ദ്രന്മാർ വന്നു പോയി. അമ്മയും അച്ഛനും പറന്നു പോയിക്കഴിഞ്ഞു. ഏതോ അറിയാത്ത ഇടത്തേക്ക്. ജരിതയ്ക്ക് ഒരു ഏകാന്തത എവിടെയോ അനുഭവപ്പെട്ടു തുടങ്ങി. അങ്ങനെ, മറ്റൊരു പൂർണ്ണചന്ദ്രരാത്രിയിൽ, ജരിത കിഴക്കു ദിക്കിലേക്കു പറന്നു.അവൾ സമതലങ്ങൾക്കു മീതെയും ചെറുകുന്നുകൾക്കു മീതെയും പറന്നു. തീകൂട്ടി, അതിനു ചുറ്റുമിരുന്നു കഥ പറയുന്ന മനുഷ്യർക്ക് മീതെ പറന്നു;
മൂന്നു രാത്രികൾ പറന്നപ്പുറം ചെന്ന ഏതോ കാട്ടിൽ അവൾ ഒരാൺകിളിയെ പരിചയപ്പെട്ടു. മറ്റൊരിടത്തു നിന്ന്, ഉള്ളിൽ തോന്നിയ ഏകാന്തതയുടെ പേരിൽ പടിഞ്ഞാറേക്കു പറന്നു വന്നതാണവൻ. പക്ഷികൾക്കു പ്രണയമുണ്ടോ? പ്രണയം, സംസ്കാരങ്ങളുടെ സൃഷ്ടിയാണ്. പ്രകൃതി സൃഷ്ടിച്ചതു കാമം ആണ്. അവർക്ക് ഇതിലൊരെണ്ണം പരസ്പരം തോന്നി. ഇരതേടലുകൾ പിന്നെയൊരുമിച്ചായി. നിലാവിലൂടെ ഒരുമിച്ചു പറക്കുന്ന രണ്ടു പക്ഷികൾ. ഇരുട്ടിനെ തുളച്ചുകൊണ്ട് ഒഴുകിവരുന്ന അവരുടെ ആദികാവ്യം. അടുത്ത അമാവാസിയിൽ, ജരിതയ്ക്ക് അടിവയറ്റിലൊരു പുതിയ ഭാരം അനുഭവപ്പെട്ടു. അവൾക്കിനിയൊരു കൂടു കൂട്ടണം. മുട്ടയിടണം. അവളൊരു അമ്മക്കിളിയാവണം. കാലചക്രം ഒരു വളയം പൂർത്തിയാക്കുന്നു. വീണ്ടും പൂജ്യത്തിൽ നിന്ന് ഒരു പുതിയ ജീവിതം. അവരൊരുമിച്ചു പടിഞ്ഞാറേക്കു പറന്നു. ജരിത വളർന്ന കാട്ടിലേക്ക്.
രാത്രിയിൽ നിന്നു പകലിലേക്കാണോ അവർ പറന്നു ചെന്നത്? അല്ല. ചന്ദ്രൻ മറഞ്ഞിട്ടില്ല. പിന്നെ, കാട്ടിൽ വിരിച്ചിരുന്ന ഇരുട്ടിന്റെ പുതപ്പെവിടെ? പ്രകാശം, കണ്ണു ചിമ്മുന്ന പ്രകാശം. ചൂട്. കാടിന് തീ പിടിച്ചിരിക്കുന്നു. ചിതറിയോടുന്ന മൃഗങ്ങളുടെ ശബ്ദം, മനുഷ്യരുടെ ആക്രോശം. കൈയിലുള്ള അമ്പും വില്ലും കല്ലും കൊണ്ട് പരസ്പരം ആക്രമിക്കുകയാണ് മനുഷ്യർ. എവിടെ നിന്നോ പറന്നു വന്ന ഒരു കല്ല്, ജരിത നിലത്തു വീണു.
കണ്ണു തുറക്കുമ്പോൾ, പകലാണ്. ചുറ്റും കാണുന്നത് ചാരം മാത്രം. അവളൊരു പക്ഷിയാണ്, ദിക്കുകളും ദൂരവും അവളറിഞ്ഞിരുന്നത് കാഴ്ചകൾ കൊണ്ടല്ല.. അതുകൊണ്ടുതന്നെ, തൻ്റെ കൂടിരുന്ന മരത്തിനൊരുപാട് ദൂരെയല്ല താൻ എന്നവൾക്കു മനസ്സിലായിരുന്നു. തൻ്റെ തോഴനെവിടെ? ഇന്നലെ രാത്രിയെന്താണ് സംഭവിച്ചത്? മുന്നിൽ തീപിടിച്ചു നശിച്ച ഒരു കാടിന്റെ ബാക്കി മാത്രമാണുളളത്. ഇനിയും കനൽ കെട്ടിട്ടില്ലാത്ത ചാരക്കൂമ്പാരങ്ങൾ.. തീപിടിച്ചും, അമ്പേറ്റും അടിയേറ്റും മരിച്ച മനുഷ്യർ, കബന്ധങ്ങൾ, ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ. ജരിത മുന്നോട്ടു നടന്നു. അവൾക്ക് തൻ്റെ മരത്തിലെത്തണം.. കൂടു കെട്ടണം.. വീണ്ടും, കാലത്തിന്റെ വളയം തിരിഞ്ഞു തുടങ്ങണം. അവൾ പറക്കാൻ ശ്രമിച്ചു, ഇടതു ചിറക് അനക്കാനാവുന്നില്ല. വേദന, തുളച്ചു കയറുന്ന വേദന. വേദന കടിച്ചിറക്കി അവൾ ഒന്നുകൂടി ചിറകടിച്ചു നോക്കി.. മണ്ണിൽ നിന്ന് രണ്ടടി അവൾ മുകളിലേക്കുയർന്നു. വീണ്ടും, നിലത്തു വീണു. ചലിക്കാത്ത തൻ്റെ ചിറകും, നഷ്ടപ്പെട്ട തോഴൻ്റെ ഭാരവും പേറി മുന്നോട്ട് നടന്ന അവൾക്കു പെട്ടെന്ന് ഒരു തോന്നലുണ്ടായി.. ഇവിടെയായിരുന്നു, തൻ്റെ മരം. പക്ഷെ, എങ്ങും കാണുന്നില്ല. കണ്ണെത്താ ദൂരത്തോളം, ചാരം. വേരുകൾ മാത്രം അവശേഷിച്ച മരക്കുറ്റികൾ. കൊലചെയ്യപ്പെട്ട മനുഷ്യർ.
അവൾ വീണ്ടും ചുറ്റി നടന്നു. മുന്നിലൊരു മനുഷ്യശരീരം കാണാം. അടിയേറ്റു മരിച്ച ഒരാൾ. നെറ്റിയിൽ നിന്നൊഴുകിയ ചോര കണ്ണുകളിൽ വീണു നിറഞ്ഞ് കട്ടപിടിച്ച, (മനുഷ്യരെ) ഭയപ്പെടുത്തുന്ന ഒരു രൂപം. വായുവിലെ എന്തിനെയോ പിടിക്കാൻ ശ്രമിക്കുന്ന പോലെ കയ്യുയർത്തി കിടക്കുന്ന ഒരു ശരീരം.. അതോ അയാൾ എന്തോ അപേക്ഷിക്കുകയാണോ? ചോദിക്കാൻ നിർവാഹമില്ല. അയാൾക്കിനി ഭാഷയോ ശബ്ദമോ ഇല്ല. ആകാശത്തിൽ ഒരു ചിറകടിയൊച്ച ജരിത കേട്ടു. അവൾ തലയുയർത്തി. നട്ടുച്ച സൂര്യൻ്റെ രൂപത്തിനു കുറുകെ ഒരു പക്ഷിയുടെ നിഴൽ നിലത്തേക്ക് താഴ്ന്നു വരുന്നു. ഇരുളിലാണ് ആദ്യമായി ആ നിഴൽ അവൾ കാണുന്നത്- അതിനെ പകൽ വെളിച്ചത്തിൽ കണ്ടാൽ തിരിച്ചറിയാതിരിക്കുമോ? അവളുടെ തോഴൻ നിലത്തേക്കിറങ്ങി. രണ്ടുപേരുടെയും കൊക്കുകൾ തമ്മിലുരസി. അവളുടെ ഒടിഞ്ഞ ചിറകിൽ, അവൻ ചിറകു കൊണ്ടുഴിഞ്ഞു. ഇനി അവൾക്കു ദൂരേക്ക് പോകാനാവില്ല.
മുന്നിൽ ആ മനുഷ്യൻ്റെ ജഡം. ജരിത തല ഇരുവശത്തേക്കും ചരിച്ച്, ആ രൂപത്തെ മുഴുവനായൊന്നു നോക്കി. അയാളുടെ, നെഞ്ചിലേക്കു ചാടിക്കയറി, തലയിലേക്കു തത്തി തത്തി നടന്നു കയറി. വേദന സഹിച്ച്, ഒടിഞ്ഞ ചിറകടിച്ച്, ആകാശത്തേക്കുയർത്തിയ കൈകളിലേക്കു പറന്നു കയറി. ചിറകുകൾ ദേഹത്തോട് ചേർത്ത്, അതിൽ പതിഞ്ഞിരുന്നു. അവളുടെ തോഴൻ, കൂടു കൂട്ടാൻ കമ്പുകൾ തേടി ദൂരേക്ക് പറന്നു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ