ഒട്ടും അസാധാരണമല്ലാത്ത ഒരു പേര്

 രണ്ടു കാറുകൾക്ക് കഷ്ടപ്പെട്ടു കടന്നു പോകാൻ കഴിയുന്ന റോഡിനു മറുവശത്തെ കറുത്ത ഗേറ്റിലേക്കും അതിനു മുകളിലെ കിളിവാതിലിലേക്കും വൈശാഖൻ സംശയത്തോടെ നോക്കി. മനസ്സിൽ ഒന്നെണ്ണി നോക്കി. ഒരു അഞ്ഞൂറ് ദിവസം? അത്രയുമെങ്കിലുമായിക്കാണും ഈ കുഞ്ഞു തടിവാതിൽ കണ്ടിട്ട്. ബാലൻ റോഡിനപ്പുറം കടന്നു കഴിഞ്ഞു. അവനിപ്പോൾ ആ ഗേറ്റിന്റെ സാക്ഷ നീക്കും. അകത്തു കയറി അടയ്ക്കാൻ നേരം താൻ കൂടെയെത്തിയിട്ടില്ല എന്ന് ശ്രദ്ധിക്കും. ഇങ്ങോട്ടു ക്ഷണിച്ചതിൽ അവനു ഖേദമുണ്ടാവും. വൈശാഖൻ വളരെ വേഗം റോഡിനു കുറുകെ കടന്നു. ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നത് പരമാവധി വേഗത്തിൽ ഒരു മോപ്പഡ് ഓടിച്ചു വന്ന ആൾക്ക് ഇഷ്ടമായില്ല. കന്യാകുമാരിയുടെ തമിഴ് കലർന്ന മലയാളത്തിൽ അയാൾ ഒച്ചയെടുത്തുകൊണ്ടു കടന്നു പോയി. സന്ധ്യ മയങ്ങിത്തുടങ്ങി.അയാളുടെ ചാലയ്ക്കുള്ളിലെ പൂക്കട അടച്ചുകഴിഞ്ഞുള്ള യാത്രയാവണം.. നാളത്തേക്കുള്ള സാധനങ്ങൾ എടുത്തുവയ്ക്കാനോ, തൻ്റെ ദാരിദ്ര്യവും കഷ്ടപ്പാടും കുടിച്ചു മറക്കാനോ പോവുകയായിരിക്കണം. ജീവിതത്തിൽ അയാൾ സന്തോഷവാനാണെന്നു തോന്നുന്നില്ല. അതിനോടുള്ള വെറുപ്പാണോ, താൻ കേട്ടത്?

 വളരെ യാന്ത്രികമായി രണ്ടാം നിലയിലേക്കുള്ള പടികൾ കയറി. ഏഴാമത്തെ പടി കയറാൻ നേരം തല തനിയെ അല്പമൊന്നു കുനിഞ്ഞു. വൈശാഖൻ്റെ തല സൺഷെയ്‌ഡിൽ തട്ടുമോ എന്നറിയാൻ തിരിഞ്ഞു നോക്കിയ ബാലൻ, മെല്ലെ ചിരിച്ചു. വൈശാഖന് ഈ പടികളന്യമല്ല. ആ പടികൾക്കു മുകളിലെ വാതിലിനു മുന്നിൽ, ഏതോ യാഗത്തിലെ മലർപ്പൊടിയിൽ ഉരുണ്ടപോലെ അങ്ങിങ്ങു സ്വർണ നിറം ചൂടിയ, വാല് മാത്രം ചലിപ്പിച്ചു കിടക്കുന്ന കറുത്തപൂച്ചയേക്കാൾ നിശബ്ദമായി വൈശാഖൻ ഈ പടികൾ കയറിയിട്ടുണ്ട്. നിലാവ് പരക്കുന്നതിലും നിശബ്ദമായി ദേവിക ആ വാതിൽ തുറന്നു കൊടുത്തിട്ടുണ്ട്.ആ വാതിൽപ്പടിയിലും അകത്തെ മുറിയിലും അവർ ആലിംഗബദ്ധരായി യുഗങ്ങൾ ചിലവാക്കിയിട്ടുണ്ട്.


സിദ്ധാർത്ഥനെ അഞ്ചു മണിക്ക് ട്രെയിൻ കേറ്റി വിട്ടു. അവൻ്റെ ഏതോ കോളേജ് സുഹൃത്തിന്റെ കല്യാണത്തിന് മലപ്പുറത്തേക്ക് പോവുകയാണ്. ഇനി കൊച്ചിയിൽ നിന്ന് വരുന്ന അഹല്യയെ വീട്ടിൽ കൊണ്ടാക്കണം. ആ ട്രെയിൻ വരാൻ ഇനിയും ഏകദേശം ഒന്നര മണിക്കൂറുണ്ട്. അത് എങ്ങനെയെങ്കിലും നഗരത്തിൽ തള്ളി നീക്കിയെ പറ്റൂ എന്ന അവസ്ഥ വന്നുപോയി. നഗരത്തിലെ മറ്റെല്ലാ സുഹൃത്തുക്കളെയും വിളിച്ച ശേഷമാണു ബാലനെ വിളിച്ചത്.  ദേവിക ചേച്ചിയുടെ വീട്ടിൽ പോയിരുന്നാലോ എന്നവൻ പറയുമെന്ന് ഏകദേശം ഉറപ്പുണ്ടായിരുന്നു. എങ്കിലും അവനതു പറയല്ലേ, എന്ന് വെറുതെ മോഹിച്ചു. അവനു ദേവികയുടെ വീട്ടിലിരിക്കാൻ ഇഷ്ടമാണ്. പുസ്തകങ്ങളുടെ മണം, ചാരിക്കിടക്കാവുന്ന കസേരകൾ, 'കൺജീനിയൽ' എന്നവൻ ഒരിക്കൽ വിശേഷിപ്പിച്ച അവളുടെ അമ്മ. സ്വന്തം വീട്ടിലെ ഇടുങ്ങിയ ഇടങ്ങളെയും ചിന്തകളെയും ഉപരി അവയെല്ലാം അവിടേക്കവനെ പിടിച്ചു വലിച്ചു. 

ദേവിക കതകു തുറന്നു. വാതിൽക്കൽ കിടന്ന ചക്കി അലസമായൊന്നിളകി. പൂച്ചകളുടെ സ്വയം പര്യാപ്തത എന്നും ദേവികയ്ക്കിഷ്ടമായിരുന്നു. ഡോഗ്സ് ആർ ടൂ ക്ലിങ്ങി എന്നവൾ പലപ്പോഴും പറഞ്ഞു. കോളേജ് കാന്റീനിൽ കാമുകന്മാരുടെ ഇടംകയ്യിൽ തൂങ്ങിക്കിടക്കുന്ന കാമുകിമാരെ കളിയാക്കി. കാമുകന്മാർ ഇട്ടിട്ടു പോകുമ്പോൾ കണ്ണീർ ഒഴുക്കിയ സുഹൃത്തുക്കളെ ആവശ്യത്തിന് തലോടുകയും സ്വന്തം വില തിരിച്ചറിയാതെ വരുമ്പോൾ തല്ലുകയും ചെയ്തു. വാതിൽക്കൽ ഒരല്പനേരം ചലനമില്ലാതെ അവൾ നിന്നു. അവളുടെ ഇരുപത്തിമൂന്നാം പിറന്നാളിന് ഒരുമിച്ചു പോയി വാങ്ങിയ ടീ ഷർട്ട് ആണ് ഇട്ടിരിക്കുന്നതെന്ന് വൈശാഖൻ ശ്രദ്ധിച്ചു. അവളുടെ പിറന്നാൾ ആഘോഷങ്ങൾക്ക് എന്നും ഒരേ ചടങ്ങുകളായിരുന്നു; ഒരിക്കൽപ്പോലും കാമുകിക്കൊരു സർപ്രൈസ് കൊടുക്കണം എന്ന അമിതഭാരം വൈശാഖനെ ബാധിച്ചില്ല. റിലേഷൻഷിപിൽ ആയിരുന്ന എല്ലാ വർഷവും നവംബർ മൂന്നാം തീയതി രാവിലെ ഏഴിന് ശേഷം, ആ കറുത്ത ഗേറ്റിനു മുന്നിൽ വൈശാഖൻ എത്തും. ഗേറ്റിനു മുന്നിൽ നിന്നാൽ, ചുറ്റും ബഹളമില്ലെങ്കിൽ, അവൻ വിളിക്കുമ്പോൾ അവളുടെ ഫോൺ ശബ്ദമുണ്ടാകുന്നത് പുറത്തു കേൾക്കാം. കിളിവാതിൽ തുറക്കപ്പെടും. അവൾ മുടി കെട്ടുകയോ, കമ്മൽ ചെവിയിൽ ഉറപ്പിക്കുകയോ ആവും. ഒറ്റ മിനിറ്റ് എന്നവൾ ആംഗ്യം കാട്ടും. നീട്ടിയെഴുതിയ കണ്ണുകൾ വൈശാഖൻ ശ്രദ്ധിക്കും. അവന്റെ മനസിലൊരു ചിരിവരും. ആ ചിരി കണ്ട്, താൻ ഒരുങ്ങിയത് നന്നായിട്ടുണ്ട് എന്ന് ദേവികയ്ക്കു തോന്നും. അകത്തേക്ക് വരുന്നോ എന്ന് അവൾ ആംഗ്യം കാണിച്ചു ചോദിക്കും. കമ്മലിടുകയാണെങ്കിൽ വൈശാഖൻ അകത്തേക്ക് കയറും. കാരണം, ഇനി മുടി കെട്ടാനുണ്ട്, പൂ വാങ്ങിയിട്ടുണ്ടെങ്കിൽ അത് വയ്ക്കാനുണ്ട്. അമ്മ ഒരു ചായ കൊടുക്കും. അത് കുടിക്കുമ്പോഴാവും അവൾ മുന്നിൽ വരിക. സാരിത്തുമ്പ് ഒന്ന് പിടിച്ചു കൊടുക്കാൻ ആവശ്യപ്പെടും. അത് പിടിച്ചു കൊടുക്കുന്നതിനിടയിൽ വൈശാഖൻ മുകളിലേക്കൊന്നു പാളി നോക്കും. അവളുടെ വയറ് സാരിക്കിടയിലൂടെ അല്പമൊന്നു കാണുമ്പോൾ, അവനെന്തുകൊണ്ടോ ആമ്പൽപ്പൂക്കളെ ഓർമ്മവരും. ആറ്റുകാൽ പോയിവരുമ്പോഴേക്ക് അമ്മ ദോശയോ ഇഢലിയോ ചുട്ടു വച്ചിട്ടുണ്ടാവും. കഴിച്ചു കഴിയുമ്പോഴേക്ക് ഒൻപതു മണി. അവൾ സാരി മാറി വരും. ഈ അമ്പലത്തിൽപ്പോക്കും സാരി ഉടുക്കലും അമ്മയ്ക്കു വേണ്ടി മാത്രമാണെന്ന് വൈശാഖാനറിയാം. ഈ വീട്ടിൽ അമ്മയുടെ മുറിയിലെ ഒരു കൃഷ്ണവിഗ്രഹവും ആറ്റുകാൽ ദേവിയുടെ ചിത്രവുമല്ലാതെ ദൈവങ്ങളാരുമില്ല. മാർക്സ് ഉണ്ട്, വയലാറുണ്ട്, ഈ എം എസും നായനാരുമുണ്ട്. ഇവരാരും അവളുടെ ദൈവങ്ങളല്ല. ശരികൾക്കു വേണ്ടി നിന്ന മനുഷ്യർ എന്നാണവൾ പറയാറ്. ചേട്ടൻ്റെ കല്യാണത്തലേന്നു വീട്ടിൽ വന്ന അവൾ, ഏറ്റവുമാദ്യം കണ്ടത്, ചുവരിലെ രാജീവ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയുമായിരുന്നു. അന്നവൾക്കൊരു മന്ദഹാസമുണ്ടായിരുന്നുവെന്ന് വൈശാഖൻ ഓർത്തു.

സമയം ആറിനോടടുക്കുന്നു. പോണം, അഹല്യയുടെ ട്രെയിൻ വരുന്നു. ഫോൺ എടുത്തു ട്രെയിൻ എവിടെയെത്തി എന്ന് നോക്കുമ്പോൾ വൈശാഖന്റെ മുഖം താണു. ഒരു മണിക്കൂറിലധികം വൈകിയാണ് അതോടുന്നത്. 

"നീ വരുമെന്ന് ഞാൻ വിചാരിച്ചില്ല. എന്തെങ്കിലും കാരണം പറഞ്ഞു മുങ്ങുമെന്ന് വിചാരിച്ച്"

"വേറെ ആരെങ്കിലും ഫോൺ എട്ത്താരുന്നെങ്കി അങ്ങോട്ടേ പോവുവൊള്ളാരുന്നു"

"ലാസ്‌റ് ഓപ്ഷൻ"

"സേഫ്റ്റി നെറ്റ്"

വീണ്ടും നിശബ്ദത. ബാലൻ പുസ്തകങ്ങൾ പരതുകയായിരുന്നു. ഒന്നര വർഷം മുൻപ്, "ഞങ്ങളതു വേണ്ടെന്ന് വച്ചു" എന്ന് കനകക്കുന്നിൽ വച്ച് ബാലനോട് പറയുമ്പോൾ അവൻ്റെ കണ്ണ് നിറയുന്നത് വൈശാഖൻ കണ്ടിരുന്നു. ദേവികയിൽ ഒരു കുറവും വൈശാഖൻ കണ്ടിരുന്നില്ല. അവനിലൊരു കുറവും ദേവികയും കണ്ടിരുന്നില്ല. എന്തോ ഒരതൃപ്തി രണ്ടുപേരെയും ഏകദേശം ഒരേ സമയത്തു ബാധിച്ചു. തൻ്റെ സ്നേഹം ദേവികയ്ക്ക് ആവശ്യമില്ലാത്തപോലെ വൈശാഖന് തോന്നി. തന്നോട് എന്തോ ഉത്തരവാദിത്തം നിറവേറ്റാൻ കഷ്ടപെടുന്നയാളാണോ വൈശാഖൻ എന്ന് ദേവികയ്ക്കും. പരസ്പരം പിരിയാൻ തീരുമാനമെടുത്ത ചർച്ചയ്ക്കിടയിൽ ഇതവർ പരസ്പരം പറഞ്ഞിരുന്നില്ല. ഹാപ്പി ആണോ ഈ റിലേഷൻഷിപ്പിൽ എന്ന് ദേവിക ചോദിച്ചു. അവളോടൊരിക്കലും കള്ളം പറഞ്ഞിട്ടില്ലാത്ത വൈശാഖൻ, അന്നും സത്യം പറഞ്ഞു. "അല്ല. എനിക്ക് പരാതികളില്ല. പക്ഷെ എനിക്കൊരു സന്തോഷം ഈ ബന്ധം തരുന്നില്ല." ദേവികയ്ക്ക് ഒരു ഞെട്ടലല്ല ഉണ്ടായത്. ഒരു തരം  മരവിപ്പ്. വരിഞ്ഞു മുറുക്കിയ എന്തോ അഴിച്ചുവച്ചപ്പോൾ അവിടേക്കു രക്തം ഓടിയെത്തുമ്പോഴുണ്ടാവുന്ന പോലെയൊരു  തരിപ്പ്. കുറെ മുള്ളുകൾ ഒരേസമയം കുത്തിക്കയറുന്ന പോലെ. പിന്നെയവർ ഒരുപാടുനാൾ സംസാരിച്ചില്ല. കഴിഞ്ഞ നവംബർ മൂന്നിന്, ദേവിക വെറുതെ ആ കിളിവാതിൽ തുറന്നു നോക്കിയിരുന്നു.  ഗേറ്റിനു മുന്നിൽ വച്ച സ്കൂട്ടറിന്റെ കണ്ണാടിയിൽ ഹെൽമെറ്റ് വച്ച് പരന്നു പോയ മുടി പൊക്കിവയ്ക്കാനായി നോക്കുന്ന വെളുത്ത പയ്യൻ അവിടെയുണ്ടായിരുന്നില്ല. അന്ന് ദേവികയ്ക്ക് ഒരു വിഷമം തോന്നി. താനവനെ നന്നായി നോക്കിയില്ലേ എന്ന് വേവലാതിയുണ്ടായി. അന്നാണ് ബാലൻ ആദ്യമായി ആ വീട്ടിൽ വന്നത്. അന്ന് കിട്ടിയ ആശ്വാസത്തിന് പകരം കൊടുത്തതാണ് ഈ വീട്ടിലെ സ്വാതന്ത്ര്യവും, ബുക്കുകളിന്മേലുള്ള അവകാശവും. വൈശാഖൻ വീണ്ടും വാച്ചിലേക്ക് നോക്കി.

"എവിടെയെങ്കിലും പോകാനുണ്ടോ?"

"സ്റ്റേഷനിൽ ഒന്ന് പോണം.."

"സിദ്ധാർത്ഥനെ കൊണ്ടാക്കിയില്ലേ, ഇനിയെന്താ?"

"ഒരാളെ വിളിക്കാൻ..."

"അഹല്യയേയോ?"

അഹല്യയെപ്പറ്റി ദേവിക എങ്ങനെയറിഞ്ഞു എന്ന് വൈശാഖന് മനസിലായില്ല. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അവളെ ഉൾപെടുത്തുമ്പോൾ, റിലേഷൻഷിപ്പിലാണ് എന്നത് വ്യക്തമാക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു.

"ഏ? ചേച്ചിക്ക് അഹല്യയെ എങ്ങനറിയാം?" ബാലൻ ചോദിച്ചു. അവളോട് പറയരുതെന്ന് വൈശാഖൻ പ്രത്യേകം പറഞ്ഞിരുന്നു.

"സ്റ്റോറി ഒക്കെ കണ്ടപ്പോൾ അറിയാം..."

"അയിന് ഇങ്ങേർടെ സ്റ്റോറീൽ ഏതെല്ലാം പെൺപിള്ളേരെ കാണുന്നു?"

ശരിയാണ്, ആരെയും പ്രത്യേകം ശ്രദ്ധിക്കാതിരിക്കാൻ ഒരുപാടുപേരെ മനപ്പൂർവം ഉൾപ്പെടുത്തിയിരുന്നു.

 "നല്ല പേരല്ലേ? അഹല്യ. നെയിംസ് വെയർ യുവർ തിങ്, അല്ലെ? നല്ല പേരുകളാണ് ആദ്യം ശ്രദ്ധിക്കുന്നത്.." ഒരു നുള്ള് നിശബ്ദത. "എപ്പഴാ ട്രെയിൻ?"

"6:45"

"കൃത്യസമയത്താണോ?"

"അല്ല. ലേറ്റാ"

ദേവിക ഫോണിൽ എന്തോ നോക്കി. 

"അടിപൊളി.. എങ്ങനെ നോക്കിയാലും വരാൻ എട്ടു മണിയാവും. സബ്‌വേ വാങ്ങാം..?"

ബാലൻ ആവേശത്തോടെ തലകുലുക്കി. ഏതു വേണം എന്നവൾ അവനോടു ചോദിച്ചു. മസ്റ്റർഡും മയണെയ്‌സും പച്ചക്കറികളും മാത്രം ചേർത്ത ഹോൾഗ്രൈൻ സാൻഡ്വിച് ബാലന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു. വൈശാഖനോട് അവൾ ചോദിച്ചില്ല. അവൻ്റെ സബ്‌വേഓർഡർ അവൾക്കറിയാം. റോസ്‌റ്റഡ്‌ ഗാർലിക് ബ്രെഡിൽ ടെറിയാക്കി ചിക്കൻ വിത്ത് മയോ. അവളുടേത് നോ ചീസ്, നോ മയണേയ്സ് മൾട്ടി ഗ്രൈൻ  ചിക്കൻ ടെറിയാക്കി. 

അരമണിക്കൂറിനുള്ളിൽ ഓർഡർ കൊണ്ടുവന്നയാൾ വിളിച്ചു. അവളുടെ ഫോൺ ബെല്ലടിക്കുമ്പോൾ അറിയാതെ അവൻ്റെ കൈ അതിനു നേരെ നീണ്ടു. സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺവിളികൾ എടുക്കാൻ അവളെന്നും മടിച്ചിരുന്നു. പിന്നീടൊരിക്കൽ അതിനു ടെലിഫോബിയ എന്ന് പേരുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. പിന്നീടെന്നും ആഹാരം വരുന്ന ഫോൺവിളികൾ അവനാണെടുത്തിരുന്നത്. വൈശാഖൻ്റെ കൈ പിൻവലിഞ്ഞു. ബാലൻ എടുത്തു സംസാരിച്ചു. എന്നിട്ട് ആഹാരം വാങ്ങാൻ പുറത്തേക്കു പോയി. 

"വാ അങ്ങോട്ടിരിക്കാം"

ഡെലിവറിക്കാരനെ കാത്തുനിൽക്കുന്ന ബാലന് മനസികപിന്തുണ എന്നോണം ആയിരിക്കണം ദേവിക ജനലിനടുത്തിരിക്കാൻ തീരുമാനിച്ചത്. 

"കിളിവാതിൽ പൊടിവാതിലായല്ലോ" വൈശാഖൻ ജനൽപ്പടിയിലെ പൊടി വിരൽ കൊണ്ടു വരഞ്ഞുകൊണ്ടു പറഞ്ഞു.

"ആഹ്.. തുറക്കുമ്പോൾ കാണാനൊന്നുമില്ലാത്ത ചില ജനാലകൾ അടഞ്ഞു തന്നെ ഇങ്ങനെ കിടക്കും. പൊടിപിടിക്കും, മാറാല വരും.. എന്താ ചെയ്യാ" 

വളരെക്കാലത്തിനു ശേഷം തുറക്കപ്പെട്ട ജനൽപ്പടിയിലെ പൊടിയിൽ വൈശാഖൻ ചിത്രം വരച്ചുകൊണ്ടിരുന്നു. 

വളരെ ചെറിയ മേശ; മൂന്നേ മൂന്നു കസേര, ജനലിനഭിമുഖമായ കസേരയുടെ മുന്നിൽ പഴക്കൂടകളുടെ പടമുള്ള ഒരു പ്ലാസ്റ്റിക് 'പരവതാനിക്കുട്ടി'. അതിന്മേൽ ദേവിക വൈശാഖന്റെ സാൻവിച് എടുത്തു വച്ചു. ബാലൻ വളരെ ആവേശത്തോടെ കഴിക്കുന്നത് അവർ രണ്ടുപേരും ഒരു പുഞ്ചിരിയോടെ നോക്കി. എന്നിട്ടാ പുഞ്ചിരി പരസ്പരം വച്ചുമാറി. 

"ഡെയി, അണ്ടിപ്പരിപ്പ് വേണോ?"

ബാലൻ തലയുയർത്തി, അതെയെന്ന് പറയുന്ന പോലെ ഒരു ചിരി പുറത്തെടുത്തു. 

തിരിഞ്ഞു നോക്കാതെ തന്നെ വൈശാഖൻ കയ്യുയർത്തി. പിന്നിലെ ചില്ല് അലമാരയുടെ വാതിൽ തുറന്നു ഒരു കുഞ്ഞു ഡപ്പി കയ്യിലെടുത്ത് ഉള്ളംകൈയിലേക്കു കുറച്ചു പരിപ്പുകൾ തട്ടിയിട്ടു. ഒരെണ്ണം അവൻ വായിലേക്കിട്ടു, ബാക്കി ബാലന് നീട്ടി. തിരിഞ്ഞു നോക്കാതെ തന്നെ ഡപ്പി തിരിച്ചും വച്ചു. 

"പോകുവാണോ മോനെ?"

" റെയിൽവേ സ്റ്റേഷനിൽ പോണം.."

"അഹല്യ വരുന്നുണ്ട് അമ്മേ.."

ദേവിക അമ്മയോടും അഹല്യയെപ്പറ്റി പറഞ്ഞിരിക്കുന്നു. 

"അന്തംവിടണ്ട. പേരുകളുടെ കാര്യം പറഞ്ഞപ്പോൾ പറഞ്ഞതാ."

ട്രെയിൻ വരുന്നതിനു തൊട്ടുമുൻപുള്ള റെയിൽവേ സ്റ്റേഷൻ വാതിൽ ഒരു പ്രത്യേക കാഴ്ചയാണ്. അതിനു മുന്നിലെ തിരക്ക് കണ്ടറിയാം, ട്രെയിൻ വരാറായോ, വന്നു കഴിഞ്ഞോ എന്നെല്ലാം. വൈശാഖൻ ന്യൂ തീയേറ്ററിന് മുന്നില്ലേ മേൽപാലം ഇറങ്ങിയെത്തുമ്പോഴേക്ക് റെയിൽവേ കവാടത്തിൽ തീരെ തിരക്കുണ്ടായിരുന്നില്ല. പാർക്കിംഗ് ഫീസ് കൊടുക്കാൻ മടിച്ച്, പുറത്തേക്കിറങ്ങുന്ന വഴിയുടെ ഓരത്തെ ഇരുട്ടിൽ ഒതുക്കി നിർത്തിയ രണ്ടോ മൂന്നോ ബൈക്കുകൾ മാത്രം. തലയിലെ ഹെൽമെറ്റ് പോലും ഊരാൻ മടിച്ച ഭർത്താക്കന്മാർ, സഹോദരന്മാർ, താനെന്ന കാമുകൻ. എല്ലാവരുടെയും ശരീരഭാഷ ഒന്നുതന്നെ. വൈകിയോടുന്ന ട്രെയിനോടുള്ള വെറുപ്പ്, ഇഴഞ്ഞു നീങ്ങുന്ന സമയത്തോടുള്ള അക്ഷമ, വളരെക്കാലം കൂടി കാണാൻ പോകുന്ന ഒരാളെ കാത്തു നിൽക്കുന്ന കണ്ണുകളിൽ പ്രതീക്ഷകൾ, ഇതൊരു സ്ഥിരം ചടങ്ങാക്കിയവരിൽ നിർവികാരത. വൈശാഖൻ ആദ്യത്തെ കൂട്ടത്തിൽ പെടുന്നു. എറണാകുളത്തെ അമ്മായിയുടെ മകളുടെ മകളുടെ നൂലുകെട്ടിനു പോയിരുന്ന അഹല്യയെ കാണുന്നത് രണ്ടാഴ്ചകൾക്കു ശേഷമാണ്. രണ്ടാഴ്ചക്കാലം വലിയ കാലയളവായി തോന്നിപ്പിക്കുന്ന പ്രണയത്തിന്റെ തുടക്കക്കാലത്തായിരുന്നു അവനും അഹല്യയും.

സ്റ്റേഷനുള്ളിൽ നിന്ന് മഴവെള്ളം ഒഴുകി വരുന്ന പോലെ ആൾക്കാർ ഇറങ്ങി. പലതരം ഭാരങ്ങൾ ചുമലിൽ തൂക്കിയവർ, കയ്യിൽ തൂക്കിപ്പിടിച്ചവർ, തള്ളി നീക്കികൊണ്ടു വരുന്നവർ. യാതൊരു ഭാരവും കയ്യിലില്ലാത്ത ചുരുക്കം ചിലർ. 

മഞ്ഞ ഹൂഡിയും കറുത്ത പാന്റും ധരിച്ച്, മുതുകിൽ ഒരു ബാഗും തൂക്കി അഹല്യ വന്നു. മുഴുനീളത്തിലുള്ള ഉടുപ്പിൻ്റെ കൈ, മുട്ടോളം നീളത്തിൽ ചുരുക്കി വച്ചിരുന്നു. ചെമ്പു നിറം കലർന്ന തോളൊപ്പം നീണ്ട മുടിയെ ഒരു ക്ലിപ്പ് വളരെ കഷ്ടപ്പെട്ട്, അല്പം പോലും അച്ചടക്കമില്ലാതെ തലയിൽ ഒതുക്കി പിടിച്ചിരുന്നു. വൈശാഖനെ വളരെ അടുത്തെത്തിയിട്ടേ അവൾ തിരിച്ചറിഞ്ഞുള്ളൂ. 

"അയ്യോ.. വരുമെന്ന് വിചാരിച്ചില്ല കേട്ടോ!"

അവൾ കൈകൾ അവന്റെ കഴുത്തിനു കുറുകെ എറിഞ്ഞു. അവളുടെ മുടിയുടെ ഗന്ധം. വൈശാഖന്റെ മനസിന് ചൂട് കുറഞ്ഞു വന്നു. 

"കുഞ്ഞിന്റെ പേര് കേൾക്കണ്ടെ?'

വൈശാഖൻ വേണമെന്നു തലകുലുക്കി.

"നിൻ്റെ പൂർവ കാമുകിയുടെ പേരാ..."

അവനു ഭാവമാറ്റമുണ്ടോ എന്ന് അവളൊരു കുസൃതിച്ചിരിയോടെ നോക്കി. സ്റ്റേഷന് അകത്തു നിന്ന് പുറത്തേക്കു വരുന്നവർ, ഇപ്പോൾ മരംപെയ്യുന്നതു പോലെയേയുള്ളൂ.

"ഇച്ചിരിക്കൂടി ക്രീയേറ്റീവ് ആവാൻ ഞാൻ അച്ചു ചേച്ചിയോട് പറഞ്ഞതാ. കേട്ടില്ല. വെറും സാധാരണ പേര്, അല്ലെ?"

അവൾ സ്കൂട്ടറിന് പിന്നിൽ കയറി. അവനെ ചുറ്റിപ്പിടിച്ചു. ഇപ്പോൾ മഴ വൈശാഖന്റെ മനസിലാണ്. മഞ്ഞവെളിച്ചം അങ്ങിങ്ങു വീണു തളംകെട്ടിക്കിടക്കുന്ന റോഡിലൂടെ അധികം ശബ്ദമുണ്ടാക്കാതെ ആ സ്കൂട്ടർ നീങ്ങി. 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ