ബാംഗ്ലൂരിലെ പേരു കേട്ട ഒരു കമ്പനിയിലെ ഇന്റർവ്യൂ ഓൺലൈൻ ആയി നടക്കുന്നതിനിടെയാണ് അയാൾക്ക് ആ മെസ്സേജ് വന്നത്. "എല്ലാം ഉറപ്പിച്ചു. അടുത്ത മാസമോ അതിനടുത്ത മാസമോ ഉണ്ടാവും." അതോടുകൂടി അയാളുടെ സമനില അല്പമൊന്നു തെറ്റി. 'കാത്തിരി'പ്പിന് കാതരപ്പ് എന്നെഴുതിയത് ഇന്റർവ്യൂ നടത്തിയ ആളുടെ കണ്ണിൽ പെട്ടു. ഉറപ്പെന്നു വിശ്വസിച്ചിരുന്ന ആ ജോലി അങ്ങനെ പോയി. അന്ന് ആ മെസ്സേജ് ഒരു രണ്ടു മണിക്കൂർ വൈകി വന്നിരുന്നെങ്കിൽ, ഇന്നിപ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ നിൽക്കേണ്ടി വരില്ലായിരുന്നു. അയാൾ പെട്ടെന്ന് ചിന്തയിൽ നിന്നുണർന്നു മുന്നിൽ നിൽക്കുന്ന പഴയ സ്നേഹിതയുടെ മുഖത്തേക്കു നോക്കി.
"ഇല്ല.. ആ ജോലി രാജി വച്ചു."
"അതെന്തേ? ഇവിടെ നെറ്റും പി എച് ഡിയും ഉള്ളവർ വെറുതെ നടക്കുമ്പോഴാ.. ഒരു കോളേജിലെ ജോലി അങ്ങനെയങ്ങു വിട്ടുകളയുന്നെ?"
കല്യാണച്ചെറുക്കൻ വേദിയിലേക്ക് കടന്നിരുന്നു. അയാൾ അവനെ മൊത്തത്തിൽ ഒന്നു നോക്കി. വിവാഹം അടുക്കുമ്പോൾ എല്ലാ ചെറുക്കന്മാരും ചെയ്യുന്ന മുന്നൊരുക്കങ്ങൾ അവനും ചെയ്തിട്ടുണ്ട്. മുഖത്തു പാടുകളില്ലാതായത് അങ്ങനെയാവണം. മുടി പറ്റെ വെട്ടിയിരിക്കുന്നത്, കയറിത്തുടങ്ങിയ കഷണ്ടി മറയ്കാനാവണം. അയാൾ സ്വന്തം തല തടവി. അടുത്തിരിക്കുന്ന പഴയ സഹപാഠികളെ നോക്കി. ആർക്കും തന്റെയത്രയും മുടിയില്ല. പണ്ട് കോളേജിൽ പഠിക്കുമ്പോഴും അയാളുടെ ഏറ്റവും വലിയ അഹങ്കാരങ്ങളിലൊന്ന്, ഈ കിരീടം തന്നെയായിരുന്നു.
പെണ്ണ് വേദിയിലേക്ക് വന്നു, സദസ്സിലേക്ക് നോക്കി തൊഴുതു. "മാപ്പു ചോദിക്കുകയാണോ?" അയാളുടെ മനസ് ചോദിച്ചു. ഉടനെ ബോധം അതിനെ തിരുത്തി. അവളെന്തിന് മാപ്പു ചോദിക്കണം? അവൾ എന്നെങ്കിലും വാക്കു തന്നിട്ടുണ്ടോ? ഒരിക്കലെങ്കിലും, "നമുക്ക് ഒന്നിച്ചു ജീവിക്കണം" എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല. പിന്നെ അവളെന്തിനു മാപ്പു ചോദിക്കണം?
പിജി പഠിച്ച കോളേജിലെ ഡിഗ്രിക്കാരി ജൂനിയർ, അയാൾ പഠിപ്പിക്കുന്ന കോളേജിൽ പിജിക്കു ചേർന്നപ്പോൾ അയാൾക്ക് ചെറിയ അമ്പരപ്പ് തോന്നാതിരുന്നില്ല. ആ കുട്ടിയുടെ വീട്ടിനടുത്തല്ല, ഈ കൊച്ചു കോളേജ്. പറയത്തക്ക പ്രശസ്തിയുമില്ല. എങ്കിലും പഴയ കോളേജിൽ ഒന്നു രണ്ടു തവണ മാത്രം കണ്ടിട്ടുള്ള ജൂനിയറിനോട് ഇതു ചെന്ന് ചോദിക്കാനും, പരിചയം പുതുക്കാനും അയാളുടെ മനസ്സനുവദിച്ചില്ല. കാരണം, പണ്ട് ജൂനിയർ പിള്ളേരെല്ലാം കണ്ണ് മിഴിച്ചു നോക്കിയിരുന്ന സീനിയർ അല്ല താൻ. ഒരധ്യാപകനാണ്. അതിന്റെ അകലം കാണിക്കേണ്ടതുണ്ട്.
സദ്യാലയത്തിന്റെ മുന്നിൽ തിരക്ക് കൂടി വന്നു. അയാൾ നടന്നു വരുന്നത് കണ്ട ഒന്നു രണ്ടു കുട്ടികൾ "ദേ അജയ് സർ" എന്ന് പറഞ്ഞു വഴി ഒഴിഞ്ഞു കൊടുത്തു.
"സദ്യയുണ്ണാൻ നേരം വിളമ്പുന്നവരോട് മതി ബഹുമാനം കുട്ടികളെ" എന്ന് പറഞ്ഞ് അയാൾ പിന്നിൽ തന്നെ നിന്നു.
കോളേജിൽ കൂടെ പഠിച്ച പ്രിയതമയെ തന്നെ വിവാഹം കഴിച്ച, അയാളുടെ സുഹൃത്ത്, അലൻ "എടാ മണ്ടാ" എന്ന് തലയിൽ കൈ വച്ചു പറഞ്ഞു.
"കിട്ടിയ ചാൻസിനു മുന്നിൽ കേറാനുള്ളത്!"
അയാൾ ചിരിച്ചതേയുള്ളൂ. "സ്ഥലം കിട്ടും ഡെയ്, റിലാക്സ്" അശ്വിൻ പറഞ്ഞു. എന്നിട്ട് അയാൾക്ക് നേരെ തിരിഞ്ഞു, "ഡെയി ചങ്കരാ, നീ കോളേജിലെ ജോലി രാജി വച്ചാ?"
അയാൾ തല കുലുക്കി. "അതെന്ത്?"
പലപ്പോഴായി പറഞ്ഞു പരിശീലിച്ച മറുപടി അയാൾ പുറത്തു പറഞ്ഞു. "ഓൺലൈൻ ക്ളാസ് നമുക്ക് പറ്റൂല അളിയാ.. ഒരു ഫീൽ ഇല്ല."
അശ്വിന് അതു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. രണ്ടുപേരും ഒരുമിച്ചു പങ്കിട്ട വേദികളിൽ പരസ്പരം മത്സരിച്ചായിരുന്നു അവർ അഭിനയിച്ചിരുന്നത്.
"ശരിയാണ് അളിയാ.. നമ്മൾ പെർഫോർമേഴ്സിന് ഒരു സ്ക്രീനിന്റെ മുന്നിൽ ഇരുന്നാൽ പറ്റൂല.."
അയാൾ തലകുലുക്കി.
"നിന്റെ അടുത്ത പടം ഏതാ?"
അശ്വിൻ ഗൗരവം പൂണ്ടു.
"ഒരെണ്ണത്തിനെ ഫൈനൽ ഷെഡ്യൂൾ അടുത്ത ആഴ്ച തുടങ്ങും ഡാ.. ഇന്ദ്രജിത് സർ ന്റെ കൂടെ.. അത് കഴിഞ്ഞ്, ഒരു ബിജു മേനോൻ പടം വരുന്നുണ്ട്... ഡീറ്റെയിൽസ് ഇപ്പോഴേ പുറത്തു വിടാൻ പറ്റില്ല.. നിനക്കറിയാല്ലോ.."
അയാൾക്കറിയാം. സിനിമയിലെ സുഹൃത്തുക്കളുടെ പേരുകൾ പലപ്പോഴും ക്ളാസുകളിൽ കുട്ടികളുടെ ശ്രദ്ധ പിടിച്ചു വാങ്ങാൻ അയാൾ എടുത്തിടാറുണ്ട്.
ഓഡിറ്റോറിയത്തിനു പുറത്തെ റോഡിൽ മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. പെണ്ണും ചെറുക്കനും ആഹാരം കഴിച്ചിറങ്ങി, മുകളിലേക്കുള്ള പടികൾ കയറുന്നതിനിടെയാണ് അയാളെ കണ്ടത്. അവൾ ഒരു വെളുത്ത കസവു സാരി ഉടുത്തിരിക്കുന്നു. കല്യാണ സാരി എടുക്കാൻ നേരം അയാളുമായി സംസാരിച്ചിരുന്നു.
"ചുവപ്പ് വേണം എന്നാ എല്ലാവരും പറയുന്നേ.. അതാണ് അതിന്റെ ഒരു രീതി എന്ന്"
"അതു ശരി, ലോകത്തിന്റെ രീതിക്കൊത്ത് നടന്നു തുടങ്ങി അല്ലെ?"
അത് അവൾക്കൊരു ചെറിയ കുത്തായി തോന്നി.
"ഞാൻ ഒരെണ്ണം സെലക്ട് ചെയ്തിട്ട് പടം അയക്കാം.."
"നിൻ്റെ സെലക്ഷൻ നല്ലതാവാതിരിക്കാൻ തരമില്ല. പക്ഷെ... നീ തന്നെ സെലക്ട് ചെയ്യണം. മറ്റുള്ളവർ ചെയ്തു തന്നതാവരുത്."
അത് അയാൾ മനപ്പൂർവം കുത്തിയതായിരുന്നു.
"എന്തോ കുത്തി സംസാരിക്കുന്ന പോലെ?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"മനസിലായല്ലോ! അത് മതി."
"ഉം.. ഞാൻ പോകുവാ.."
"അറിയാം.. പോകുവാണെന്ന്.."
"നിൽക്കണോ?"
വേണമെന്ന് അയാൾക്ക് പറയാൻ പറ്റിയില്ല. അയാൾക്ക് തന്നെ ഉറപ്പില്ല എന്നതാണ് സത്യം. അന്നവൾ വീട്ടുകാർ പറഞ്ഞതു പോലെ ഒരു രക്തം പോലെ ചുവന്ന സാരി വാങ്ങി. ഇപ്പോൾ, സദ്യ ഉണ്ണുന്നതിനു മുൻപ് ആചാരപ്രകാരം ഒരു വെളുത്ത സാരി മാറിയിരിക്കുന്നു. കറികൾ ദേഹത്ത് വീഴാതെ കഴിക്കാൻ പെണ്ണിനറിയാമോ എന്ന് കണ്ടുപിടിക്കാൻ ആരോ കണ്ടുപിടിച്ച ആചാരമായിരിക്കണം.
"ആ, ഏട്ടാ.. ഇതാണ് അജയ് ശങ്കർ സർ"
ചെറുക്കൻ അയാളെ നോക്കി, ഓ മനസിലായി എന്ന ഭാവത്തിൽ ചിരിച്ചു. ചെറുതായൊന്നു തല കുലുക്കി.
"ചെറുക്കനോട് നമ്മളെ പറ്റി പറയുമോ?"
"എന്ത് പറയാൻ?"
"അല്ല, നിനക്ക് പഠിപ്പിച്ച ഒരു സാറിനോട് പ്രേമം ആയിരുന്നെന്ന്"
"അയ്യടാ.. പ്രേമം തോന്നിയ ഒരു പീസ്"
"ഓ പ്ലീസ്.. നീ ഇങ്ങനെ മതിൽ കെട്ടി ഇമോഷൻസിനെ അടച്ചു വെച്ചേക്കുന്നത്കൊണ്ട് സമ്മതിക്കുന്നില്ല എന്നേയുള്ളൂ.. എനിക്കറിയാത്തത് ഒന്നുമല്ലലോ!"
അവളൊരു കള്ളച്ചിരി ചിരിച്ചു. ചുവരിൽ വിള്ളലു വീഴുമ്പോൾ അതിനു മുകളിൽ പൂശുന്ന സിമന്റ് പോലെയായിരുന്നു ആ ചിരി എന്നയാൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ഒറ്റച്ചിരികൊണ്ട് അവൾ പുറത്തേക്കു വരുന്ന എല്ലാ വികാരങ്ങളെയും ഉള്ളിൽ അടക്കിക്കളയും.
അയാൾ വലതുകൈ മുകളിൽ കുടപോലെ പിടിച്ച്, ഷർട്ടിൻ്റെ പോക്കറ്റിലെ ഫോണിനെ ഇടംകൈകൊണ്ട് ഇറുക്കിപ്പിടിച്ച് പുറത്തേക്കിറങ്ങി. എന്നിട്ടും അയാൾ നനഞ്ഞു. മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോയിലേക്കോടിക്കയറി. ഓട്ടോ റെയിൽവേ സ്റ്റേഷനിലേക്ക് മുരണ്ടുകൊണ്ടു നീങ്ങി. പെട്ടെന്നു, മഴ നിന്നു. അയാളെ കളിയാക്കിച്ചിരിക്കുന്ന പോലെ വെയിൽ പരന്നു. അയാൾ ആകാശത്തേക്ക് നോക്കി കണ്ണുരുട്ടി. ഭയമഭിനയിച്ചു സുഹൃത്തുക്കൾ പിൻവലിയുന്നപോലെ സൂര്യൻ ഒരു മേഘത്തിനു പിന്നിൽ കയറി ഒളിച്ചു.
ഗ്ലാസ് മനാജ്റി എന്ന ടെന്നസി വില്യംസിന്റെ നാടകം പഠിപ്പിക്കുന്ന ദിവസമാണ് അവളോട് അയാൾ ആദ്യമായി സംസാരിക്കുന്നത്. വെറും പന്ത്രണ്ടു പേരുള്ള എം എ ക്ലാസ്സ്റൂം. ലോറയുടെ കഥാപാത്രം ആവാൻ അവൾ തയാറായി. ജിമ്മിന്റെ കഥാപാത്രം ആരും തിരഞ്ഞെടുക്കാതിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു, പുതിയ ക്ലാസിൽ പുതിയ കുട്ടികൾക്കിടയിൽ അല്പം പേരെടുക്കാനുള്ള അതിമോഹം. അതിനേറ്റവും നല്ല മാർഗം, അഭിനയം. എല്ലാവരും അവരവരുടെ ഇടങ്ങളിൽ ഇരുന്നു സംഭാഷണങ്ങൾ വായിച്ചു. അയാൾ മാത്രം അഭിനയിച്ചു. ലോറയുടെ സ്ഫടിക മൃഗശാലയിലെ യൂണികോണിനെപ്പോലെയാണ് അവളും എന്ന് ജിം അവളോട് പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാവുന്നതാണ് നിന്റെ ഭംഗി. അവർ നൃത്തം ചെയ്തപ്പോൾ അവളുടെ ഏറ്റവും പ്രിയപ്പെട്ട ശിൽപം തട്ടിവീണു. നീ അപകർഷതാബോധം ഉണ്ടാവേണ്ടവളല്ലയെന്നും ചുംബിക്കപ്പെടേണ്ടവളാണെന്നും ജിം ലോറയോട് പറഞ്ഞു. ഇതേ സമയത്ത് ഒരു കുസൃതിയെന്നോണം, അവളെ നോക്കാമെന്ന് അയാൾ ചിന്തിച്ചു. പുസ്തകത്തിൽ നിന്ന് അയാൾ കണ്ണുയർത്തി. പക്ഷെ ഇതേ കുസൃതി അവൾക്കും തോന്നിയിരിക്കണം. അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
പിന്നീട് അവളുടെ കണ്ണുകളിൽ നോക്കാൻ അയാൾക്ക് ബുദ്ധിമുട്ടായിത്തുടങ്ങി. മുൻവരിയിൽ ഇരിക്കുന്നവരെയെല്ലാം നോക്കി പഠിപ്പിക്കുമ്പോഴും, അവളുടെ നേർക്ക് തല തിരിയുമ്പോൾ അയാൾ കണ്ണുകൊണ്ട് ഒരു സർക്കസ് അഭ്യാസം നടത്തി വേറെ ദിശയിലേക്കു തിരിയും. അപാരമായ "ഐ-വഴക്കം" അയാൾക്കുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം, അവിടുത്തെ ഏതോ ചെറുക്കന്മാരോട് അവൾ തർക്കിക്കുന്നത് അയാൾ കണ്ടു. അവളുടെ ചെവിയിലെ കമ്മലിടാനുള്ള ദ്വാരങ്ങളുടെ എണ്ണത്തെപ്പറ്റിയെന്തോ പറഞ്ഞതിനാണ് തർക്കമുണ്ടായത്. വഴക്കുണ്ടാക്കിയ ചെറുക്കനെ അയാളറിയും. ഒന്നാംതരം തല്ലുകൊള്ളി. അയാൾക്കും കാരണമറിയാത്ത ഒരു ദേഷ്യം മുന്നേ തോന്നിയിരുന്ന ഒരുവൻ. അവൾ ശബ്ദമുയർത്തുന്നതിനു മുൻപ് ആ ചെറുക്കൻ പറഞ്ഞത് അയാൾ കേട്ടതാണ്. അതുകൊണ്ടാണ്, തർക്കം ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിലെത്തിയപ്പോൾ അയാൾ സാക്ഷി പറഞ്ഞതും, അവന് സസ്പെൻഷൻ കിട്ടിയതും. അന്നാണ് അവൾ അയാൾക്ക് ആദ്യത്തെ മെസ്സേജ് അയച്ചത്.
താങ്ക്സ്.
താങ്ക്സ് സർ എന്നായിരുന്നെങ്കിൽ ഒരുപക്ഷെ അയാൾ ജാടകൊണ്ട് ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞ് അവസാനിപ്പിച്ചേനെ.
"താങ്ക്സ് വേണ്ട, ചായ വാങ്ങിത്തന്നാൽ മതി."
അവൾ ഹോസ്റ്റലിൽ നിന്നിറങ്ങിവന്നു, അയാളുടെ വീടിന്റെ അടുത്താണ് ഹോസ്റ്റൽ. ചുറ്റുമുള്ള എല്ലാ ആൾക്കാരെയും അയാളറിയും. അയാളെയും. പോരാത്തതിന് ഹോസ്റ്റലിലെ പെൺകുട്ടികൾ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കുന്നവരാണെല്ലാം. എല്ലാമറിഞ്ഞിട്ടും, അവൾ വന്നു. അവർ കുറച്ചു ദൂരെ യാത്രചെയ്തുപോയി ചായ കുടിച്ചു. പരിചയമുള്ള ആരെയെങ്കിലും കാണുന്നുണ്ടോ എന്നയാൾ നോക്കികൊണ്ടേയിരുന്നു.
"ഞാനൊരു കാര്യം ചോദിക്കട്ടെ?"
അനുവാദം ചോദിക്കുന്നതുപോലെ താഴ്ന്ന പതിഞ്ഞ സ്വരത്തിലെ ചോദ്യമായിരുന്നില്ല അത്. ഒരു അധികാരസ്വരം അതിനുണ്ടായിരുന്നു. അയാൾക്കതിഷ്ടമായി.
അയാൾ ചായയിലേക്കു തന്നെനോക്കി "ചോദിക്കു" എന്ന് പറഞ്ഞു.
"എന്നോട് എന്തെങ്കിലും വിരോധമുണ്ടോ?" സങ്കടം പറച്ചിലല്ല, എന്റെ അവകാശമാണീ ചോദ്യം എന്ന ഭാവം. അയാളുടെ കഴുത്തിന് പിന്നിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു.
"ഇല്ല.. എന്തെ?"
"അല്ല, ക്ലാസ്സിൽ ബാക്കി എല്ലാവരെയും നോക്കും, എന്റെ നേരെ എത്തുമ്പോൾ ജമ്പ് ചെയ്ത് അപ്പുറം പോകും. അന്ന് ഞാനും സ്വാതിയും സ്റ്റാഫ് റൂമിൽ വന്നു സംശയം എന്തോ ചോദിച്ചപ്പോഴും, എന്നെ നോക്കാൻ വല്ലാതെ കഷ്ടപ്പെടുന്നപോലെ തോന്നി.." പറഞ്ഞതിലെല്ലാം വല്ലാത്ത മൂർച്ച. അന്ന് നോട്ടമായിരുന്നു തുളച്ചു കയറിയതെങ്കിൽ ഇന്ന് വാക്കുകളാണ്.
"ഇല്ല അങ്ങനെ ഒന്നുമില്ല. ഇനി ശ്രദ്ധിക്കാം.."
"ഉം... ശരി!" അയാളുടെ മുന്നിലൂടെ നടന്നു സിംഹാസനത്തിലേക്ക് കയറി തിരിഞ്ഞു നോക്കിയ ചക്രവർത്തിനിയുടെ ഭാവമായിരുന്നു അവൾക്ക്.
വീണ്ടും പല ദിവസങ്ങളിലും അവർ ചായകുടിക്കാൻ യാത്രചെയ്തു പോയി. ഒരു ദിവസം, ഒറ്റയ്ക്ക് വേറൊരാവിശ്യത്തിന് അവിടെയെത്തിയ അയാളോട്, ചായ കൊണ്ടു വരുന്ന സ്ത്രീ "കൂട്ടുകാരിയെവിടെ" എന്നുപോലും ചോദിക്കുകയുണ്ടായി. കൂട്ടുകാരിയല്ല സ്റ്റുഡന്റ് ആണ് എന്ന് തിരുത്താൻ അയാളുടെ മനസ്സ് വെമ്പി.
മാസങ്ങൾക്കു ശേഷം ചായ കുടിച്ചിട്ടു തിരിച്ചു വരുന്ന ദിവസം, എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നതിനിടെ ബൈക്കിനു പിന്നിലിരുന്ന് അവൾ അയാളുടെ തോളിൽ കടിച്ചു. അയാൾ ഞെട്ടിപ്പോയി. അവൾക്കും പെട്ടെന്നാണ് ബോധം വീണത്, "അയ്യോ സോറി.. ഞാൻ പെട്ടെന്ന്.. കംഫർട്ടബ്ൾ ആയ എല്ലാരേയും ഞാൻ... സ്വതിയോട് ചോദിച്ചു നോക്കിയാൽ അറിയാം..."
'ആ പോട്ടെ സാരമില്ല." അയാൾ പറഞ്ഞു. അയാൾക്കതിഷ്ടമായിരുന്നെങ്കിലും, പ്രകടിപ്പിക്കാൻ പാടില്ല. പക്ഷെ മുഖത്തെ ചിരി അവളെ ഹോസ്റ്റലിനു മുന്നിൽ ഇറക്കാൻ നേരവും മുഖത്തു നിന്ന് മാഞ്ഞിരുന്നില്ല.
പിന്നീടൊരിക്കൽ അയാളെക്കുറിച്ചു കഥകൾ പറയാൻ അവളും സ്വാതിയും ഉപയോഗിക്കുന്ന രഹസ്യപ്പേര് അയാൾ കണ്ടെത്തി. ഒരു ഇംഗ്ലീഷ് സീരിയലിലെ നായകന്റെ പേരായിരുന്നു അത്.
"നിന്റെ പ്രൊഫൈൽ പിക്ക് റേച്ചലിന്റെ പടം ആക്ക്. (റേച്ചൽ അതേ സീരിയലിലെ നായിക ആയിരുന്നു.)"
"അയ്യടാ.. അല്ലെങ്കിലേ സ്വാതിക്ക് സംശയമാണ്."
"എന്നാപ്പിന്നെ എന്നെ കടിച്ചകാര്യം എങ്ങാനും അറിഞ്ഞാലോ?"
"കുറെ നാളായി അതു പറഞ്ഞ് എന്നെ കളിയാക്കുന്നു"
"ചെയ്തിട്ടു തന്നല്ലേ?"
"ആഹാ, എന്നാലേ ആ കടി ഇയാൾക്ക് ഇഷ്ടമായെന്ന് എനിക്കുമറിയാം! ചുമ്മാ നമ്പരിടല്ലേ!"
അവൾ അയാളുടെ മനസ് വായിക്കുന്നു. അയാളുടെ പെർഫോമൻസിനും അപ്പുറം കാണുന്നു. പിന്നെപ്പിന്നെ ചായയോടൊപ്പം കടിയും സ്ഥിരമായി.
പിന്നീടൊരിക്കൽ ഒരു അസ്തമയം കാണാൻ ഒരു കുന്നുകയറിപ്പോയ ദിവസം, ആരുമില്ലാത്ത ഒരു ഇടവഴിയിൽ വച്ച് അവൾ അയാളെ ചുംബിച്ചു. അയാളുടെ കൈകൾ വിറച്ചിരുന്നുവെന്നു പറഞ്ഞ് അവൾ കളിയാക്കി. ലോകം മുഴുവൻ അടച്ചിട്ട മഹാമാരിയുടെ ഭാഗമായിട്ടാണ് അവൾ വീട്ടിലേക്കു പോയത്. ഒറ്റയ്ക്കൊരു മകളെ വളർത്തേണ്ടി വന്ന അമ്മയ്ക്ക്, എല്ലാ ദിവസവും മകളെ കണ്ടുകണ്ട് ആധി വളർന്നുകൊണ്ടേയിരുന്നു.
"ആലോചനകളൊക്കെ തുടങ്ങി കേട്ടോ.."
"ആഹാ.. കൊള്ളാലോ..."
"ഓരോരുത്തർ അവിടൊരു ചെക്കൻ ഇവിടൊരു ചെക്കൻ എന്നൊക്കെ അമ്മയോട് പറയുന്നുണ്ട്."
"വല്ലതും നടക്കുമോ?"
"ആവോ.."
എങ്ങനെയുള്ള ഒരുവനായിരിക്കും അവൾക്കു ചേരുക എന്നയാൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എങ്ങനെയൊക്കെയാലോചിച്ചാലും അയാളുടെ സ്വഭാവമായിരിക്കും അവൾക്ക് ചേരുന്ന ചെറുക്കന്. അവളൊരു പൂച്ചയായിരുന്നു. നാലുകാലിൽ മാത്രം വീഴുന്ന, സ്നേഹം കാണിക്കുമ്പോൾ പിശുക്കിയാലും അടുത്തു നിന്ന് മാറാത്ത, ആരും അറിയാതെ അന്നൊരു മുറിയിൽ തൻ്റെ കാതു കടിച്ചു മുറിച്ച കള്ളിപ്പൂച്ച.
"ഒരെണ്ണം ഏകദേശം ഉറച്ചിട്ടുണ്ട്. വിഘ്നേഷ് എന്നാണ് പേര്."
"എവിടെയുള്ളതാ?"
"കൊട്ടാരക്കര."
"കുലപുരുഷനായിരിക്കും."
"ആയിരിക്കണം.. എൻ്റെ ഫോട്ടോ ഒക്കെ കണ്ടിട്ട് ആദ്യം ചോദിച്ചത്, ഈ സ്കേർട് ഒക്കെ കല്യാണം കഴിഞ്ഞാലും ഇടുമോ എന്നാ..."
ഒരാഴ്ച മുൻപ് വരെ സ്വന്തം കോളേജിൽ പഠിപ്പിച്ച സാറിനോട് വീഡിയോ കോളിൽ സംസാരിക്കുമ്പോൾ ഷോർട്സും ടീ ഷർട്ടും മാത്രം ഇട്ടിരിക്കുന്ന കുട്ടിയോട് ഇങ്ങനെ ചോദിക്കുന്നവൻ, ഒരിക്കലും അവൾക്ക് ചേരുന്നവനല്ല.
"അയ്യേ!"
"ആ അങ്ങനെ തന്നെയാ എനിക്കും തോന്നിയത്. അമ്മ നമ്പർ ഒക്കെ കൊടുത്തിട്ടുണ്ട്. സംസാരിച്ചു നോക്കാം.."
"നീ സംസാരിച്ചാൽ, നിൻ്റെ തലയിലാവും. അറിയാല്ലോ.. നിന്നെ ഇഷ്ടവാതിരിക്കാൻ യാതൊരു സാധ്യതയുമില്ല."
"നോക്കട്ടെന്നേ."
"അവസാനം കതിർമണ്ഡപത്തിലിരിക്കും."
"അതിനിപ്പോ എന്താന്നെ? എന്തായാലും എന്നായാലും കെട്ടണം. പിന്നെ ഇവനായാലെന്താ?"
"ഒട്ടും ചേരാത്ത ഒരുത്തൻ ആണെങ്കിലോ? വെറും കലിപ്പൻ ആണെങ്കിലോ?"
"അങ്ങ് ഡിവോഴ്സ് ചെയ്യും."
"നീയിതെന്തോന്നാ ഈ പറയണേ?"
"ആ ചെലപ്പോ എനിക്ക് തോന്നും, ഞാൻ വെറും ഹോർണി ആയോണ്ടാ ഇങ്ങനെ ഒക്കെ ചിന്തിക്കണെ എന്ന്.."
"അതിനു വേറെ മാർഗങ്ങളില്ലേ? കല്യാണം ആണോ?"
"നോക്കാമെന്നേ..."
അധ്യാപകൻ്റെ ഉപദേശം വിലപ്പോയില്ല. അവളിന്നു വിഘ്നേഷിൻ്റെ ഭാര്യയാണ്. സാരിയുടുത്ത്, തല താഴ്ത്തി, നാണത്തോടെ അവൻ്റെയൊപ്പം അവൾ നടന്നു പോകുന്നത് കണ്ടാണ് അയാൾ അവിടെനിന്നിറങ്ങിയത്.
ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. അയാൾ കയ്യിലിരുന്ന സാപിയൻസ് എന്ന പുസ്തകം തുറന്നു.
"ചേട്ടാ ഒരു പേന വാങ്ങു"
ചെമ്പൻ മുടിയുള്ള ഒരു പെൺകുട്ടി. അയാൾ വേണ്ടായെന്നു പറഞ്ഞു. "പ്ലീസ് ചേട്ടാ.. ഓൺലൈൻ ക്ലാസിനു പഠിക്കാൻ ഫോൺ വാങ്ങണം.. സഹായിക്ക് ചേട്ടാ.."
"ഏത് ക്ളാസിലാ പഠിക്കണെ?"
"ആറിൽ"
"വായിക്കാനറിയാമോ?"
"ഉം.."
"ഇത് വായിക്കൂ.." അയാൾ അവൾക്കു കയ്യിലിരുന്ന പുസ്തകം കൊടുത്തു. അവൾ തപ്പിത്തടഞ്ഞു വായിക്കുന്നതിനിടെ അയാൾ സ്വന്തം ഫോണിലെ മെസ്സേജുകളും മറ്റും ഡിലീറ്റ് ചെയ്തു ശുദ്ധമാക്കുകയായിരുന്നു.
നന്നായിട്ടുണ്ട്... എവിടെയൊക്കെയോ ചിന്തകള് കുമിഞ്ഞു കൂടിയതായി ഒരു തോന്നല്..
മറുപടിഇല്ലാതാക്കൂ