ഒരുപക്ഷെ എഴുതിയ എഴുത്തുകളിൽ ഏറ്റവും തുറന്ന എഴുത്ത് ഇതാവുമോ എന്ന് മനസിലൊരു തോന്നലുണ്ട്. വാക്കുകളെ മുന്നേക്കൂട്ടി തയാറാക്കിയിട്ടല്ല എഴുതുന്നത്, ഫുട്ബോൾ പോലെയാണീ എഴുത്ത്, ഒരു പ്ലാനുണ്ട്.. പക്ഷെ പ്രവർത്തികൾ കാലിൽ പന്തുകിട്ടുന്ന ഇടത്തേയും സമയത്തെയും പോലിരിക്കും.
സിദ്ധാർത്ഥിനെക്കുറിച്ചെന്താണെഴുതുക? എല്ലാ സൗഹൃദ എഴുത്തുകളും പോലെ, ആദ്യം കണ്ട ദിവസം? മനസ്സിൽ ഏറ്റവും തറഞ്ഞ സംഭവം? അവനെന്തുകൊണ്ട് നല്ലൊരു സുഹൃത്താവുന്നു? അതിലെതിനാണ് ഏറ്റവും നീതി പുലർത്താനാവുക?
സ്കൂളിലെ 2 വർഷം പൂർത്തിയായപ്പോഴേ എനിക്കറിയാമായിരുന്നു, ഞാൻ ജീവിക്കുന്ന സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം അവനാണെന്ന്. കൗമാരത്തിൻ്റെ അവസാന കാലഘട്ടത്തിൽ, ലോകമൊരു സിനിമയാണെന്നും ഞാനതിലെ പ്രധാന കഥാപാത്രമാണെന്നും ഉറച്ചു വിശ്വസിച്ച കാലത്ത്, ഞാനെന്ന നായകന്റെ കൂട്ടുകാരൻ എന്നായിരുന്നു അവനെപ്പറ്റി മനസ് വിശ്വസിച്ചിരുന്നത്; എനിക്കു കിട്ടിയതിലും നല്ല കോളേജ് ജീവിതം അവനു കിട്ടി എന്ന തിരിച്ചറിവുണ്ടായ ഏതോ ദിവസം, വീടിനു താഴത്തെ പാലത്തിൽ ഇരുന്നു കഥകൾ പറഞ്ഞുകൊണ്ടിരുന്ന ഏതോ ദിവസം, ഞാൻ തിരിച്ചറിഞ്ഞു; ഞാൻ വിശ്വസിച്ചു വച്ചിരിക്കുന്നതിൽ പലതും അപൂർണമായ ചിന്തകൾ മാത്രമാണ്. അതുകൊണ്ടു തന്നെയാണ് പിന്നീടെപ്പോഴോ പൂർവ്വകാമുകി അവനെ ഉമ്മർ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ല എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും എനിക്കുണ്ടായത്. (100 Days Of Love റഫറൻസ്)
കൂട്ടുകാരന് വേണ്ടി കരഞ്ഞിട്ടുണ്ടോ നിങ്ങൾ? അവനു വേദനിക്കുമ്പോഴോ അസുഖമുണ്ടാവുമ്പോഴോ അല്ല.. അവനോട് താനൊരു മോശം സുഹൃത്തായിരുന്നോ എന്ന് ചിന്തിച്ച് പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്കൊരിക്കലും ആ അവസ്ഥയുണ്ടാവാതിരിക്കാകട്ടെ. ഇമ്പോസ്റ്റർ സിൻഡ്രോം ജോലിയെ സംബന്ധിച്ചോ കഴിവുകളെ സംബന്ധിച്ചോ വന്നിട്ടുണ്ടാവാം; സൗഹൃദത്തിലുണ്ടായിട്ടുണ്ടോ? ഉണ്ടാവാതിരിക്കട്ടെ. താനൊരു മോശം സുഹൃത്താണോ എന്ന ചോദ്യത്തോളം മനസിനെ കാർന്നു തിന്നുന്ന മറ്റൊരു ചിന്ത എനിക്കുണ്ടായിട്ടില്ല. അവനു സ്നേഹം തോന്നിയ പെൺകുട്ടിയുടെ മനസ് ഞാൻ കാരണം ഉടഞ്ഞപ്പോഴും, ജീവിതത്തിലെ ഏറ്റവും തകർന്ന നിമിഷങ്ങളിൽ അവൻ കൂടെയില്ല എന്ന ഭീതി പടർന്നപ്പോഴും, അരക്ഷിതത്വത്തിൻ്റെ നരകത്തീയിൽ നിൽകുമ്പോൾ അവൻ പറയുന്ന കളിവാക്കുകളുടെ ഉള്ളിൽ ആന്തരികാർത്ഥം തെരഞ്ഞു വീണ്ടും താഴേക്കു കൂപ്പുകുത്തുമ്പോഴുമെല്ലാം ഞാൻ കരഞ്ഞിട്ടുണ്ട്; ആ കണ്ണുനീരിൻ്റെ ആത്മാർഥതയെപ്പോലും ഞാൻ സംശയിച്ചിട്ടുണ്ട്; അത്രയ്ക്കും വിലമതിക്കാനാവാത്തതാണ് എനിക്കവൻ്റെ സൗഹൃദം. അവനും എനിക്കും ഇടയിൽ അറിഞ്ഞോ/അറിയാതെയോ ഒരു വിടവ് വരുത്താൻ കാരണമായോ എന്നത് മാത്രമാണ് എനിക്ക് പൂർവ്വ കാമുകിയോടുള്ള ദേഷ്യം; അവൻ തുടക്കമിടുന്ന പല കളിയാക്കലുകളും സ്വന്തമാക്കാൻ നോക്കുന്നതാണ് കൂട്ടത്തിലെ ചില ചെറുക്കന്മാരോടുണ്ടാവുന്ന ചവർപ്പ്. (എനിക്കും അവനും ഇടയിൽ ആയിരം കാര്യം കാണും. അതിൽ പങ്കുപറ്റാൻ നീയാരെടാ എന്ന ലൈൻ) എത്ര പേടിച്ചാലും എന്ത് അരക്ഷിതാവസ്ഥയിലൂടെ പോയാലും ഒരു വൈകുന്നേരം ആ മുറിയിലിരുന്ന് കഥ പറയുമ്പോൾ എല്ലാം ശരിയാക്കുന്ന എൻ്റെ കൂട്ടുകാരൻ. കലാകാരൻ. നിർവചനങ്ങൾ വായിക്കാതെ, പ്രവർത്തിയിൽ തുല്യത വരുത്തുന്ന, കാര്യങ്ങൾ യുക്തികൊണ്ട് മനസിലാക്കുന്ന underrated feminist ( അവനതറിയാമെന്ന് എനിക്ക് തോന്നുന്നില്ല.) എൻ്റെ തിന്മകളെല്ലാം അറിയുന്ന, മനുഷ്യനായ മനുഷ്യൻ. കൈകളിൽ കലയും ശബ്ദത്തിൽ സംഗീതവും, നാവിനു രുചിയുമുള്ള സിദ്ധാർത്ഥ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ