മെയ് മാസം പകലിനാണ് ദൈർഘ്യം കൂടുതൽ എന്നാണ് താൻ വിശ്വസിച്ചു വച്ചിരുന്നത്. ലോകം മുഴുവൻ അടച്ചിടുന്നതിനു മുൻപുള്ള കാലത്ത്, ഏപ്രിൽ മെയ് മാസങ്ങൾ സ്കൂളുകൾ അവധിയായതുകൊണ്ടും, പകലിനു നീളം കൂടുതൽ ആയതുകൊണ്ടും വൈകുന്നേരങ്ങളിലെ കളി കുറച്ചധികം നീളും. ഡിസംബർ മാസത്തിൽ നേരത്തെ നേരമിരുട്ടും, അതുകൊണ്ട് നേരത്തെ കളി തുടങ്ങണം. പക്ഷെ ആ കാലം ഒക്കെ പോയി. താനിന്നൊരു സ്കൂൾകുട്ടിയുമല്ല, കളിസ്ഥലങ്ങളിൽ ആർക്കും പ്രവേശനവുമില്ല. ഇപ്പോൾ പകലുകളുടെ നീളം അളക്കുന്നത് ലാപ്ടോപ്പിന് വലതുമൂലയിലെ സംഖ്യകളാണ്.ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ദിവസമാണ്. ദാഹിച്ചു മോഹിച്ചു കിട്ടിയ അവധിദിവസം തന്നെ വരാൻ തോന്നിയ ടൗട്ടെ ചുഴലിക്കാറ്റിനോട് വിവേകിന് വെറുപ്പ് തോന്നി. വിവേക് തിരിഞ്ഞു ക്ളോക്കിലേക്കു നോക്കി. തലേന്ന് വൈകുന്നേരം, കമ്പനി വെബ്സൈറ്റിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ പോയ കറണ്ട് ആണ്. ഇപ്പോൾ ഇരുപത്തിരണ്ടു മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഇനിയും വന്നിട്ടില്ല. പക്ഷെ പുറത്ത് ഇരുട്ട് മൂടിത്തുടങ്ങി. "മണി അഞ്ചര ആയിട്ടെയുള്ളോ?" എന്ന ചേട്ടത്തിയുടെ അമ്പരപ്പ് കേട്ടപ്പോളാണ് പകലിൻ്റെ ദൈർഖ്യത്തെക്കുറിച്ച് ചിന്തയുണ്ടായത്. വീടിനകം മുഴുവൻ ഇരുട്ടാണ്. പുറത്തേക്കുള്ള വാതിലിൻ്റെ ആകൃതിയിൽ പ്രകാശം മങ്ങി മങ്ങി കാത്തുനിൽപ്പുണ്ട്. പൂമുഖത്തെ ചെറിയ ഗേറ്റ് തുറന്നു കിടക്കുന്നു. വാതിലിനും ഗേറ്റിനുമിടയിലായി നിലത്ത് ഈച്ചകളുടെ ഒരു സമ്മേളനം നടക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു നടക്കുന്ന യോഗം. ചക്കയുടെയും മാങ്ങയുടെയും കാലം ഈച്ചകളുടെയും കാലമാണ്. ഉള്ളംകൈയിലൊരു തരിപ്പ്. രക്തയോട്ടം കുറഞ്ഞിട്ടാവണം; എത്ര നേരമായി വലതുകൈപ്പത്തിയിൽ തലവച്ച് വാതില്കലേക്കു നോക്കി ചലനമില്ലാതെ കിടക്കുന്നു. ഓർമ്മയില്ല. ഒരു മണിക്കൂർ? രണ്ടു മണിക്കൂർ? കിടക്കാൻ ഈ ദിവാൻകോട്ട് തിരഞ്ഞെടുത്തതിന് കാരണം തന്നെ ഈച്ചകളാണ്. ടീപ്പോയിൽ ചക്കി കൊണ്ടു വന്നു വച്ച മാങ്ങാകഷണത്തിലും, പൂമുഖത്തുമായി അവർ ഒതുങ്ങിക്കോളും. ദിവാൻകോട്ടിൽ കിടക്കുന്ന ജീവനുള്ള ജഢം അവർക്കു വേണ്ട. ഉച്ചയൂണ് കഴിഞ്ഞു വായിക്കാനെടുത്ത സാപിയൻസ് എന്ന പുസ്തകം മുന്നിൽ ടീപ്പോയിൽ ഇരിപ്പുണ്ട്. ചുരുണ്ട് തുടങ്ങിയ പേജുകൾ നിവർത്താനായി അതിൻ്റെ മുകളിൽ ടിവി റിമോട്ട് എടുത്തു വച്ചിരിക്കുന്നു. ചിന്താഗതികളെ മുഴുവനായി മാറ്റിമറിക്കുന്ന പുസ്തകം. പേരിനു നെറ്റിപ്പട്ടം പോലെ കരുതിയിരുന്ന ജാതിവാല്, പേരിൻ്റെ ആസനത്തിൽ മുളച്ച ആലാണ് എന്ന് തിരിച്ചറിഞ്ഞത്, ഈ പുസ്തകം കാരണമാണെന്ന് പറയാം. പണ്ടൊരിക്കൽ, ജാതിവാല് കൊണ്ടുനടക്കുന്നതൊരു നാണക്കേടാണ് എന്ന് പറഞ്ഞ ഇൻസ്റ്റാഗ്രാമിലെ ഒരു സുഹൃത്തിനെ "ഇതെന്താ ജാതിഅധിക്ഷേപമല്ലേ" എന്ന് ചോദിച്ചു ബ്ലോക്ക് ചെയ്തത് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നുണ്ട്. ഈച്ചകളുടെ സമ്മേളനത്തിനു അനക്കമുണ്ടാവുന്നു. ചിതറിയോടുന്ന പോലെ. പോലീസ്? അല്ല അമ്മയാണ്; വാതിൽക്കലെ നിഴലിലേക്കു നടന്നു വരുന്ന കാലുകളാണ് ആദ്യം കാണുക, പുറത്തേക്കു നടക്കുമ്പോഴേക്ക് പൂർണ രൂപം കാണാം.
"അപ്പർത്തും ഇപ്പർത്തും എല്ലാം കറണ്ടൊണ്ട്. ഇവിട മാത്രമേ ഒള്ള് ഇല്ലാത്തത്"
അമ്മയ്ക്ക് ഇന്ന് പരാതിപ്പെടാൻ കിട്ടിയ വിഷയം ഇതാണ്. ഇരുപത്തിയേഴ് വയസായിട്ടും കല്യാണത്തെക്കുറിച്ചു കാര്യമായി ചിന്തിക്കാത്ത ഇളയമകനാണ് സാധാരണ ഗതിയിൽ ചിന്താവിഷയം. പക്ഷെ ഇപ്പോഴത്തെ പ്രശ്നങ്ങൾ അല്പം കൂടി മുൻഗണന കൊടുക്കേണ്ടതാണ്. വീട്ടിലെ ഇലക്ട്രിക്ക് സാധനങ്ങൾ ഒന്നും പ്രവർത്തിപ്പിക്കാൻ പറ്റുന്നില്ല. അതുകൊണ്ടു തന്നെ കാര്യങ്ങളെല്ലാം പകുതിവഴിയിലാണ്. "അമ്മയ്ക്ക് കൂട്ടിനൊരു മരുമകൾ" എന്ന പഴയ പാട്രിയാർക്കൽ നോഷനിൽ വിവേകിന് വിശ്വാസമില്ല. അമ്മയാണെങ്കിൽ ആൺമക്കളെക്കൊണ്ട് ജോലിയെടുപ്പിക്കുകയുമില്ല. ബുദ്ധിമുട്ട് മനസിലാവുമല്ലോ. പടിക്കടുത്ത് ചലനങ്ങൾ ഇല്ലാതായപ്പോൾ ഈച്ചകൾ സമ്മേളനവേദിയിലേക്കു തിരിച്ചു വന്നു. ഉച്ചയ്ക്ക് അമ്മ ചൂലുകൊണ്ടടിച്ചുകൊന്ന ചില സഹപ്രവർത്തകർ/സുഹൃത്തുക്കളുടെ ചരമയോഗമോ പൊതുദർശനമോ ആണ് നടക്കുന്നത്. മുന്നിലിരിക്കുന്ന പുസ്തകം പറഞ്ഞതു വച്ചാണെങ്കിൽ ഈ ഭാവനകളെല്ലാം ഉപേക്ഷിക്കേണ്ടി വരും. കാരണം, യോഗങ്ങൾ, സൗഹൃദം, സഹപ്രവർത്തനം എന്നിവയൊക്കെ മനുഷ്യൻ്റെ ഭാവനാസൃഷ്ടികളാണ്. മറ്റൊരു ജീവിക്കും അതില്ല. ഈച്ചകൾക്ക് ഒരിക്കലുമില്ല. അപ്പോൾ പിന്നെ, ഇന്ന് രാവിലെ ചക്കി ചോദിച്ച, "ഈച്ചേടെ അമ്മയെവിടെ?" എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഈച്ചയ്ക്ക് അമ്മ അച്ഛൻ നഷ്ടബോധം തുടങ്ങിയ സങ്കല്പങ്ങളില്ല.
പ്രളയം കാരണം കേരളം മുഴുവൻ മുങ്ങിയപ്പോഴും aഅത്രയ്ക്ക് ബാധിക്കാത്ത ഒരു പ്രദേശം ആണ് താമരഭാഗം. മൂന്നുവർഷം മുൻപ്, ഒരുമിച്ചു ഫയർ ഫോഴ്സിൽ ജോലിക്കു കയറിയ ഈ നാട്ടിലെ ചില ചെറുപ്പക്കാരൊഴികെ ആരും പ്രളയത്തിൻെറ യഥാർത്ഥ അവസ്ഥ മനസിലാക്കിയില്ല. "ഇത് അച്ഛൻ രാവിലെ എഎക്സ്ഈയെ വിളിച്ചതു തന്നെ പ്രശ്നം ആയത്. ആ കലിപ്പിൽ ഇവിടെ മാത്രം കറന്റ് താരാത്തെ ആണ്." വായിലൊരു പന്തുമായി വാതിലിൻ്റെ വെട്ടം മുറിച്ചു കടന്നു പോയ നായയുടെ പുറകെ ഒരു തോർത്തുടുത്തു നടന്ന അണ്ണൻ പ്രഖ്യാപിച്ചു. തലേന്നു രാത്രി മുഴുവൻ കറൻ്റില്ലാതിരുന്ന സാഹചര്യത്തിൽ, രാവിലെ പഴയ സഹപ്രവർത്തകയായിരുന്ന എഎക്സ്ഈയെ അച്ഛൻ വിളിച്ചു, ഈ ലൈനിൽ മാത്രം കറണ്ടില്ല എന്ന് പറയുകയുണ്ടായി. ഇലവൻ കെവി ലൈനിലെ പ്രശ്നം ആയിരുന്നു തലേന്ന് രാത്രി. അതാണ് പ്രദേശത്തൊരു വീട്ടിലും കറൻ്റില്ലാത്തത്. ഇപ്പോൾ, അമ്മ വന്നു പറഞ്ഞതു വച്ച്, അയല്പക്കത്തെ വീടുകളിലെല്ലാം കറന്റ് വന്നു കഴിഞ്ഞു. ഈ ലൈനിൽ മാത്രം ഇല്ല. അതായത്, മാണിക്കൽ ട്രാൻസ്ഫോമറിൽ ഒരു ഫ്യൂസ് കെട്ടിയാൽ ഇവിടെ കറണ്ട് വരും. ഏതൊരു ലൈൻ മാനും ചെയ്യാവുന്ന ചെറിയകാര്യം.
"വാ അച്ഛാ നമ്മക്ക് പോയി അതങ്ങു കെട്ടിയിട്ട് വരാം."
ജിമ്മി പന്തു കൊണ്ട് അണ്ണൻ്റെ കാൽക്കൽ വച്ചു. അവൻ കുതിച്ചു ചാടി വരുന്നത് എങ്ങനെയോ അറിഞ്ഞ ഒന്നു രണ്ട് ഈച്ചകൾ പറന്നു പൊങ്ങി; അപകടമില്ല എന്നുറപ്പിച്ചിട്ട് തിരിച്ചിരുന്നു.
"എനിക്ക് വയ്യെടാ. ഒന്നാമത് കണ്ണ് കാണാൻ വയ്യ. ഇനി അതിലെങ്ങാനും വലിഞ്ഞു കേറി കറണ്ടടിച്ചാ ചാവാൻ കേറിയെന്ന് പറഞ്ഞ് കേസാവും"
"ആ എഎക്സിയെ വിളിച്ചില്ലേർന്നെങ്കി ഇപ്പൊ വന്നേനെ" "ആയിരിക്കുമെടാ. ഇനിയിപ്പ രാത്രി വീണ്ടും മഴ പെയ്യുമ്പ മൊത്തം പോവും. പിന്ന വരൂല. രണ്ടു ദിവസം കറണ്ടില്ല."
"കൂട്ടിപ്പോടാ" അണ്ണൻ കാലു നക്കിയ ജിമ്മിയോട് ഉത്തരവിട്ടു. ജിമ്മി ഓടിപ്പോയി. അണ്ണൻ കുളിക്കാനും പോയി. മഴ വീണ്ടും വരുന്നു. ആകാശത്ത് ഇന്നലെ മുതൽ കാർമേഘങ്ങൾ ഒഴിഞ്ഞിട്ടില്ല. ആകാശത്തു നിന്ന് വെള്ളം പൊഴിഞ്ഞില്ലെങ്കിലും മഴ പെയ്യുന്നതായിത്തന്നെ തോന്നും. ഇത്രയും നേരം വീട്ടിൽ കറണ്ട് ഇല്ലാത്തത് ചെറിയ ഒരത്ഭുതമാണ്. അച്ഛൻ ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്തിരുന്ന കാലത്ത്, കറണ്ട് പോയാലുടനെ അച്ഛനെ വിളിച്ചിരുന്നത് അവനാണ്. അവരുടെ വീട്ടിലെ ലൈൻ അടുത്തെങ്ങും ശ രിയാക്കാൻ പറ്റാത്ത തകരാറിലാണെങ്കിൽ, അമ്മൂമ്മ ഒറ്റയ്ക്ക് താമസിക്കുന്ന കുടുംബവീട്ടിലെ മീറ്ററിൽ നിന്ന് കറൻ്റെടുത്ത് അത്യാവശ്യകാര്യങ്ങൾ ചെയ്തിരുന്നു. അച്ഛൻ റിട്ടയർ ചെയ്തിട്ട് അഞ്ചാറ് വർഷം കഴിഞ്ഞിരിക്കുന്നു.
"എടേ രാജു ആരെങ്കിലും പോയി ഇത്തിരി ആ ഫീസ് ഒന്ന് കേട്ടെടെയ്. ഫ്രിഡ്ജില് ഇൻസുലിൻ്റെ മരുന്നൊക്കെ ഒണ്ട്. അതൊക്കെ കേടായിപ്പോവും."
അച്ഛൻ വീണ്ടും ആരെയോ വിളിച്ചിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അതിപ്രസരം കാരണം കാഴ്ച കുറയുന്നുണ്ട്. കണ്ണിനു മുന്നിൽ ചേർത്ത് പിടിച്ചാണ് പഴയ കീപാഡ് ഫോണിലെ പേരുകൾ വായിക്കുന്നത്. വിവേക് അടുത്തുണ്ടെങ്കിൽ അവനോട്, "ഡെയി ഇത് സജി എന്ന് തന്നെ" എന്ന് ചോദിക്കും. വിവേക് അതെയെന്നോ അല്ലായെന്നോ തലകുലുക്കും.ഇടയ്ക്കു പറയും, "ഞാൻ എല്ലാം നിർത്തി കൊച്ചുമോളേം കളിപ്പിച്ച് മുറിയിലിരിക്കാൻ പോണ്." വീണ്ടും, ആടുകരയുമ്പോൾ, പുരയിടത്തിലെ വാഴ ചായ്ഞ്ഞെന്നു കേൾക്കുമ്പോൾ, പുറത്തിറങ്ങും. ഇപ്പോൾ പഴയതുപോലെ പുരയിടം കിളയ്ക്കാൻ പോകാറില്ല. ആടിന് കൊഴ വെട്ടുന്നതും, പയറിനു പന്തൽ കെട്ടുന്നതും അണ്ണനാണ്. പുതിയ കിരീടാവകാശി. വീട് നടത്തേണ്ടതിൻ്റെ ഉത്തരവാദിത്തം എന്ന മുൾക്കിരീടം, ആദ്യം ജനിച്ചതിൻ്റെ പേരിൽ അണ്ണൻ്റെ തലയിൽ വയ്ക്കപ്പെടുന്നു.
ഈച്ചകളൊരു ശല്യമാണ് എന്ന് വിവേക് വ്യക്തമായി തിരിച്ചറിഞ്ഞത് തലേന്ന് രാത്രിയിലാണ്. എന്നും ഉറങ്ങുന്ന സമയമായിരുന്നില്ല; പിറ്റേന്നു വീണ്ടും ജോലിക്കു കേറേണ്ടതിനാൽ, നാളെയെന്നൊന്നിനെ പരമാവധി വൈകിപ്പിക്കാൻ ഉറക്കമൊഴിഞ്ഞു ശീലിച്ചു പോയി. ഒരു രണ്ടുമണി എങ്കിലുമാവാതെ ഉറക്കം അടുത്തുപോലും വരാറില്ല. പക്ഷെ ഇന്നലെ രാത്രി ലാപ്ടോപ്പും ഫോണും ഒക്കെ ചാർജ് തീർന്നതിനാൽ ഉണർന്നിരിക്കാൻ കാരണമില്ലാതെ പോയി. എബ്രഹാം ലിങ്കൺൻ്റെ പാത പിന്തുടരാമെന്നു വച്ചാൽ, പൊതുവിളക്കുകളും ഇപ്പോൾ വൈദ്യുതിയിലാണ്. പോരാത്തതിനു മഴയും. എത്ര മഴ പെയ്താലും മുറിക്കുള്ളിൽ ചൂടാണ്. അല്ലെങ്കിൽ ജനൽ തുറന്നിടണം, എന്നാലോ? ജനാലവഴി മഴ കൈനീട്ടും. പുതപ്പും കട്ടിലും മേശപ്പുറവുമൊക്കെ നനയും. ഉണർന്നു കിടന്ന- കിടക്കേണ്ടി വന്ന- വിവേകിൻ്റെ മുറിയിലൊരു ഈച്ച പാറിവന്നു. കണ്ണടയ്ക്കുമ്പോൾ ചെവിക്കടുത്തു വന്ന് "ഉറങ്യോം.....മ്" എന്ന് ചോദിക്കും. കണ്ണ് തുറക്കുമ്പോഴേക്ക്, തണുത്ത ഇരുളിലെവിടെയോ മറഞ്ഞു കഴിയും. പിന്നെ സാന്നിധ്യമറിയുന്നത് ത്വക്കിലാണ്. ചൂടറിയാതിരിക്കാൻ ഒരു നിക്കർ മാത്രമിട്ടു കിടക്കുന്ന വിവേകിൻ്റെ കാൽമുട്ടിനിടയിലും കൈമുട്ടിനും തോളിനും ഇടയിലും അരിച്ചരിച്ചു നടക്കും. ഉറക്കം കെടുത്തുന്ന ഈച്ചകൾ.
"ശങ്കരാ നിനക്ക് ചായ വേണോ?' ചേട്ടത്തി വിളിച്ചു ചോദിക്കുന്നു.
"വേണോന്നില്ല" ചായ ഇഷ്ടമല്ലാഞ്ഞിട്ടല്ല, കുടിക്കാനായി എഴുന്നേറ്റിരിക്കാൻ വയ്യാത്തതു കൊണ്ട് വിവേക് പറഞ്ഞു.
"മാഷിനാ?"
കുളി കഴിഞ്ഞ് കയ്യിൽ ഫോണുമായി സോഫയിൽ വന്നു കിടന്ന അണ്ണൻ ഉറക്കെ ഒന്ന് മൂളി. ഒന്നാലോചിച്ചിട്ട് തലയുയർത്തി.
"അല്ലെങ്കി ചായ വേണ്ട. ബൂസ്റ്റ് ഇട്ട് എടുക്ക്"
"പാല് ബാക്കി വെക്കണ്ട പ്രിയേ, എന്തായാലും ഫ്രിഡ്ജിൽ വെക്കാൻ പറ്റൂല" അമ്മ പുറത്തെവിടെയോ നിന്ന് വിളിച്ച് പറഞ്ഞു.
"ശങ്കരന് ബൂസ്റ്റ് വേണോ?" ചേട്ടത്തി വീണ്ടും ചോദിക്കുന്നു.
വേണമെന്നുണ്ട്. കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ വയ്യ.
"എടുത്തോ" അണ്ണൻ മനസു വായിച്ച പോലെ മറുപടി കൊടുത്തു.
"വേണോടാ?" ചേട്ടത്തിക്ക് വ്യക്തിപരമായ തീരുമാനങ്ങളിലാണ് വിശ്വാസം.
"എടുത്തോ!" അണ്ണൻ ഒന്നുകൂടി ഉറപ്പിച്ചു. രണ്ടു മഗ്ഗുകൾ ടീപ്പോയിലെത്തി. ബൂസ്റ്റിട്ട പാലിൻ്റെ ആത്മാവ് അതിൽ നിന്ന് പുറത്തേക്കു പോകുന്നത്, ടിവിയുടെ നിഴലിനു മുന്നിലായികാണാം. വിവേക് എഴുന്നേറ്റിരുന്നു; പാലിന് കുടിക്കാനാവാത്ത ചൂടില്ല. കപ്പിന് അടിയിൽ കുറച്ച് ബൂസ്റ്റ് കുഴഞ്ഞു കിടന്നത് വിരൽ കൊണ്ട് തോണ്ടിയെടുക്കാൻ ഒരു ശ്രമം നടത്തി. പെട്ടെന്ന് കുടിച്ചു തീർത്ത് വീണ്ടും കിടന്നു. ദേവു എടുത്തുകൊണ്ടു പോയ ചക്കിയെ അമ്മ തിരിച്ചു കൊണ്ടു വന്നു. ഉപ്പൂറ്റി നിലത്തു കുത്താതെ കുണുങ്ങി കുണുങ്ങിയാണ് അവൾ ഓടുക. "അമ്മാ വാവാവു" എന്ന് വിളിച്ചുകൊണ്ട് അവൾ ഓടി അകത്തേക്കു വന്നു. ഈച്ചകൾ പേടിച്ചില്ല. ഒന്നനങ്ങിയിരുന്നു. ചക്കി ഓടിവരുന്നതിനനുസരിച്ച് വിവേകിൻ്റെ തല തിരിഞ്ഞു. അവൾ അവളുടെ അമ്മയുടെയും അച്ഛൻ്റെയും മുറിയിലേക്കോടിപ്പോയി. വിവേകിൻ്റെ തലയ്ക്കു നേരെ മുകളിലായി ചക്കിയുടെ തൊട്ടിൽ കാണാം. മൂന്നുവയസാവുന്നെങ്കിലും, ചക്കിയുടെ പകലുറക്കം പലപ്പോഴും ഈ തൊട്ടിലിലാണ്. അവൾക്ക് കിടക്കാൻ തോന്നുമ്പോൾ ദിവാൻകോട്ട് നീങ്ങി മാറും. അവൾക്ക് ചുചു ടീവി കാണാൻ തോന്നുമ്പോൾ ചാനൽ മാറും. അവൾക്ക് അപ്പോം പാലും വേണമെങ്കിൽ, ഏതു രാത്രിയും അടുക്കളവാതിൽ തുറക്കപ്പെടും. ആ അവളുടെ തൊട്ടിലിൻ്റെ ഉയർത്തി ചുരുട്ടി വച്ചിരിക്കുന്ന കയറിലും ഈച്ചകൾ. ഈച്ചകൾക്കിരിക്കാൻ പുതിയൊരിടം; എല്ലാത്തിനേം കൊല്ലണം. കൊതുകുകളെ കൊല്ലാനെളുപ്പമാണ്, അവ നേരെ മുകളിലേക്കേ പറക്കൂ. നേരെ മുകളിൽ നിന്ന് അടിച്ചാൽ ചത്തുപോകും. ഈച്ചകൾ ഏതു ദിശയിലേക്കു വേണമെങ്കിലും പറന്നു പോകാം. അടിച്ചു കൊല്ലാൻ ബുദ്ധിമുട്ടാണ്. എന്തെങ്കിലും മരുന്നടിച്ചാലോ? അതു തന്നെ ഈ വീട്ടിലുള്ളവരും ശ്വസിക്കേണ്ടി വരും. ചൂലാണ് ഏറ്റവും നല്ല മാർഗം. പക്ഷെ മരിക്കുന്തോറും അവയുടെ എണ്ണം കൂടിക്കൂടി വരും. അണ്ണൻ സോഫയിൽ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി. ചേട്ടത്തിയും കൂടെ പോയി. വാതിൽ തുറന്നു തന്നെ കിടന്നു. വിവേകിന് അവരുടെ നിഴൽ രൂപങ്ങളെ കാണാം. ചക്കിയുടെ കുട്ടിസ്വരം കേൾക്കാം. അവൾ എല്ലാ വാക്കുകളും നന്നായി ഉച്ഛരിക്കും. എങ്കിലും ശബ്ദം കുട്ടിത്തം നിറഞ്ഞത് തന്നെ. അവൾ അണ്ണനുമായി ഗുസ്തിപിടിക്കുകയാണ്. ചേട്ടത്തി മെഴുകുതിരി വെളിച്ചത്തിൽ എന്തെങ്കിലും വായിക്കുകയാവാം. അച്ഛൻ പൂമുഖത്തെ ചാരുകസേരയിലിരുന്ന് സ്വന്തം ദേഹത്ത് അടിക്കുന്ന ശബ്ദം കേൾക്കാം. പുറത്തേക്കു ചെന്നിരുന്നാൽ സാപിയൻസ് ബാക്കി വായിക്കാം. പക്ഷെ, ഈച്ചകൾ, ശല്യം ചെയ്യും.അവ ദേഹത്തിലൂടെ അരിച്ചരിച്ചു നടക്കും. കാണാൻ പറ്റാത്ത ഇടങ്ങളിലാവാം വന്നിരിക്കുക. കയ്യെത്തി അടിക്കാൻ പറ്റാത്ത ഇടങ്ങളിൽ. തൊലിക്കിടയിലൂടെ ഇഴയുകയാണെന്നു തോന്നും പറ്റിപ്പറ്റി നടക്കുമ്പോൾ. സ്വന്തം ദേഹത്തോട് ഒരു വെറുപ്പുണ്ടാവും. ദേഹത്തിൻ്റെ മുഴുവൻ സ്പർശനശേഷിയെ തന്നെ വെറുത്തു പോകും. വിവേക് പുരാതന മനുഷ്യരെപ്പറ്റി ഓർത്തു. താമസം, തുറസ്സായ ഇടങ്ങളിലായിരുന്നല്ലോ. ഒരുപക്ഷെ ഈച്ചകൾ എണ്ണത്തിൽ കൂടുതലായിരുന്നെങ്കിലും അവർക്ക് ഇത്രയും ശല്യമുണ്ടാക്കിയിരുന്നിട്ടുണ്ടാവില്ല. അവർക്കു പക്ഷെ, കറണ്ടില്ലാത്തതു കൊണ്ട്, കേടാവാനിടയുള്ള പാലിനെക്കുറിച്ച് ഭയമുണ്ടാവുമായിരുന്നില്ല. അവർക്കു സ്നേഹിക്കാനറിയുമായിരുന്നോ? അച്ഛൻ്റെയും അണ്ണൻ്റെയും കഷ്ടപ്പാടുകൾ ഓർത്ത് മനസ് അലയുമായിരുന്നോ? നെഞ്ചിൻ്റെ മുകളിലേതോ ഈച്ച അരിച്ചരിച്ചു നടക്കുന്നു. കൊന്നുകളയണം എല്ലാത്തിനെയും.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ