"കൊച്ചച്ചാ പാത്തൂന് പട്ടം വാങ്ങിച്ചാ?"
"പാത്തൂന്റെ പട്ടം എവിടെപ്പോയി?"
"അത് കയറു പൊട്ടിച്ച് പറന്നു പോയി"
"ഇന്നിപ്പോ ഇല്ല മക്കളെ.. പോയിട്ട് വാങ്ങിച്ച് അയച്ചു തരാമേ"
പാത്തുവും അച്ഛനും അമ്മയും കൂടി പാറമുകളിൽ പട്ടം പറത്താൻ പോയിരുന്നു. നല്ല തെളിഞ്ഞ ആകാശത്തേക്ക് അച്ഛൻ അയച്ചയച്ചു കൊടുത്ത പട്ടം ഉയർന്നുയർന്നു പോയി. അച്ചൻ്റെ കയ്യിൽ നിന്ന് താഴേക്ക് ഞാന്നു കിടന്ന നൂലിനറ്റത്തു പിടിച്ചുകൊണ്ട് മേലേക്ക് നോക്കി നിൽക്കുകയായിരുന്നു പാത്തു. കാറ്റ് നൂലിനെ മേലോട്ട് വലിക്കുന്നത് അവളുടെ കുഞ്ഞു വിരലുകളിൽ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറ്റിന്റെ ബലം പോയതുപോലെ.. അച്ഛൻ താഴോട്ടും കാറ്റു മേലോട്ടും വലിച്ചുകൊണ്ട് ഒരിടത്തു തങ്ങി നിന്ന പട്ടം കുന്നിന്മുകളിൽ നിന്ന് ദൂരെ താഴെ പച്ചപരത്തിനിൽക്കുന്ന മരങ്ങളുടെ നേർക്ക് പറക്കാൻ തുടങ്ങി.
"അയ്യോ അച്ഛാ പട്ടം പോയി.."
"അതുപോട്ടെ മക്കളെ.. നമുക്ക് കൊച്ചച്ചൻ ബാംഗ്ലൂർ നിന്ന് വരുമ്പോ വേറെ വാങ്ങിച്ചോണ്ട് വരാൻ പറയാം" "
"പട്ടം എവിടെപ്പോണ് അമ്മാ?"
"അതിങ്ങനെ പറന്ന് പറന്ന് പോയി കാടും നാടും കടലും ഒക്കെ കണ്ടിട്ട്, കൊറേ കഥയൊക്കെ കേട്ട്.. ഇങ്ങനെ പറന്നു നടക്കും"
"ചെലപ്പോ താഴെ വീണു കീറിപ്പോവും മക്കളെ"
പാത്തുവിൻ്റെ മുഖം വാടി.
"എന്തോന്ന് മാഷെ?" അല്പം കാല്പനികത മോൾക്ക് പകർന്നു കൊടുക്കാനുള്ള ആഗ്രഹം ഭർത്താവ് കാറ്റിൽ പറത്തിയതിൽ പ്രിയയ്ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു.
കഥ കേട്ടിട്ട് അശോകിന് അത്ഭുതം ഒന്നും തോന്നിയില്ല. വീട്ടിലെ ആടിനെ വിൽക്കാൻ നേരം "ആട്ടുട്ടി എവിടെ പോണച്ഛാ" എന്ന് ചോദിച്ച രണ്ടര വയസുകാരിയോട് "അതിനെ കടേൽ കൊണ്ട് പോയി മട്ടൻ ആക്കും മക്കളെ" എന്ന് പറഞ്ഞിട്ട് നാക്ക് പുറത്തേക്കു നീട്ടി തല ചരിച്ച് ചത്ത ആടിനെ അനുകരിച്ച റിയലിസ്റ്റ് ആണ് ചേട്ടൻ വിഷ്ണു.
വീട്ടിൽ വന്നിട്ട് ആദ്യം ശ്രദ്ധിച്ചത് അച്ഛന് പ്രായമായതായിരുന്നു. ഫെബ്രുവരിയിൽ ഒരു പകൽ റെഗുലർ ചെക്കപ്പിന് ചെന്ന ദിവസം സമദ് ഡോക്ടർ പറഞ്ഞു, "ഒരു കാര്യം ചെയ്യീൻ പിള്ളേ, നിങ്ങൾ ഇതൊന്നു മെഡിക്കൽ കോളേജിൽ കാണിക്കീ.. ചെലപ്പോ നമ്മടെ കയ്യിൽ നിന്നില്ലെങ്കിലാ?" സി എൽ എൽ എന്ന് കേട്ടപ്പോൾ ഉണ്ടായ പേടി ചില്ലറയല്ല. അശോകിനെക്കാൾ വിഷ്ണുവിനായിരുന്നു പേടി. കാൻസർ എന്ന വാക്കിനെ ആൾക്കാർക്ക് മരണത്തേക്കാൾ പേടിയാണ്. അതുകൊണ്ടാണ് കേട്ടപാടെ വിഷ്ണു അശോകിനെ വിളിച്ചതും.
"നീയേ, നിൻ്റെ കൂട്ടുകാരി ആര്യയെ ഒന്ന് വിളിക്ക്.."
ആര്യ ഡോക്ടറാണ്.അച്ഛനെ ചികിൽസിച്ച ഡോക്ടർമാർക്കറിയാത്ത ഒന്നും അവൾക്കും അറിയാൻ സാധ്യത ഇല്ല. പക്ഷെ അവൾ പറയുന്നതിനെ അശോക് വിശ്വസിക്കും, അവന് മാത്രമേ വിഷ്ണുവിനെ തണുപ്പിക്കാൻ കഴിയൂ.
അച്ഛന് കാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞെന്ന് വിഷ്ണു പറഞ്ഞു കേട്ട നിമിഷം കൂട്ടുകാരി മരിയ അവനു നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തു കൊടുത്തിരുന്നു. പ്രോഡക്റ്റ് ലോഞ്ച് കഴിയാതെ ആരും നാട്ടിൽ പോകേണ്ട എന്ന മുന്നേ പറഞ്ഞിരുന്ന ബോസിനോട് ചോദിക്കേണ്ടതില്ല എന്നും മനസ് ഉറപ്പിച്ചിരുന്നു. ജോലി പോയാലും വല്യ നഷ്ടം ഒന്നും വരാനില്ല; ആശിച്ചു മോഹിച്ചു കിട്ടിയ ജോലിയൊന്നും അല്ലല്ലോ, നാട്ടിൽ നിന്നൊന്നു മാറി നിൽക്കണം, അത്യാവശ്യം വഴിച്ചെലവിനു ചില്ലറ കിട്ടണം. സി എൽ എൽ സാധാരണ കാൻസറുകളെപ്പോലെ അപകടകാരിയല്ലെന്നും മരുന്ന് കഴിച്ചുകൊണ്ടിരിക്കേണ്ടതേയുള്ളൂ എന്നും ആര്യ പറഞ്ഞു. വിഷ്ണുവിനെ പറഞ്ഞ് ആശ്വസിപ്പിക്കാനും ബുദ്ധിമുട്ടുണ്ടായില്ല. “എന്നാൽപ്പിന്നെ നീ തിരക്ക് പിടിച്ചു വരണ്ട” എന്ന് വിഷ്ണു പറഞ്ഞു, അപ്പോൾത്തന്നെ മരിയ ടിക്കറ്റും ക്യാൻസൽ ചെയ്തു. അതെല്ലാം കഴിഞ്ഞു രണ്ടുമാസം ആയിരിക്കുന്നു.
അച്ഛന്റെ താടി മുന്നത്തെതിലും അധികം നരച്ചിട്ടില്ല, പക്ഷെ ഒറ്റ നോട്ടത്തിലറിയാം വയസായെന്ന്. പഴയ പ്രസരിപ്പ് അപ്രത്യക്ഷമായിരിക്കുന്നു; ടിവിക്ക് മുന്നിലാണ് ഭൂരിഭാഗം സമയവും. പാത്തു ‘മാഷാ ആൻഡ് ദി ബെയർ’ കാണാത്ത സമയം മുഴുവൻ, യേശുദാസ് പാടിയ ഏതെങ്കിലും ഭക്തിഗാനം യൂട്യൂബ് വഴി കേട്ടുകൊണ്ടിരിക്കും, ഇടയ്ക്കിടയ്ക്ക് അമ്മയെ വിളിക്കും. കേൾവിയും കുറയുന്നുണ്ടോ എന്ന് അശോകിന് സംശയം തോന്നി, എല്ലാ കുഞ്ഞു കാര്യങ്ങളും വീണ്ടും വീണ്ടും ചോദിക്കുന്നു. ചില നേരങ്ങളിൽ അച്ഛനറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യമില്ലാത്ത കാര്യങ്ങളും വീണ്ടും വീണ്ടും എടുത്തു ചോദിക്കും. പണ്ടായിരുന്നെങ്കിൽ “അറിയണ്ട” എന്ന് അശോക് കളിയാക്കി പറയുമായിരുന്നു; പക്ഷെ ഈ ദിവസങ്ങളിൽ പിടിവിട്ടുപോകുന്ന അധികാരസ്ഥാനങ്ങളിൽ ഒരു നോട്ടമെങ്കിലും നോക്കാനുള്ള കുഞ്ഞു പിടിവാശികളെ അവൻ കഷ്ടപ്പെട്ട് അംഗീകരിക്കാൻ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടു ദിവസം അലകളില്ലാതെ ഒഴുകിപ്പോയി. മൂന്നാമത്തെ ദിവസം കൂട്ടുകാരെയെല്ലാം കാണാനായി വീട്ടിൽ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങി. കൂടെപ്പഠിച്ചവർ, ഫുട്ബോൾ കളത്തിൽ പാസ് വച്ചു നീട്ടി നേടിയ സൗഹൃദങ്ങൾ. എല്ലാവരെയും വീണ്ടും കണ്ടു, പക്ഷെ കണ്ടവർ ആരും പഴയ സുഹൃത്തുക്കളായിരുന്നില്ല; എല്ലാവരിൽ നിന്നും ഒരകലം പുറത്തേക്കു വമിച്ചുകൊണ്ടിരുന്നു; എന്തോ കാര്യം പറഞ്ഞു കുളക്കരയിൽ വച്ച് അപ്പുവിനോട് വെറുതെ തർക്കിച്ചു. ചേട്ടനിപ്പോൾ പഴയ ആളല്ല എന്ന് അവൻ പറയാതെ പറഞ്ഞപോലെ തോന്നി. പത്തുമണിയോടടുത്ത് വിഷ്ണു വിളിച്ചു;
“നീ വരുന്നില്ലേ? ഇവിടെ ഗേറ്റ് അടയ്ക്കണം”
ബാംഗ്ലൂരായിരുന്നപ്പോൾ ഈ സമയത്താണ് പുറത്തേക്കുള്ള വാതിൽ തുറക്കുക എന്ന് അശോക് ഓർത്തു. ഒരു സ്ക്രീനിൽ നിന്ന് കണ്ണെടുക്കാനാവാത്ത പകൽ വീണ്ടും വരുമെന്നോർത്ത് രാത്രി അവസാനിപ്പിക്കാതിരിക്കാനുള്ള പുറത്ത്പോക്കുകൾ, നീട്ടിവയ്ക്കപ്പെടുന്ന ഉറക്കം, ക്യാപിറ്റലിസത്തിനെക്കുറിച്ചുള്ള ചർച്ചകൾ, എങ്ങോട്ടെങ്കിലും പറന്നു പോകണമെന്ന് തോന്നിപ്പിക്കുന്ന പ്രഭാതം, രക്ഷപ്പെടാനാവാത്ത ചക്രവ്യൂഹം.
പിറ്റേന്ന് വീണ്ടും സമദ് ഡോക്ടറെ കാണാൻ പോണമെന്ന് അച്ഛൻ പറഞ്ഞു; വീട്ടിലിരുന്നു ജോലി ചെയ്തോളാൻ അവസരം തന്ന ബോസിന് ലീവ് തരാൻ ചെറിയ മടിയുണ്ടായിരുന്നു. എങ്കിലും അച്ഛനെ ആശുപത്രിയിൽ കൊണ്ട് പോകണം എന്നു പറയുന്ന മകനോട് വേണ്ടായെന്നു പറയാൻ മാത്രം ക്രൂരനായിരുന്നില്ല അയാൾ.
“നിങ്ങളിപ്പോ എന്ത് ചെയ്യുന്നു?”
“കോപ്പി റൈറ്റർ ആണ്; ____ യിൽ”
“പ്രൈവറ്റ് കമ്പനിയാ?”
“അതെ. എഡ്യു ടെക്” വിദ്യാഭ്യാസം കച്ചവടമാക്കിയ സർക്കാർ തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച കൗമാരം ഉള്ളിലിരുന്നു ചിരിക്കവേ അശോക് ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്താ പഠിച്ചത്?”
സമദ് ഡോക്ടറിന് തന്നെപ്പറ്റി എല്ലാം അറിയാം. അച്ഛനെ കൊണ്ടു വരുമ്പോഴെല്ലാം വർഷങ്ങളായി ഇതേ ചോദ്യങ്ങൾ തന്നെയാണ്. ഉത്തരങ്ങൾക്ക് മാത്രം മാറ്റങ്ങളുണ്ടായിക്കൊണ്ടേയിരുന്നു.
“എം എ ലിറ്ററേച്ചർ”
“എം എ പഠിച്ച ആൾക്ക് ഒരു കോളേജിൽ പഠിപ്പിക്കാൻ കേറാമായിരുന്നല്ലോ”
“കഴിഞ്ഞ വർഷം ഒരു കോളേജിലായിരുന്നു. എന്നിട്ട് മാറിയതാ”
“വയസ് എത്രയായി?”
“ഇരുപത്തിയെട്ട്”
“കല്യാണം ആയോ?”
ആ ചോദ്യത്തിന് ശേഷം അശോകിന് എല്ലാം അവ്യക്തമായിരുന്നു. സാരാംശം ഇങ്ങനെയാണ്- ഒരു മാസത്തിനുള്ളിൽ കല്യാണം കഴിക്കണം അല്പം ജ്യോതിഷം കലർത്തി എന്ന് സമദ് ഡോക്ടർ ഉപദേശിച്ചു. ഇഷ്ടമുള്ള ഒരാളെ വിളിച്ചിറക്കികൊണ്ടുവന്നാലും പരാതി ഇല്ല.
“എന്ത് പിള്ളേ? സമ്മതമല്ലേ?”
“എനിക്ക് ഒരു പരാതിയും ഇല്ല സാർ.. ഇവനെ കെട്ടിക്കണം എന്നേ എനിക്കും ഉള്ളൂ”
“ആ അതൊക്കെ പോട്ടെ.. പെണ്ണിനെന്ത് ജോലി?”
അശോക് ചിരിച്ചുപോയി. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന കാമുകിയെ ഡോക്ടറിന് അറിയില്ലെന്ന് അശോകിനുറപ്പായിരുന്നു. ആ ചോദ്യം ഇല്ലായിരുന്നെങ്കിൽ ഇത് ഡോക്ടറെക്കൊണ്ട് പറയിപ്പിക്കാൻ അച്ഛൻ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് ഉറപ്പായിരുന്നേനെ. ഡോക്ടർ എന്ത് പറഞ്ഞു എന്ന് ചോദിച്ച അമ്മയോട് “ഇവൻ്റുട കല്യാണം കഴിക്കാൻ പറഞ്ഞു” എന്ന് ചിരിച്ചുകൊണ്ട് അച്ഛൻ മറുപടി പറഞ്ഞു.
പിറ്റേന്ന് വൈകുന്നേരം ബാഗെടുത്തിറങ്ങുന്ന അശോകിന് അമ്മ ഒരു പൊതി ഉണ്ണിയപ്പം കൊടുത്തു.
“മറിയക്കും ഫാത്തിമയ്ക്കും കൊട്”
ബാഗുകളിൽ സ്ഥലമുണ്ടായിരുന്നില്ല. കയ്യിൽ വാങ്ങി.
“നീയിനി എന്ന് വരും?”
“അറിഞ്ഞൂട.. ഓഫീസിലിനി എങ്ങനെ ആണോ..” അശോക് ഷൂസ് കെട്ടി പുറത്തേക്കിറങ്ങി.
“അച്ഛൻ ഇന്നലെ പറഞ്ഞെ…”
അശോക് തിരിഞ്ഞു.
“ഡോക്ടർ ഒരുമാസതിനിടേൽ കല്യാണം കഴിക്കണം എന്നൊക്കെ നിന്നോട് പറഞ്ഞതേ..”
“ഉം?”
“അതുകൂടി കാണാൻ അച്ഛന് ആഗ്രഹം ഉള്ളത് കൊണ്ടാണെങ്കിലോ എന്ന്..”
“'അമ്മ ചുമ്മാതിരുന്നാണ്..”
പെട്ടെന്നിറങ്ങി. ഏതെങ്കിലും പുണ്യസ്ഥലം കാണുക, കഴിച്ചിട്ടില്ലാത്ത ആഹാരം എന്തെങ്കിലും കഴിക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളാണെങ്കിൽ മക്കളോട് ആവശ്യപ്പെടുന്നതിലെ ന്യായം അശോകിന് മനസിലാവും. പക്ഷെ അവരുടെ കാലശേഷവും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആഗ്രഹങ്ങളിൽ എന്തിനവരെ തളച്ചിടുന്നു?
രണ്ടു ദിവസം വീട്ടിലേക്ക് വിളിച്ചില്ല. പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല.ഈ നഗരത്തിന്റെ പ്രത്യേകതകളിലൊന്നാണത്, ഇതിനു പുറത്തൊരു ലോകമുണ്ടെന്ന് ഇതിനുള്ളിലിരുന്ന് ഓർക്കുക ബുദ്ധിമുട്ടാണ്. രാത്രികളിലെ സമാധാനത്തിനും ആഴ്ചയവസാനങ്ങൾക്കും വേണ്ടി കഷ്ടപ്പെട്ട് തള്ളിനീക്കുന്ന പകലുകൾക്കിടയിൽ തന്നെക്കുറിച്ചല്ലാതെ മറ്റെന്തോർക്കാൻ? സ്വാതന്ത്ര്യം തേടി വരുന്നവരുടെ നഗരം. മുകളിൽ ആകാശവും താഴെ ഭൂമിയും നടുവിൽ മുതലാളിത്തവും.
പിറ്റേന്ന് ഓഫീസിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് പട്ടം വീട്ടിൽ ഡെലിവറി ചെയ്തു എന്ന ആമസോണിൻ്റെ മെസ്സേജ് കണ്ട് ഡോംലൂർ നിന്ന് കോർപറേഷനിലേക്കുള്ള ബസിൽ കയറി സീറ്റ് പിടിച്ചിട്ട് വീട്ടിലേക്ക് വിളിച്ചു; അച്ഛൻ്റെ ഫോണിലേക്കാണ് വിളിച്ചത്. അമ്മയാണ് ഫോൺ എടുത്തത്.
“പാത്തൂൻ്റെ പട്ടം അങ്ങെത്തിയാ?”
“ഓഹൊ! അതും കൊണ്ട് പോയിട്ടുണ്ട് അമ്മേം അച്ഛനും മോളും കൂട”
“ആ.. വേറെന്തര് വിശേഷം?”
“ഓ.. ഇങ്ങനിരിക്കണ്”
“അച്ഛനെവിടെ?”
“ഇവിടിരിപോണ്ട്.. ടോപ് സിങ്ങർ കാണുന്നു.” “ദാ” എന്ന് പറഞ്ഞ് അമ്മ അച്ഛന് ഫോൺ നീട്ടുന്നത് അശോക് കേട്ടു.
“ആ… ഹലോ”
“അമ്മയോട് സംസാരിക്കാൻ ആണെങ്കിൽ എനിക്ക് അമ്മയെ വിളിച്ചാൽ പോരെ?”
“ഓ.. നിന്നെ ഞാൻ മൈൻഡ് ആകുന്നില്ല ഇനി..” അച്ഛൻ ചിരിക്കുന്നുണ്ടായിരുന്നു.
“അതെന്ത്?”
“എന്നെ അച്ചാച്ചാ എന്ന് വിളിക്കാൻ ഒരു കൊച്ചൂട വേണം,. എങ്കിലേ ഇനി നിന്നെ മൈൻഡ് ചെയ്യൂ.”
അച്ഛൻ കളിക്കാണോ കാര്യത്തിലാണോ പറഞ്ഞതെന്ന് അശോകിന് മനസിലായില്ല. പടയോട്ടങ്ങൾക്ക് പേരെടുത്ത രാജാവിൻ്റെ പേരിട്ടിട്ട്, മകനെ ഗൃഹസ്ഥാശ്രമത്തിൽ കെട്ടിയിടാൻ നോക്കുന്ന അച്ഛൻ!
“ഓ എങ്കിൽ ഇങ്ങനെ ഇരിക്കുവേ ഒള്ള്”
“ആ ദാ അമ്മയുടെൽ കൊടുക്കാം”
“നീ എടയ്ക്കെടയ്ക്ക് വിളിക്കാതെന്തടാ”
“ഞാൻ ഇപ്പ വിളിച്ചില്ലേ?”
“അത് പട്ടം ഡെലിവർ ആയാ എന്നറിയാനല്ലേ?”
“അമ്മയ്ക്ക് ഇങ്ങോട്ട് വിളിച്ചൂടെ അമ്മാ?”
“അതേപോലെ ആണാ ഇത്?”
“അല്ലെ?”
“ഞാനൊന്നും പറയണില്ല”
ഫോൺ കട്ടായി. പാറമുകളിലെ ആകാശത്തിൽ പട്ടം അയഞ്ഞയഞ്ഞ് ദൂരേക്ക് പോകുന്നുണ്ടായിരുന്നു.
അശോക് കാമുകിക്ക് ഫോൺ ചെയ്തു. അവളുടെ ശബ്ദത്തിലെന്തോ വ്യത്യാസമുണ്ടായിരുന്നു. ഈ വൈകുന്നേരമെന്താ നല്ല രീതിയിൽ പോകാത്തത്? ബസിൽ തിരക്കും കൂടിക്കൂടി വന്നു; സിഗ്നലിൽ നിർത്തിയിട്ടിരിക്കുമ്പോൾ ഇറങ്ങാനും കയറാനും ശ്രമിച്ച ആൾകാർ അറിയാത്ത ഭാഷയിൽ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. അകത്തും പുറത്തും വീർപ്പുമുട്ടൽ.
“എന്തു പറ്റി നീതു, നീ കാര്യം പറ”
“അശോക് ഞാൻ ഓകെ ആണോന്ന് നീ അവസാനം എപ്പോഴാ ചോദിച്ചേ?”
പുറത്തെ ചൂടിനെ മാത്രം അളന്ന് അസുഖം നിർണയിക്കപ്പെട്ടിരുന്ന കുട്ടിക്കാലം മനസ്സിൽ പനിച്ചു കിടക്കുന്നു; കരഞ്ഞതിനു കേട്ട കളിയാക്കലുകൾ; കരയാതിരുന്നപ്പോൾ ബലം കൂട്ടിയ അധിക്ഷേപങ്ങൾ, സന്തോഷത്തേക്കാളേറെ ഉത്തരവാദിത്തങ്ങൾക്ക് വില കൊടുത്ത അനുമോദനങ്ങൾ. കഴുത്തിന് പുറകിൽ നിന്ന് ചൂട് ഉയരുന്നതായി അശോകിന് തോന്നി. വരയൻ ഷർട്ടിനു മുകളിൽ സ്വെറ്റർ ധരിച്ച ഒരു മനുഷ്യൻ ചൂടാവുന്നു, അയാൾക്ക് പിന്നിലേക്ക് പോണം. അശോകിൻ്റെ ഉള്ളം കൈ തണുത്തു. പാത്തുവിൻ്റെ പട്ടം നൂലിനെ ഭേദിച്ച് പറന്നു പോകാനാവാതെ, കാറ്റ് കാരണം നിലത്തിറങ്ങാനാവാതെ, ഭൂമിക്കും ആകാശത്തിനും നടുവിൽ വിറച്ചു നിന്നു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ