അശ്വമേധം കഴിഞ്ഞു. കേകയത്തിനു വടക്ക് വിപാശ നദിതീരത്തു വച്ചു യാഗാശ്വം തിരിഞ്ഞു നടക്കാൻ തുടങ്ങിയെന്നു തോന്നി. എന്താണ് അതിനു തിരിഞ്ഞു നടക്കാൻ തോന്നിയത്? ഗൃഹാതുരത്വം, അല്ലെങ്കിൽ വെറും മടുപ്പ് എന്നു പലരും സംശയിച്ചു. അശ്വമേധയാഗം എന്ന പേരു മാത്രമേ ഉളളൂ; മൃത്യുദേവതയല്ലാതെ ഒരു ദൈവവും ഇതിനാൽ പ്രീതിപ്പെടും എന്നു തോന്നുന്നില്ല. യുദ്ധം ജയിച്ചു രാജ്യം നേടിയാലും ക്ഷത്രിയൻ്റെ കർമം അവസാനിക്കുന്നില്ല, ശത്രുക്കൾ ഇനി തല പൊക്കില്ല എന്നുറപ്പു വരുത്തുകയും വേണം. അവരുടെ ചോര വീണു നനഞ്ഞ മണ്ണിൽ യാഗാശ്വത്തിൻറെ കുളമ്പിൻ്റെ പാടു വീഴണം. ദിവ്യാസ്ത്രങ്ങളേറ്റ്, അവിടെ മഴപെയ്യാതെ സംവത്സരങ്ങൾ കഴിയണം. ആ കുളമ്പടികൾ കാലം കുത്തിയ പച്ച പോലെ, വർഷങ്ങളോളം ഭയം മാത്രം മുളപ്പിച്ച് ആ മണ്ണിൽ കിടക്കണം. എങ്കിലേ, വിജയം പൂർണമാകൂ..
യുവരാജാവ്, തേർത്തട്ടിൽ എഴുന്നേറ്റ് നിന്നു. മുപ്പത്തിമൂവായിരം ഭടന്മാരുമായി തുടങ്ങിയ യാത്രയാണ്. ഇപ്പോൾ കഷ്ടി പതിനായിരം പേർ കാണും. ചിലർക്കു ജീവൻ മാത്രമേ ശേഷിച്ചിട്ടുള്ളൂ.. പക്ഷെ സൈന്യ ബലം പറയുമ്പോൾ അവരെയും എണ്ണത്തിൽ കൂട്ടണം. കാരണം, ആത്യന്തികമായി, ഭയം ജനിപ്പിക്കാനാണ് സേന. അതിൻ്റെ വലിപ്പത്തിലാണ് കാര്യം. പല രാജ്യങ്ങളും ഈ എണ്ണം കണ്ടാണ് യുദ്ധമില്ലാതെ കീഴടങ്ങിയത് . ചില രാജ്യങ്ങൾ ബന്ധുബലം ഉറപ്പിക്കാൻ രാജകുമാരിമാരെയും വച്ചു നീട്ടി. പടച്ചട്ടയണിഞ്ഞു തെളിഞ്ഞു നിന്ന തന്നെ അനുരാഗത്തോടെ നോക്കിയവരെല്ലാം, ശിബിരത്തിലെ രക്തപങ്കിലമായ പടച്ചട്ടയോടെ വന്ന തന്നെ ഭയത്തോടെയാണ് കണ്ടത്. ഇവർക്കെല്ലാം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നോ? ആരുമറിയാത്ത കാമുകന്മാർ ഉണ്ടായിരുന്നോ? ഒരു പക്ഷെ രാജ്യം ഇട്ടെറിഞ്ഞ് ഒരു പൂക്കച്ചവടക്കാരനോടൊപ്പം പോകാൻ കൊതിച്ചിരുന്നോ? ആരറിഞ്ഞു?! അവരും അവരുടെ മോഹങ്ങളും യാഗത്തിൽ ഹോമിക്കപ്പെടാൻ വിധിക്കപ്പെട്ടവർ.
എല്ലാവരും ക്ഷീണിതരാണ്. ഭടന്മാരിൽ മിക്കവാറും അവിടെയും ഇവിടെയും മരുന്നും കെട്ടി വച്ച് വേച്ചു വേച്ചു നടക്കുന്നു. അറുപതിനടുത്ത് പ്രായം തോന്നുന്ന ഒരു ഭടൻ തൻ്റെ രഥത്തിനോട് ചേർന്ന് നടക്കുന്നുണ്ട്. അയാളുടെ അവശേഷിക്കുന്ന ഒരേ ഒരു കണ്ണിൽ അല്പം പോലും ജീവസ്സു ബാക്കിയില്ല. മരണങ്ങൾ കണ്ടു മരിച്ച കണ്ണാണോ അത്? അയാളുടെ ഇടതുകാലിനു മുടന്തുണ്ട്. എത്ര രാജാക്കന്മാർക്ക് വേണ്ടി നടന്നു മുടിഞ്ഞതാണ് ആ കാലുകൾ എന്നറിയില്ല.. അയാളെക്കൂടി രഥത്തിൽ കയറ്റിയാലോ എന്ന സംശയത്തോടെ വീണ്ടും നോക്കി. "പാടില്ല.. എല്ലാ ഭടന്മാരും തുല്യരാണ്. ഒരാൾക്കു മാത്രം പരിഗണന കൊടുക്കാൻ പാടില്ല" എന്ന് കൂടെ വന്ന മുനി ഓർമിപ്പിച്ചു. യുദ്ധത്തിന് മുൻപ് ദേവകളെ പ്രീതിപ്പെടുത്താൻ യാഗങ്ങൾ നടത്താൻ ബ്രാഹ്മണരുടെ ഒരു സംഘം കൂടെ ഉണ്ട്; യുദ്ധത്തിൽ ലാഭമുണ്ടായത് ഇവർക്ക് മാത്രമാകും. ഇതേ ദേവകൾക്കായി ഇതേ മന്ത്രം മരിച്ചവരുടെ പക്ഷത്തും ചൊല്ലപ്പെടുന്നില്ലേ? ദേവകൾ നറുക്കെടുക്കുകയാണോ? ആ വൃദ്ധഭടൻ ഇപ്പോൾ നിലത്തു വീഴുമെന്ന് തോന്നി. കയ്യും കാലും കൊടുത്തവരെക്കാൾ യുദ്ധത്തിൽ വാക്കുകൾ മാത്രം കൊടുത്ത ഇവർക്കെന്ത് അധികാരം? ആ വൃദ്ധ ഭടനെ യുവരാജാവ് രഥത്തിൽ കേറ്റിയിരുത്തി. "ദയാനിധി!" എന്നാരോക്കെയോ മുറുമുറുത്തു. തുണി ശിബിരത്തിനു തീ കൊടുത്ത പോലെ ആ മർമരം പടർന്നു.. "യുവരാജാവ് നീണാൾ വാഴട്ടെ!" തങ്ങൾക്കു കൂടി കിട്ടേണ്ടിയിരുന്ന പരിഗണന കിട്ടാത്തവർ ഏറ്റു വിളിച്ചു.
ശിബിരത്തിനു മുകളിലെ അഗ്നി.. പാഞ്ചാല തീരത്തു തമ്പടിച്ചിരുന്ന എതിർ സൈന്യത്തെ നേർയുദ്ധത്തിൽ കീഴ്പെടുത്താനാവില്ലെന്നുറപ്പായിരുന്നു. രാത്രിയുടെ മറവിലൊരു ഒളിയമ്പ്; അത്രയേ വേണ്ടി വന്നുള്ളൂ. യുദ്ധത്തിന്റെ ചിലവ് കുറയ്ക്കാനാണ് ശിബിരങ്ങൾ ഉണ്ടാക്കാൻ ഇഴയടുപ്പം കുറഞ്ഞ തുണികൾ ഉപയോഗിക്കുന്നത്. അവയ്ക്ക് പെട്ടെന്ന് തീ പിടിക്കും. അകത്തുറങ്ങുന്നവരുടെ മുടിയിലോ തുണിയിലോ ആവും അത് കത്തി വീഴുക. രക്ഷപ്പെടണമെങ്കിൽ നദിയിൽ ചാടണം. ബാക്കി ഗംഗ നോക്കിക്കോളും, ഒഴുകി ദൂരെയെവിടെയെങ്കിലും, അല്ലെങ്കിൽ, തിരിച്ചു വരാൻ ഒരിക്കലും പറ്റാത്ത അത്രയും ദൂരെ. യുദ്ധനിയമം ലംഘിച്ചതിന് ദേവകൾ കോപിക്കും എന്നു എതിർപക്ഷത്തെ ബ്രാഹ്മണ സംഘം പറഞ്ഞു. ക്ഷത്രിയ ധർമം എന്ന് സ്വപക്ഷം. സൗകര്യത്തിനു വരങ്ങൾ മാറ്റിയും തിരിച്ചും കൊടുക്കുന്ന ദേവകൾ നീതികേടിനു തന്നെ ശിക്ഷിക്കാനോ? യുവരാജാവ് പൊട്ടിചിരിച്ചു. അത് താൻ പറഞ്ഞ സംസ്കൃതത്തിലെ ഫലിതം കേട്ടാണെന്നു കരുതിയ മഹർഷി സംപ്രീതനായി. അയാൾ ഇന്ന് ദേവകളോട് പ്രാർത്ഥിക്കുമ്പോൾ യുവരാജാവിനെ കാക്കാൻ അല്പം കൂടി ആത്മാർത്ഥമായി ആവശ്യപ്പെടും.
വാരാണസിക്കടുത്ത് ഗംഗ ശാന്തയായൊഴുകുന്ന ഒരിടം കണ്ടു. . ഗംഗയെ വിശ്വസിച്ചുകൂടാ, മുകളിൽ ശാന്തയായൊഴുകിയാലും, ശക്തമായ അടിയൊഴുക്കുണ്ടാവും, വലിയ പാറക്കെട്ടുകളെ മറച്ചു വച്ചിട്ടുണ്ടാവും. അവിടെ രാത്രി തങ്ങാൻ കൂടാരമടിക്കാൻ പടയോട് പറഞ്ഞു. ഭടന്മാരിൽ അധികം പരിക്കില്ലാത്തവരെല്ലാം ഉത്സാഹിച്ചു തുടങ്ങി. ഒരു രണ്ടു പകലുകൾ കൂടി കഴിഞ്ഞാൽ ഇവരെല്ലാം നാട്ടിലെത്തും. തുണി കൊണ്ട് മൂടിയ ശിബിരങ്ങളിൽ നിന്നു നിലാവുകൊണ്ടു ഓട്ടകളടച്ച സ്വന്തം വീടുകളില്ലേക്ക്. പരുപരുത്ത പടച്ചട്ടകൾ വച്ച തലയിണകളിൽ നിന്ന് സ്വന്തം ഇണകളുടെ മാറിടങ്ങളിലേക്ക്, ആയുധങ്ങളുടെ കിലുക്കത്തിൽ നിന്ന് സ്വന്തം കിടാങ്ങളുടെ പാദസരങ്ങളിലേക്ക്. ആ ഉത്സാഹമാണെല്ലാവർക്കും. യുവരാജാവ് ചിന്തയിലാണ്ട് കിടക്കുകയായിരുന്നു. ഗംഗ ഒഴുകുന്ന ശബ്ദം കേൾക്കാം, അടുത്ത് കിടക്കുന്ന ഏതോ രാജ്യത്തെ രാജകുമാരി, ശാന്തയായി ഉറങ്ങുന്നു. എത്രയാലോചിച്ചിട്ടും, ഇവളുടെ പേരോർമ്മ വരുന്നില്ല.. വില്ലു പോലെ വളഞ്ഞ പുരികങ്ങൾ ആണ് ആദ്യം ശ്രദ്ധിച്ചത്.. ഓ, ഇവൾ പാടിയിരുന്നു, ആദ്യ രാത്രിയിൽ.. തന്നെയവൾക്കു കിട്ടിയത് താരാപഥങ്ങൾ തേടിയിട്ടാണെന്ന്.. അച്ഛൻ അഴിച്ചു വിട്ട യാഗാശ്വം അലഞ്ഞു തിരിഞ്ഞു നിൻ്റെ രാജധാനിയിലെത്തിയില്ലായിരുന്നെങ്കിലോ? നീയെന്നെ കാണുകപോലും ഇല്ലായിരുന്നു. എന്നെ സ്നേഹിക്കാൻ ഭയം കൊണ്ട് വിധിക്കപ്പെട്ടവൾ. ആ, ഇപ്പോൾ ഓർമ്മവന്നു, കേകയ പുത്രി. നിൻ്റെ പാട്ടുകേട്ടാണ് ദിവസങ്ങൾക്ക് ശേഷം ഒന്നുറങ്ങിയത്. ആ ഉറക്കം.. ആ ഉറക്കത്തിലാണ്, അഖിലൻ്റെ പുല്ലാങ്കുഴൽ നാദം സ്വപ്നത്തിൽ കണ്ടത്. കുമാരി ശ്രുതികയുടെ തംബുരു കേട്ടത്, കുമാരി ജാനകിയുടെ ചിലങ്ക കിലുങ്ങുന്നത് കേട്ടതും. ഇവയൊന്നും വാസ്തവങ്ങളല്ല സ്വപ്നങ്ങളാണെന്ന്, ഉണർന്നു കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്. പുറത്തിറങ്ങി നോക്കിയപ്പോൾ മണ്ണിൽ കണ്ണെത്താ ദൂരത്തോളം പടക്കളങ്ങൾ മാത്രം. സഹോദരി ജാനകി മയിൽപ്പീലി കൊണ്ടലങ്കരിക്കുമായിരുന്ന രഥത്തിൽ അമ്പുകൾ തറച്ചിരിക്കുന്നു, ചോരക്കറ പുരണ്ടിരിക്കുന്നു. വീണ വായിച്ചു തഴമ്പിച്ച കേകയകുമാരിയുടെ വിരൽ പോലെ, ഞാൺ വലിച്ചു തൻ്റെ വിരൽത്തുമ്പും.. കർമത്തിന്റെ പേരിൽ നാശം മാത്രം വിതയ്ക്കുന്ന തന്നെ കണ്ടു ഭയന്നെന്നോണം, കൊട്ടാരത്തിലെ ഉദ്യാനത്തിൽ നിന്നു നോക്കിയാൽ തന്നെ കാണാൻ വന്നു നിൽക്കുന്ന, താരകളെല്ലാം ഇന്നേതോ മേഘത്തിനു പിന്നിൽ. ശിബിരത്തിനു മുന്നിൽ കെട്ടിയിരുന്ന ശ്വേതവർണത്തിലെ യാഗാശ്വം ബുദ്ധിയുള്ളവളാണ്. മറ്റാരും കേൾക്കാതെ 'തിരിച്ചു പോകാം' എന്ന് പറഞ്ഞപ്പോഴേ അവൾക്കു മനസിലായി.
യാത്രാക്ഷീണം കൊണ്ടാണ്, കേകയ കുമാരി അന്ന് പാടിയില്ല.. യുവരാജാവ് സ്വപ്നങ്ങൾ കണ്ടു തളർന്നുറങ്ങിപ്പോയി.. മയിൽപീലി കെട്ടിയ രഥം, കേകയ കുമാരിയുടെ വീണയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ജാനകി, കാളിന്ദി തീരത്തെ ചാഞ്ഞ കൊമ്പുള്ള കടമ്പു മരം, രാജകുമാരനേക്കാൾ, തന്നെ സഖനായി കാണുന്ന ബാല്യകാല സുഹൃത്തുക്കൾ. സ്വപ്നം കണ്ടുറങ്ങുന്ന യുവരാജാവിൻറെ ശിബിരത്തിനു മുകളിലേക്ക്, ഗംഗയുടെ അങ്ങേത്തലയ്ക്കൽ നിന്ന്, പാഞ്ചാലദേശത്തു നിന്നൊഴുകി വന്ന ഒരു ഭടൻ്റെ അഗ്നി പിടിപ്പിച്ച അമ്പു പാഞ്ഞു വന്നു. സ്വപ്നത്തിൽ മയിൽപീലി, ജാനകി, വീണ, കേകയകുമാരി. ഗംഗ അടിയൊഴുക്കുകളൊളിപ്പിച്ച്, ശാന്തയായൊഴുകി.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ