പോരാട്ടങ്ങൾക്ക് ഇനി ഞാനില്ല എന്ന് മിത്രൻ പ്രഖ്യാപിച്ചിട്ടു മൂന്നു ചന്ദ്രമാസങ്ങൾ തികഞ്ഞിട്ടില്ല. വാരാണസി മുതൽ മുചിരി വരെ എല്ലാ പ്രധാന വാണിജ്യനിലങ്ങളിലും പലപ്പോഴായി തല്ലു പിടിച്ചിട്ടുണ്ട് മിത്രൻ. എത്ര തരക്കാർ, ഉയരമുള്ളവർ, മെലിഞ്ഞവർ, തടിച്ചവർ. ചിലരോടെല്ലാം തല്ലു കൂടുന്നതിന് കാരണങ്ങളുണ്ടാവാം.. പഴയ കണക്കുകൾ, കച്ചവടത്തിലെ കൊടുക്കൽ വാങ്ങൽ തർക്കങ്ങൾ, മുൻജന്മത്തിൽ ബാക്കി വച്ചതെന്ന് തോന്നിപ്പിക്കുന്ന വഴക്കുകൾ. ചില വഴക്കുകൾക്ക് കാരണമേയില്ല, കണ്ടു, ഇഷ്ടമായില്ല, വഴക്കിട്ടു. ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ കാളവണ്ടിയിൽ അടുത്ത് കിടന്നു മയങ്ങുന്ന ഒരു തമിഴനോട് വഴക്കുണ്ടായി. കാരണമൊന്നുമില്ല; പന്തളത്തേക്ക് യാത്ര തിരിച്ച കാളവണ്ടിയായിരുന്നു, വണ്ടിക്കാരൻ ഒരു സാധു. തല്ലിന് ശേഷം, മിത്രനും തമിഴനും അതേ വണ്ടിയിൽ തന്നെ യാത്ര തുടർന്നു; ആ തമിഴൻ പൊട്ടിയ ചുണ്ട് തുടയ്ക്കുന്നുണ്ടായിരുന്നു.
കന്യാകുമാരിക്കടുത്ത് മണ്ണുകൊണ്ട് ഒരു വീടു വച്ചിട്ടുണ്ട് അയാൾ. മണ്ണു കൊണ്ടുതന്നെ ഒരു ചുറ്റുമതിലും. മതിലിനുള്ളിൽ ഒരു പുന്നമരം അയാളുടെ ജീവിതത്തിന്റെ ബിംബമെന്നോണം ഒറ്റയ്ക്കു നിൽപ്പുണ്ട്. വല്ലപ്പോഴും ചില്ലകളിൽ വന്നിരിക്കാറുണ്ടെന്നല്ലാതെ ഒരു പക്ഷി പോലും അതിൽ കൂടു കൂട്ടിയിരുന്നില്ല. വേനൽക്കാലത്ത് അതിനു ചുവട്ടിൽ ചണം വരിഞ്ഞ കട്ടിലിട്ട് അയാൾ ആകാശം നോക്കി കിടക്കും. എത്ര നക്ഷത്രങ്ങൾ, മിനുങ്ങാത്ത ഗോളങ്ങൾ, ക്ഷീരപദം… ഇതൊക്കെ കാണുമ്പോൾ എന്തെങ്കിലുമൊക്കെ കാവ്യങ്ങൾ ചിന്തിക്കാനുള്ള കഴിവ് തനിക്കുണ്ടായിരുന്നെങ്കിൽ എന്നയാൾ വിഷമത്തോടെ ചിന്തിക്കും. പല തെരുവുകളിലും കണ്ടിട്ടുള്ള യുവഗായകരെ അസൂയയോടെ ഓർക്കും. ഇന്നോർക്കുന്നത് തഞ്ചൈയെ പറ്റിയാണ്. തന്നോളം പൊക്കവും വണ്ണവും ഉണ്ടായിരുന്നു ആ ഗായകന്. കാറ്റ് വന്നു നദിയെ തൊടുമ്പോൾ അതിനു രോമാഞ്ചമുണ്ടാവുന്നതിനെക്കുറിച്ച് ഒരു ചിലങ്ക കിലുക്കി പാടുകയായിരുന്നവൻ. മിത്രൻ താമസിച്ചിരുന്ന സത്രത്തിന്റെ കാവൽക്കാരന്റെ മകൾ അവൻ പാടുന്നത് നോക്കിനിൽകുന്നത് രണ്ടാം നിലയുടെ കിളിവാതിലിൽ നിന്നയാൾ കണ്ടു. വെളുത്തു തടിച്ച നീളൻമുടിയുള്ള പെണ്ണ്. നാലു ദിവസത്തെ താമസത്തിനിടയിൽ ഒരു രാത്രി അവൾ തന്റെ മുറിയിലുറങ്ങണം എന്ന് മിത്രൻ ആഗ്രഹിച്ചിരുന്നു. അവൾക്ക് നൽകാൻ ദ്വൈത വനത്തിൽ നിന്നെടുത്ത തേനും കരുതിയിരുന്നു. അവൾക്കായി ശേഖരിച്ചതല്ല, പക്ഷെ അവളെ കണ്ടപ്പോൾ ഒരു മോഹം തോന്നിയപ്പോൾ, സമ്മാനമായി നല്കാൻ കയ്യിലുണ്ടായിരുന്നത് അതു മാത്രം. സത്രമുടമ മദ്യം കുടിച്ചു മയങ്ങിക്കഴിഞ്ഞ ശേഷം അവൾ പുറത്തേക്കിറങ്ങുന്നതു കണ്ടു. തെരുവിനറ്റത്തെ കനകാംബര ചെടികളിൽ നിന്ന് പൂമൊട്ടുകൾ നുള്ളാനാവും. തഞ്ചയിലെ സംഗീതമൊഴുകുന്ന തെരുവുകളിൽ നിലാവിന്റെ ചുവട്ടിലല്ലേ പെണ്ണിനോട് മോഹം പറയാൻ ഏറ്റവും അനുയോജ്യമായത്? പക്ഷെ അവൾ കനകാംബരത്തിനടുത്തേക്ക് പോയില്ല. നിലാവ് പുതച്ചുകിടക്കുന്ന പാതയിൽ നിന്നവൾ ഇരുട്ട് തളംകെട്ടി നിന്ന ഇടവഴിയിലേക്ക് കയറി. അവിടെ അവൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു; ആ ഗായകൻ. ഇരുട്ടിൽ അവരുടെ ഞരക്കം കേട്ടു. അവന്റെ കനത്ത ശ്വാസവും, അവളുടെ കൊലുസിന്റെ നിർത്താതെയുള്ള കിലുക്കവും കേട്ടു. മിത്രൻ തേനും കൊണ്ട് തിരിച്ചു നടന്നു. പ്രണയഭംഗമൊന്നുമല്ല തനിക്കു സംഭവിച്ചത് എന്ന് അവനു ബോധ്യമുണ്ടായിരുന്നു. ഒരു കൊതി തോന്നി, നടന്നില്ല.പോട്ടെ.
പിറ്റേന്നും പകൽ അവൻ തെരുവിൽ പാടുന്നുണ്ടായിരുന്നു. വസന്തം വരുന്നതു കാത്തിരിക്കുന്ന ഒരു വണ്ടിനെക്കുറിച്ചൊരു പാട്ട്. പൂവിൽ മധുനുകരാൻ കാത്തിരിക്കുന്ന, മൂളിപ്പാട്ടുകൾ പാടുന്ന ഒരു വണ്ട്. അവൾ ജനലരികിൽ നിന്നു പാട്ടു കേൾക്കുന്നുണ്ട്. അവളുടെ കണ്ണിൽ പുതിയൊരു നക്ഷത്രം. അന്ന് രാത്രിയും ഇരുൾ നിറഞ്ഞ ഇടവഴിയെത്തേടി ആ നക്ഷത്രം പോയി. അവൾ നടന്നകന്ന ശേഷം ഇരുളിൽ നിന്നവൻ പുറത്തു വരുന്നതും കാത്തു മിത്രൻ നിന്നു. ഒരു വഴക്കുണ്ടാവാൻ ചെറിയൊരു തീപ്പൊരി മതി. ഉള്ളിലൊരു കനലുണ്ട്. മനപ്പൂർവം അവനു നേരെ നടന്നു ചെന്ന് ചുമൽ കൊണ്ടവന്റെ ചുമലിൽ ഇടിച്ചു. “നോക്കി നടക്കെടാ” എന്ന് ശബ്ദമുയർത്തി തന്നെ പറഞ്ഞു. “താനല്ലേ ഇങ്ങോട്ട് വന്നിടിച്ചത്” എന്നവനും പറഞ്ഞു. മിത്രൻ അവന്റെ മുടിക്കു കുത്തിപ്പിടിച്ചു. അവൻ തിരിച്ച് പ്രതിരോധിക്കുന്ന നിമിഷം അവന്റെ മൂക്കിന് നേരെ അയാളുടെ മുഷ്ടിയുയരും.
“എന്താ പറ്റിയെ?” ചെന്തമിഴ് മൊഴി കാതിൽ വീണു. അവളുടെ ഗന്ധം മിത്രൻ തിരിച്ചറിഞ്ഞു.
“നീ പോയില്ലേ?” മുറി തമിഴിൽ ഗായകൻ അവളോട് ചോദിച്ചു. അവൾ മിത്രനെ ഭയത്തോടെ നോക്കി. അവന്റെ കൈ അയഞ്ഞു.
“എന്റെ കൊലുസ്സ് കളഞ്ഞു പോയി… ഇവിടെയുണ്ടോ എന്നറിയാൻ…”
“അവിടെ പോയി നോക്ക്”
അവൾ ഇടവഴിയിലേക്ക് നടന്നു കയറി. ഇരുട്ടിൽ മറയുന്നതുവരെയും ഇടയ്കിടയ്ക്കവൾ തിരിഞ്ഞു നോക്കുന്നത് കാണാമായിരുന്നു. മിത്രനും പാട്ടുകാരനും മുഖത്തോട് മുഖം നോക്കി. സമയം ഇഴഞ്ഞു നീങ്ങി.
“ഞാൻ പോട്ടെ? അച്ഛൻ എണീറ്റാൽ അന്വേഷിക്കും..” അവളുടെ ഇടം കയ്യിലൊരു വെള്ളിക്കൊലുസ്സ് ചുരുട്ടിപ്പിടിച്ചിരുന്നു.
“ഉം” അവൻ മൂളി. മിത്രനെ നോക്കുമ്പോൾ ഭയവും അവനെ നോക്കുമ്പോൾ ആശങ്കയുമാണവൾക്ക്.
“നാളെ കാണുമോ?” ചോദ്യം അവനോടാണെങ്കിലും ഉത്തരം പറയേണ്ടത് താനാണെന്ന് മിത്രന് തോന്നുന്നപോലെയായിരുന്നു അവൾ ചോദിച്ചത്.
“കാണും.” അവൻ പറഞ്ഞു. അവൾ നടന്നകന്നു.
മിത്രൻ അവനെ വഴിയരികിലേക്ക് തള്ളിയിട്ടു നടന്നു നീങ്ങി. നിലത്തിരുന്ന് ഒരു മൂളിപ്പാട്ടും പാടി പാട്ടുകാരൻ കയ്യിലെ പൊടി തട്ടി.
പിറ്റേന്നാ തെരുവിൽ ആ ഗായകൻ ദേഹമാസകലം പരിക്കുകളോടെ ചലനമറ്റു കിടന്നിരുന്നു. സത്രക്കാരന്റെ മകൾ ഹൃദയം തകർന്ന് അവന്റെ ചലനമറ്റ ദേഹത്തെ നോക്കി നിന്നു. അയാളുടെ ദേഹത്തുണ്ടായിരുന്ന പണക്കിഴിയും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. അതുമാത്രം മുന്നിൽക്കണ്ട് പതിയിരുന്നാക്രമിച്ച പതിനാറും പതിനഞ്ചും വയസുള്ള കള്ളന്മാരെപ്പറ്റി വിവരം കൊടുക്കാൻ സാക്ഷികളുണ്ടായിരുന്നില്ല. മുറിയിൽ നിന്ന് തന്റെ ഭാണ്ഡവുമായി പുറത്തു വന്ന മിത്രനെ ആ പെൺകൊടി കലങ്ങിയ കണ്ണുകളോടെ നോക്കി. അവൾ കണ്ണകിയാണെന്നും തന്റെ മനസ് മധുരാ നഗരമാണെന്നും മിത്രന് തോന്നി. അയാൾ തിരിഞ്ഞു നോക്കാതെ പുറത്തിറങ്ങി ദക്ഷിണ ദിക്കിലേക്ക് നടന്നു. “ഇനി തല്ലുണ്ടാക്കലില്ല” എന്നയാൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.
പുന്നമരത്തിന്റെ ഇലകൾക്കിടയിലൂടെ കൈ നീട്ടിയ സൂര്യരശ്മികൾ കുത്തിവിളിച്ചപ്പോൾ മിത്രൻ കണ്ണു തുറന്നു. മതിലിനു പുറത്ത് അകത്തേക്ക് വരാൻ അനുവാദം ചോദിക്കാനെന്നോണം ആരോ നിൽക്കുന്നുണ്ട്.
“ആരാണ്?”
“അകത്തേക്ക് വരാമോ?”
“ഇത് സത്രമല്ല.”
“അറിയാം… ഞാൻ മിത്രനങ്ങുന്നിനെ കാണാൻ കല്ലിക്കോട്ട നിന്നു വരികയാണ്.”
“കണ്ടില്ലേ? ഇനി പൊക്കോളൂ…” മിത്രൻ വീട്ടിനുള്ളിലേക്ക് തിരിഞ്ഞു നടന്നു. അൽപനേരം കഴിഞ്ഞു കയ്യിലൊരു പാത്രം കഞ്ഞിയുമായി മിത്രൻ പുറത്തു വന്നപ്പോഴും അയാൾ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. മിത്രനെ കണ്ടതും അയാൾ വീണ്ടും പ്രതീക്ഷയോടെ എത്തി നോക്കി. പാത്രത്തിൽ നിന്നും ഒരു കവിൾ കഞ്ഞി വലിച്ചു കുടിച്ചിട്ട് മിത്രൻ ഉറക്കെ വിളിച്ചു.
“എടോ”
“ഓ….”
“തനിക്കു വിശക്കുന്നുണ്ടോ?”
മറുപടിയില്ല.
“താനെപ്പോഴാ അവിടെ വന്നു നിൽക്കാൻ തുടങ്ങിയത്?”
“സൂര്യനുദിക്കുന്നത് ഞാൻ ഇവിടെ നിന്നാ കണ്ടത്.”
“കഞ്ഞി കുടിക്കുന്നോ?”
“അങ്ങുന്ന് പറയുന്ന പോലെ.”
“എടോ ഞാൻ രാജാവൊന്നും അല്ല. തനിക്ക് വിശക്കുന്നുണ്ടെങ്കിൽ കഞ്ഞി തരാം.”
“അല്ല.. അങ്ങനല്ല…”
“എന്താ വിശക്കുന്നില്ലേ?”
“അല്ല… ഉണ്ട്…”
“ആ എങ്കിൽ കേറിവാ”
മതിലിനു പിന്നിൽ നിന്നൊരു തുണി ഭാണ്ഡവുമെടുത്ത് അയാൾ അകത്തേക്കു വന്നു. കൂർത്ത മുഖവും, തിളങ്ങുന്ന വലിയ കണ്ണുകളുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. വീടിനു മുന്നിൽ വന്ന് ഭാണ്ഡം തിരിച്ചിട്ട് അയാൾ മിത്രനെ വണങ്ങി.
“അകത്ത് കഞ്ഞിയുണ്ട്. പോയെടുത്ത് കുടിച്ചോ.”
അയാൾ നെഞ്ചിൽ കൈ വച്ച് നന്ദി സൂചകമായി തലകുലുക്കി. എന്നിട്ട് നടുനിവർത്താതെ തന്നെ അകത്തേക്കു പോയി. കഞ്ഞി വച്ച കലവുമെടുത്ത് പുറത്തേക്കു വരുന്നവനെക്കണ്ട് മിത്രൻ ചിരിച്ചുപോയി.
“വിശന്നിട്ടാ…”
“ആ കുടിച്ചോ. വൈകുന്നേരത്തേക്ക് വേറെ വഴി നോക്കാം.”
“എന്താ നിന്റെ പേര്?”
“ശത്രുഘ്നൻ”
പുന്നമരത്തിന്റെ തണലിൽ അവർ ഇരുന്നു. ഒരുപാട് നിർബന്ധിച്ചിട്ടാണ് ശത്രുഘ്നൻ ഇരുന്നത്. ധനുമാസത്തിലെ സൂര്യൻ സൗമ്യനായി ചിരിച്ചുകൊണ്ടിരുന്നു. ആരോ മേയാനഴിച്ചു വിട്ട പശു തോളിലൊരു കാക്കയുമായി മതിലിനു പുറത്ത് റോന്തു ചുറ്റി.
“നീയാരാ..? നിനക്കെന്താ വേണ്ടത്?”
“എനിക്ക് തല്ലു കൂടാൻ പഠിക്കണം.”
“എന്താ…?”
“ഞാൻ പലയിടത്തും വച്ച് കണ്ടിട്ടുണ്ട് അങ്ങുന്നിനെ. മുചിരിയിൽ വച്ച്, കല്ലിക്കോട്ട വച്ച്, മധുര വച്ച്… ഞാൻ ഒരു വണ്ടിക്കാരന്റെ ശിങ്കിടി ആയിരുന്നു. കാളയെ കഴുകാനും, വൈക്കോൽ കൊടുക്കാനും ഒക്കെയായിരുന്നു എന്നെ കൂടെ കൂട്ടിയിരുന്നത്. എന്തോരം പെണ്ണുങ്ങളെ അയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നോ… യാത്രയ്ക്കിടയിൽ പെണ്ണുങ്ങളെ കിട്ടാതെ വരുമ്പോൾ അയാൾ എന്നെ…”
“ഓ മനസിലായി.”
“എനിക്കയാളെ തല്ലണം. എന്റെ കഴുത്ത് മുറുക്കിയ വിരലുകളെ ഒടിക്കണം. അരുതെന്ന് പലതവണ പറഞ്ഞിട്ടും കേൾക്കാതെ നോവിപ്പിച്ച പലതും എനിക്ക് ചതയ്ക്കണം.”
“അതിനാണ് നീ വന്നതെങ്കിൽ, കാര്യമില്ലെടാ ചെക്കാ… ഞാൻ തല്ലുകൂടൽ നിർത്തി. നീയൊരു കാര്യം ചെയ്യ്.. ഇവിടന്നു തെക്കോട്ട് കുറച്ച് നടന്നാൽ നീ കടൽത്തീരത്തെത്തും. അവിടെ വിളക്ക് ഗോപുരത്തിന്റെ ചുവട്ടിലൊരു കൊല്ലനുണ്ട്. മീൻപിടിത്തക്കാർക്ക് കത്തി വിൽക്കുന്നയാളാ. അയാളോട് ചോദിച്ചാൽ അരയിലൊളിപ്പിക്കാൻ പറ്റുന്ന വലുപ്പത്തിൽ ചെറിയ മടക്കുകത്തി ഉണ്ടാക്കിത്തരും. അതും അരയിൽ തിരുകി അങ്ങ് ചെല്ല്. രാത്രി അയാളുറങ്ങിക്കെടക്കുമ്പോ കഴുത്ത് മുറിച്ചങ്ങു കൊന്നേക്ക്.”
“അത് പോര. ഞാനാണിത് ചെയ്യുന്നതെന്ന് അയാൾ അറിയണം. എന്നോട് അയാൾ തോൽക്കണം. കൊല്ലണം എന്നെനിക്കില്ല.. പക്ഷെ തല്ലിനിടയിൽ അതാണ് വേണ്ടതെന്നു വന്നാൽ.. പക്ഷെ അയാളറിയാണം. ഞാനാണ് അയാളെ തോൽപിച്ചതെന്ന്.”
“എങ്കിൽ നീ വേറെ ആരെയെങ്കിലും കണ്ട് പിടിക്ക്. വല്ല കളരിക്കാരെ എങ്ങാനും. ഞാൻ തല്ലുകൂടാറില്ല.”
ശത്രുവിന്റെ മുഖം താഴ്ന്നു. അവൻ എന്ത് പറയണം എന്നറിയാതെ നിലത്തേക്കു നോക്കി നിന്നു.
“എന്തായാലും ഇത്രയും ദൂരം വന്നതല്ലേ… ഇന്നിവിടെ കിടന്നിട്ട് രാവിലെ പോയാൽ മതി. വീടിന്റെ തിണ്ണയിൽ ഒരു പായ വിരിച്ചു തരാം.”
രാത്രിയിൽ ഒരിലയനക്കം കേട്ട് ശത്രുഘ്നൻ കണ്ണു തുറന്നു. ഇരുളിലൂടെ രണ്ടുപേർ മരച്ചുവട്ടിലേക്ക് പോകുന്നുണ്ട്. ഒരാളുടെ കയ്യിലൊരു കയറും, മറ്റേയാളുടെ കയ്യിൽ വടിയുമുണ്ട്. മിത്രൻ നല്ല ഉറക്കമാണ്.
“ആരെടാ അവിടെ?” ശത്രുഘ്നൻ ഉറക്കെ വിളിച്ചു. രണ്ടുപേരെ നേരിടാൻ കരുത്തുണ്ടായിട്ടല്ല, മിത്രനെ ഉണർത്തുക എന്നത് മാത്രമാണുദ്ദേശം.
മിത്രൻ കണ്ണു തുറന്നു; മനസിന് പ്രതികരിക്കാനാവുന്നതിനു മുൻപേ ശരീരം പ്രതികരിച്ചു. തിരുനെറ്റിക്ക് നേരെ ഓങ്ങിയ വടി അയാൾ ഇടം കൈകൊണ്ട് പിടിച്ചു. ഇരുളിലെ അപരിചിതന്റെ നെഞ്ചിൽ ചവിട്ടി. അയാൾ നിലത്തു വീണു. നിലത്തിരുന്ന് അയാൾ കയ്യിലെ പൊടിതട്ടി. മിത്രന്റെ നടുവിലൂടെ ഒരു തണുത്ത മിന്നൽ പാഞ്ഞു. നിലത്തിരിക്കുന്നവന് തഞ്ചാവൂരിലെ പാട്ടുകാരന്റെ ഛായയുണ്ടോ? ഉള്ളംകൈ വിയർക്കുന്നുണ്ടോ? ചലനമറ്റു നിന്ന മിത്രന്റെ മുഖത്ത് അയാളുടെ വടി പതിഞ്ഞു. മിത്രൻ നിലത്ത് വീണു. പുറത്തു പറയാനാവാത്ത വേദന കനലായി എരിഞ്ഞ് കണ്ണിൽ തീപറക്കുന്ന ഒരു തമിഴ്പെണ്ണിന്റെ നോട്ടം. ദേഹമാസകലം പതിയുന്ന അടികൾ അയാളുടെ മനസ്സറിഞ്ഞില്ല. ശത്രുഘ്നൻ രക്ഷയ്ക്കായി ഓടിവന്നു. അവന്റെ കഴുത്തിൽ രണ്ടാമൻ കയറെറിഞ്ഞു കുറുക്കി. അവൻ നിലത്തു വീണു പിടഞ്ഞു.
“മിത്രനങ്ങുന്നേ… എഴുന്നേൽക്ക്…”
മിത്രൻ അനങ്ങിയില്ല. അവൻ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചു നിലവിളിക്കുന്നവന്റെ ശബ്ദം ആ കാതുകളിൽ കേട്ടില്ല. ഒരു തമിഴ്പെണ്ണ് പറയാതെ പറഞ്ഞ ശാപവാക്കുകൾ മാത്രം ചെവിയിൽ. മധുരഗാനം മൊഴിഞ്ഞ ചുണ്ടുകളിൽ അരിച്ചു നീങ്ങിയ ഈച്ചകൾ മാത്രം കണ്ണിൽ. ചെയ്യാത്ത പാപത്തിൽ നിന്നെന്താണ് ശാപമോക്ഷം?
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ