സിലിഗുരി ഒരു കൊച്ചു സ്റ്റേഷനാണ്. പക്ഷെ ഇന്ത്യയിൽ ഞാൻ പോയിട്ടുള്ള ഇടങ്ങളിലൊന്നും കാണാത്ത ഒരു കാഴ്ച അവിടെ കണ്ടു. പുറത്തേക്കിറങ്ങാനുള്ള ഒരേ ഒരു വാതിലിനു കുറുകെ ഒരുദ്യോഗസ്ഥൻ നിന്ന് എല്ലാവരുടെയും ടിക്കറ്റുകൾ പരിശോധിക്കുന്നു.ചെമ്പൻ മുടിയും കയ്യിൽ ഭാണ്ഡക്കെട്ടുമുള്ള ചിലർ പതറുന്നുണ്ടായിരുന്നു; ചിലരുടെ കയ്യിൽ പേപ്പർ കൊണ്ടുള്ള ടിക്കറ്റുകൾ, അവർക്കിടയിൽ മൊബൈൽ ഫോണിൽ ടിക്കറ്റ് പരത്തുന്ന ഞാനൊരു അന്യഗ്രഹജീവിയെപ്പോലെയാണെന്ന് എനിക്കു തോന്നി. കൊച്ചുവേളി സ്റ്റേഷനിലും, എറണാകുളത്തും മാത്രം കണ്ടിട്ടില്ലാത്ത ആ കലാരൂപം ഇവിടെയും അരങ്ങേറി. വലിയ ബാഗും കയ്യിൽ പിടിച്ചു പുറത്തേക്കു വന്ന എല്ലാവരെയും റിക്ഷക്കാർ, ടാക്സിക്കാർ, ബസിലെ കിളികൾ എന്നിവർ പൊതിഞ്ഞു. അലസമായ ഭാവത്തിൽ കുച്ച് നഹി ചാഹിയെ എന്ന് പറഞ്ഞു നടന്നു പോയാൽ പിന്നാലെയവർ വരില്ല എന്ന വിദ്യ ഞാൻ പണ്ടേ മനസിലാക്കിയിരുന്നു. ഒരു സംഭാഷണത്തിലേക്ക് നയിക്കുന്ന എന്തെങ്കിലും നാവിൽ നിന്ന് വീണുപോയാൽ, അവർ പുറകെ കൂടും. നമ്മുടെ ചിന്താഗതി മാറ്റാനാവും എന്ന ആത്മവിശ്വാസമോ, ഒരു ട്രിപ്പ് കിട്ടിയാൽ അതായി എന്ന ചിന്തയോ അവരെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കും. കൂട്ടത്തിലെ ഹിന്ദി അറിയാവുന്ന കുറച്ചുപേർക്ക് അതു നേരിടേണ്ടി വന്നു. ഹർഷദ് പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു, എപ്പോഴത്തെയും പോലെ അൽപം ആശങ്ക കലർന്ന ഊർജസ്വലതയോടെ. റെയിൽവേ സ്റ്റേഷനു പുറത്തെ പേ ആൻഡ് യൂസ് ടോയ്ലെറ്റിൽ കുറച്ചുപേർ പോയി വന്നു, മറ്റുള്ളവർ അവരുടെ ബാഗിന് കാവലിരുന്നു. കുറച്ചു സമയം കഴിഞ്ഞ് പുൽമേടുകളിലൂടെ നടക്കുന്ന വിൽഡെബീസ്റ്റുകളെപ്പോലെ കൂട്ടമായി ബസിലേക്ക് നടന്നു. ടാക്സികളുടെ താക്കോലും കയ്യിൽപിടിച്ചു കുറച്ചു കഴുതപ്പുലികൾ (അതോ സിംഹക്കൂട്ടമോ) നോക്കി നിന്നെങ്കിലും, ആരും മുന്നോട്ട് കുതിച്ചില്ല. 25 പേർക്കിരിക്കാവുന്ന ബസ്; പിൻവരിയിലും സീറ്റുകൾക്ക് മുകളിലെ റാക്കുകളിലും നിറയെ ബാഗുകൾ നിറച്ചിരുന്നു. പുറത്തു ജനലിനു മുന്നിൽ നടന്നെത്തിയ ചായക്കാരനിൽ നിന്ന് എല്ലാവരും ഓരോ കട്ടൻചായ വാങ്ങി. അതിനിടയിൽ കീറിത്തുടങ്ങിയ വസ്ത്രങ്ങളിട്ട ഒരു പ്രായമായ ഒരു സ്ത്രീ വണ്ടിയിൽ കയറി. സിലിഗുരി ഗാങ്ടോക്ക് ബോർഡ് കണ്ടു കേറിയതാണോ എന്ന് ഞാൻ സംശയിച്ചു. ഇവിടുത്തെ ബസുകളിൽ എങ്ങോട്ടാണ് യാത്ര എന്നതിനാണ് മുന്നിലെ കണ്ണാടിയിൽ പ്രാമുഖ്യം. സിലിഗുരി ഗാങ്ടോക്ക് എന്ന് തിരുനെറ്റിയിൽ എഴുതിയതിന് നടുവിൽ ചെറിയ അക്ഷരങ്ങളിൽ യാത്രാകമ്പനിയുടെ പേരുണ്ടാവും. പക്ഷെ ഈ കയറിയത് യാത്രക്കാരിയായിരുന്നില്ല. പണത്തിനു പകരം അനുഗ്രഹം തരാൻ കയറിയ ദരിദ്രയായ ഒരു ദേവിയായിരുന്നു. പണക്കാരായ ദൈവങ്ങളുടെ അനുഗ്രഹത്തിനായി അങ്ങോട്ടു പോകേണ്ടി വരുമ്പോൾ, ദരിദ്ര ദേവതകൾ അനുഗ്രഹങ്ങളുടെ ഇടനിലക്കാരായി ഇങ്ങോട്ടു കൈനീട്ടുന്നു.
തിരക്കുള്ള സിലിഗുരി നഗരത്തിലെ ഇടുങ്ങിയ റോഡിലെ തിരക്കിലൂടെ ബസ് മുരണ്ടുകൊണ്ട് നീങ്ങി. ഇടയ്ക്ക് ടയറുകടകളുടെയും മെക്കാനിക്കൽ കടകളുടെയും മുന്നിൽ നിർത്തി ചരക്കു കയറ്റുന്നുണ്ടായിരുന്നു. ഗാങ്ടോക്കിൽ വളരെ ആവശ്യമുള്ളതും അടിവാരത്തു മാത്രം കിട്ടുന്നതുമായ സാധനങ്ങളാവും എന്ന് ഞാൻ ഊഹിച്ചു. ഒന്നു രണ്ടു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ മലയുടെ ചുവട്ടിലെത്തി. തീസ്റ്റ നദി വളരെ മെലിഞ്ഞൊഴുകുന്നതു കാണാമായിരുന്നു. മഞ്ഞു നാട്ടിൽ നിന്നാരംഭിക്കുന്ന നദികളിലൊന്നു നേർത്ത് നേർത്ത് ഒഴുകുന്നത് എനിക്കൊരത്ഭുദമായി തോന്നി. പണ്ടെങ്ങോ വായിച്ചതോർത്തു, “ഇന്ത്യയിൽ ഏറ്റവും വേഗത്തിലൊഴുകുന്ന നദി-തീസ്റ്റ” വേഗത്തിലെന്നല്ല, ഒഴുകാൻപോലും വെള്ളമില്ലലോ ഇതിൽ. ആ സംശയം വളരെ വേഗം ദൂരീകരിക്കപ്പെട്ടു. ഒന്ന് രണ്ടു വളവുകൾക്കപ്പുറം ഏറ്റവും വേഗത്തിലൊഴുകുന്ന നദിയെ തടഞ്ഞു നിൽക്കുന്ന ജലവൈദ്യുത പദ്ധതിക്കായുള്ള ഡാം കണ്ടു. നദിക്കഭിമുഖമായി ബസിൻ്റെ ഇടതുവശം ചേർന്നുള്ള ജനാലയോട് ചേർന്നായിരുന്നു ഞാനിരുന്നത്. എനിക്ക് നേരെയുള്ള വലതുവശത്തെ സീറ്റിൽ കൂട്ടത്തിലെ ഛായാഗ്രാഹക നമ്രതയും, കൂട്ടത്തിലെ ഊർജസ്വലനും തമാശക്കാരനുമായ ഗോവിന്ദും ഇരിക്കുന്നുണ്ടായിരുന്നു. ഗോവിന്ദ് പലപ്പോളും ധ്യാൻ ശ്രീനിവാസനെ അനുസ്മരിപ്പിച്ചു. ഓരോ വളവുതിരിയുമ്പോഴും തീസ്റ്റ മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.ചെറിയ എത്തിനോട്ടങ്ങളെ തൻ്റെ ഗൂഗിൾ പിക്സൽ ക്യാമറയിൽ പകർത്താൻ നമ്രത ഇടയ്ക്കിടെ എഴുന്നേറ്റു. ഇടയ്ക്ക്, മഞ്ഞും മേഘക്കൂട്ടങ്ങളും സന്ധ്യാകാശവും ചുവന്ന സൂര്യനും ചേർന്ന് വരച്ച ഒരു നല്ല ചിത്രം പകർത്തി. നിരന്തരം ശ്രമിച്ചിട്ടും തീസ്റ്റ തൻ്റെ വളവുകളെ മരച്ചാർത്തുകൾ കൊണ്ടു മറച്ചുപിടിച്ചു. ശ്രമം ഉപേക്ഷിച്ച് അവൾ സീറ്റിലേക്ക് തിരിച്ചു പോയി. അത്ഭുതമെന്നു പറയട്ടെ, രണ്ടു മലനിരകൾക്കുള്ളിലെ വിടവും, അതിലൂടെയൊഴുകുന്ന ഹിമാനിയുടെ സ്വേദനവുമായി തൻ്റെ ആകാരവടിവുകളുടെ നിർലജ്ജമായ പ്രദർശനത്തോടെ തീസ്റ്റ വീണ്ടും പ്രത്യക്ഷപ്പെട്ടു. ചെറിയൊരു കളിയാക്കലോടെ ഞാൻ ഛായാഗ്രാഹകയെ നോക്കി. അവൾ ഗോവിന്ദിൻ്റെ ചുമലിലേക്ക് ചാഞ്ഞു കഴിഞ്ഞിരുന്നു. അവൻ്റെ സ്വെറ്ററിൻ്റെ കൈകളിൽ അവളുടെ കൈകൾ മുറുക്കെ പിടിച്ചിരിക്കുന്നു. ഞാൻ എന്നെപ്പറ്റിച്ചേർന്നു ഫ്ളാറ്റിലെ സോഫയിൽ ഇരിക്കാറുള്ളവളെ ഓർത്തു. വഴിയരികിൽ അമിതവേഗം അപകടമെന്നറിയിക്കാൻ തകർന്ന ഒരു കാറും, അതിനുള്ളിലൊരു അപകടത്തിൽപ്പെട്ട മനുഷ്യൻ്റെ പ്രതീകമായൊരു പ്രതിമയും പ്രതിമകളേക്കാൾ നിശ്ചലമായ കുറച്ചു കുരങ്ങന്മാരെയും കണ്ടു. തണുപ്പിൽ നിന്ന് രക്ഷപെടാൻ അവർക്കെല്ലാം പ്രകൃതി തന്നെ കട്ടിപ്പുതപ്പുകൾ കൊടുത്തിരിക്കുന്നു. ബാംഗ്ലൂരിലും നാട്ടിലും കണ്ടിട്ടുള്ള അക്രമാസക്തരായ കുരങ്ങന്മാരാണിവർ എന്ന് തോന്നുന്നില്ല. ഒരുപക്ഷെ ആഹാരത്തിനും പാർപ്പിടത്തിനും മനുഷ്യരോട് മത്സരിക്കേണ്ടി വരാത്തതു കൊണ്ടാവും.
ഇരുട്ടു വീണു. ബസിനുള്ളിൽ ലൈറ്റ് തെളിയിച്ചിരുന്നില്ല.യാത്രാക്ഷീണമോ, മടുപ്പോ.. ഷഹീന എന്ന വെമ്പായംകാരിയുടെ ഹെഡ്സെറ്റ് കടം വാങ്ങി ഹിന്ദി സൂഫി ഗാനങ്ങൾ കേട്ട് ഞാൻ കണ്ണടച്ചിരുന്നു. പാതി മയക്കത്തിൽ എനിക്ക് പാട്ടുകൾ കേൾക്കാം.. അടഞ്ഞ കണ്ണുകളിൽ വെളിച്ചം മിന്നിമായുന്നതറിയാം. ബസ് മുകളിലേക്കാണ് കയറുന്നതെന്നും അറിയുന്നുണ്ട്. ദൈവീക സംഗീതം കേട്ടു മുകളിലേക്കുയരുക, ഇരുട്ടിൽ വെളിച്ചം തെളിഞ്ഞു വരിക.. ഇതാണോ യുധിഷ്ഠിരന് മഹാപ്രസ്ഥാനത്തിൽ തോന്നിയത്? മോക്ഷോന്മാദം ഉള്ളിൽ നിറഞ്ഞു കരഞ്ഞുപോകുമെന്നു തോന്നി; കണ്ണ് തുറന്നു. പുറത്ത് ഇരുട്ടാണിപ്പോൾ. അമാവാസിനാളിലെ നക്ഷത്രങ്ങൾ പോലെ മലനിരകളിൽ കുഞ്ഞു വെളിച്ചങ്ങൾ. പതിനായിരം മകരജ്യോതികൾ. കൂടുതൽ നോക്കുന്തോറും എണ്ണം കൂടിക്കൂടി വരുന്നവ. കണ്ണിൻ്റെ ശ്രദ്ധ വിദൂരതയിൽ നിന്ന് അടുക്കലേക്ക് കൊണ്ടുവരുമ്പോൾ, ജനൽപാളികളിൽ ജലകണങ്ങൾ. അവയിലും പ്രകാശം തട്ടുമ്പോൾ കുഞ്ഞുനക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളും, മനുഷ്യനിർമിത വെളിച്ചങ്ങളും ചെറുജലകണങ്ങളും എല്ലാം തുല്യം. പുറത്തു ചെറിയ മഴപെയ്യുന്നുണ്ട്.. കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് ടയർ കയറുമ്പോൾ റോഡിലേക്ക് വെളിച്ചം വാരി വിതറുന്ന പോലെ തെറിച്ചു വീഴുന്ന കാണാം. ദീപാവലിക്ക് കൊളുത്തുന്ന തറച്ചക്രങ്ങൾ പോലെയോ, ലോഹങ്ങൾ ചേർത്തോട്ടിക്കുന്ന കടകളിൽ തീപ്പൊരി ചിതറുന്ന പോലെയോ തോന്നും.. ഹോസ്റ്റലിലെത്തി എല്ലാം ഒന്നൊതുങ്ങിയിട്ട് വിളിക്കാം എന്നമ്മയോട് പറഞ്ഞിരുന്നു. പത്തു മണി കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് അമ്മ ഇങ്ങോട്ടു വിളിച്ചു. അപ്പോഴാണ് ഗൂഗിൾ മാപ് എടുത്ത് ഇനിയെത്ര ദൂരം ബാക്കിയുണ്ട് എന്ന് നോക്കിയത്. ഒന്നര കിലോമീറ്റർ മാത്രം. പക്ഷെ ബസിനുള്ളിൽ ഒരു ചെറിയ അനക്കം കേൾക്കാം… മുന്നിലേക്ക് നോക്കിയപ്പോൾ റോഡ് പൊളിഞ്ഞു കിടക്കുകയാണ്, മലനിരകളിൽ മണ്ണിടിച്ചിലുണ്ടാവാറുണ്ട് എന്ന് സൂരജ് പണ്ട് പറഞ്ഞതോർത്തു. എന്തെങ്കിലും പറ്റിപ്പോയാൽ.. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അവളോടൊന്നു വൃത്തിയായി സംസാരിച്ചിട്ടു പോലുമില്ല. അവസാനം സംസാരിച്ചത് പിണക്കമായിപ്പോവുമല്ലോ! ബസിൻ്റെ ടയറിനു മുകളിലെ സീറ്റ് ആയിരുന്നു എന്റേത്. നേരെ താഴേക്ക് നോക്കിയാൽ കാണുന്നത്, റോഡ് പൊളിഞ്ഞു താഴേക്ക് ഒരു ഗർത്തം മാത്രമാണ്, മുന്നിൽ മൺകൂനകൾ. “ദേ മുന്നിലോട്ട് റോഡ് ഒന്നും ഇല്ല.. അയാളോട് പോണ്ട എന്ന് പറ..” എന്ന് പലരും ബസിലിരുന്നു പറയുന്നതു കേൾക്കാം. ഞാൻ മുന്നിലേക്ക് നോക്കി. വെളിച്ചം ഇരുട്ടിലേക്ക് പോയി അവസാനിക്കുന്നു. തൊട്ടുമുന്നിലെ മണ്ണല്ലാതെ ഒന്നും കാണാനില്ല. ഡ്രൈവർ ആരെയോ വിളിക്കുന്നുണ്ട്. കുട്ടികൾ കൂടുതൽ കൂടുതൽ പേടിച്ചുതുടങ്ങി. ബസ് മുന്നോട്ട് തന്നെ പോവുകയാണ്. ഹർഷദിന് കുലുക്കമില്ല. ഗൂഗിൾ മാപ് മുന്നോട്ട് തന്നെ കാണിക്കുന്നു. തൊട്ടടുത്താണ് ലക്ഷ്യസ്ഥാനം. ഇറങ്ങി നടക്കാവുന്ന ദൂരമാണോ? അതാണോ കൂടുതൽ സുരക്ഷിതം? തകർന്ന റോഡിൽ ഒരു കയറ്റം തുടങ്ങി. ഒരു വളവും. എന്താണ് ആ ഡ്രൈവറിനെ മുന്നോട്ട് നയിക്കുന്നത്? ധൈര്യം? ആത്മവിശ്വാസം? അറിവില്ലായ്മ? ദൈവവിശ്വാസം? വളവിനപ്പുറം റോഡിൽ ടാർ കണ്ടു. ഓരത്തു നിർത്തിയിട്ട കാറുകളും. ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു.
വളരെ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന ഒരു കുഞ്ഞു ഗേറ്റിനു താഴേക്ക് പത്തെൺപതു പടികൾ ഇരുട്ടിലേക്ക് ആണ്ടു പോകുന്നു. അതിനു താഴെയാണ് ടാഗലോങ്ങ് ഹോസ്റ്റൽ. ഈ ഇരുട്ടിലും ചെറിയ മഴയിലും തങ്ങളേക്കാൾ വലിപ്പമുള്ള പെട്ടികളുമായി കുട്ടികൾ എങ്ങനെ നടന്നിറങ്ങും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ഹർഷദ് എല്ലാവരോടുമായി പറഞ്ഞത്.. “ലഗ്ഗേജ് എല്ലാം താഴെ എത്തിക്കാം.. ചെറിയ ഹാൻഡ്ബാഗുകൾ എടുത്തോളൂ” കുട്ടികൾ ഇരുട്ടിലേക്കാഴ്ന്നു. പുറത്തിറങ്ങി ചുറ്റും നോക്കി നിൽകുമ്പോൾ ഹോസ്റ്റലിൽ ജോലി ചെയ്യുന്ന ഒരാൾ, (സഞ്ജയ് എന്നാണ് അവൻ്റെ പേരെന്ന് പിന്നീട് ഞാൻ ചോദിച്ചറിഞ്ഞു.) അടുത്തേക്ക് വന്നു. ബാഗുകൾ എടുത്ത് വെക്കാൻ വന്നതാണിവൻ. ടാഗലോങ് ഒരു ‘ബാക്ക്പാക്കർസ് ഹോസ്റ്റൽ’ ആണ്. താമസക്കാരല്ല, യാത്രക്കാരാണ് ഇവിടുത്തെ അതിഥികൾ. വലിയ പെട്ടികളും ചെറിയ മനസുമില്ലാത്തവർ. അവർ മനസിലെ ഭാരമൊഴിക്കുന്നതിനായി ചുമലിൽ യാത്രാഭാരം തൂക്കി മലകൾ കയറുന്നു, കാടുകൾ താണ്ടുന്നു; അത്തരക്കാർക്ക് തലചായ്ക്കാനും എന്തെങ്കിലും കഴിക്കാനും ഒരു താൽകാലിക ഇടം. അത്രയുമേയുള്ളൂ ടാഗലോങ്.ഇവിടെ ആ കാര്യത്തിൻ്റെ പ്രസക്തി, ബാഗ് എടുത്തു പോകാനൊന്നും പ്രത്യേകിച്ച് ആൾകാരില്ല. അടുക്കളയിലെ ആൾക്കാരും, ടാഗലോങിൻ്റെ മറ്റൊരു ശിഖരത്തിലെ പണിക്കാരും ഒക്കെയായി വന്നിരിക്കുകയാണ്. ബാഗൊന്നിന് അമ്പതുരൂപ വച്ച് താഴേക്കിറക്കിത്തരാം എന്ന് സഞ്ജയ് എന്നോട് പറഞ്ഞു. പുത്തൻപുരയ്ക്കൽ അനന്തൻ തമ്പിയായാലോ എന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷെ തണുപ്പും മഴയും അറുപതുപടികളും ഇരുട്ടും ഇതൊന്നും പോരാതെ 30 പെട്ടികളും. ഇത് ആളാവാനും അഹങ്കാരം കാണിക്കാനുമുള്ള സമയമല്ല. സംയമനം. ഞാനെൻ്റെ ബാഗെടുത്തു, കയ്യിൽ പിടിക്കാവുന്ന രണ്ടു ബാഗുകളും. ഒന്ന് മുന്നിലുമെടുത്താലോ എന്നോർത്തു, പക്ഷെ പിന്നെ മുന്നിലെ പടി കാണാൻ വയ്യാതെയാവും. അപകടം വിളിച്ചുവരുത്തണ്ട എന്ന് തീരുമാനിച്ച്, സൂക്ഷിച്ചു പടിയിറങ്ങാൻ തുടങ്ങി. പായലുണ്ടായിരുന്നില്ല, നനവുണ്ടായിരുന്നു; വെളിച്ചമുണ്ടായിരുന്നില്ല, തണുപ്പുണ്ടായിരുന്നു.ആഹ്ളാദമുണ്ടായിരുന്നില്ല ആശങ്കയുണ്ടായിരുന്നു.
ഇതെഴുതുമ്പോൾ ഞാനീ കെട്ടിടത്തിൻ്റെ കോമൺ ഏരിയയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. മഴ പെയ്യുന്നുണ്ട്. സഹയാത്രികളെല്ലാം നഗരത്തിൽ പല ഭാഗങ്ങളിൽ പോയിരിക്കുകയാണ്. ഞാനും ഹർഷദും ഇവിടെ വൃത്തിയാക്കാൻ നിൽക്കുന്ന ബിനീതയും മാത്രമേ ഇവിടെയുള്ളൂ. കാഞ്ചി എന്ന പട്ടി തണുപ്പിൽ ചെറിയ വിറയലോടെ കോമൺ ഏരിയയിലെ സോഫയിൽ കിടക്കുന്നുണ്ട്. 21 ഡിഗ്രി. ഒരു മണിക്കൂർ മുൻപ് എഴുതിത്തുടങ്ങുന്ന സമയത്ത് ദൂരെ ചാരനിരത്തിൽ പടിഞ്ഞാറെയാകാശത്ത് പർവതങ്ങളുടെ രേഖാരൂപം കാണാമായിരുന്നു. അതിൽ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചതുപോലെ തോന്നുന്ന വീടുകളും. മഴയ്ക്ക് ശക്തികൂടി വന്നു. പർവ്വതങ്ങളിൽ നിന്ന് മഞ്ഞിറങ്ങി വന്നു. കാർമേഘമേത്, കോടമഞ്ഞേത്, മലനിരകളേത്, ഇരുണ്ട ആകാശമേത് എന്നറിയാനാവാത്ത വിധം എല്ലാം ഒരേ നിറമായി മാറി. അവസാനമെഴുതിയ രണ്ടു വരികളെഴുതുന്നതിനിടെ തലയുയർത്തിയപ്പോൾ വീണ്ടും മലനിരകൾ കാണാം, കാർമേഘം മൂടിയ ആകാശം കാണാം. മലയുടേതോ ആകാശത്തിന്റേതോ എന്നറിയാതെ അലയുന്ന കോടമഞ്ഞിനേയും വേർതിരിച്ചറിയാം. മഴ കാതുകളിൽ മാത്രം, കണ്ണുകളില്ല. ഈ മലഞ്ചെരിവ്വ് ഇങ്ങനെയാണ്, തണുപ്പിൻ്റെ തിരശീലയിൽ പ്രകൃതി നാടകം കളിച്ചുകൊണ്ടേയിരിക്കും. രംഗങ്ങൾ മാറും, കഥാപാത്രങ്ങൾ വന്നുപോകും. കാഴ്ചക്കാരൻ അശക്തനാണ്, അവൻ അർത്ഥങ്ങളും ആസ്വാദനവും തേടിക്കൊണ്ടിരിക്കും.
അവർ കൊണ്ടുവന്ന ബാഗുകൾ എണ്ണിവെക്കുന്നതിനിടെ അകത്തേക്ക് നോക്കിയപ്പോൾ പ്രജിത മാം അകത്തു തനിച്ചിരിക്കുന്ന കണ്ടു. ഡൽഹിയിലായിരുന്നപ്പോൾ ഒരു ദിവസം വൈകിയാണ് മാം വന്നത്. ഭരത് ബാഗെടുത്തുവെയ്ക്കാൻ സഹായിക്കുന്ന കണ്ടപ്പോൾ ഏതോ വൈകിവന്ന സഹപാഠിയാണെന്നാണ് കരുതിയത്. ടീച്ചർ ആണെന്നറിഞ്ഞപ്പോൾ ചെറിയ ഞെട്ടലുണ്ടായി. ആർക്കിടെക്റ്റുകൾ ചെറിയ പ്രായത്തിൽ അധ്യാപകരാവുന്നത് സ്വാഭാവികമാണ്. സിദ്ധാർത്ഥിൻ്റെ കോളേജിൽ ഞങ്ങളെക്കാൾ മൂന്നോ നാലോ വയസു മാത്രം പ്രായമുള്ളവർ അധ്യാപകരായി വന്നിട്ടുണ്ട്. പ്രജിത മാമിനോട് ട്രെയിനിലിരുന്നപ്പോൾ ഉനോ കളിക്കുന്നതിനിടെ സംസാരിച്ചിരുന്നു. കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് ആരോടും സംസാരിക്കുന്നതിന് ഇല്ലാതിരുന്ന അപകർഷതാബോധം, ടൂർ ഓപ്പറേറ്റർ ആയി പ്രവർത്തിക്കുമ്പോളുണ്ട്, എന്ന് തിരിച്ചറിഞ്ഞതപ്പോഴാണ്. ശീർഷകങ്ങൾ നൽകുന്ന ആത്മവിശ്വാസം? ഉള്ളിൽ അലിഞ്ഞു ചേർന്നു പോയ മേൽ-കീഴ് വ്യതാസങ്ങൾ?
“ഏയ് എനിക്കെന്താ പ്രശ്നം? അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.. ഞാൻ ഇടപെടുന്നൊന്നുല്യ” എന്ന് പറഞ്ഞു.
പ്രശ്നം പരിഹരിക്കാനായി ഞാൻ മുകളിലേക്ക് കയറി. ഇതിനിടെ സ്വന്തം പെട്ടികൾ എല്ലാവരും കൈക്കലാക്കിയിരുന്നു. മുകളിൽ കോമൺ ഏരിയയിൽ ആൾക്കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു. സാഹചര്യം മുഴുവനായി നോക്കി മനസിലാവുന്നതിനു മുൻപ്, കനം കുറഞ്ഞു തുടങ്ങിയ മുടിയും. മെലിഞ്ഞ ശരീരവും, ഈ കാലാവസ്ഥയ്ക്ക് ഒരുകാരണവശാലും യോജിക്കാത്ത അയഞ്ഞ ഒരു ബനിയനുമായി ഒരാൾ അടുത്തേക്ക് വന്നു. മലയാളത്തിൽ സംസാരിച്ചു തുടങ്ങി. ദിനേശ് എന്ന തമിഴ്നാട്ടുകാരനായ യാത്രക്കാരനാണ് അയാൾ. ടാഗലോങ്-ൻ്റെ 1.0 എന്ന മറ്റൊരു ശിഖരത്തിൻ്റെ നടത്തിപ്പുകാരനാണ് അവൻ. ബിയറിൻ്റെ ചെറിയ മണം വമിക്കുന്നുണ്ടായിരുന്നു ദിനേശിൽ നിന്ന്. സ്വന്തം ജോലികളെല്ലാം കഴിഞ്ഞു രണ്ടെണ്ണം അടിച്ചു സൈഡ് ആവാൻ നിന്നവനെ മലയാളികളെ മാനേജ് ചെയ്യാനായി വിളിച്ചുകൊണ്ടു വന്നതാണെന്ന് എനിക്ക് മനസിലായി. “ആള് നല്ല ഫിറ്റാ” എന്ന് നിമ്മി ബെന്നി പറഞ്ഞു. കൂടെ വന്ന എല്ലാവരെയും ഒന്ന് വിളിക്കുമോ എന്ന് ദിനേശ് ചോദിച്ചു. എല്ലാവരും കോമൺ ഏരിയയിലെത്തി. ആൾക്കാരെ എവിടെയൊക്കെ കിടത്താം എന്നത് എഴുതിയ ഒരു പേപ്പറുമായി ദിനേശ് ചർച്ച ഏറ്റെടുത്തു. ഓരോ മുറിയിലുള്ളവരെ ഒരുമിച്ചു മാറ്റിയും തിരിച്ചുമിരുത്തി. ആതിര ആൺകുട്ടികളുടെ മുറിയിൽ കിടക്കാമെന്നും, എനിക്കും ഹർഷദിനും തട്ടിലെ കോമൺ ഏരിയയിൽ കിടക്കയിട്ടുതരാമെന്നും പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെട്ടു. ബാൽക്കണിയിലെ കോമൺ ഏരിയയിൽ സ്വൈര്യവിഹാരം നടത്തുന്ന പട്ടികളെ ചിലർക്കിഷ്ടമായില്ല. ഈ നിസാര കാര്യത്തിനാണോ വിളിച്ചു കൂട്ടി ചെസ്സ് കളിക്കുന്ന പോലെ ആലോചിച്ചത് എന്നും ചിലർ പിറുപിറുക്കുന്നുണ്ടായിരുന്നു. യാത്രക്കാർക്ക് വേണ്ടിയുള്ള ഹോസ്റ്റലിൽ വന്ന് ഉപഭോക്താക്കളുടെ വിശേഷാധികാരത്തോടെ സംസാരിച്ച ചിലരോട് എനിക്ക് ചെറിയ ദേഷ്യം തോന്നി. നിമ്മിയോട് ഞാൻ ദിനേശിനെ ന്യായീകരിക്കാൻ ശ്രമിച്ചു, “പുള്ളിയുടെ ജോലിയല്ല ഇത്, രണ്ടെണ്ണം അടിച്ചു സൈഡ് ആവാൻ നിന്നവനെ മലയാളികളെ മാനേജ് ചെയ്യാനായി വിളിച്ചുകൊണ്ടു വന്നതാ” എന്ന് ഞാൻ പറഞ്ഞു. ആ മെലിഞ്ഞ മനുഷ്യനോട് അനുകമ്പയും സഹതാപവും സ്നേഹവും തോന്നി. അത്രയും നേരം കോമൺ ഏരിയയിൽ ഒരു ഗിറ്റാറും സിഗരറ്റുമായിരുന്ന മുടി നീട്ടി വളർത്തിയ സുന്ദരനായ ചെറുപ്പക്കാരൻ എഴുന്നേറ്റു.
“Hi guys, I'm Amith. Your host..”
ഇത്രയും നേരം അനങ്ങാത്ത താനാണോ ഹോസ്റ്റ്? പിള്ളേരുടെ വെറുപ്പും വാങ്ങി ഇല്ലാത്ത ബോധം കഷ്ടപ്പെട്ടുണ്ടാക്കിയ ദിനേശ് അല്ലെ?
അമിത് പാലിക്കേണ്ട കുറച്ചു നിയമങ്ങൾ പറഞ്ഞു, ചുറ്റുമുള്ള ആൾക്കാർക്ക് ശല്യമുണ്ടാക്കരുത്, രാത്രി ഒരുപാട് ഒച്ചപ്പാടുണ്ടാക്കരുത് എന്നൊക്കെ. പിറ്റേന്ന് രാവിലെ സിറ്റി ടൂർ പോകേണ്ടിയിരുന്നതുകൊണ്ട്, ആർകിറ്റെക്റ്റുകളെല്ലാം ഉറങ്ങാൻ പോയി. രാത്രി ഇനി നടന്നങ്ങു പോണം എന്ന് പരാതി പറഞ്ഞുകൊണ്ട് ദിനേശ് പുറത്തേക്കും പോയി. അമിതും ഗിറ്റാറും വീണ്ടും ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കിയിരിപ്പായി. അവൻ പാടുന്നുണ്ടായിരുന്നു. അസൂയ എന്നിൽ ചെറിയ കോപവും വെറുപ്പുമുണ്ടാക്കി. രാവിലെ സിറ്റി ടൂറിനു ഞാൻ വരുന്നില്ലെന്നും, എന്നെ വിളിക്കണ്ടായെന്നും ഹർഷദിനോട് പറഞ്ഞിട്ട് ഞാൻ ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം ഞാൻ എഴുന്നേൽക്കുമ്പോൾ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. എനിക്കുള്ള പ്രഭാത ഭക്ഷണം അടുക്കളയിൽ അടച്ചു വച്ചിരുന്നു. മൂന്നാം നിലയിലെ ബാൽക്കണിയിലാണ് ഇന്നലെ പറഞ്ഞ കോമൺ ഏരിയ. വടക്കു ഭാഗത്ത് ചെറിയൊരു കൌണ്ടറും, അതിനോട് ചേർന്ന് അടുക്കളയും. കൗണ്ടറിനു മുന്നിലെ പടികൾ കയറി ഒരു ഇടനാഴിയിലെത്താം, ഇടനാഴിയുടെ വടക്കുവശത്തെ വാതിൽ തട്ടിന് മുകളിലേക്കും, തെക്കേ വാതിൽ കഴുകിയ തുണികൾ വിരിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ചെറിയ ബാൽക്കണി. തട്ടിലേക്കുള്ള വാതിൽ തുറന്നു കയറിയാൽ മറ്റൊരു കോമൺ ഏരിയയാണ്. തടികൊണ്ട് നിർമിച്ച ചുവരുകൾ, തുറന്നാൽ ആകാശം കാണാവുന്ന ജനലുകൾ, അതിനും പടിഞ്ഞാറുഭാഗത്ത് മറ്റൊരു ബാൽക്കണി. ബാൽക്കണിയോട് ചേർന്ന പടികൾ കയറിയാൽ ഏറ്റവും മുകളിലെ വളരെ ഉയരംകുറഞ്ഞ ഡോം. അതിൽ മൂന്നു കട്ടിലുകളിലായി 6 കിടക്കകൾ. അതിൻ്റെ വടക്കു കിഴക്കേമൂലയിൽ ഒരു ചെറിയ ദ്വാരമുണ്ട്. അതിലൂടെ താഴത്തെ കോമൺ റൂമിലെ മെത്തകളിലേക്ക് നിരങ്ങിയിറങ്ങാം. കഴിച്ചുകഴിഞ്ഞ് ബാഗും എടുത്ത് ഞാൻ റോഡിലേക്ക് പടികൾ കയറി. രാത്രി കയറി വന്ന വഴിക്കെതിരെ നടന്നു. ഇരുവശത്തും മരങ്ങൾ വളർന്ന ചുരംപോലെയുള്ള വഴികൾ. പാറക്കെട്ടുകളിലൂടെ ഒരു ചെറിയ ഒഴുക്കു കാണാം. കാട്ടരുവിയൊഴുകുന്നതാവണം; ഇടയിൽ കാണുന്ന പൈപ്പുകൾ ചെറിയ സംശയമുണ്ടാക്കുന്നുണ്ട്. ആദ്യത്തെ കയറ്റത്തിൽ ഒരു സ്കൂളുണ്ട്. വഴിയുടെ താഴത്തെ തട്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നു. എതിരെ നടന്നുവരുന്ന കുട്ടികൾ മൂന്നു തരം യൂണിഫോം ധരിച്ചിട്ടുണ്ട്. ചിലർ കോട്ടും സ്യുട്ടും ടൈയും, ചിലർ കമ്പിളി സ്വെറ്റർ, ചിലർ സ്പോർട്സ് ജാക്കറ്റ്/വിൻഡ്ബ്രെക്കറുകൾ. ആൺകുട്ടികളാണധികവും. ചാഞ്ഞ കൺപോളകളും കൂർത്ത താടിയെല്ലുകളും വെളുത്ത ത്വക്കുമുള്ളവർ. ഇടയ്ക്ക് ഒന്നോ രണ്ടോ കറുത്ത ത്വക്കും, കട്ടിരോമങ്ങളുമുള്ള ദ്രാവിഡ വംശജരെക്കാണാം. സ്ത്രീകൾക്കെല്ലാം ഒന്നുകിൽ ഇരുപതുകൾ, അല്ലെങ്കിൽ അൻപതുകൾ പ്രായം തോന്നും, അതിനിടയിൽ പ്രായം ആർക്കും തോന്നുന്നില്ല. ഗാങ്ടോക്കിനെക്കുറിച്ചു പറയുമ്പോൾ ഉറപ്പായും പറയേണ്ട ഒന്നാണ് പൂക്കൾ. റൂമിൽ നിന്ന് മുകളിലേക്ക് കയറുന്ന പടികൾ മുതൽ ഈ വഴിയോരങ്ങളിലെല്ലാം പലതരം പൂക്കൾ പൂത്തുനിൽകുന്നു. എല്ലാ ബാൽക്കണികളിലും ചെറിയ ചെടിച്ചട്ടികൾ നിറയെ പൂക്കൾ. തെരുവുകളിലെ വിളക്കുകാലുകളിൽ ചെടിച്ചട്ടികൾ തൂക്കിയിടാൻ പ്രത്യേക ഡിസൈനുകൾ. അവയിലും പല നിറത്തിലെ പൂക്കൾ. എല്ലാം ഒരടി പൊക്കത്തിലുള്ള ചെടികൾ. നിറമുള്ള പൂക്കളെല്ലാം അവൾക്കും, കുഞ്ഞുവെള്ളപ്പൂക്കൾ മിറിയത്തിനും തഹാനിക്കും അയച്ചു കൊടുത്തു. ഒന്നുപോലും മണത്തു നോക്കിയില്ല എന്ന് ഇതെഴുതുമ്പോൾ ഓർക്കുന്നു. നഷ്ടമായിപ്പോയി.
ലക്ഷ്യമില്ലാതെ നടക്കുന്നതിനിടെ “എടാ” എന്നൊരു വിളി കേട്ടു. മാതൃഭാഷ? തിരിഞ്ഞു നോക്കിയപ്പോൾ ദിനേശാണ്. ഒരു കഫെയുടെ മുന്നിൽ നിന്ന് വിളിക്കുകയാണവൻ.
“ഇതാണ് ട്രാവൽ കഫെ.” ഉള്ളിൽ വച്ച് അവൻ പരിചയപ്പെടുത്തി. 1.0 യുടെ ഏറ്റവും താഴത്തെ നില ട്രാവൽ കഫേയാണ്. ജനലിനോട് ചേർന്ന് 4 പേർക്കിരിക്കാവുന്ന മൂന്ന് മേശകൾ, നടുവിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഒരു മേശ, ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ഒരു സോഫ, കൗണ്ടറിനു മുന്നിൽ രണ്ടു സോഫകൾ, തലയിണകളും കുഷനുകളും നിരത്തിയ ഒരു തടികൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോം എന്നിവയാണ് ഉള്ളിൽ. നടുവിലെ വലിയ തൂണിൽ പലരുടെ കയ്യറക്ഷരങ്ങൾ പേറുന്ന സ്റ്റിക്കി നോട്ടുകൾ, പല നഗരങ്ങളുടെ സ്റ്റിക്കറുകൾ. അതിൽ തന്നെ നെഞ്ചോളം പൊക്കത്തിൽ ഒരു തട്ടും, തട്ടിൽ നിറം പിടിപ്പിച്ച കുപ്പികൾ, മെഴുകുതിരികൾ, ഒന്ന് രണ്ട് ചെടികൾ. കൗണ്ടറിനു പിന്നിലെയും, തടി പ്ലാറ്റ്ഫോമിന് പിന്നിലെയും തട്ടിൽ പുസ്തകങ്ങൾ, ഒരു ഗിറ്റാർ, ഒരു യുകലേലി ചുവരിനോട് ചേർന്നുള്ള സോഫയുടെ പിന്നിലെ പടികളിറങ്ങിയാൽ താഴെ അടുക്കളയിലേക്കും, അതിനപ്പുറത്തെ സ്മോക്കിങ് കോർണരിലേക്കും പോകാം. പൊതുസ്ഥലത്തു നിന്ന് പുകവലിക്കുന്നതിനു പകരം, ദൂരെ മഞ്ഞുമൂടിയ മലനിരകൾ നോക്കി തണുപ്പിൽ നിന്ന് രക്ഷപെടാനായി പുകവലിക്കാൻ അവിടുത്തെ സ്ഥിരം സന്ദർശകരായ കുറച്ചാളുകൾ വരാറുണ്ടെന്ന് ഞാൻ പിന്നീട് മനസിലാക്കി. അവിടെയാണ് ഏറ്റവും കൂടുതൽ കഥകൾ കേട്ടതും, ആൾക്കാർ ഏറ്റവും ആത്മാർഥമായി സംസാരിച്ചതും. ദിനേശിനെ കൂടുതൽ പരിചയപ്പെട്ടു. യാത്രകൾ കാരണം വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ അഞ്ചുഭാഷകൾ സംസാരിക്കുന്നവൻ. സൗമ്യൻ, ശാന്തൻ. ഞാൻ എഴുത്തുകാരനാണ് എന്ന് പറഞ്ഞപ്പോൾ മുന്നിലെ ബോർഡിൽ എഴുതാൻ ഒരു വരി പറഞ്ഞു തരാമോ എന്ന് ചോദിച്ചു. When the wells go dry, we’ll know the worth of water- (കിണറു വറ്റുമ്പോൾ നമ്മൾ വെള്ളത്തിൻ്റെ വിലയറിയും) ഇത്രയും അവൻ എഴുതി വച്ചിട്ടുണ്ട്. ഗാങ്ടോക്ക് കഠിനമായ ജലക്ഷാമം നേരിടുന്ന സമയമാണ്; നഗരത്തിലേക്കുള്ള ജലവിതരണം മുടങ്ങിയിരിക്കുന്നു. അതുകാരണം കഴിഞ്ഞ നാല് ദിവസമായി കഫെ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിട്ട് ഇന്ന് തുറന്നതേയുള്ളൂ. ഈ വരിയോടുകൂടെ എഴുതാൻ We are open എന്നുള്ളതിന് മറ്റൊരു രീതിയിൽ പറഞ്ഞ് തരാമോ എന്നായിരുന്നു അവനറിയേണ്ടത്. We’re still running though, എന്നെഴുതാം എന്ന് ഞാൻ പറഞ്ഞു കൊടുത്തു. കഫേയിലെ കൗണ്ടറിനു മുന്നിലിരുന്ന മുൻവശത്തെ ഒരു കെട്ട് മുടി മാത്രം വെളുത്ത നിറം പൂശിയ ഒരാളോട് അനുവാദം ചോദിച്ചിട്ട് ആ വരി ദിനേശ് ബോർഡിലെഴുതി ചേർത്തു. ഒരു ചായ പറഞ്ഞിട്ട് ചുവരിനോട് ചേർന്ന സോഫയിലിരുന്ന എനിക്കടുത്ത് വന്നിരുന്ന്, കൂടെ വന്നവരൊക്കെ എവിടെപ്പോയി എന്ന് ദിനേശ് ചോദിച്ചു. അവരെല്ലാം ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ തന്നെ സിറ്റി കാണാൻ പോയെന്നു പറഞ്ഞപ്പോൾ എനിക്കെന്താ പോണ്ടേ എന്നവൻ തിരക്കി. എന്നിട്ട് നാളെ ഇവിടുത്തെ താമസക്കാരി (മറ്റൊരു യാത്രക്കാരി) രാഷി എൻചെ, താഷി വ്യൂപോയിന്റ്, ദോ ദ്രുൽ ചോർട്ടൻ, റോപ്പ്വേ എന്നിവ കാണാൻ പോകുന്നുണ്ടെന്നു പറഞ്ഞു. പക്ഷെ എനിക്കാഗ്രഹം, ഏതെങ്കിലും കാട്ടുവഴിയിലൂടെ നടക്കാനും, ഒന്നുരണ്ട് അരുവികൾ കാണാനും ഒക്കെയായിരുന്നു. ദിനേശ് കയ്യിലിരുന്ന നോട്ട്പാഡിൽ പല സ്ഥലങ്ങളിലേക്കുമുള്ള വഴികൾ വരച്ചു കാണിച്ചുകൊണ്ടേയിരുന്നു. ഉച്ചയോടടുത്ത് നാളത്തെ എൻ്റെ സഹയാത്രികയാവാൻ സാധ്യതയുള്ള രാഷി ജനലിനടുത്ത് തൻ്റെ ലാപ്ടോപുമായി വന്നിരുന്നു. കുറച്ചു കഴിഞ്ഞ് ഗണേശിനോട് വഴിയെക്കുറിച്ചെന്തോ ചോദിക്കാനായി ഞാനും അവനുമിരുന്ന സോഫയുടെ അടുത്തേക്ക് വന്നു. ഞാൻ സുബ്ബുവിനോട് ഒരു എപിക് ഹോട് ചോക്ലേറ്റ് പറഞ്ഞിട്ടിരിക്കുകയായിരുന്നു. ക്യാബ് ഫെയറിനെക്കുറിച്ചാണ് സംഭാഷണം എന്ന് എനിക്ക് മനസിലായി. ഗണേശ് എൻ്റെ നേരെ നോക്കി.
“ഇയാളും പോകുന്നു എന്ന് പറയുന്നുണ്ടായിരുന്നു..” (ഹിന്ദി)
“വി ക്യാൻ ഷെയർ എ ക്യാബ്.. ഇഫ് യു ആർ ഓക്കേ വിത്ത് ഇറ്റ്.” എന്ന് ഞാനും പറഞ്ഞു.
“യാ ഷുവർ.”
പിറ്റേന്ന് രാവിലെ ഏഴുമണിക്ക് ഇവിടെ നിന്നിറങ്ങാം എന്ന് തീരുമാനമായി. സിക്കിമിലെ തണുപ്പിൽ ഏഴു മണിക്ക് എഴുന്നേൽക്കുക എന്നത് മാത്രമല്ല, 2.0യിലെ നൂറു പടിയും കയറി, ആറരയ്ക്ക് ഇത്രയും നടന്നും വരണം എന്നത് എനിക്കത്ര എളുപ്പമായി തോന്നിയില്ല. രാത്രി 2.0 യിലേക്ക് എൻ്റെ കൂടെ വരാൻ ഞാൻ ദിനേശിനെ ശട്ടം കെട്ടി. എന്നിട്ട് ഇന്ന് രാത്രി തന്നെ തിരിച്ചു വരാനും, രാത്രി ഇവിടെ കിടന്നുറങ്ങിയിട്ട് രാവിലെ എഴുന്നേറ്റ് പോകാനും തീരുമാനിച്ചു.
കഫെയുടെ സ്മോക്കിങ് സ്ഥലത്തു വച്ച് അന്ന് രണ്ട് പുതിയ ആൾക്കാരെ പരിചയപ്പെട്ടു. ആവിഷ്ക്കാർ എന്നൊരു നേപ്പാളി പയ്യനും, സുലൈമാൻ എന്നൊരു സിംഗപ്പൂർ തമിഴനും. ആവിഷ്കാർ സംഗീതജ്ഞനാണ്. നീണ്ട ചുരുളൻമുടിയും നല്ല ചിരിയുമുള്ള പൊക്കം കുറഞ്ഞ ഒരു സുന്ദരൻ. പാൽപാടയുടെ നിറമുള്ള ഒരു സ്വെറ്റർ ആയിരുന്നു അവനിട്ടിരുന്നത്. അതെവിടെ നിന്ന് വാങ്ങിയതാണെന്ന് ഞാൻ ചോദിച്ചു. Zara -യിൽ നിന്നാണെന്ന് അവൻ പറഞ്ഞു. ഇടയിൽ കുഞ്ഞു ദ്വാരങ്ങൾ പോലെ നെയ്ത സ്വെറ്റർ. തണുപ്പ് കാലത്ത് ഒരു ടീഷർട്ടിൻ്റെ മുകളിൽ ഇട്ടാൽ തണുപ്പിനെ പ്രതിരോധിക്കാനും, ചൂടുകാലത്ത് വായുസഞ്ചാരം ഉണ്ടാക്കുന്നതുമായത്. ദക്ഷിണേന്ത്യയിൽ അവൻ ഊട്ടിയിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു; അവിടുത്തെ വളവും തിരിവും നിറഞ്ഞ റോഡിലൂടെ വാടകയ്ക്കെടുത്ത കാർ അവിടുത്തുകാരേക്കാൾ നന്നായി ഓടിച്ച കഥ പറഞ്ഞു അവൻ. അവസാനം അവിടുത്തെ ഡ്രൈവർമാർ മാലയിട്ട് ആദരിച്ചതൊഴികെ എല്ലാം വിശ്വസനീയം തന്നെ. കാരണം, സിക്കിമിലെ ഡ്രൈവർമാരെപ്പറ്റി പ്രത്യേകം പറയണം. അവൻ്റെ ബാൻഡിലെ ഡ്രമ്മർ സൃഷ്ടിച്ച മലയാളം വരികളും ഉൾപ്പെട്ട ഒരു പാട്ട് അവൻ കേൾപ്പിച്ചു തന്നു. അത് പിന്നീട്. സുലൈമാൻ ഒരു എക്സ്പോര്ട് കമ്പനി നടത്തുന്ന സിങ്കപ്പൂർ തമിഴനാണ്. ഒരുപാട് സിഗരറ്റ് വലിക്കും. സിംഗപ്പൂർ നിന്ന് കൊണ്ടുവന്ന സിഗരറ്റിൻ്റെ പെട്ടി എനിക്ക് കാണിച്ചു തന്നു. കാലം തെറ്റി പ്രസവിച്ച ഒരു നവജാത ശിശുവിൻ്റെ ചിത്രമാണ് അതിലുള്ളത്. അത് കണ്ടിട്ട് വലി നിർത്താത്ത ആരും മറ്റൊരു മുന്നറിയിപ്പും സ്വീകരിക്കാൻ പോകുന്നില്ല. അത്രയ്ക്ക് ഭീകരമായ ചിത്രം. സുലൈമാൻ കേരളത്തെപ്പറ്റി ചോദിച്ചു. മിതഭാഷിയും സൗമ്യനുമായ മനുഷ്യൻ. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും അയാളെ ഞാൻ വീണ്ടും വീണ്ടും കാണുകയും ചെയ്തു. സുലൈമാൻ്റെ ബർത്ത്ഡേ ആണെന്ന് ആരോ പറഞ്ഞു. “ശെരിക്കും?” ആവിഷ്ക്കാർ ചോദിച്ചു. “എൻ്റെയും!” അവനും പറഞ്ഞു. അവർ പരസ്പരം കൈപിടിച്ച് കുലുക്കി. എന്തൊരു യാദൃശ്ചികത! രണ്ടായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചെത്തിയ ഞാൻ പരിചയപ്പെട്ട രണ്ടാൾക്കാർ ഒരേദിവസം ജന്മദിനം ആഘോഷിക്കുന്നു! അതും ഇന്ന്! 800 കോടി ആൾക്കാരുടെ ലോകത്ത് അതിൽ വലിയ യാദൃശ്ചികത കാണുന്നതിൽ അർത്ഥമുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ എൻ്റെ കൊച്ചു ലോകത്തിൽ അതൊരു കൗതുകകരമായ കാര്യമാണ്.
വൈകുന്നേരം, മലയാളിയായ എഴുത്തുകാരി (content writer-freelance) അലീഷയും ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ഏതോ ഒരു വിങ്ങിലെ HR ആയ സഞ്ചിതയും കഫേയിലേക്ക് വന്നു. അവരും മുകളിലെ ഏതോ ഒരു കിടക്കയുടെ താത്കാലിക അവകാശികളായിരുന്നു. സഞ്ചിത പിറ്റേന്ന് നോർത്ത് സിക്കിം കാണാൻ പോകുന്നുവെന്ന് പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂറോളം ഞങ്ങൾ മൂന്നുപേരും സംസാരിച്ചു. അതിനിടയിൽ സഞ്ചിത അവളുടെ കഥ പറഞ്ഞു. ഒരു പൊതു സന്ദർഭത്തിൽ പറയാനുള്ള അനുവാദം അവളിൽ നിന്ന് വാങ്ങിയിട്ടില്ലാത്തതു കൊണ്ടു മാത്രം അതിവിടെയെഴുതുന്നില്ല. സ്വന്തം ജീവിതത്തിലെ ഒരു ഇരുണ്ട ഓർമയെ മറക്കാനും, അതുണ്ടാക്കിയ മുറിവിനപ്പുറം, സ്വയം കണ്ടെത്താനും സ്നേഹിക്കാനും വേണ്ടി അവൾ ആദ്യമായി നടത്തുന്ന തനിച്ചുള്ള ഒരു യാത്ര എന്ന് മാത്രം പറയാം. ഏഴുമണിയോടടുത്ത് “വീണ്ടും കാണാം” എന്ന് പറഞ്ഞ് അവർ മുകളിലെ മുറികളിലേക്ക് പോയി. പിന്നെ കഫെയിൽ കണ്ടത് വിഘ്നേശ് എന്ന് പേരുള്ള ഒരു തമിഴനെയും, അവൻ്റെ സംഘത്തെയുമാണ്. മൂന്നു മേശകൾ ചേർത്തിട്ട്, അവർ പത്തുപേർ അവരവരുടെ ഫോണുകളിൽ വരികൾ നോക്കി പാട്ടു പാടുന്നുണ്ടായിരുന്നു. കൗണ്ടറിന് മുന്നിലെ സോഫയിൽ, അതിലുമുറക്കെ ഹിന്ദിപാട്ടുകൾ സ്പീക്കറിലിട്ട് ഒരു ഉത്തരേന്ത്യൻ ടീമും. തലേന്ന് 2.0യിൽ വന്നിരുന്ന ഹാഷിം എന്ന ആർക്കിടെക് (എന്നോടൊപ്പം വന്ന കൂട്ടത്തിലെ ഋഷിയുടെ സുഹൃത്ത് ആണ് ഹാഷിം) ആ സംഘത്തിനോടൊപ്പം ഉണ്ടായിരുന്നു. ഈ ബഹളത്തിൽ നിന്നെല്ലാം മാറി ഒരു മൂലയിൽ, ഞാനും ദിനേശും, (ഏഴരയോടടുത്ത് വന്ന) അമിതും, എനിക്ക് പേരറിയാത്ത രണ്ട് ബാംഗ്ലൂർ സ്വദേശികളും- അവർ ജോഡികളാണെന്ന് ഞാൻ ഊഹിച്ചു.
“സാധാരണ ഒൻപത് മണിയൊക്കെ ആവുമ്പോൾ എല്ലാം ക്ലോസ് ചെയ്യുന്നതാ.. ഇന്ന് കുറച്ച് ദിവസം കൂടി തുറന്നതല്ലേ, അതുകൊണ്ട് പോട്ടെന്നു വച്ചു.”
പത്തുമണിയോട് അടുത്തും കഫെയിൽ പാട്ടും ഡാൻസും അവസാനിച്ചിരുന്നില്ല. തമിഴോ മലയാളമോ പാട്ടുകൾക്ക് എല്ലാവരും തുള്ളിക്കൊണ്ടിരുന്നു; ഇടയ്ക്ക് ഹാഷിമിൻ്റെ കൂടിയിരുന്ന കൂട്ടുപുരികമുള്ള ഒരു പെൺകുട്ടി എഴുന്നേറ്റ് ഹിന്ദിപ്പാട്ടുകൾ വച്ചു. അവൾക്കും കൂടെയുള്ള നാല് പേർക്കും ആസ്വദിക്കാനും ഡാൻസ് കളിക്കാനും വേണ്ടി കൂടെയുള്ള ദക്ഷിണേന്ത്യക്കാർക്ക് മനസിലാവാത്ത പാട്ടുകൾ വയ്ക്കുന്നത് ഈ രാജ്യത്തിൻറെ പരിച്ഛേദമല്ലാതെ മറ്റെന്താണ്?
പത്തു മണി കഴിഞ്ഞ് ഞാനും ദിനേശും 2.0യിലേക്ക് നടന്നു. മുകളിലെ കോമൺ റൂമിൽ മീറ്റിങ് നടക്കുന്നതേയുള്ളൂ. തലേന്ന് ഞാൻ കിടന്നിടത്ത് ഇപ്പോളൊരു തടിമേശയും അതിലൊരു പ്രോജെക്ടറും ഉണ്ട്. കൂടെ വന്ന 19 പേരും ഈ മുറിയിലുണ്ട്. അവർ നാളെ പോകേണ്ട സ്ഥലങ്ങളും, അതിനു വേണ്ടിയുള്ള സംഘങ്ങളും ഒരുക്കുന്ന തത്രപ്പാടിലാണ്. അവർക്കൊരു ബുദ്ധിമുട്ടാവേണ്ട എന്ന് കരുതി ഞാൻ ബാൽക്കണിയിലേക്കിറങ്ങി. ആഹാരം കഴിച്ചിട്ട് ഞാനും ദിനേശും തിരിച്ചു പടികയറി. പടികയറുന്നതിനിടെ സംസാരിച്ചത് കൊണ്ടാവണം, മുകളിലെത്തിയപ്പോൾ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. ഭൂതലത്തിൻ്റെ ഉയരവും, തണുപ്പും, കഠിനാധ്വാനവും കലർന്ന ഒരു കിതപ്പ് എന്നെ അലട്ടി. നെഞ്ച് പടപടാ മിടിച്ചു. ദിനേശിന് യാതൊരു ബുദ്ധിമുട്ടും കണ്ടില്ല. അടുത്ത ഡിസംബറിൽ പർവ്വതാരോഹണം കോഴ്സ് പഠിക്കാൻ പോകുന്നവനാണോ നൂറു പടി ബുദ്ധിമുട്ടാവുന്നത്? തലേന്ന് തിരിച്ചു പോകാൻ നേരം പട്ടി ഓടിച്ചു എന്നവൻ പറഞ്ഞിരുന്നു; അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ ഓടാൻ ശ്വാസം പോലുമില്ലല്ലോ എന്നോർത്ത് ഞാൻ ഒരല്പം പേടിച്ചു. അനർത്ഥങ്ങളൊന്നുമുണ്ടായില്ല. ട്രാവൽ കഫേയിലെത്തി, മുകളിലേക്കുള്ള പടികയറി കോമൺ റൂമിലെ സോഫയിൽ അവനും, ഒരു മൂലയിൽ ഒരു കട്ടിലിട്ട് ഞാനും കിടന്നു. പുറത്ത് ഹാപ്പി ബർത്ത്ഡേ സുലൈമാൻ എന്നൊരു കൂട്ടം പാടുന്നുണ്ടായിരുന്നു.
രാവിലെ 6 30 നോടടുപ്പിച്ച് ഞാൻ എഴുന്നേറ്റു. തലേന്ന് ഇട്ടുകൊണ്ട് വന്ന മഞ്ഞ ഹൂഡി മുറിയിൽ ഊരിവച്ചിട്ട് ദിനേശിൻ്റെ പച്ച വിൻഡ്ബ്രെക്കർ എടുത്തിട്ടു. 7 മണിക്ക് രാഷി പുറത്തേക്ക് വന്നു.ഉച്ചവരെ ഗാങ്ടോക്കിൽ പലയിടങ്ങൾ പോകുന്നതിന് 1500 രൂപ പറഞ്ഞുറപ്പിച്ച് അവൾ ഒരു ടാക്സി വിളിച്ചു. പോകുന്ന ഇടങ്ങളെപ്പറ്റിയോ ടാക്സിയുടെ ചെലവുകളെപ്പറ്റിയോ എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഞങ്ങൾ മുകളിലേക്കുള്ള വളഞ്ഞ റോഡ് കയറിത്തുടങ്ങി. ആദ്യം നിർത്തിയത് താഷി വ്യൂപോയിന്റിലായിരുന്നു. വിദൂരതയിൽ വീണ്ടും പർവതങ്ങൾ, മഞ്ഞു മൂടിയവ. കുന്നിൻമുകളിൽ ഒറ്റപ്പെട്ട ഒരു വീട് കണ്ടു. അങ്ങനെയൊരിടത്ത് താമസിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നു എന്ന് രാഷി പറഞ്ഞു. സിക്കിമിലെ മലഞ്ചെരുവിലെ വീടുകൾ കാർഡ്ബോർഡ് പെട്ടികളെ ഓർമിപ്പിക്കുന്നു എന്ന് ഞാനും പറഞ്ഞു. വ്യൂപോയിന്റിന് മുകളിലേക്കുള്ള വഴികളിലും പലതരം കുഞ്ഞുപൂക്കൾ വിരിഞ്ഞു നിന്നു. അവിടെനിന്ന് വിദൂരതയിൽ കണ്ട പർവ്വതം കാഞ്ചൻജംഗ ആയിരുന്നെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ശ്രദ്ധയിൽപെടാതെ കണ്ടുപോകുന്ന എന്തെല്ലാം കാര്യങ്ങളാണ് പിന്നീടോർക്കുമ്പോൾ വിലപ്പെട്ടതാണെന്നറിയുന്നത്. മുൻപേയറിഞ്ഞിരുന്നെങ്കിൽ അവയുടെ ഭംഗി കൂടുമായിരുന്നോ? അറിഞ്ഞില്ല എന്ന ഖേദമാണോ ആ ഓർമയുടെ ഭംഗി? വ്യൂപോയിന്റിനു നടുവിലെ കെട്ടിടത്തിന് പിന്നിൽ ആളനക്കമില്ലാത്ത ഒരു പാർക്കുണ്ടായിരുന്നു. പഴയ ഓസ്കാർ വൈൽഡിൻ്റെ കഥയിലെ സ്വാർത്ഥനായ ഭീമൻ്റെ ശിശിരത്തിലെ പൂന്തോട്ടം പോലെ ചലനമില്ലാത്ത കുറച്ചു പൂച്ചെടികളും മരങ്ങളും, കുട്ടികളില്ലാത്ത സീസോയും ഊഞ്ഞാലുകളും.
എൻചെ ആശ്രമത്തിനു മുന്നിൽ ഞങ്ങളെ ഇറക്കി, അതിനു മുന്നിലെ പാർക്കിങ്ങിലുണ്ടാവും എന്ന് പറഞ്ഞിട്ട് കാറുകാരൻ താഴേക്കിറങ്ങിപ്പോയി. പടികൾ കയറുന്നതിനിടെയാണ് ഞാനോർത്തത്, ആ കാറോ ഡ്രൈവറെയോ ഇനി കണ്ടാൽ ഞാൻ തിരിച്ചറിയില്ല. സഹയാത്രികയ്ക്ക് അറിയാമായിരിക്കും. പടികൾക്ക് ഇരുവശത്തും മന്ത്രങ്ങളെഴുതിയ പ്രാർത്ഥനാചക്രങ്ങളുണ്ട്. യോദ്ധ സിനിമയിലാണ് ഞാൻ ഇവ ആദ്യം കാണുന്നത്. അതിൽ എഴുതിയിരിക്കുന്ന അറിയാത്ത ഭാഷയിലെ അക്ഷരങ്ങൾ മന്ത്രങ്ങളാണെന്ന് കുഞ്ഞായിരിക്കുമ്പോഴേ ഞാൻ മനസിലാക്കിയിരുന്നു. ചൊല്ലുന്നതിനു പകരം ഇവ കറക്കിയാൽ മതിയെന്നും. മന്ത്രങ്ങൾ പഠിക്കുന്നതിനേക്കാൾ എന്തെളുപ്പം! ഘടികാരങ്ങളുടെ കറക്കത്തിൻ്റെ ദിശയിലാണ് ഇവ കറക്കേണ്ടതെന്ന് അതിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അറിയാതെ ആദ്യം ഒന്ന് രണ്ടെണ്ണം തിരിച്ചു കറക്കിപ്പോയത് ആരും കാണാത്തത് ഭാഗ്യം. രാഷി ആദ്യം മുതൽക്കേ ശരിയായ രീതിയിലായിരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. എല്ലാമറിയുന്ന ദൈവങ്ങൾക്ക് പ്രാർത്ഥനയ്ക്ക് കൃത്യമായ ദിശയിലല്ല കറക്കുന്നതെന്നത് പ്രശ്നമായിരിക്കുമോ? പടികൾക്ക് മുകളിൽ ആരാധനാലയത്തിൻ്റെ വിവിധ കെട്ടിടങ്ങൾ. പല സന്യാസിമാരെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ. പറക്കാനുള്ള കഴിവുണ്ടായിരുന്നു ഒരു ‘വെള്ള സ്വാമി’യുടെ കഥ വായിച്ചിട്ട് സത്യത്തിലെൻ്റെ നാസ്തിക മനസിന് ചിരിയാണ് വന്നത്. അവിടെയും നിറയെ പൂച്ചട്ടികൾ, നിറഞ്ഞു നിൽക്കുന്ന പൂക്കൾ, ഒരു ഓറഞ്ച് നിറത്തിലെ ചിത്രശലഭം. ഏറ്റവും പടിഞ്ഞാറു ഭാഗത്തെ പ്രാർഥനാലായത്തിൽ ഞങ്ങൾ കയറി. മൂന്നു ബുദ്ധന്മാരുടെ വലിയ പ്രതിമകൾ. ഗുരു പരമ സംഭവ, ഗൗതമ ബുദ്ധ എന്നിവരെ ഞാൻ തിരിച്ചറിഞ്ഞു. മൂന്നാമനെ മനസിലായില്ല. ഓരോ ബുദ്ധന്മാരെ തിരിച്ചറിയാൻ അവരുടെ കൈമുദ്രകൾ കൊണ്ടു സാധിക്കും എന്ന് രാഷി പറഞ്ഞു. ബുദ്ധപ്രതിമകൾക്ക് മുന്നിലായി സഭ കൂടാനെന്നപോലെ കസേരകളുണ്ട്. Monk chairs- ൽ ഇരിക്കരുത് എന്ന ബോർഡും. ഗാങ്ടോക്കിലെ പൂക്കളെപ്പോലെ വർണങ്ങൾ വാരിയെറിഞ്ഞതാണ് ആശ്രമങ്ങളിലെ ചുവരുകളും. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണെല്ലാം. ബുദ്ധിസ്റ്റ് ആർട്ട് വളരെ സവിശേഷമായതാണ്. വളരെയധികം വളഞ്ഞ വരകളാണ് എല്ലാ ചിത്രങ്ങളുടേതും. മൃഗങ്ങളുടെ മുഖം, മേഘങ്ങൾ, മനുഷ്യരുടെ കൈകാലുകൾ എല്ലാം ചുരുണ്ട വരകൾ കൊണ്ടു നിർമ്മിച്ചവ. സമാനമായ ചിത്രം ഇതിനു മുമ്പ് കണ്ടത് ശ്രീലങ്കയുടെ പതാകയിലോ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സിയിലോ ആണ്. ഓഫീസ് മുറിയെന്നു തോന്നിപ്പിക്കുന്ന കെട്ടിടത്തിൻ്റെ മുന്നിലെ വെളുത്ത ഓർക്കിഡ് പൂക്കൾക്ക് പിന്നിലായി ആനയുടെ മുകളിൽ ഇരിക്കുന്ന കുരങ്ങൻ, കുരങ്ങൻ്റെ കയ്യിലെ മുയൽ, മുയലിനു മീതെ പറക്കുന്ന പക്ഷി.. ഇവരെല്ലാം ഒരു മരത്തിലേക്ക് നോക്കി നിൽക്കുന്ന ചിത്രം വരച്ചു തൂക്കിയിരിക്കുന്നു. പണ്ടേതോ ജാതക കഥകളുടെ പുസ്തകത്തിൽ കണ്ട ഒരു കഥ ഓർമയുടെ ജാലകത്തിനുപിന്നിൽ ഒളിച്ചു കളിക്കുന്നു. കൂടെ വന്നവൾക്കും ഓർമ്മയില്ല. ഞങ്ങൾ പടികളിറങ്ങി. രാവിലെ പല്ലു തേച്ചില്ല എന്നത് എന്നെ ചെറുതായി അലട്ടുന്നുണ്ടായിരുന്നു. ഒരു ചായ കുടിച്ചാൽ നാവിനൊരു നവോന്മേഷം വരും. ആശ്രമത്തിൻ്റെ പടികൾക്ക് കീഴെയുള്ള ചെറിയ കാന്റീനിൻ്റെ പുറത്തെ കസേരകളിൽ ഞങ്ങളിരുന്നു. അകത്ത് ഒരാശ്രമത്തിനു ചേരാത്തതരം പുച്ഛം കലർന്ന നിസ്സംഗതയുമായി ഒരു മധ്യവയസ്ക. വാർധക്യം അവർക്ക് വളരെയടുത്താണ്. ഒരു കാപ്പിക്കും ചായക്കും കൂടി 50 രൂപയായി. സുഖസൗകര്യങ്ങളുടെ വർജ്ജനം പ്രധാന മൂല്യമായ ഒരു മതത്തിൻ്റെ ആരാധനാലയത്തിന് മുന്നിലെ ചായക്ക് നഗരത്തിനെക്കാൾ വിലക്കൂടുത്തലാണ് എന്നതൊരു വിരോധാഭാസമല്ലേ? വിശ്വാസത്തിനേക്കാൾ ദൈവത്തിനേക്കാൾ വലുതാണ് മുതലാളിത്തം. വെറുതെ സംസാരിക്കുന്നതിനിടെ ഞാൻ ചോദിച്ചു, "ലോകത്തിൽ സാധ്യമായ എന്തും സാധിക്കാൻ ഒരവസരം ഇപ്പോൾ കിട്ടിയാൽ.. എന്ത് സാധിക്കും?" ലോകസമാധാനം എന്നൊന്നും പറയരുത് എന്നു മുൻപേ പറഞ്ഞിരുന്നു. അങ്ങനെയൊന്നുമില്ല.. എനിക്ക് വേണ്ടതെല്ലാം കയ്യിലുണ്ട് എന്ന് അവൾ മറുപടി പറഞ്ഞു. "തനിക്കോ?" "പറക്കാനുള്ള കഴിവ്. അല്ലെങ്കിൽ ടെലിപോർടെഷൻ. ഫുട്ബാൾ കളിക്കാനുള്ള കഴിവ് ചോദിക്കുമായിരുന്നു.. പക്ഷെ പ്രായം കടന്നു പോയില്ലേ…." അങ്ങനെ ചർച്ച ഫുട്ബോളിലേക്കെത്തി. അപ്പോഴാണ് അവൾ പറയുന്നത്, രാഷി ക്യാമ്പ്-നു വിൽ പോയിട്ടുണ്ട്. ഫോട്ടോകളും കാണിച്ചു. സ്വന്തം ആഗ്രഹങ്ങൾ മറ്റുള്ളവർ നടത്തുമ്പോൾ അസൂയയും കോപവും വിഷമവുമുണ്ടാവും. ഞാൻ ഉള്ളാലെ കരഞ്ഞു. കാർ പാർക്കിങ്ങിലേക്ക് നടക്കുന്നതിനിടെ നമ്മുടെ കാർ കണ്ടാൽ എനിക്കറിയില്ല എന്ന സത്യം ഞാൻ തുറന്നു പറഞ്ഞു. ഒരു ചെൽസിയുടെ സീറ്റ് കവർ മാത്രം ഓർമയുണ്ട്. രസമുള്ള കാര്യമെന്തെന്നാൽ, രാഷിക്കും അതുമാത്രമേ ഓർമയുള്ളൂ! പക്ഷെ ഞങ്ങൾ കാറും ഡ്രൈവറെയും വളരെയെളുപ്പം കണ്ടെത്തി. അയാൾ സീറ്റ് താഴ്ത്തിയിട്ട് ഉറങ്ങുകയായിരിക്കുന്നു. ഞങ്ങൾ ഒന്നു രണ്ടു തവണ വിളിച്ചിട്ടാണ് അയാൾ എഴുന്നേറ്റത്. വളവും തിരിവുമുള്ള റോഡുകളിലൂടെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച ഒരാളാണ് ഞങ്ങളുടെ വണ്ടിയോടിക്കുന്നത് എന്നത് എനിക്ക് ചെറിയ ഭയം ഉണ്ടാക്കി. പക്ഷേ അതൊന്നും അയാളെ അലട്ടിയതേയില്ല. കേരളത്തിലെ നിവർന്ന റോഡുകളിലൂടെ ഒരു ഡ്രൈവർ ഓടിക്കുന്നതിനേക്കാൾ ആയാസത്തിൽ അയാൾ വണ്ടിയോടിച്ചു കൊണ്ടിരുന്നു. ഇടുങ്ങിയ ഒരു റോഡിൽ വച്ച്, ഏതോ മന്ത്രിയുടെതാണെന്ന് തോന്നുന്നു, ഒരു വാഹന വ്യൂഹം മിന്നൽ വേഗത്തിൽ ഞങ്ങളെ കടന്നുപോയി. (ആ വഴിയിലാണ് മുഖ്യമന്ത്രിയുടെ ഭവനം എന്ന് ഭരത് പിന്നീട് പറഞ്ഞു. )
റോപ്പ് വേ യുടെ മുന്നിൽ ചെറിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. കൗണ്ടറിൽ ഇരിക്കുന്ന ആൾ ഞങ്ങൾ ടിക്കറ്റ് ചോദിച്ചപ്പോൾ 10 മിനിറ്റ് എന്ന് പറഞ്ഞു. പക്ഷേ അയാൾ മറ്റൊരു ജോലിയിലും വ്യാപൃതനായിരുന്നില്ല. ഞാനും സഹയാത്രികയും കാത്തിരുന്നു. പുറത്തു കണ്ട ജനക്കൂട്ടം പതുക്കെ അകത്തേക്ക് കയറി. ഞങ്ങൾക്ക് രണ്ടുപേർക്കും പിന്നിലായി ചെറിയൊരു ക്യൂ പ്രത്യക്ഷപ്പെട്ടു. കൗണ്ടറിലെ കൂട്ടുകാരന് ചലനമില്ല. വിവിധ റേറ്റുകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. ട്രെയിനിലെ സീസൺ ടിക്കറ്റ് പോലെ ഒരു മാസത്തേക്കുള്ള ടിക്കറ്റ് എടുക്കാൻ ഉള്ള അവസരമുണ്ട്. വേണമെങ്കിൽ റോപ്പ് വേ കയറി നഗരത്തിൻ്റെ മറ്റൊരു ഭാഗത്തെത്തി അവിടെ കുറച്ചു നേരം നടന്നു കണ്ടശേഷം തിരിച്ചുവരാം എന്നൊരു വഴി ദിനേശ് തലേന്ന് രാത്രി പറഞ്ഞിരുന്നു. ഈ നഗരത്തിലെ പലരുടെയും യാത്ര മാർഗ്ഗമാണത്. സമയവും പണവും ഒരുപോലെ ലാഭം. പക്ഷേ ഉച്ചയ്ക്ക് മുൻപ് തിരിച്ചെത്തണമെന്ന് ഉള്ളതുകൊണ്ട് അതിനൊരു സാധ്യതയുണ്ടാകില്ല എന്ന് എനിക്ക് തോന്നിയിരുന്നു. രാഷിക്ക് ജോലിക്ക് കയറേണ്ടതുണ്ട്. രണ്ട് മലഞ്ചെരുവുകളെ തമ്മിൽ കണക്ട് ചെയ്ത വളരെ കട്ടിയുള്ള ലോഹ കയറിൽ 10 പേർക്ക് കയറാവുന്ന ലോഹ കൂട്. വാതിലുകളും ജനാലകളും ഗ്ലാസ് കൊണ്ട് നിർമ്മിച്ചത്. അതിലൂടെ പോകുമ്പോൾ മലഞ്ചെരുവുകളിലെ കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ചത് പോലെ തോന്നുന്ന കെട്ടിടങ്ങൾ കാണാം. മുന്നിൽ കാണുന്ന നഗരത്തിൻ്റെ കഷ്ണത്തിലെ കെട്ടിടങ്ങൾ കണ്ട് ദേ തൻ്റെ കാർഡ്ബോർഡ് പെട്ടികൾ എന്നു പറഞ്ഞ് രാഷി ചിരിച്ചു. മുന്നിലൊരു നൂറടി താഴ്ചയിൽ മരങ്ങൾ, പാറക്കെട്ടുകൾ, വീടുകൾ. പണ്ടൊരു കൊടേക്കനാൽ യാത്രയ്ക്കിടയിൽ വച്ച്, പർവ്വതങ്ങൾ കാണുമ്പോൾ നമ്മൾ എത്ര ചെറുതാണ് എന്നോർമ്മ വരും എന്നുപറഞ്ഞ സുഹൃത്തിനെ ഞാനപ്പോൾ ഓർത്തു. അക്കരെ എത്തിയ ഉടനെ ഞങ്ങൾ തിരിച്ചു വന്നു. അരമണിക്കൂറിന് ഇടയിൽ വീണ്ടും ഞങ്ങളുടെ ഡ്രൈവർ ഉറങ്ങിയിരുന്നു. അയാളെ വീണ്ടും വീണ്ടും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുന്നതിൽ എനിക്ക് കഷ്ടം തോന്നി. പക്ഷേ ഇതാവാം അയാളുടെ ജീവിതചര്യ. ഈ ചെറിയ ഉറക്കങ്ങൾ ആകും റോഡിൽ അയാളെ ഉണർത്തിയിരുത്തുന്നത്. ദോ ദ്രുൽ ചോർട്ടൻ ഒരു ചെറു കുന്നിന്മുകളിലെ ആശ്രമമാണ്. വലിയൊരു ദീപശിഖയുടെ സ്തൂപം അതിൻ്റെ നടുവിലായി കാണാം. അതിനു ചുറ്റും നൂറ്റിയെട്ട് പ്രാർത്ഥനാചക്രങ്ങളും. ഇവിടെയും കാണാം ചെടിച്ചട്ടികളിലെ പൂക്കൾ. പ്രാർത്ഥനാ ചക്രങ്ങൾ കറക്കേണ്ട ദിശയ്ക്ക് എതിരെ കറക്കികൊണ്ട് ഒരു ടൂറിസ്റ്റ് ഞങ്ങൾക്കെതിരെ നടന്നു വന്നു. “ദിസ് ഈസ് നോട്ട് ഹൗ ഇറ്സ് സപ്പോസ്ഡ് ട്ടു ബീ” എന്ന് രാഷി അഭിപ്രായപ്പെട്ടു. പക്ഷെ തിരുത്താൻ വിളിച്ചിട്ട് അയാൾ ശ്രദ്ധിച്ചില്ല. ഞങ്ങൾക്കിടത്തുവശത്തെ കെട്ടിടത്തിൽ നിന്ന് ഒരു സന്യാസി മുഖത്ത് ആശങ്കയോടെ “ഓയ് ഓയ്” എന്നുറക്കെ വിളിച്ചുകൊണ്ട് പുറത്തേക്കോടി വന്നു.
കാര്യം ചക്രം കറങ്ങുന്ന ദിശയാണെന്ന് ഞങ്ങൾക്ക് മനസിലായി. “ഭായ് സാബ്” എന്ന് ഞാൻ ഉറക്കെ വിളിച്ചു. അയാൾ തിരിച്ചു. “വേസെ നഹി, ഐസെ കരോ” എന്ന് ഞാൻ ആംഗ്യം കാണിച്ചു. അയാൾ അനുസരിച്ചു. വളരെക്കുറച്ചു മുറ്റം മാത്രമുള്ള അവിടെ നിന്ന് ഞങ്ങൾ താഴേക്കിറങ്ങി. ഇറങ്ങുന്ന വഴിയിൽ മരങ്ങൾക്കിടയിലൂടെ നീളുന്ന ഒരു കൊച്ചുവഴി കണ്ടു. ഒന്നു രണ്ട് ഫോട്ടോ എടുത്തു തരുമോ എന്ന് ഞാൻ സഹയാത്രികയോട് ചോദിച്ചു. അവൾ കനിവ് കാട്ടി. ഉയർന്നു നിൽക്കുന്ന പച്ചമരങ്ങൾക്കിടയിൽ പച്ചജാക്കറ്റ് ഇട്ടു നടക്കുന്ന എൻ്റെ പിന്നിൽനിന്നുള്ള കുറച്ചു ചിത്രങ്ങൾ അവളെടുത്ത് തന്നു. നമ്പർ വച്ചുമാറാൻ താൽപര്യമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, അവൾ ബ്ലൂടൂത്ത് വഴി അയച്ചുതരാം എന്ന് പറഞ്ഞു. ഡ്രൈവർ വീണ്ടും ഉറങ്ങിയിരുന്നു. ഇങ്ങോട്ട് വരുന്ന വഴിയിൽ വളരെ അടുത്തായി ടിബറ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബോർഡ് കണ്ട ഓർമയിൽ ഞാൻ പറഞ്ഞു, “അതുവരെ നടന്നാലോ? അയാൾ കുറച്ച് ഉറങ്ങിക്കോട്ടെ…” ഞങ്ങൾ ഇന്സ്ടിട്യൂട്ടിലേക്ക് നടന്നു. വഴിയിൽ കറുത്ത ഇടതൂർന്ന രോമങ്ങൾ വളർന്ന ഒരു പട്ടി ഒരു കടയുടെ ചുവരിനോട് ചേർന്നിരുന്നു മയങ്ങുന്നതു കണ്ടു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി ടിബറ്റിനെക്കുറിച്ചും ബുദ്ധ മതത്തെക്കുറിച്ചും വിശദമായി പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമാണ്. മൂന്നായി തിരിച്ച ഒരു ഹാളിനുള്ളിൽ ആ തിരിവുകളുടെ ഇരുവശങ്ങളിലുമായി ബുദ്ധിസ്റ്റ്/ടിബറ്റൻ കലാസൃഷ്ഠികൾ, പ്രതിമകൾ, പുരാവസ്തുക്കൾ എന്നിവ നിരത്തി വച്ചിരുന്നു. എൻ്റെയും റാഷിയുടെയും ശ്രദ്ധ ഒരുപോലെ പതിഞ്ഞത് തലയോട്ടികൾ കൊണ്ടുണ്ടാക്കിയിരുന്ന പാത്രങ്ങളിലാണ്. എല്ലാ പ്രധാന ചടങ്ങുകളിലും ഈ തലയോട്ടിപ്പാത്രങ്ങൾ പ്രധാന സ്ഥാനം വഹിച്ചു. പല ബുദ്ധന്മാരുടെയും അവതാരരൂപങ്ങൾ ആയുധങ്ങളോടും പുസ്തകങ്ങളോടും താമരയോടുമൊപ്പം (താമര ബുദ്ധമതത്തിന് വളരെ പ്രധാനമാണെന്ന് എനിക്കവിടെ നിന്ന് മനസ്സിലായിരുന്നു.) ഈ പാത്രങ്ങളും കയ്യിലേന്തി. കപാലങ്ങൾ എന്നാണ് അവയെ പറയുക. ആനന്ദം ത്യജിക്കുക ഉറുമ്പിനെപ്പോലും നോവിക്കാതിരിക്കുക എന്നതൊക്കെ പ്രധാന തത്വങ്ങളാണെന്ന് വിശ്വസിച്ചിരുന്ന മതത്തിലിതാ വളരെ ചെറിയ കൈ വിലങ്ങുകൾ, രതിയെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ, വർണ്ണനകൾ, കപാലങ്ങൾ, ശത്രുവിൻ്റെ തുടയെല്ലെടുത്ത് നിർമിച്ച നാദസ്വരങ്ങൾ. “Naah budhism is pretty hardcore” എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. മുകളിലെ നിലയിൽ ബുദ്ധ ഗ്രന്ഥങ്ങളുടെ ഒരു ലൈബ്രറിയുണ്ടായിരുന്നു. തടികൊണ്ട് നിർമിച്ച പടികൾ മുകളിലേക്ക് കയറുമ്പോൾ ആ ആനയുടെ മുകളിലെ കുരങ്ങൻ്റെ കയ്യിലെ മുയലിൻ്റെ മുകളിലെ പക്ഷിയുടെ ചിത്രം കണ്ടു. ലൈബ്രറിയിൽ പുസ്തകങ്ങളെക്കാൾ താളിയോലകളും, തുണികളിലെഴുതിയ ഗ്രന്ഥങ്ങളുമായിരുന്നു. എല്ലാം ചില്ലലമാരകൾക്കുള്ളിൽ. തടികൊണ്ട് നിർമിച്ച തറ ഞങ്ങൾ നടക്കുമ്പോൾ ചെറുതായി തേങ്ങി. ഓരോ ചുവടും ശ്രദ്ധിച്ച് ഞങ്ങൾ വെറുതെ നടന്നു. പാലിയായാലും ബോധിക് ആയാലും ഞങ്ങൾക്ക് രണ്ടുപേർക്കും വായിക്കാൻ അറിയില്ല.അതുകൊണ്ട് തന്നെ ഈ പുസ്തകങ്ങളൊന്നും ഞങ്ങളെടുക്കുന്നതിൽ അർത്ഥമില്ല. എടുക്കാൻ അനുവാദമുണ്ടോ എന്ന് പോലും ഞങ്ങൾ അന്വേഷിച്ചില്ല. പുറത്തേക്കിറങ്ങുന്നതിനിടെ ആ മുറിയുടെ മൂലയിലിരുന്നയാൾ ഞങ്ങളോട് ശബ്ദം താഴ്ത്തി എന്തോ പറഞ്ഞു. വ്യക്തമാവാത്തതുകൊണ്ട് ഞങ്ങൾ അടുത്തേക്ക് ചെന്നു. “You can take photos if you want”. ഞങ്ങൾ വീണ്ടും ഉള്ളിലേക്ക് നടന്നു. ബുദ്ധസന്യാസിമാരുടെ സഭകൂടുന്നതിൻ്റെ ഒരു മോഡൽ അവിടെയുണ്ടാക്കി വച്ചിരുന്നു, അതിൻ്റെയും പുസ്തകങ്ങൾക്കിടയിൽ നിൽക്കുന്ന എൻ്റെയും കുറച്ചു ചിത്രങ്ങൾ സഹയാത്രിക എടുത്ത് തന്നു. തിരിച്ചു നടക്കുമ്പോൾ വീണ്ടും ആ പട്ടിയെക്കണ്ടു. സ്ഥാനം മാറിയിട്ടുണ്ട്, ഭാവം മാറിയിട്ടില്ല. തണുത്ത മലഞ്ചെരുവിൻ്റെ അലസഭാവം ആ നായേക്കാൾ നന്നായി ഉൾക്കൊണ്ട മറ്റൊന്നുമില്ല.
സമയം പന്ത്രണ്ടിനോട് അടുക്കുന്നുണ്ടായിരുന്നു. രാഷിക്ക് ഒരുമണിക്കെങ്കിലും ജോലിക്ക് കയറണം. ആഹാരവും കഴിച്ചിട്ടില്ല. ഞങ്ങൾ എംജി മാർഗിലേക്ക് പോകാൻ തീരുമാനിച്ചു. എംജി മാർഗ് ബാംഗ്ലൂർ ചർച്ച് റോഡിനെ ഓർമിപ്പിച്ചു. കല്ല് പാകിയ ഇരുപതടിയോളം വീതിയുള്ള പാത. അതിനെ രണ്ടായി മുറിക്കുന്ന നടുവിലെ സിമന്റ് അരമതിലുകളുടെ നടുവിൽ പൂച്ചെടികൾ. അവയോട് ചേർന്ന് ഇരിപ്പിടങ്ങൾ. പാതയ്ക്കിരുവശത്തും മൂന്നും നാലും നിലകെട്ടിടങ്ങൾ കൂടുതലും റസ്റ്റോറന്റുകൾ. ബാക്കിയുള്ളവയെല്ലാം തുണിക്കടകൾ, സ്റ്റേഷനറിക്കടകൾ, ബ്രാൻഡ് സ്റ്റോറുകൾ. ഒരുപാടു നേരം കഴിക്കുന്നതെവിടെ എന്ന ചോദ്യത്തിനൊപ്പം അലഞ്ഞതിനു ശേഷം, ഞങ്ങൾ ഒരു കഫെയിൽ കയറി. എംജി മാർഗിൻ്റെ നടുവിൽ, ഒരു മൂന്നാം നിലയിലെ ബാൽക്കണിയിൽ കസേരകളും മേശകളുമുള്ള ഒരു കഫെ. ചതുര മുഖമുള്ള ഒരു പെൺകുട്ടി ഞങ്ങളെ ആനയിച്ചു. ചൂടുവെള്ളം ഒഴിച്ചു തന്നു. ഓർഡർ ചെയ്ത സാധനം സമയമെടുക്കുമെന്ന് അവൾ പറഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി. മുൻപെങ്ങോ ആരോ കഫെയിൽ പറഞ്ഞുകേട്ട ഒരു ടിബറ്റൻ റസ്റ്റോറന്റ് അതിനെതിരെയുണ്ടായിരുന്നു. ഫ്ലാറ്റിൽ ഒരിക്കൽ ടിബറ്റൻ ഫുഡ് ഓർഡർ ചെയ്തത് എനിക്കിഷ്ടപെട്ടിലായിരുന്നു എന്ന് ആഹാരം മുന്നിലെത്തിയതിനു ശേഷമാണ് ഞാനോർത്തത്. തുക്പ എന്ന സൂപ്പ് പോലുള്ള സാധനം ഞാനും ഒരു പ്ളേറ്റ് മോമോസ് അവളും വാങ്ങി. ആഹാരം കഴിക്കാൻ അവൾക്ക് വലിയ ബുദ്ധിമുട്ടാണെന്നും. പലപ്പോഴും കൂടെയുള്ളവർ കഴിച്ചു തീർക്കേണ്ട അവസ്ഥയുണ്ടാവാറുണ്ടെന്നും റോപ്പ് വേയിൽ വച്ച് അവൾ പറഞ്ഞിരുന്നു. തുക്പ കഴിച്ചു പകുതിയാവുന്നതുവരെ അതെൻ്റെ പ്രതീക്ഷയായിരുന്നെങ്കിൽ, അതിനു ശേഷം അതെൻ്റെ ഉൽക്കണ്ഠയായി മാറി. പക്ഷെ അല്പം ബുദ്ധിമുട്ടിയെങ്കിലും, ആഹാരം അല്പം പോലും പാഴായില്ല! കഴിച്ചു പുറത്തിറങ്ങി, അടുത്തുകണ്ട ഒരാളോട് തിരിച്ചു പോകാൻ ടാക്സി എവിടെ കിട്ടുമെന്ന് ചോദിച്ചു. ലാൽ ബസാറിൻ്റെ മുന്നിൽ നിന്ന് കിട്ടും എന്നയാൾ പറഞ്ഞു. എംജി മാർഗിലെ കടകളുടെ ഇടയിലുള്ള പടികളിറങ്ങി ചെല്ലുന്നതാണ് ലാൽ ബസാർ എന്ന് അയാൾ പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായി. രാം ഗോപാൽ വർമയുടെയും അനുരാഗ് കശ്യപിൻ്റെയും സിനിമകളിൽ മാത്രം ഞാൻ കണ്ടിട്ടുള്ളപോലത്തെ പടിക്കെട്ടുകളിറങ്ങി ഞങ്ങളൊരു റോഡിലെത്തി. അവിടെ നിന്ന് ഒരു ടാക്സിക്കാരനോട് വിലപേശി 200 രൂപ കൊടുക്കാമെന്നേറ്റ് ഞങ്ങൾ കയറി. ട്രാവൽ കഫെയിൽ ദിനേശ് ചെറിയ തിരക്കിലായിരുന്നു.
ഇതെഴുതുമ്പോൾ ഞാൻ ബാംഗ്ലൂരിലെ തേർഡ് വേവ് എന്ന കഫെയിലിരിക്കുകയാണ്. മുന്നിലൊരു (സ്കൂളിന്റേതെന്ന് തോന്നുന്ന) ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. മിറിയം എന്നോടൊപ്പമുണ്ട്. അവൾ ജോലിത്തിരക്കിലാണ്. യാത്ര കഴിഞ്ഞു വീട്ടിലെത്തി ഏകദേശം ഒരുമാസത്തോളം ആയിട്ടും ഇതുവരെ ഞാൻ വീട്ടിലിരുന്ന് എഴുതിയതിലുമധികം ഇതിനോടകം എഴുതിക്കഴിഞ്ഞു. ഓരോ യാത്രയും യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോടലുകളാണ് എന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു; വീടും, വീട്ടിലെ മുറിയുമെല്ലാം യാഥാർത്ഥ്യങ്ങളാണ്. യാഥാർത്ഥ്യങ്ങളിൽ മിഥ്യയില്ല. മിഥ്യയില്ലെങ്കിൽ സർഗാത്മകതയില്ല. അപ്പോൾ വേദനകളിൽനിന്ന് കവിതയെഴുതുന്നവരോ? അവരുടെ യാഥാർത്ഥ്യങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ സൃഷ്ടിക്കുന്ന മിഥ്യകളാവാം അവരുടെ കവിതകൾ. ഞാനീ എഴുതുന്നതൊന്നും മിഥ്യയല്ലല്ലോ, അപ്പോളെനിക്കെഴുതാൻ വേണ്ട രക്ഷപെടൽ നൽകുന്നതൊരുപക്ഷേ, സ്ഥലകാലങ്ങളാവാം. പക്ഷെ യാത്രയുടെ പല ഭാഗങ്ങളും മറന്നു കഴിഞ്ഞു. ചില ചിത്രങ്ങൾ മാത്രം മനസ്സിൽ ബാക്കിയുണ്ട്. ദിവസങ്ങളുടെ ക്രമം നഷ്ടപ്പെട്ടുകഴിഞ്ഞു. ഏത് ചിത്രം ഏതു ദിവസത്തേത് എന്നോർമ്മയില്ല. അതോർത്തെടുക്കുക എന്നതാണ് എഴുത്തിന് ഏറ്റവും വലിയ തടസം.
വൈകുന്നേരം ഹർഷദ് 1.0യിലേക്ക് വന്നു. കുറച്ചുനേരം അവിടെ സമയം ചെലവാക്കിയ ശേഷം, ഒരു ജാക്കറ്റ് വാങ്ങാൻ ലാൽ ബസാറിലേക്ക് പോകാമെന്ന് പ്ലാൻ ഇട്ടു. രാവിലെ പോയ ഓർമ എനിക്കുണ്ടായിരുന്നു, പക്ഷെ വഴിയറിയില്ല; പക്ഷെ ഗാങ്ടോക്കിൽ ഒരുവിധം എല്ലായിടത്തും ഇന്റർനെറ്റ് തരക്കേടില്ലാതെ കിട്ടുമായിരുന്നതുകൊണ്ട്, അതൊരു പ്രശ്നമേ ആയിരുന്നില്ല. ഗൂഗിൾ മാപ്സ് ഓൺ ചെയ്ത് ഞങ്ങൾ നടന്നു. ഇതില്ലായിരുന്നെങ്കിൽ വഴി ചോദിച്ചു ചോദിച്ചു പോകേണ്ടി വന്നേനെ എന്ന് ഞാനോർത്തു. ആൾക്കാരെ തമ്മിൽ ബന്ധിപ്പിക്കാനെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച ഇന്റർനെറ്റ്, ആൾകാരോടു സംസാരിക്കേണ്ടാത്ത അവസ്ഥ സൃഷ്ടിക്കുന്നതിൽ ചെറിയൊരു വിരോധാഭാസം തോന്നി. പക്ഷെ എല്ലാവർക്കും എന്നെപ്പോലെ മനുഷ്യരോട് സംസാരിക്കാൻ കൊതി തോന്നണമെന്നില്ലലോ. രാവിലെ പടികളിറങ്ങിച്ചെന്ന റോഡിൽ ഞാനും ഹർഷദും ചെന്നെത്തി. പടികളിറങ്ങുന്നതിനിടെ ‘പേമ’ (താമര എന്നർത്ഥം) എന്ന പേരുള്ള ഒരു സ്ത്രീയുടെ കടയിൽ നിന്ന് ഞാൻ രണ്ട് അമ്മമാർക്കും ഓരോ ഷാൾ വാങ്ങി. താഴത്തെ റോഡിൽ വലിയൊരു അഞ്ചുനിലക്കെട്ടിടത്തിൻ്റെ ചുറ്റുമായി കുറച്ചു കടകൾ കണ്ടു. എന്ത് വേണമെങ്കിലും കിട്ടും എന്നെല്ലാവരും പറഞ്ഞ ലാൽ ബസാർ ഇതാണോ? ഇവിടെയുള്ള കടകളിൽ, ഹർഷദിന് വേണ്ട ജാക്കറ്റോ, എനിക്ക് വേണ്ട പാന്റോ ഒന്നും കാണുന്നില്ല. ഞങ്ങൾ ആ കെട്ടിടത്തിന് ചുറ്റും നടന്നു നോക്കി. അതിനിടെ അവനു വിശക്കുന്നെന്നു പറഞ്ഞ്, ചെറിയൊരു മോമൊ കടയിൽ കയറി ഒരു പ്ലേറ്റ് മോമോകളും ചായയും കഴിച്ചു. അപ്പോഴാണ് ആ സംശയം ഉണ്ടായത്, ഇനി ലാൽ ബസാർ ഇതല്ലെങ്കിലോ? അങ്ങനെ ആ കടയിൽ നിന്ന സ്ത്രീകളോട് ഞങ്ങൾ ലാൽ ബസാറിനുള്ളിലേക്കുള്ള വഴി ചോദിച്ചു. അവരുടെ മറുപടിയിൽ നിന്നാണ് മനസിലായത്, കവടിയാറിലെ ഫ്ളാറ്റുകളെപ്പോലുള്ള ഈ കാണുന്ന അഞ്ചുനിലക്കെട്ടിടമാണ് ലാൽ ബസാർ. അതിലേക്ക് നയിക്കുന്ന ഒരു ബസ് കേറിപ്പോകാൻ വലിപ്പമുള്ള വാക് വേയുടെ മുന്നിൽ നിന്നാണ് ഞങ്ങൾ നടന്നു തുടങ്ങിയത്.
അടുത്ത ദിവസം കൂടെ വന്ന യാത്രക്കാരിൽ ഒരുവൾക്ക് പനിപിടിച്ചിരിക്കുന്നുണ്ടായിരുന്നു; ഞാൻ 1.0യിലേക്ക് പോകാനിറങ്ങിയപ്പോൾ അവൾക്ക് മരുന്ന് വാങ്ങാനും, സ്ഥലം കാണാനുമായി ഹർഷദ് കൂടെയിറങ്ങി. ട്രാവൽ കഫെയിൽ പഴയ ആൾകൂട്ടം തന്നെ; കെൻട്റുക്ക് എന്ന ടാഗലോങിൻ്റെ മാനേജർ ഞാനിരിക്കാറുള്ള സോഫയിലിരുന്ന് ജോലി ചെയ്യുന്നുണ്ട്, സുബ്ബു കൗണ്ടറിനു പിന്നിലുണ്ട്, ദിനേശ് ആൾക്കാർക്ക് സാധനം എടുത്തു കൊടുക്കുന്നു, കണക്കുകൾ എഴുതുന്നു. സുലൈമാൻ ഹാഷിം എന്നിവർ സിഗരറ്റ് വലിക്കാനായി അകത്തേക്ക് വരുന്നു. പുതിയ ആരെയെങ്കിലും കഥ കേൾക്കാനായി കിട്ടുമോ എന്നായിരുന്നു എൻ്റെ നോട്ടം; പക്ഷെ ഒറ്റയ്ക്കുള്ള യാത്രക്കാർ ആരും അവിടേക്ക് വന്നില്ല. അല്ലെങ്കിൽ, ഞാൻ ശ്രദ്ധിച്ചില്ല. സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. അപ്പോഴേക്കും, ഹോസ്റ്റലിൽ നിന്നും വയ്യാതെ കിടന്ന നിഖില ഹർഷദിനെ വിളിച്ചു. ഞങ്ങൾ മരുന്നും വാങ്ങി തിരിച്ചു നടന്നു. ദൂരെ മലകൾക്കു മുന്നിൽ മഞ്ഞിറങ്ങുന്നുണ്ടായിരുന്നു. ഞാൻ ലാപ്ടോപ് എടുത്ത് എഴുതാൻ തുടങ്ങി. കുറെ നാളുകളായി പുറത്തെടുക്കാതിരുന്ന സർഗാത്മകത തീസ്ത നദിപോലെ ഉള്ളിൽ നിന്നൊഴുകുന്നത് എനിക്ക് തിരിച്ചറിയാമായിരുന്നു. ആളുകൾ വന്നുകൊണ്ടിരുന്നു. ആതിരയും നിമ്മിയും അൻസലും ഋഷിയും പലപ്പോഴായി കാരംസ് കളിക്കാൻ കൂടി. സഞ്ജയും പ്രഭാത് ദായും കളിയ്ക്കാൻ വരുന്നതു വരെ ഞങ്ങൾ ചെറിയ കളികൾ കളിച്ചു സമയം കളഞ്ഞു. അവർ രണ്ടുപേരും പ്രൊഫഷണലുകളെപ്പോലെ ഓരോന്നായി ഫിനിഷ് ചെയ്തുകൊണ്ടിരുന്നു. ഒരേ ഒരു കളിയെക്കുറിച്ച് മാത്രം പ്രത്യേകം പറയണം, കാരണം അത് മുന്നിൽ കണ്ടപ്പോൾ അമ്പരന്ന് ഞാനിതു ലോകം മുഴുവൻ പറയുമെന്ന് നിമ്മി ബെന്നിക്ക് വാക്ക് കൊടുത്തിരുന്നു. എൻ്റെ ടീമിന് എതിരേയായിരുന്നു നിമ്മി കളിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ പങ്കാളികൾ (അൻസലും ഋഷിയും ആണെന്നാണ് എൻ്റെ ഓർമ്മ..) ഞങ്ങളെക്കാളും സ്വാഭാവികമായും മികച്ചവരായിരുന്നു. കളിയുടനീളം എന്നെപ്പോലെ തന്നെ മോശം പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു നിമ്മി. അവസാനം, അവർക്ക് രണ്ടു കട്ടകളും, റെഡും മാത്രം ബാക്കിയായി. ഞങ്ങൾക്ക് രണ്ടോ മൂന്നോ ബാക്കി. അത്രയും നേരം അസാധാരണമായി ഒന്നും പുറത്തെടുക്കാതെ നിമ്മി, അടുത്ത നിമിഷം ഒരദ്ഭുദം കാണിച്ചു. ഒറ്റ സ്ട്രൈക്കിൽ റെഡും ഒരു വൈറ്റും വീഴ്ത്തുകയും, അടുത്ത സ്ട്രൈക്കിൽ റിവേഴ്സ് അടിച്ച് അവസാനത്തെ വൈറ്റ് വീഴ്ത്തുകയും ചെയ്തു. എൻ്റെ മനോവീര്യം അതോടെ തീർന്നു. രാത്രി, കോമൺ ഏരിയയിൽ പിറ്റേന്നത്തെ പ്ലാനുകളെക്കുറിച്ചും, അന്നത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടക്കുകയായിരുന്നു. അവരെ കഴിക്കാൻ വിളിക്കൂ, അടുക്കള അടയ്ക്കണം എന്ന് പ്രഭാത് ദാ പറഞ്ഞു. ഞാൻ ചെന്ന് വാതിലിൽ തട്ടി. പതുക്കെ അകത്തേക്ക് തലയിട്ടു. “സർ കഴിക്കാൻ പറയുന്നു, അവർക്ക് അടുക്കള അടയ്ക്കണമെന്ന്.. ബുദ്ധിമുട്ടാവില്ലെങ്കിൽ മീറ്റിങ് അത് കഴിഞ്ഞും ആകാമല്ലോ…” സർ നിർദേശം അംഗീകരിച്ചു. എല്ലാവരും താഴേക്ക് വന്നു. ആരോ എന്നോട് “താനെന്ത് പരിപാടിയാടോ കാണിച്ചേ” എന്ന് ചോദിച്ചു.
എനിക്ക് മനസിലായില്ല. “കഴിക്കാൻ വിളിച്ചാൽ അത് ചെയ്താൽ പോരെ.. മീറ്റിംഗ് അത് കഴിഞ്ഞും നടത്താം എന്ന് ഐഡിയ കൊടുക്കുന്നതെന്തിന്…” എല്ലാവരും കിടന്നു കഴിഞ്ഞിട്ടും അന്ന് രാത്രി ദിൽഷാനയും അപർണ്ണയും ആതിരയും ഭരതും നിമ്മിയും കോമ്മൺ ഏരിയ ബാൽക്കണിയിൽ ബാക്കിയായി. ഓരോരുത്തരുടെയായി പേരുകൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
പിറ്റേന്ന് രാവിലെ ഞാനും ഹർഷദും 2.0 യിലേക്ക് നടന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഞങ്ങളവിടെയിരുന്നു. അവിടെയുണ്ടായിരുന്ന എവറസ്റ്റ് കീഴടക്കുന്നതിനെക്കുറിച്ചുള്ള നാഷണൽ ജിയോഗ്രഫിക്കിൻ്റെ ബുക്ക് എടുത്ത് മറിച്ചു നോക്കാൻ തുടങ്ങി. ദിനേശ് ജോലികൾ ചെയ്ത് തീർത്ത് വന്നടുത്തിരുന്നു. അവിടെ താമസിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും, അടുത്ത സെപ്റ്റംബറിൽ നടത്താൻ പോകുന്ന പർവ്വതാരോഹണ കോഴ്സിനെക്കുറിച്ചും വാചാലനായി. ഉച്ച കഴിഞ്ഞ് കിരൺ എന്ന മലയാളിയായ പയ്യൻ (അവനെ ഇവിടെ വച്ച് പരിചയപ്പെട്ടതാണ്. മുൻപൊരു രാത്രി ഇവിടെ ചെറിയ ആഘോഷം നടന്ന ദിവസം അവനും സുഹൃത്തുക്കളും ഇവിടെയുണ്ടായിരുന്നു) ഒരു വലിയ ട്രാവൽ ബാഗ് തൂക്കിയ ഒരു പെൺകുട്ടിയുമായി വന്നു. ഇതുവരെയും അവിടെ നടന്നുപോയ ഒരു പെൺകുട്ടിയെയും ശ്രദ്ധിക്കുകയോ അവരെക്കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഹർഷദ്, അവളെ ശ്രദ്ധിച്ചു. “കണ്ടിട്ട് ഒരു ട്രാവലർ ആണെന്ന് തോന്നുന്നു അല്ലെ”എന്ന് പറഞ്ഞു. അവളുടെ ബാഗിന് മുകളിൽ സ്ലീപ്പിങ് ബാഗ് ചുരുട്ടി വച്ചിരുന്നു. ഒറ്റയ്ക്ക് ബാക്ക്പാക്കിങ് ചെയ്യുന്ന ഒരാളിലല്ലാതെ അത് കണ്ടിട്ടില്ല ഞാൻ. അവൾ കിരണിനോട് മലയാളത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടു; (ഹർഷദ് കേട്ടില്ല എന്ന് പിന്നീട് എനിക്ക് മനസിലായി.) നാലുമണിയോടടുത്ത് ദിനേശിന് അവൻ്റെ ക്രോക്സിൽ വയ്ക്കാനുള്ള ബാഡ്ജും, കുറച്ചു ടീ ഷർട്ടും വാങ്ങണം എന്ന് പറഞ്ഞു. പക്ഷെ ശമ്പളം വന്നിട്ടില്ല. എനിക്കും വെറുതെയിരുന്ന് മടുത്തിരുന്നു. വാ പോയിട്ട് വരാം, തത്കാലം സാധനം വാങ്ങാനുള്ള പണം ഞാൻ തരാം, എന്നിട്ട് ശമ്പളം കിട്ടുമ്പോൾ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞ് അവനെയുംകൊണ്ട് ഞങ്ങൾ ലാൽ ബസാറിലേക്ക് പോയി. അവിടുത്തെ കടകൾക്ക് നമ്പർ ഉണ്ടെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. മൂന്നാം നിലയിലെ ഒരു കടയിൽ നിന്ന് ഞാൻ അവൾക്കും വസ്ത്രങ്ങൾ വാങ്ങി. ലാൽ ബസാറിന് വിശാലമായ ഒരു ടെറസ് ഉണ്ട്. ഒരു പാർക്ക് പോലെ ആൾക്കാർ ഒത്തുകൂടി നിൽക്കുന്ന, കുട്ടികൾ ഫുട്ബോൾ കളിക്കുന്ന ഒരിടം. അതിൽ നിന്ന് ഒരു പാലം നേരിട്ട് എംജി മാർഗിലേക്ക് നീളുന്നു. സൂരജ് കൂടെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ കളിയ്ക്കാൻ പോയേനെ എന്ന് ഞാൻ ഹർഷദിനോട് പറഞ്ഞു. എംജി മാർഗിലെ ക്രോക്സ് കടയിൽ ഞങ്ങൾ കയറി. ഏത് ബാഡ്ജ് വാങ്ങണം എന്ന് ദിനേശിന് തീരുമാനിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. BOHO എന്നീ അക്ഷരങ്ങൾ ഞാനെടുത്തു കൊടുത്തു. നാടോടി കലാകാരൻ എന്നർത്ഥം വരുന്ന bohemian എന്ന വാക്കിൻ്റെ ചുരുക്കെഴുത്താണ് എന്ന് ഞാൻ പറഞ്ഞു കൊടുത്തു. അവനതിഷ്ടമായി. ഇനി പർവ്വതങ്ങളിലും വിശാലമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും അവൻ നടന്നു പോകുമ്പോൾ ഇങ്ങു കേരളത്തിൽ ഒരുപക്ഷെ ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഒരുവൻ എടുത്തുകൊടുത്ത അക്ഷരങ്ങൾ അവൻ്റെ ചെരുപ്പിനെയലങ്കരിക്കും. അപ്പോഴേക്കും ഹർഷദിന് വിശക്കാൻ തുടങ്ങി. ഒരു ബംഗാളി ഹോട്ടലിൽ കയറി ഞങ്ങൾ മീൻ ചേർന്ന ഊണ് പറഞ്ഞു. ഒരുതരത്തിലും എന്നിൽ മതിപ്പുണ്ടാക്കാൻ ആ ഊണിനു പറ്റിയില്ല. പോരാത്തതിന്, അടുത്തിരുന്ന മേശയിലെ ഒരു സ്ത്രീക്ക് ഊണിൽ നിന്ന് മുടിയും കിട്ടി. എത്രയും വേഗം ഊണുകഴിച്ച് ഞങ്ങൾ പുറത്തിറങ്ങി. 2.0 ലക്ഷ്യമാക്കി നടന്നു. ഹർഷദ് അപ്പോൾ തന്നെ 1.0യിലേക്ക് മടങ്ങിപ്പോയി. ഞാൻ 2.0യിൽ തുടർന്നു. സന്ധ്യ മയങ്ങി തുടങ്ങി. അപ്പോഴേക്ക് നോർത്ത് സിക്കിം പോയിരുന്ന സഞ്ചിത തിരിച്ചെത്തി. ചെറിയ സംഭാഷണത്തിന് ശേഷം, ക്ഷീണമുണ്ട് ഒന്നു കിടക്കട്ടെ എന്ന് പറഞ്ഞ് അവൾ മുകളിലേക്ക് പോയി. ഞാനും ദിനേശും സംസാരം തുടർന്നു. ഒരു മണിക്കൂറിനു ശേഷം അവൾ താഴേക്കിറങ്ങി വന്നു. എന്നെയോ ദിനേശിനെയോ ശ്രദ്ധിക്കാതെ, സാരംഗ് ദായുടെ അടുത്തേക്ക് നടന്നു ചെന്നു. കഴിഞ്ഞ ദിവസം നടന്ന സംഭാഷണത്തിൻ്റെയോ കഥകൾ കൈമാറിയതിൻ്റെയോ വിദൂര പരിചയം പോലും കാണിക്കാത്തതിൽ എനിക്ക് ചെറിയ അലോസരം തോന്നി. പക്ഷെ കേട്ട കഥകളിൽ നിന്ന് മനസ്സിലാക്കിയിടത്തോളം, ആൾക്കാരെ സംശയത്തോടെ മാത്രം നോക്കിക്കാണാൻ നിർബന്ധിതയായ ഒരു പെൺകുട്ടിയോട് വീണ്ടും ഇടിച്ചുകയറി സംസാരിക്കുന്നത് ശരിയല്ല എന്ന തിരിച്ചറിവിൽ, ഞാൻ എൻ്റെ അലോസരം ഉള്ളിൽ തന്നെ ഒതുക്കി. ഭാരതത്തിൻ്റെ ഏതോ കോണിൽ ജനിച്ച ഞാൻ, മറ്റേതോ കോണിൽ ജനിച്ച ആ പെൺകുട്ടി. ഞങ്ങൾ ഇവിടെ മലമുകളിൽ കണ്ടു മുട്ടിയത് തന്നെ എന്തൊരു വിദൂര സാധ്യത. അതിൽത്തന്നെ രണ്ടു മണിക്കൂർ കഥകൾ പറഞ്ഞത് അതിലും അത്ഭുദം; അതിനപ്പുറത്തേക്ക് കൂടുതൽ പരിചയം പുതുക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമില്ല. രാത്രിയിൽ വീണ്ടും ഹോസ്റ്റലിലേക്ക് പോകാനിറങ്ങിയപ്പോൾ ഒറ്റയ്ക്ക് നടക്കുന്നതോർത്ത് മടുപ്പുണ്ടായി. ദിനേശിനെ വിളിച്ചിട്ട് അവൻ വന്നില്ല. പക്ഷെ അവനാണ് സാരംഗ് ദാ പുറത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ കൂടെപ്പോകാൻ നിർദേശിച്ചത്. സാരംഗ് ദാ ടാഗലോങിൻ്റെ ഉടമയാണ്. അദ്ദേഹവും വേറെ രണ്ടു പേരും ചേർന്നുള്ള പാർട്ണർഷിപ്പിലാണ് ഇത്. ഉയരം കുറഞ്ഞ ഒരു മനുഷ്യൻ. മുടി നീട്ടി വളർത്തിയിരിക്കുന്നു; മുന്നിലെ ഒരു കൂട്ടം മുടിയിൽ വെള്ള നിറം. നിറം പിടിപ്പിച്ചതാണോ നരയാണോ എന്ന് ഞാൻ ചോദിച്ചില്ല. നരയാണെങ്കിൽ പ്രകൃതിക്ക് ഇയാളോടൊരു പ്രത്യേക സ്നേഹം കാണും, അത്രയ്ക്ക് കൃത്യവും മനോഹരവുമാണ് ആ നിറംപിടിപ്പിക്കൽ. സിക്കിമിലെ പൂക്കളെന്നെപ്പോലെ തന്നെ. സാരംഗ് ദായും ഞാനും പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ ആഹാരത്തെക്കുറിച്ച്, മൺസൂണിനെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗീയതയെക്കുറിച്ച്. സൗമ്യനായ മനുഷ്യൻ. ഈ മലഞ്ചെരുവിൽ എല്ലാവരെയും പോലെ തന്നെ. തിളങ്ങുന്ന ചിരിയും പ്രകൃതവുമുള്ളവർ. പടിയിറങ്ങിയ ഞങ്ങളോടൊപ്പം ബൂന്തിയോ കാഞ്ചിയോ കൂടെ വന്നു. രാത്രി അകത്തെ കോമൺ റൂമിലിരുന്ന് ഞങ്ങൾ ഉണോ കളിച്ചു. ആ കളി എനിക്കിന്നും പിടി തന്നിട്ടില്ല. മനസ്സിൽ സൂക്ഷിക്കേണ്ട എന്തൊക്കെയോ കാര്യങ്ങളുണ്ട് എന്നെനിക്കറിയാം.. പക്ഷെ എന്ത് എന്നിപ്പോഴും അറിയില്ല. വളരെ വ്യക്തമായ അവ്യക്തതകൾ ജീവിതത്തിൻ്റെ ഭാഗമാണല്ലോ! നേഹയെ ഒന്നും ഓരോന്നും പറഞ്ഞ് കിടക്കാൻ പോകാൻ അനുവദിക്കാതെ ഞാനും അപർണയുംകൂടി തടഞ്ഞു വച്ചു. എന്തോ അത്യാവശ്യത്തിനു മുറിയിൽ പോയിട്ട് വരാമെന്ന് പറഞ്ഞു പോയ നേഹയുടെ ഫോൺ തിരിച്ചു വരാനുള്ള ഉറപ്പിന് വേണ്ടി ഞങ്ങൾ വാങ്ങി വച്ചു. കൃത്യ സമയത്താണ് അവളുടെ അമ്മ വിളിച്ചത്. അപർണ ഫോണെടുത്തിട്ട് നേഹ താഴെ മുറിയിലാ വരുമ്പോ പറയാം ആന്റി എന്ന് പറഞ്ഞു. കുറെ സമയമായിട്ടും നേഹ തിരിച്ചു വന്നില്ല. ഫോൺ ഇവിടെ വച്ചിട്ട് കിടന്നുറങ്ങിയോ എന്ന് നിഖില സംശയം പ്രകടിപ്പിച്ചു. അല്പം വൈകിയെങ്കിലും നേഹ തിരിച്ചു വന്നു. 'അമ്മ വിളിച്ചിരുന്നു, എന്ന് അപർണ പറഞ്ഞു. “എന്നിട്ട്?” “ഞാൻ എടുത്തു.” എന്ന് ഞാൻ പെട്ടെന്ന് പറഞ്ഞു. ആ നിമിഷത്തിൽ തന്നെ ആ നുണക്കഥയുടെ പങ്കാളികളായി അപർണ്ണയും നിഖിലയും മാറി. “അയ്യോ!” “ആ.." ഞാൻ പറഞ്ഞു, "ആന്റി നേഹ കുളിക്കുകയാ.. ഫോൺ പുറത്ത് വച്ചേക്കുന്നു; വരുമ്പോ പറയാം എന്ന്.” നേഹ ചെറുതായി പേടിച്ചു. ഞാൻ കഥ വിട്ടില്ല. “ഞാൻ ചോദിച്ചു, എന്നെക്കുറിച്ചു പറഞ്ഞിട്ടില്ലേ? ഞാൻ അലൻ, അപ്പൊ അമ്മയ്ക്ക് അറിയില്ല പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു ആ പക്ഷെ അമ്മേടെ കാര്യം ഇപ്പോഴും പറയും” എന്നൊക്കെ ഞാൻ ഭാവവ്യത്യാസമില്ലാതെ പറഞ്ഞു. നിമിഷനേരം കൊണ്ട് നുണക്കഥ മെനയാനുള്ള കഴിവിൽ എനിക്കഭിമാനം തോന്നണൊ? കുറച്ചു നേരം തീ തീറ്റിച്ചിട്ട് നേഹയോട് ഞങ്ങൾ സത്യം പറഞ്ഞു. ഭരത് കപ്പലണ്ടി കൊണ്ടുതന്നു. കുറച്ചുനേരം അത് കൊറിച്ചിട്ട് നേഹയും നിഖിലയും താഴേക്ക് പോയി. ഞാൻ കിടന്നുറങ്ങാൻ മുകളിലേക്കും.
അടുത്ത പകൽ ഞാൻ പുറത്തേക്ക് പോയില്ല. മഞ്ഞിൻ്റെ കുടമാറ്റം കണ്ട് കോമൺ ഏരിയയിൽ തന്നെ ഇരുന്നു. നമ്രതയും നിമ്മിയും അന്ന് പുറത്തേക്ക് പോയിരുന്നില്ലയെന്ന് തോന്നുന്നു. അവർ മുകളിലെ കോമൺ ഏരിയയിലേക്ക് വന്നപ്പോൾ ഞാൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. എഴുതിയത് ഞാനവർക്ക് വായിച്ചുകൊടുത്തു. രണ്ടുപേർക്കും മലയാളം വളരെ നന്നായറിയില്ല. അക്ഷരങ്ങളറിയാം എന്നേയുള്ളൂ. പണ്ടായിരുന്നെങ്കിൽ മാതൃഭാഷ അറിയാത്തത് നാണക്കേടാണ് എന്ന നിലയിൽ ഞാൻ ചിന്തിക്കുമായിരുന്നു; പക്ഷെ ആ കാലം പോയി. ഭാഷകളെല്ലാം മനുഷ്യൻ തന്നെ നിർമിച്ചവയാണ്. ഒരു ഭാഷയും മറ്റൊന്നിനു മുകളിലല്ല. ഒരു സംസ്കാരത്തിനെ ഏറ്റവും നന്നായി മനസിലാക്കാൻ ആ നാടിൻറെ ഭാഷ അറിയുന്നത് നന്നായിരിക്കും എന്നതൊരു വസ്തുതയാണ്. അതിനു പക്ഷെ സംസാര ഭാഷ മതി. ബഷീറിനെയും എം ടി യെയും വായിച്ചവർ മാത്രമാണ് യഥാർത്ഥ മലയാളികൾ എന്ന കുപ്പിക്കഴുത്തുപോലുള്ള ചിന്ത എന്നേ കുഴിച്ചു മൂടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ, അവർക്കെത്ര മലയാളമറിയാം എന്നറിയാൻ കുറച്ച് അക്ഷരങ്ങൾ എഴുതിച്ചു നോക്കിയപ്പോൾ എനിക്കൊരല്പം പോലും അധീശത്വം തോന്നിയില്ല.
മൂന്നുമണിയോടടുത്ത് ഭരത് തിരിച്ചെത്തി. രാത്രിയിൽ മീറ്റിങ്ങിനിടയിൽ ഉപയോഗിക്കാൻ കൊണ്ട് വച്ചിരുന്ന പ്രോജെക്ടറിൽ സിനിമയിടാം എന്ന് ചർച്ചയുണ്ടായി. സ്ക്രീനിന് അടുത്ത് രണ്ട് പ്ലഗ് പോർട്ടുകളുണ്ടായിരുന്നു; അതിൽ ഒരു എക്സ്സ്റ്റെൻഷൻ കേബിൾ കൊടുത്തിരുന്നു; പക്ഷെ നിർഭാഗ്യവശാൽ, അന്ന് രാത്രി മുതൽ അതു പ്രവർത്തിക്കാതെയായി. ഋഷിയും ഞാനും ഗോവിന്ദും പല പല കോമ്പിനേഷനുകളും പരീക്ഷിച്ചു. അങ്ങനെ പ്രൊജക്ടർ സ്ക്രീനിനു അടുത്തും, ലാപ്ടോപ്പ് ചാർജർ അയ കെട്ടിയ പോലെ എതിരെയുള്ള ചുവരിലെ പ്ലഗ് പോർട്ടിലും കൊടുക്കേണ്ടി വന്നു. ഒരു സാധാരണ ടി വിയേക്കാൾ അല്പംകൂടി വലിയ സ്ക്രീനിൽ ഞങ്ങൾ സിനിമ കാണാൻ തയാറായിരുന്നു. ഏതു കാണണം എന്നത് ചർച്ചയായിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾക്കൊത്ത് പോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. യാത്ര തുടങ്ങുമ്പോൾ എനിക്ക് “കുട്ടികൾ/വിദ്യാർത്ഥികൾ/സഹയാത്രികർ” എന്ന ഒരേ ഒരു വ്യക്തിത്വം മാത്രമായിരുന്നവർ, ഇപ്പോൾ ഓരോ പേരുകളാണ്; ഓരോ വ്യക്തികളാണ്. അവർക്കാർക്കും ഒരേപോലെയുള്ള ഇഷ്ടങ്ങളല്ല, ഇഷ്ടക്കേടുകളല്ല. ഒരുപാടു നേരത്തെ സംസാരത്തിനു ശേഷം ഡാവിഞ്ചി കോഡ് ഇടാൻ തീരുമാനമായി. എൻ്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് മുന്നോട്ട് വച്ച നിർദേശമായിരുന്നു അത്. പുസ്തകത്തിൽ നിന്ന് എനിക്ക് കിട്ടിയ റോബർട്ട് ലാങ്ടൺ ആയിരുന്നില്ല ടോം ഹാങ്ക്സ്. പണ്ടൊരിക്കൽ ഗായത്രി ഇതിന് എതിരഭിപ്രായം പറഞ്ഞതോർക്കുന്നു. ഷഹീന വളരെയധികം താല്പര്യത്തോടെ കണ്ടു കൊണ്ടിരുന്നു. തുടക്കത്തിൽ ശ്രദ്ധിക്കാതിരുന്നവരൊക്കെ പതുക്കെ പതുക്കെ ശ്രദ്ധിച്ചു തുടങ്ങി. തൻ്റെ മതത്തിനോടും ദൈവത്തിനോടും അചഞ്ചലമായ ഭക്തിയും വിശ്വാസവും വച്ചു പുലർത്തിയിരുന്ന നിമ്മിയോട് സിനിമയ്ക്ക് ശേഷം കുറച്ചു നേരം സംസാരിച്ചു. ഒരുപാട് മനസിനെ പിടിച്ചുകുലുക്കിയിട്ടില്ല എന്ന തിരിച്ചറിവിൽ, മാൻ ഫ്രം എർത്ത് കൂടി കാണിക്കാൻ തീരുമാനിച്ചു. കണ്ടുകൊണ്ടിരിക്കുന്നതിനിടെ സർ കയറി വന്നു. “മാൻ ഫ്രം എർത്ത് അല്ലെ?” ഞങ്ങൾ അതെയെന്ന് തലകുലുക്കി. സ്വന്തം വിദ്യാർത്ഥികളുടെ നടുവിൽ ടൂർ ഓപ്പറേറ്റർ ആയി വന്ന ചെറുപ്പക്കാരൻ സിനിമ കണ്ടു കിടക്കുന്നതിൽ അയാൾക്ക് ഈർഷ്യ തോന്നിയോ ആവോ? മുഖത്തെന്തായാലും ഭാവമാറ്റമില്ല. അങ്ങനെ ഒരുപാട് ഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളല്ല അലോക് സർ. എന്നെക്കാളും ഒന്നോ രണ്ടോ വയസിനു മൂപ്പുണ്ടാവും; ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുണ്ടെന്നു തോന്നുന്നു. ഓരോ ദിവസത്തെയും നടകളുടെ എണ്ണം പൂർത്തിയാക്കുന്നതിൽ വിശ്വസിക്കുന്ന പഞ്ചസാര ഉപയോഗിക്കാത്ത മെലിഞ്ഞ ചെറുപ്പക്കാരൻ. വിനയ് ഫോർട്ടിനോട് സാമ്യതയുള്ള ശബ്ദം. പുള്ളിക്കാരൻ ടോം ആൻഡ് ജെറിയിലേക്കുള്ള പടികളിലിരുന്ന് കുറച്ചു നേരം സിനിമ കണ്ടു. അപ്പോഴേക്കും കഴിക്കാനുള്ള നേരമായി. സിനിമ പകുതിക്ക് വച്ച് നിർത്തി ഞങ്ങൾ കഴിക്കാനായി പോയി. തിരിച്ചു വന്ന് വീണ്ടും തുടർന്നു. മൂന്നാമത് ജോജോ റാബിറ്റ് കണ്ടു, പകുതി കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും ഉറക്കം വരുന്നുണ്ടായിരുന്നു. ഏറ്റവും ശ്രദ്ധയോടെ കണ്ടിരുന്ന ഷഹീന പോലും ഉറങ്ങിത്തുടങ്ങി. ഞാനെഴുന്നേറ്റ് പിന്നിലേക്ക് നോക്കിയപ്പോൾ പലരും പുതപ്പിനടിയിലാണ്. അങ്ങനെ അന്നത്തെ രാത്രി പാതിമയക്കത്തിൽ അവസാനിച്ചു.
ഇനിയൊരു ദിവസത്തെ കഥ വളരെ ചെറുതാണ്. അതുണ്ടാക്കിയ വികാരങ്ങൾ വലുതാണെങ്കിലും, സംഭവങ്ങൾ ചെറുതാണ്. ദൂരം എനിക്കും അവൾക്കുമിടയിൽ എന്നും അലകളുണ്ടാക്കിയിരുന്നു. അതുപോലെയടിച്ച ഒരു കുഞ്ഞല വളർന്നു വലിയ തിരയായി തീരങ്ങളെ പിടിച്ചുകുലുക്കി. യാത്രയെപ്പറ്റിയെഴുതുന്നതിനിടെ പ്രണയത്തിലെ കുഞ്ഞു വഴക്കുകളെ വലിച്ചിടുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് അതു പറയുന്നില്ല. അതുപോലെ തന്നെ, ഈ ദിവസങ്ങളിലെ ചില രാത്രികളിൽ തണുപ്പിനും ഇരുട്ടിനും ചിലപ്പോൾ അമിത്തിൻ്റെ പാട്ടിനുമൊപ്പം രണ്ടു (ഒരു രാത്രിയിൽ മൂന്ന്) കൂട്ടുകാരികൾ പറഞ്ഞ കഥകളും കാര്യങ്ങളുമുണ്ട്. അവയും, അവരുടെ സ്വകാര്യത മാനിച്ച് മറച്ചു വെക്കാനാണ് തീരുമാനം. അതിലൊരാൾ അറിയാതെ ഉള്ളിൽ നിന്ന് വീഴുന്ന മനസിൻ്റെ വെള്ളിവെളിച്ചങ്ങൾക്ക് മാപ്പുപറയുന്നവളാണ്. അവളുടെ കഥകൾ അവളല്ലാതെ ആരു പറഞ്ഞാലും ശരിയാവില്ല. അടുക്കളയിൽ സ്വയം നൂഡിൽസ് ഉണ്ടാക്കി തിന്നത് ഈ ദിവസം ആണോ എന്നും ഞാൻ സംശയിക്കുന്നു.
അടുത്ത ദിവസം രാവിലെ,ഭരതും ഹർഷദും വന്നു വിളിച്ചു. രാത്രി ടോം ആൻഡ് ജെറിയിൽ പുതിയ കൂട്ടർ വരുന്നു. ഞങ്ങളുടെ പയ്യന്മാർക്ക് പുതിയ രണ്ടു മുറികൾ, ഭരത് എൻ്റെയും ഹർഷദിൻ്റെയും കൂടെ കോമ്മൺ ഏരിയയിൽ സാറിന് ടാഗലോങ്ങിനോട് ചേർന്ന മറ്റൊരു ഹോം സ്റ്റേയിൽ പുതിയൊരു മുറി എന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുന്നു. അങ്ങനെ ആ മുറി കാണാനാണ് അവന്മാർ വന്നു വിളിച്ചത്. പല്ലുപോലും തേയ്ക്കാതെ കൂടെയിറങ്ങി. ടാഗലോങിൻ്റെ ഗേറ്റിനു പുറത്തെ സിമന്റ് പാകിയ ചെറിയ പടികൾ ഇറങ്ങി താഴേക്ക്. ആ ചെറിയ ഇടവഴികളിലൂടെ നടക്കുമ്പോൾ ഈ നഗരത്തിലെ മറ്റെല്ലാ വഴികളുംപോലെ പലനിറത്തിലെ പൂക്കൾ കൈ നീട്ടി കാലിൽ തൊടും. സാറിനു കാണിച്ചുകൊടുത്തത് സുന്ദരമായ ഒരു കൊച്ചു മുറി. മലകളിലേക്ക് നോക്കി നിൽക്കുന്ന ചരിഞ്ഞ മേൽക്കൂരയുള്ള വലിയ ജനാലകളുള്ള മുറി. ബുദ്ധൻ്റെ ഒരു ചിത്രം ചുവരിൽ കണ്ടു. ടാഗലോങിൻ്റെ പ്രസരിപ്പിനേക്കാൾ പ്രശാന്തതയാണ് ഈ സ്ഥലത്തിൻ്റെ മുഖമുദ്ര എന്ന് തോന്നും. ഞാൻ മനസ്സിലാക്കിയിടത്തോളം സാറിന് മുകളിലെ ബഹളത്തെക്കാൾ ഇതാവും ഇഷ്ടം. FOMO എന്ന കൂട്ടത്തിൽ കൂടാൻ പറ്റാതാവുമ്പോഴുള്ള വിഷമം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിച്ച് തിരിച്ചു വന്നു. അല്പം നടന്നപ്പോൾ തന്നെ കിതയ്ക്കുന്നുണ്ട്. അപ്പോഴാണ് ഇന്ന് നാഥുല പോകുന്നുണ്ട് എന്ന കാര്യം ഒരു ഭാരമായി തോന്നിയത്. ഈ ഉയരത്തിൽ ഇത്രയും ബലഹീനനാണ് എൻ്റെ ശ്വാസകോശമെങ്കിൽ, 13000 അടി മുകളിൽ എന്താവും അവസ്ഥ?
സൊങ്ങോ (Tsomgo) തടാകത്തിനു സമീപത്ത് ഞങ്ങൾ നിർത്തി. തടാകം, തല എന്ന അർത്ഥങ്ങളുള്ള രണ്ടു വാക്കുകൾ ചേർന്നുണ്ടായതാണ് സൊങ്ങോ എന്ന പേര്. ചങ്കു എന്ന സ്ഥലത്തായതു കൊണ്ട് അങ്ങനെയുമൊരു പേരുണ്ട്. ഓരോ കാലാവസ്ഥയിൽ ഓരോ നിറമാണ് ഈ പ്രദേശത്തിന്. ഇപ്പോൾ ആകാശത്തിൻ്റെ നീലയും മഞ്ഞിൻ്റെ വെള്ളയും ഈ തടാകത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇവിടെയൊരു കാന്റീനുണ്ട്, ബാത്റൂമുകളുണ്ട്; ചെറിയൊരു നടപ്പാതയും, അതിൽ നിന്ന് തടാകത്തെ നോക്കിക്കാണാൻ ഒരു വ്യൂ പോയിന്റുമുണ്ട്. വ്യൂ പോയിന്റിൽ നിന്ന് മലയുടെ മുകളിലേക്ക് ഒരു റോപ് വേ പോകുന്നുണ്ട്. എല്ലാവരും ആദ്യമേ ചെന്നു കയറിയത് കാന്റീനിലേക്കാണ്. സൂപ്പുകൾ ഓർഡർ ചെയ്തു. ആരാണ് കാശുകൊടുത്തത് എന്നറിയില്ല. ഭരത്തോ നിമ്മിയോ ആവണം. സന്മനസിനു നന്ദി! ചൂടുവെള്ളമൊഴിച്ച് മൂന്ന് മിനിറ്റ് വച്ചേക്കുമ്പോൾ പാകമാവുന്ന നൂഡിൽ സൂപ്പുകൾ. ആഹാരത്തിനു ശേഷം റോപ് വേ കയറുക എന്നതാണ് ലക്ഷ്യം. പുറത്തിറങ്ങിയ അനഘയ്ക്ക് സുഖമില്ലാത്തപോലെ തോന്നി. ഋഷിയും അവളും ഷഹീനയും ഒരു കാറിൽ തിരിച്ചു പോയി. റോപ് വെയിലേക്ക് കയറുന്ന വാതിലിനു വശത്തെ മലഞ്ചെരുവിൽ മഞ്ഞു വീണു കിടക്കുന്നുണ്ട്. സ്വസ്ഥമായി ഒരിടത്ത് ചെന്നിരുന്ന് മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ ആ ചരിവിലേക്ക് നടന്നത്. കൂടെ വന്നവർക്ക് ഉദ്ദേശങ്ങൾ വേറെയായിരുന്നു. മഞ്ഞു കൊണ്ട് നിർമിച്ച പന്തുകൾ തലങ്ങും വിലങ്ങും പാഞ്ഞു. സാറിനാണ് ഏറ്റവും കൂടുതൽ എറി കിട്ടിയതെന്ന് ഓർക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഗൗരവം എല്ലാം അതോടെ അലിഞ്ഞില്ലാതായി. ഒറ്റയ്ക്ക് സാധിക്കുന്നത്രയും പ്രത്യാക്രമണങ്ങൾ പുള്ളി തിരിച്ചും കൊടുത്തു. കൊണ്ടും കൊടുത്തും ഞാനും കൂടി. എല്ലാം കഴിഞ്ഞെന്ന് കരുതി അവിടെയടുത്തുള്ള ചെറിയ ക്യാന്റീനിൻ്റെ പടിയിലിരുന്നു കോട്ടും ഷൂസും ഊരി അതിനുള്ളിലെ മഞ്ഞ് മാറ്റുന്നതിനിടെ അപർണ ഒട്ടും പ്രതീക്ഷിക്കാതെ കുറെ മഞ്ഞു വാരി എനിക്ക് നേരെയെറിഞ്ഞു. അനഘയും കൂട്ടുണ്ടായിരുന്നു. (കൂട്ടത്തിൽ രണ്ട് അനഘമാർ ഉണ്ടായിരുന്നു.) പ്രതികാരം ചെയ്യണമെന്ന് കരുതി പടിക്ക് താഴെ നിന്നവരുടെ മുകളിൽ ഒരുപിടി മഞ്ഞുമായി ഞാൻ പ്രത്യക്ഷപ്പെട്ടെങ്കിലും, വേണ്ടായെന്ന് കരുതി ആക്രമണത്തിൻ്റെ തോത് കുറച്ചുകൊടുത്തു.
റോപ് വേ കയറി മുകളിലേക്ക് പോകാൻ വലിയ ക്യൂ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളുടെ കൂട്ടത്തിന് മുകളിലേക്ക് പോകാൻ കുറച്ചു കാത്തു നിൽക്കേണ്ടി വന്നു. കാരണം ഇന്റർനെറ്റ് ഇല്ലാത്ത ഈ മലമുകളിൽ കൊടുക്കാൻ നോട്ടുകെട്ടുകളില്ല എന്നുള്ളത് തന്നെ. രാജാവ് നോട്ടുകൾ നിരോധിച്ച് പരമാവധി ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത് ഇവിടെയറിഞ്ഞില്ല എന്നുണ്ടോ? എന്താണ് അദ്ദേഹത്തിൻ്റെ തോഴൻ ആന്റിലയിലെ പ്രഭു ഇവിടങ്ങളിൽ ഇന്റർനെറ്റ് കൊടുക്കാത്തത്? ഭരത്തും ഹർഷദും പൈസ സ്വരുക്കൂട്ടാൻ ഓടിനടക്കുന്നുണ്ടായിരുന്നു. കയ്യിൽ പണമില്ലാത്തതിൻ്റെ അപകർഷതാബോധം വല്ലാതെ ബാധിച്ചിട്ട്, ഞാൻ പോകുന്നില്ല എന്ന് തീരുമാനിച്ചു. പക്ഷെ പിയർ പ്രഷർ കൊണ്ടോ, നഷ്ടബോധം അധികമായിപ്പോവും എന്ന ഭയം കൊണ്ടോ, തീരുമാനം എളുപ്പം മാറി. വീണ്ടും ആരുടെയൊക്കെയോ ദയ. ഒരുസമയം 8 പേർക്ക് മാത്രം കയറാൻ പറ്റുന്ന റോപ് വേ. പല ഊഴങ്ങളിലായി കയറി ഞങ്ങളെല്ലാവരും മുകളിലെത്തി. ഏറ്റവും മുകളിൽ, ഒരു വീട്ടുമുറ്റത്തിൻ്റെ വലിപ്പത്തിൽ ഒരു മഞ്ഞുതട്ട്. അതിനു ചുറ്റും പല മലകൾ വെള്ള പുതച്ചു നില്കുന്നു. ആ മഞ്ഞു തട്ടിന് താഴെ പത്തു നൂറടി താഴ്ചയാണ്. വലിയ ബലമൊന്നും തോന്നിക്കാത്ത വേലി കെട്ടിയിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് സുരക്ഷാസംവിധാനമൊന്നുമില്ല. വീണ്ടും ചിത്രങ്ങളെടുക്കാനുള്ള അവസരം. യാതൊരു മാനദണ്ഡവും നോക്കാതെ ആരുടെയൊക്കെയോ കൂടെ ചിത്രങ്ങളെടുത്തു. സ്ഥലത്തിൻ്റെ ഭംഗി കൂടെയുള്ളവരുടെ അകലത്തെ മറികടക്കുന്ന സാഹചര്യങ്ങളാണിവ. തിരിച്ചുപോകാൻ നേരമായി എന്ന് അവിടുത്തെ ജോലിക്കാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ ഒരുപാട് വൈകിയാൽ അപകടമായിരിക്കും. മഞ്ഞു വന്നു മൂടാം, വെളിച്ചമില്ലാണ്ടാവാം.. തിരിച്ചു പോകാൻ നേരം എന്നോടൊപ്പം റോപ് വെയിലുണ്ടായിരുന്ന ഒരു കുടുംബം, ഇവിടെ കരടികളിറങ്ങാറുണ്ട് എന്ന് പറയുന്നത് കേട്ടു. അതിനെല്ലാം മുൻപേ, കുന്നിറങ്ങണമത്രേ. ഞങ്ങളെ ഇവിടെയെത്തിച്ച ടാക്സിക്കാരും ബഹളം വയ്ക്കുന്നുണ്ടായിരുന്നു. സന്ധ്യക്ക് മുൻപേ പട്ടാളക്കാരുടെ ചെക്ക്പോസ്റ്റ് കടക്കണം. ഇല്ലെങ്കിൽ അവർ ദേഷ്യപ്പെടും, പ്രശ്നമുണ്ടാക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങുകയായിരുന്നു ഞങ്ങൾ. കോട്ടും ഷൂസും വാടകയ്ക്ക് തന്നയിടത്തും പൈസയ്ക്ക് ഓട്ടമുണ്ടായി. ഇതിനെല്ലാം കടം തന്നത് കാറുകളുടെ ഡ്രൈവർമാരായിരുന്നു എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഞങ്ങളുടെ കമ്പനിക്ക് പ്രതീക്ഷിക്കാത്ത ചെലവുകളുണ്ടാകാൻ പോകുന്നതാണ് ഇതെല്ലാം എന്ന് ഞാൻ വേദനയോടെ മനസിലാക്കി. അപർണ്ണയും അനഘയുമെറിഞ്ഞ മഞ്ഞ് കട്ടയെ പെട്ടെന്നോർമ്മ വന്നു. തിരിച്ച് കാറിൽ ഞാനും ഹർഷദും അൻസലുമായിരുന്നു. അൻസൽ അർബൻ പ്ലാനിങ്ങിനെപ്പറ്റിയും അവരുടെ കോഴ്സിൻ്റെ സാധ്യതകളെപ്പറ്റിയും എൻ്റെ ചോദ്യത്തിന് ഉത്തരമായി വിശദമായി പറഞ്ഞു. കൂടെ വന്നവരുടെ ഉദ്യോഗത്തെപ്പറ്റി ആദ്യമായി അന്നാണ് സംസാരിക്കുന്നത്. ഇത്രയും നാൾ അവരുടെ ജോലി അവരുടെ; ഞാൻ കാണുന്ന സിക്കിം എൻ്റെ എന്നതായിരുന്നു സമീപനം. 2.0യിൽ പ്രഭാത് ദാ തുക്പാ പോലെയെന്തോ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. മലകയറിയിട്ടു വരുമ്പോൾ ഏറ്റവും നല്ല ആഹാരം അതാണത്രേ. എല്ലാവർക്കും ഇഷ്ടമായതായി തോന്നിയില്ല. കഞ്ഞി പോലൊരു പലഹാരം. അതിലിട്ട് ഇളക്കി കുടിക്കാൻ എരിവുള്ള എന്തോ ഒരു ചമ്മന്തിയും. ചേരയുടെ നടുക്കഷണം തന്നെ തിന്നാൻ തയാറായി ഇറങ്ങിയതുകൊണ്ടാവണം, എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. രാത്രി ഷഹീന ജോജോ റാബിറ്റിൻ്റെ ബാക്കി കാണണം എന്ന് പറഞ്ഞു.. അതിനിടയിൽ മുകളിലെ ടോം ആൻഡ് പുതിയ താമസക്കാർ വന്നു. അവർ മുൻകൂട്ടി എല്ലാം ബുക്ക് ചെയ്തിരുന്നതാണ്. സ്ഥലം കാണിക്കാൻ അവരെയു കൊണ്ടു വന്ന ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി, “its not usualy this crowded” എന്ന് പറയുന്നത് കേട്ടു. അതിനു ശേഷം സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി ഇട്ടെങ്കിലും, മിക്കവാറും എല്ലാവരും മലകയറിയ ക്ഷീണത്തിലും (ഒരുപക്ഷെ സിനിമയോടുള്ള താൽപര്യക്കുറവ് കാരണവും) മയങ്ങിപ്പോയി.
കോമൺ ഏരിയയിലെ ഹാമക്കിൽ കിടക്കുകയായിരുന്നു ഞാൻ. പിറ്റേന്ന് 3 മണിക്ക് എഴുന്നേറ്റ് നേരത്തെ പണിയെടുക്കാൻ പോണം എന്ന് ഭരത് പ്ലാനിടുന്നുണ്ടായിരുന്നു. അതുകൊണ്ട് സാധാരണ വൈകിയും കോമൺ ഏരിയയിൽ കാണാറുള്ള നിമ്മിയും നേഹയും നിഖിലയുമെല്ലാം നേരത്തേ പോയി. മൂന്ന് മണിക്ക് ഭരത്തിനെ വിളിക്കാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മൂന്ന് മണിക്ക് അലാറം വച്ചിട്ട് ഞാൻ ഹാമക്കിൽ തന്നെ കിടന്നു. ഇനി ഒന്നോ രണ്ടോ മണിക്കൂറേ ബാക്കിയുള്ളൂ. ഭരത്തിനെ ഉണർത്തിയ ശേഷം ഞാൻ താഴെയിറങ്ങി കിടക്കാം എന്നതായിരുന്നു ഉദ്ദേശം.
മൂന്ന് മണി. എൻ്റെ ഫോൺ അലാറം മുഴങ്ങി.
“ഭരത്തെ”
“ഉം?”
“ഭരത്തെ…”
“ഉം….?”
“എടാ മണി മൂന്ന് ആയി..”
“ഏ?”
“മണി മൂന്നായെന്ന്..”
“മൂന്നായാ? ഓക്കേ.. ഞാൻ എണീക്കാം..”
കടമ നിർവഹിച്ച സന്തോഷത്തോടെ ഞാൻ എൻ്റെ കിടക്കയിലേക്ക് കമഴ്ന്നു.
4 May
രാവിലെ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. “ഭരത് ചേട്ടൻ എണീറ്റില്ലേ??” അപ്പോൾ ഞാൻ മൂന്നുമണിക്ക് വിളിച്ചത്? “ഇദ്ദേഹം ഇതൊന്നും അറിയാതെ ഉറങ്ങുവാണ്” എന്നാരോ പറയുന്നു. എന്നെക്കുറിച്ചാണ്. എനിക്ക് മനസിലായി. എൻ്റെ തലയ്ക്ക് മീതെ പുതപ്പുണ്ട്. ഞാൻ ഇനിയും കണ്ണ് തുറന്നിട്ടില്ല. ചെവിയും തലച്ചോറും മാത്രമേ ഉണർന്നിട്ടുള്ളൂ. “എന്ത് സംഭവിച്ചാലും അറിയില്ല!” (ഭാവാർത്ഥം) വീണ്ടും ആരോ പറയുന്നു. “അതൊക്കെ അറിയും!” എന്ന് കണ്ണ് തുറക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു. “അയ്യോ ഉണർന്നു കിടക്കുവാണോ?” “പണിക്ക് പോ പിള്ളേരെ” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു.
അന്ന് വൈകുന്നേരം ഒരു ക്യാമ്പ് ഫയറും അനഘയ്ക്കൊരു സർപ്രൈസ് ബർത്ത്ഡേ പാർട്ടിയും പ്ലാൻ ചെയ്തിരുന്നു. അതിൻ്റെ സാധനങ്ങൾ വാങ്ങിക്കുന്നതിനും, പിന്നെ എന്നത്തേയും പോലെ 1.0യിലിരിക്കാനും ഞാനും ഹർഷദും പുറത്തേക്കിറങ്ങി. വാതിൽക്കൽ എത്തിയപ്പോഴാണ് ബാഗ് എടുത്തിട്ടില്ല എന്നോർത്തത്. വീണ്ടും മുകളിലേക്ക് കയറി, ബാഗ് എടുത്ത് തിരിച്ചു വന്നപ്പോൾ നമ്രത മുറി തുറന്നു പുറത്തേക്ക് വന്നു. “ആ തപ്പിയ ആളെക്കിട്ടി. വന്നേ…” മുറിക്കുള്ളിലേക്കാണ് ക്ഷണം. വിളിക്കുന്ന ആളെ സംശയമുണ്ടായിട്ടല്ല, പക്ഷെ ആ റൂമിൽ വേറെയും ആൾകാർ താമസമുണ്ടല്ലോ.. അവർക്ക് ഞാൻ കയറുന്നതിൽ പ്രശ്നമുണ്ടാവുമോ എന്ന് കരുതി ഒന്ന് മടിച്ചു. “കേറി വാ!” മുകളിൽ നിന്ന് എന്തെങ്കിലും എടുക്കാനാണോ? പക്ഷെ അതിനെന്തിനാ ഞാൻ? കട്ടിലിൽ കുറച്ചു ചിത്രങ്ങൾ നിരത്തി വച്ചിരുന്നു. ഒരുപക്ഷെ അവളെടുത്ത ചിത്രങ്ങളാണോ? അല്ല, പോസ്റ്റ് കാർഡുകളാണ്. ഗാങ്ടോക്കിൻ്റെയും ഹിമാലയത്തിൻ്റെയും പല ചിത്രങ്ങളുള്ളവ. ഇതിൽ വരികളെഴുതാനാണ് എൻ്റെ സഹായം വേണ്ടത്. എന്നിലെ എഴുത്തുകാരന് പ്രതീക്ഷിക്കാതെ കിട്ടിയ ഒരനുമോദനം. ചെറുതല്ലാത്ത സന്തോഷം തോന്നി. അതേ അളവിൽ ഭയവും. ഞാനൊരു എഴുത്തുകാരനാണ്, അല്ലെങ്കിൽ എഴുതാൻ കഴിവുള്ളവനാണ് എന്ന തിരിച്ചറിവാണല്ലോ ഈ ക്ഷണത്തിനു കാരണം; പക്ഷെ എനിക്ക് സഹായിക്കാനാവാതെ വന്നാൽ? അപമാനിതനാവുന്നത് പോട്ടെന്ന് വെക്കാം, ആത്മവിശ്വാസത്തിനേൽക്കുന്ന ക്ഷതം..എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല പ്രസന്നവദനയായി മാത്രം കണ്ട ഈ പുതിയ സുഹൃത്ത് തന്നിരുന്നത്. (ഞാൻ ഈ ജോലിക്ക് കൊടുത്ത അത്രയും ഗൗരവം അവൾ കൊടുത്തിരുന്നോ എന്ന് ഞാൻ സംശയിക്കുന്നു. അവൾക്കൊരുപക്ഷേ എന്തെങ്കിലും ചെറിയ ‘സാധനം’ മതിയായിരുന്നിരിക്കാം…) എഴുതുന്നതാർക്കാണെന്നറിയണം, അവർ ഇവൾക്കാരാണെന്നറിയണം, ഈ ചിത്രങ്ങളിലൂടെയും കത്തിലൂടെയും അതയക്കുന്ന മനസിലൂടെയും എന്താണ് പറയുന്നതെന്നറിയണം. അതെല്ലാം ഇവളുടെ വാക്കുകളിലൂടെ പറയണം; കുറച്ചു നേരത്തെ ചർച്ചകളിലൂടെ ഞങ്ങൾ ഓരോ കത്തിലും ഉൾപ്പെടുത്തേണ്ട വരികളിൽ ഒരുമിച്ചെത്തിച്ചേർന്നു. ഞാൻ പറഞ്ഞു കൊടുത്തു എന്ന് പറഞ്ഞാൽ നുണയാവും. എഴുതിയ വാക്കുകൾ ഞാൻ കൊടുത്തതാവാം, ജീവനും ആത്മാവും അവളുടേത് തന്നെയാണ്. ആ കാർഡുകൾ കിട്ടിയ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ, അവരത് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഇത്രയും പരത്തിയെഴുതിയത്. പുറത്തിറങ്ങിയപ്പോഴേക്ക്, പകുതി വഴിക്ക് വച്ച് ഹർഷദ് എന്നെ അന്വേഷിച്ച് തിരിച്ചു വന്നത് കണ്ടു. ഞങ്ങൾ വീണ്ടും നൂറുപടികൾ കയറി, എന്നത്തേയുംപോലെ 1.0യിലേക്ക് നടന്നു. ഹൈസ്കൂളിന് മുന്നിലെ കയറ്റത്തിൽ ഭരത്ത് വാടകയ്ക്കെടുത്ത ബൈക്കിലിരുന്ന് ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. മൂന്ന് ചെറുപ്പക്കാരും ഒരു പെൺകുട്ടിയുമാണെന്ന് അടുത്ത് ചെന്നപ്പോൾ മനസിലായി. ഏതെങ്കിലും പെൺകുട്ടി അല്ല, ബാഗും തൂക്കി കഴിഞ്ഞ ദിവസം 1.0യിലെത്തിയ പെൺകുട്ടി. കൂടെയുള്ള പയ്യന്മാരെ എനിക്കറിയാം, ഹർഷദിനറിയില്ല; രണ്ടാമത്തെ രാത്രിയിൽ 1.0യിൽ നടന്ന ചെറിയ പാർട്ടിയിൽ കിരണിനോടൊപ്പം ഇവരുണ്ടായിരുന്നു. പേരുകൾ അവർ പറഞ്ഞു, അപ്പോൾ തന്നെ മറന്നു. പെൺകുട്ടിയുടെ പേര് പിന്നീട് പലപ്പോഴായി കേട്ടതുകൊണ്ട്, ഇപ്പോൾ ഓർമയുണ്ട്. റിസ്വാന. അവളുടെ കഥ പിന്നാലെ വരും. കുറച്ചു നേരം അവിടെ നിന്ന് സംസാരിച്ചു. റിസ്വാന ഇപ്പോൾ 1.0യിലല്ല താമസം, ഇവരുടെ റൂമിലേക്ക് മാറി.സ്കൂളിൻ്റെ ഗ്രൗണ്ടിന് അപ്പുറത്ത് വശത്താണ് അവരുടെ റൂം.
“അവള് മലയാളിയാടാ…” അവരെ കടന്ന് ഞങ്ങൾ നടക്കുമ്പോൾ ഹർഷദ് അത്ഭുദത്തോടെ പറഞ്ഞു. “നിനക്ക് അറിഞ്ഞൂടാർന്നോ?” “ഇല്ലാ…”
ട്രാവൽ കഫെയിൽ വളരെ തണുത്ത ഒരു ദിവസമായിരുന്നു. കേക്ക് വാങ്ങണം എന്ന് ദിനേശിനോട് തലേന്ന് പറഞ്ഞിരുന്നു. ട്രാവൽ കഫെയിൽ കേക്ക് കിട്ടുമെങ്കിലും, അതിലും ലാഭം അപ്പുറത്ത് നിന്ന് വാങ്ങുന്നതാവും എന്നവൻ ഉപദേശിച്ചു. ട്രാവൽ കഫെയിൽ ഒരു പൗണ്ട് കേക്കിന് കൊടുക്കുന്ന വിലയ്ക്ക് തൊട്ടപ്പുറത്തെ ബേക്കറിയിൽ ഒരു കിലോ കേക്ക് കിട്ടും! ദിനേശിന് ഒരു സലാം വച്ചിട്ട് ഞാൻ ബേക്കറിയിൽ പോയി ഒരു കേക്കിന് ഓർഡർ കൊടുത്തു. വൈകുന്നേരമാവുമ്പോഴേക്ക് തരാം എന്നവർ പറഞ്ഞു. ട്രാവൽ കഫേയിൽ വെറുതെയിരുന്നു സമയം കളയുന്നതിനിടെ “ഉറക്കം വരുന്നുണ്ട്, ഞാൻ മുകളിലെ കോമ്മൺ ഏരിയയിൽ കിടക്കാൻ പോകുന്നു” എന്ന് പറഞ്ഞ് ഹർഷദ് മുകളിലേക്ക് കയറിപ്പോയി. സുലൈമാൻ ഇടയ്ക്ക് വന്നു; ഞാൻ എന്നും ഇരിക്കാറുള്ള സ്ഥലത്ത് ഒരു പെൺകുട്ടി സുലൈമാനോട് സംസാരിച്ചിരിക്കുന്നുണ്ട്. ദിനേശും അവളോട് സംസാരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഇവിടുത്തെ ആളാണെന്ന് തന്നെ തോന്നും, അത്രയും സ്വാതന്ത്ര്യം അവൾ പ്രസരിപ്പിക്കുന്നുണ്ട്.താഴത്തെ സ്മോക്കിങ് ഏരിയയിൽ വച്ച് അവൾ സ്വയം പരിചയപ്പെടുത്തി. ഐശ്വര്യ. രണ്ടു ദിവസം കഴിഞ്ഞ് ഇവിടെ അടുത്തുള്ള ഒരു മണ്ഡപത്തിൽ നടക്കാൻ പോകുന്ന കല്യാണത്തിന് ഡ്രസ്സ് വാങ്ങണം എന്ന കാര്യം ആവിഷ്കാറിനോട് പറയുന്നത് കേട്ടപ്പോഴാണ് എൻ്റെ സംശയം ശരിയായിരുന്നു എന്ന് മനസിലായത്. ഐശ്വര്യ ടാഗലോങിൻ്റെയും ട്രാവൽ കഫെയുടെയും അടുത്തയാളാണ്. ബൂന്തി എന്ന നായക്ക് പേരിട്ടതുപോലും അവളാണ്. കഴിഞ്ഞ ദിവസം പുതിയ താമസക്കാരെ ടോം ആൻഡ് ജെറി കാണിക്കാൻ കൊണ്ടുവന്നതും ഇവൾ തന്നെ. ട്രാവൽ കഫെയുടെ ഉടമ മനീഷ ദീദിയുടെ സഹോദരൻ്റെയോ സഹോദരിയുടെയോ മറ്റോ വിവാഹമാണ്. ഐശ്വര്യ മുംബൈയിലും ഡൽഹിയിലും ജീവിച്ചതിൻ്റെ ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞു. ഡൽഹിയുടെ കഥകൾ വളരെ ഭീതിയുണ്ടാക്കുന്നതാണ്. ഒരിക്കൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന അവളെ കാറിൽ ചില പുരുഷന്മാർ പിന്തുടർന്നത്രെ. ഓട്ടോക്കാരൻ തന്ത്രപൂർവം അവർക്ക് ഒരു യു-ടേൺ കിട്ടാത്ത രീതിയിൽ വണ്ടി തിരിച്ച് അവർ ശ്രദ്ധിക്കാത്ത ഒരു റോഡിൽ ഇറക്കി വിട്ടിട്ട്, “രക്ഷപ്പെട്ടോളൂ മാഡം, അവർ കറങ്ങി വരാൻ കുറച്ചു സമയമെടുക്കും… അതിനു മുൻപേ പൊയ്ക്കോളൂ” എന്ന് പറഞ്ഞു. അവളുടെ കൂട്ടുകാരിയുടെ ഫ്ലാറ്റ് വീട്ടുടമസ്ഥൻ അവൾ ജോലിക്ക് പോകുന്ന സമയത്തിന് മറ്റാർക്കോ തുറന്നു കൊടുത്ത കഥയും പറഞ്ഞു. ആ സമയത്ത് എന്തോ ആവശ്യത്തിന് അവിടെത്തിയ അവൾ പുറത്തിറങ്ങാൻ പറഞ്ഞിട്ടും എന്തോ അധികാരമുള്ളമുള്ള പോലെ ആ ആജാനബാഹുവായ മനുഷ്യൻ ബാൽക്കണിയിൽ സിഗരറ്റ് വലിച്ചു നിന്നത്രേ. പോരാത്തതിന് അവിടെയുള്ള ഗലികളിൽ പലയിടങ്ങളിലും രാത്രികളിൽ പെൺകുട്ടികളുടെ കരച്ചിലും കേട്ടിട്ടുണ്ട് എന്നവൾ പറഞ്ഞു. ഈ കഥകളെല്ലാം, ഗാങ്ടോക്കുമായി താരതമ്യം ചെയ്യാൻ വേണ്ടി പറഞ്ഞതാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ നഗരത്തിൽ ഒരിക്കൽ പോലും ഇതൊന്നും നേരിടേണ്ടി വന്നിട്ടില്ല. പലവർണപ്പൂക്കൾ പോലെ ചിരിക്കുന്ന മനുഷ്യർ നിറഞ്ഞ മലഞ്ചെരുവിൽ ആയിരം നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്ന ഈ നഗരം വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നു.
കൗണ്ടറിനു മുന്നിലെ സോഫയിൽ ഒരു പിസ്സയുടെ സ്ലൈസ് ബാക്കിയുണ്ടായിരുന്നു. ഐശ്വര്യ അതെനിക്കു നീട്ടി. അവൾ ലാപ്ടോപ്പിൽ മാർവെലസ് മിസ് മൈസെൽ കാണുകയായിരുന്നു.
“കാണുന്നോ?”
“ഏയ്.. താൻ സീസൺ രണ്ടോ മൂന്നോ ഒക്കെ ആയിരിക്കില്ലേ?”
“ഞാൻ ഇത് ഒരുപാട് തവണ കണ്ടതാ. വീണ്ടും വീണ്ടും കാണാറുണ്ട്. കണ്ടിട്ടില്ലെങ്കിൽ ട്രൈ ചെയ്ത് നോക്ക്.”
അബദ്ധവശാൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിമാറുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് മാർവെലസ് മിസ് മൈസെൽ. ഉള്ളിൽ ആംഗ്സൈറ്റി ഇഷ്യൂസ് ഉള്ളവർക്ക് കണ്ട ഷോകൾ വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാവും എന്ന് എവിടെയോ വായിച്ചതോർത്തു. പുരുഷാധിപത്യത്തിനെതിരെ വാ തോരാതെ സംസാരിച്ച, ഡൽഹിയിൽ ഇത്രയും നാൾ ജോലി ചെയ്ത, നാടോടിയായി ജീവിക്കുന്ന പെണ്ണിന് അത്തരത്തിലൊരു അവസ്ഥയുണ്ടാവാം, സ്വാഭാവികം. അതിൽ നിന്നൊരു നല്ല ബ്രേക്കാവാം ഹിമാലയവും, അതിനു ചുവട്ടിലെ ഈ പൂന്തോട്ടം പോലത്തെ നഗരവും.
അവൾ ഹെഡ്സെറ്റ് എനിക്ക് നീട്ടി. ഞങ്ങൾ ഒരുമിച്ച് സീസൺ 1 എപ്പിസോഡ് 1 കണ്ടു. എനിക്ക് വളരെയധികം ഇഷ്ടമായി. തിരിച്ചു വന്നിട്ട് ബാക്കി കാണണം എന്ന് മനസ്സിലുറപ്പിച്ചു. വൈകുന്നേരം കേക്ക് വാങ്ങിക്കൊണ്ട് പോകാനായി നേഹയും ഭരത്തും വന്നു. ഇപ്പോൾ പേരോർമ്മയില്ലാത്ത ഏതോ രണ്ട് പേസ്റ്ററികളും കഴിച്ചതോർക്കുന്നു. ഭയമുളവാക്കുംവണ്ണം പിന്നിലേക്ക് നേഹയെ ചരിക്കുന്ന അളവിൽ അകറ്റിക്കൊണ്ട് കേക്കിൻ്റെ പെട്ടിയിരുന്നു.
“നിങ്ങളെ വിളിക്കാൻ തിരിച്ചു വരണോ” എന്ന് ഭരത്ത് ചോദിച്ചു. “
ഞങ്ങൾ എന്തായാലും നടക്കാം. നീ അങ്ങെത്തിയിട്ട് വിളിക്ക്. ഞങ്ങൾ എത്താറായിട്ടില്ലെങ്കിൽ വാ”
ഞാനും ഹർഷദും ഇരുൾ വീണു തുടങ്ങിയ വഴിയിലൂടെ തിരിച്ചു നടന്നു. ഹർഷദ് വളരെ വേഗം നടക്കുന്നുണ്ട്. ഞാൻ അവളോട് ഫോണിൽ സംസാരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അവൻ്റെ വേഗം എൻ്റെ നടത്തത്തിനില്ല. ആദ്യത്തെ വളവു തിരിയുമ്പോഴേക്ക് പരിചയം തോന്നിക്കുന്ന രണ്ട് നിഴലുകൾ റോഡരികിൽ നിൽക്കുന്ന കണ്ടു. റിസ്വാനയും സുഹൃത്തും. ഹർഷദ് രണ്ടുപേരെയും കാണാതെ നടന്നു പോയിക്കഴിഞ്ഞിരുന്നു. ഞാൻ പിന്നിൽ നിന്ന് വിളിച്ചു നിർത്തി. അവർ തിരിച്ച് റൂമിലേക്ക് നടക്കുന്ന വഴിയാണ്. ഞാൻ മനസ്സിൽ കണക്കുകൂട്ടി. കൂടെയുള്ള പയ്യൻ്റെ ശ്രദ്ധ ഞാൻ കൈകാര്യം ചെയ്താൽ, ഹർഷദിന് അവളോട് സംസാരിക്കാം. യാത്രികരാണല്ലോ രണ്ടാളും. മിണ്ടാനും പറയാനും എന്തെങ്കിലും ഉണ്ടാവാതിരിക്കുമോ?
എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഒരുവൻകൂടി കയറിവന്നു. രണ്ടുപേരുടെ ശ്രദ്ധതിരിക്കാനുള്ള സംഭാഷണ വൈദഗ്ധ്യം എനിക്കുണ്ടോ? ഉണ്ടെന്ന് അന്ന് മനസിലായി. ഹർഷദ് അവളോട് സംസാരിച്ചുകൊണ്ട് ഞങ്ങൾ മൂന്നുപേരുടെ പിന്നാലെ വന്നു. സ്കൂളിന് മുന്നിൽ വച്ച് അവർ റൂമിലേക്ക് തിരിഞ്ഞ ശേഷം, ഭരത്ത് വിളിച്ചു. അവിടെ നിന്ന് ഹോസ്റ്റൽ വരെ ഞങ്ങൾ മൂന്നുപേരും അവൻ വാടകയ്ക്കെടുത്ത ബൈക്കിൽ.
ഹോസ്റ്റലിനുള്ളിൽ ഗ്രൗണ്ട് ഫ്ലോറിലെ കോമൺ ഏരിയയിൽ എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. ഹർഷദിനെ സഹായിക്കാൻവേണ്ടി കട്ട് ചെയ്ത അവളുടെ ഫോൺകാൾ തുടരാൻ വേണ്ടി ഞാൻ പുറത്തു തന്നെ നിന്നു. ഹർഷദും അകത്തു കയറിയില്ല; അവിടെ നിന്ന് സംഘടിപ്പിച്ച സ്കേറ്റ് ബോർഡിൽ കളിച്ചുകൊണ്ട് അവനും മുറ്റത്ത് നിന്നു. പെട്ടെന്ന് ഉള്ളിൽ നിന്ന് ഇതുവരെകേൾകാത്ത ഒരു പുരുഷ ശബ്ദത്തിലെ ഗാനം കേട്ടു. ജനൽകർട്ടനിലൂടെ ഞാൻ പാളി നോക്കി. അലോക് സർ പാടുന്നു. നന്നായിട്ട് തന്നെ. ഞാൻ വായുംപൊളിച്ച് ജനലിനു പുറത്തു നിൽക്കുന്നത് അകത്തുള്ള ആരൊക്കെയോ ശ്രദ്ധിക്കുന്നത് വരെ ഞാൻ അനങ്ങിയില്ല. കുറച്ചു കഴിഞ്ഞ് ഞാൻ ഉള്ളിലേക്ക് ചെന്നു. മൂന്ന് ടീമായി തിരിഞ്ഞ് അന്താക്ഷരി കളിക്കുകയാണവർ. എൻ്റെ ഗർവ് ഉയർത്തിക്കൊണ്ട്, എന്നെ ടീമിലെടുക്കാനൊരു ചെറിയ പിടിവലി നടന്നു. ഇങ്ങോട്ട് വരുന്ന ട്രെയ്നിലിരുന്ന് കളിച്ച അന്താക്ഷരിയുടെ മത്സരം സൃഷ്ടിച്ച വിലയാണിത്. പുറത്ത് ഞങ്ങൾക്കായൊരു ക്യാമ്പ് ഫയർ തയ്യാറാവുന്നുണ്ടായിരുന്നു. സാധാരണഗതിയിൽ 2.0 യിൽ അനുവദനീയമായ ഒന്നല്ല ഇത്. ഞങ്ങളുടെ പ്രത്യേക അപേക്ഷ മാനിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ശബ്ദം കുറയ്ക്കണം എന്ന നിർദേശമുണ്ടായിരുന്നു. ക്യാമ്പ്ഫയറിനു ചുറ്റുമിരിക്കുമ്പോൾ എല്ലാവരും ഒരുമിച്ച് പാട്ടുപാടാൻ പലപ്പോഴും ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല.. അങ്ങിങ്ങ് ചില മൂളിപ്പാട്ടുകളുടെ കനലെരിഞ്ഞിരുന്നു; പക്ഷെ ആളിപടർന്നില്ല. കൂടെയുണ്ടായിരുന്ന പുതിയ സർ (ബെയ്ലി നായർ എന്നാണ് അദ്ദേഹത്തിൻ്റെ പേരെന്ന് പിന്നീടറിഞ്ഞു) ഹിന്ദിയിലെ പാട്ടുകൾ പാടിയിരുന്നു. എല്ലാവർക്കും ഒരനക്കം വച്ചത് dumb charades കളിച്ചുതുടങ്ങിയപ്പോഴാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ നിസ്സാരമായി കണ്ടുപിടിച്ച് ഞാനെൻ്റെ കഴിവ് തെളിയിച്ചു. എൻ്റെയും ഭാരത്തിൻ്റെയും കടിച്ചാൽ പൊട്ടാത്ത സിനിമാപ്പേരുകൾ കണ്ടെത്താനാവാതെ പലരും കുഴങ്ങി. ഞങ്ങളുടെ ടീമിലും ചെറുപരാജയങ്ങളുണ്ടായി. ശബ്ദം ഒരല്പമുയരുമ്പോൾ മൂന്ന് നിലകൾക്ക് മുകളിലെ ജനലിൽ നിന്ന് അമിത്തിൻ്റെ ശബ്ദം കേട്ടു. “ഗയ്സ്, വോളിയം!”
അവസാനം, ഭരത്തിൻ്റെ ഏതോ മാസ്റ്റർപീസ് സിനിമ, “ആ എനിക്ക് മനസിലായി. ഇത് ഭരത്തേട്ടൻ പറഞ്ഞതല്ലേ? ഞങ്ങൾ അന്നൊരുദിവസം കളിച്ചപ്പോൾ ഇറക്കിയതാ” എന്ന് പറഞ്ഞ് നിഖില കണ്ടുപിടിച്ചു. അതായിരുന്നു അവസാനത്തേത്. വൈബ് വിചാരിച്ചപോലെ വന്നില്ല എന്ന് ആതിര എന്ന കിളി പലതവണ പറയുന്നത് ഞാൻ കേട്ടിരുന്നു. അത്താഴത്തിനു ഗ്രിൽഡ് ചിക്കൻ പറഞ്ഞിരുന്നു; എണ്ണത്തിലുണ്ടായ ചെറിയ ആശയക്കുഴപ്പം എനിക്ക് കൂടുതൽ കഷണങ്ങൾ നേടിത്തന്നു. ബൂന്തിക്കും പുണ്ടേയ്ക്കും ചിക്കൻ കൊടുക്കാൻ ശ്രമിച്ച ചിലരെ ഞാൻ തടഞ്ഞു. എതിർപ്പുണ്ടായിട്ടല്ല, ഇങ്ങനെ സ്വന്തം പ്ലേറ്റിൽ നിന്ന് കൊടുത്ത് ശീലിപ്പിച്ചിട്ട്, അവർ അതും പ്രതീക്ഷിച്ചിട്ട് വീണ്ടും കയറി വരുമ്പോൾ ഇവരിലുള്ളവർ തന്നെ പരാതി പറയില്ലേ? രാത്രി കോമൺ ഏരിയയിൽ വച്ച് അനഘയ്ക്കായി വാങ്ങിയ കേക്ക് മുറിക്കപ്പെട്ടു. ഗിഫ്റ്റിൻ്റെ കാര്യം പറഞ്ഞ് ഋഷിയെ കളിയാക്കിയെന്നല്ലാതെ മറ്റൊന്നും ആ സംഭവത്തെക്കുറിച്ച് ഓർമ കിട്ടുന്നില്ല. ഇതെഴുതുമ്പോൾ, സിക്കിം ഒരു വിദൂര സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ആ രാത്രി വളരെ വൈകിയാണ് കിടന്നത്. രാവിലെ ആരെയെങ്കിലുംകൊണ്ട് സ്കൂട്ടറിൽ പോകേണ്ടി വരും എന്ന് കിടക്കുംമുൻപ് ദിൽഷാന പറഞ്ഞു. എൻ്റെ മുഖത്തെ അതൃപ്തി കണ്ടാവണം, “അല്ല വേറെ ആളുണ്ടോ എന്ന് നോക്കാം…” എന്ന് തിരുത്തി. “ഇല്ല സാരമില്ല. വേണമെങ്കിൽ രാവിലെ വിളിച്ചാൽ മതി” എന്ന് പറഞ്ഞ് ഞാൻ ഉറങ്ങാൻ പോയി. വിളിക്കില്ല എന്ന് ഞാൻ കണക്ക് കൂട്ടി.
5 may
തണുപ്പിൽ മൂടിപ്പുതച്ചു കിടന്ന എന്ന രാവിലെ 9 മണിയടുപ്പിച്ച് ആതിര തിരക്കിട്ടു വന്ന് വിളിച്ചു. “എണീക്ക് എണീക്ക്… നമുക്ക് പോണം!” വൈകിയെന്ന് എനിക്ക് ഉണരുമുൻപേ മനസിലായി. ചാടി എഴുന്നേറ്റ് അവിടെ കിടന്ന 7up കുറച്ചെടുത്ത് വായ കഴുകി പുറത്തേക്കിറങ്ങി. എന്നെയും ആതിരയെയും കാത്ത് ഒരു N-Torque നൂറുപടിമേലെ ഇരിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ നഗരത്തിലേക്ക് തിരിച്ചു. അന്ന് ബുദ്ധ പൂർണിമയായിരുന്നു. ചില കടകൾ അടഞ്ഞു കിടന്നു. ഇൻഡസ്ട്രിയൽ ഏരിയയിൽ, 1.0 യുടെ മുന്നിൽ, ശിരസിൽ വിശുദ്ധ ഗ്രന്ഥങ്ങൾ വച്ച്, മുന്നിലെ ബുദ്ധ ഭിക്ഷുക്കളെ അനുഗമിച്ച് ചെറിയൊരു ജാഥ നടന്നു പോയി. ബാൽക്കണികളിലും നടപ്പാതകളിലും, കൈകൂപ്പിയും കൂപ്പാതെയും ആളുകൾ നിരന്നു നിന്നു. നാട്ടിലെ ഉത്സവങ്ങൾക്കോ പുനഃപ്രതിഷ്ഠകൾക്കോ നടത്തുന്ന ജാഥകൾ പോലെ ആളും ബഹളവുമില്ല, ആനയും അമ്പാരിയുമില്ല, രണ്ടെണ്ണം അടിച്ചിട്ട് കൈലി മടക്കിക്കുത്തി അർമാദിക്കുന്ന അണ്ണന്മാരില്ല; സ്കൂൾ കുട്ടികളെപ്പോലെ വരിയായി ആരുടേയും വഴിമുടക്കാതെ നടന്നു പോകുന്ന ചുവപ്പു കമ്പിളി പുതച്ച കുറച്ചു മനുഷ്യർ. തുടയെല്ല് കൊണ്ട് സംഗീതോപകരണവും, തലയോട് കൊണ്ട് കപാലവും ഉണ്ടാക്കിയവരുടെ പിന്മുറക്കാർ. ഗെയ്മർ ഭാഷയിൽ പറഞ്ഞാൽ, നേർഫ് ചെയ്യപ്പെട്ട ബുദ്ധിസം.
“എങ്ങോട്ടാ?”
ആതിരയ്ക്കും വലിയ നിശ്ചയമില്ല. ഈ നഗരത്തിൽ കണ്ട് തീർക്കാത്ത ഇടങ്ങൾ വല്ലതുമുണ്ടെങ്കിൽ കണ്ട് തീർക്കാനാണ് ഇന്നത്തെ പകൽ. പക്ഷെ ആതിര ഒരുവിധം എല്ലായിടവും കണ്ടു കഴിഞ്ഞു. ഞങ്ങൾ കുന്നിൻ മുകളിലേക്ക് കയറി. ഒരുപരിചയവുമില്ലാത്ത ഏതൊക്കെയോ വഴികയറി ഒടുവിൽ ഒരു ഡോമിനോസ് (അതോ പിസ്സ ഹട്ട് ആയിരുന്നോ?) ന് മുന്നിലെത്തി. ഈ നേരം മുഴുവൻ ഞങ്ങൾ പലകാര്യങ്ങൾ സംസാരിക്കുകയായിരുന്നു. കൂടെ വന്നവരെപ്പറ്റി, സ്വന്തം സുഹൃത്തുക്കളെയും ഇഷ്ടങ്ങളെയും പറ്റി. ഓരോരുത്തരെയും പറ്റി എനിക്കെന്ത് തോന്നി എന്ന് അവൾ ചോദിച്ചിരുന്നു; ഞാൻ ആൾക്കാരെ മനസിലാക്കുന്നതെങ്ങനെ എന്നറിയാനാവും. എൻ്റെ നിരീക്ഷണങ്ങൾ ഏറെക്കുറെ ശരിയാണെന്ന് ആതിരയുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലായി. ഒരാഴ്ച മുൻപ് ഒരുപരിചയവും ഇല്ലാതിരുന്ന 20 പേരെ ഞാൻ ഇത്രയധികം മനസ്സിലാക്കിയിരിക്കുന്നു എന്നതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി. ഒരുപക്ഷെ ഈ മലഞ്ചെരുവിൽ ആകർഷകമായ എന്തെങ്കിലുമുണ്ടോ എന്ന് തേടിനടന്ന ഒരു ദേശാടനക്കാരൻ സ്വന്തം കൂട്ടത്തിലേക്ക് ഒരല്പം മുൻപേ നോക്കിയിരുന്നെങ്കിൽ എത്രയോ മുൻപേ ഉത്തരങ്ങൾ കിട്ടിയേനെ. ആൽക്കമിസ്റ്റിലെ സാന്റിയാഗോയെപ്പോലെ! ഓരോരുത്തരും ഓരോ കഥാപാത്രങ്ങൾ; അവരവരുടേതായ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ... ഇണക്കങ്ങൾ പിണക്കങ്ങൾ…ഒരേ മേഖലയിൽ പ്രവർത്തിച്ചിട്ടും, പല വീക്ഷണങ്ങൾ ഉള്ളവർ. കഴിച്ചിട്ടിറങ്ങി ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. നിശബ്ദത എപ്പോഴുണ്ടാവുന്നോ അപ്പോഴെല്ലാം ആതിര ചോദ്യങ്ങൾ ചോദിച്ചു. ഇനിയും പോയിട്ടില്ലാത്ത ഇടങ്ങൾ ഗൂഗിൾ മാപ് നോക്കി കണ്ടെത്തി പോവുക എന്നതായിരുന്നു പ്ലാൻ. അങ്ങനെ കണ്ടെത്തിയ സ്ഥലമാണ് ബൻ ജാക്രി വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള പാർക്കും. വെള്ളച്ചാട്ടം കാണാൻ വേണ്ടി പല തട്ടുകളിലായി മേൽക്കൂര കെട്ടിയ ഇടങ്ങളും, വെള്ളം വീണൊഴുകിപോവുന്ന ഇടത്തിനു കുറുകെ റോപ്പ് വെയും, യാതൊരുവിധ യുക്തിയും മനസിലാക്കാനാവാതെ അവിടവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രതിമകളുമുള്ള ഒരു സ്ഥലം. അവിടെ കുട്ടികൾക്ക് കളിക്കാനായി നിർമിച്ചിരിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്; അല്ലെങ്കിൽ, അതിനുള്ള സംവിധാനങ്ങൾ പണി കഴിപ്പിച്ചിട്ടുണ്ട്. അവയെല്ലാം പക്ഷെ ഞങ്ങൾ ചെല്ലുമ്പോൾ പ്രവർത്തന രഹിതമായിരുന്നു. (തിരിച്ചുവന്ന ശേഷം വായിച്ചപ്പോൾ, സൂര്യ ദേവൻ്റെ പിന്മുറക്കാരനായ ഒരു വൈദ്യൻ്റെ പേരിലാണ് ആ പൂന്തോട്ടം എന്നും, അയാളുടെ പ്രതിമകൾ അവിടെയുണ്ടായിരുന്നുവെന്നും മനസിലായി.) പലപ്രായക്കാരായ സന്ദർശകർ; തുടക്കത്തിൽ വെള്ളം ഉടുപ്പിൽ വീഴുന്നതിനു പോലും എതിർപ്പുണ്ടായിരുന്ന ഒരു പ്രണയ ജോഡികൾ പതുക്കെ പതുക്കെ വെള്ളത്തിലേക്കിറങ്ങി ചിത്രങ്ങളെടുക്കുന്നതു കണ്ടു. ആ പാർക്കിൽ നിന്നിറങ്ങി ഒരു പാലം കടന്ന്, വലിയൊരു റോഡ് വലതു വശത്തേക്ക് തിരിയുന്നു; തീസ്റ്റയുടെ കൈവഴിയായ റാണി ഖോല, (റാണിയുടെ നദി എന്നർത്ഥം). ടിബറ്റൻ പടയാളികളിൽ നിന്ന് രക്ഷപെടാനായി മംഗാർ റാണി ആത്മാഹൂതി ചെയ്ത നദിയാണ് റാണി ഖോല. പ്രൈവറ്റ് ക്വാറി എന്ന സ്ഥലത്ത് സ്കൂട്ടർ നിർത്തി ഞങ്ങൾ റാണി ഖോലയുടെ അരികിലേക്കിറങ്ങി. ഉരുളന്കല്ലുകൾക്ക് മീതെ തെളിഞ്ഞ ജലം ഒഴുകിപ്പോകുന്നു. പാറക്കെട്ടുകൾ നദിയുടെ നടുവിൽ, ഏതോ ആർക്കിടെക്ട് ശ്രദ്ധയോടെ വച്ചതുപോലെ ഭംഗിയായിരിക്കുന്നു. ഞങ്ങൾ ചിത്രങ്ങളെടുത്തു. നാട്ടിലേക്ക് കൊണ്ടു വന്ന് അവൾക്ക് കൊടുക്കാൻ ഞാൻ നദിയിൽ നിന്ന് കുറച്ചു കല്ലുകളും ഒരുപിടി മണലും എടുത്തു. ആ പുഴമണൽ കറുത്ത നിറമുള്ളതും, വെയിലേറ്റാൽ തിളങ്ങുന്നതും ആയിരുന്നു. കുപ്പിയിൽ വാരി നിറച്ച ശേഷം, എൻ്റെ ഉള്ളംകൈ വെള്ളാരംകല്ല് പോലെ തിളങ്ങി. ഇത് കാണുമ്പോൾ അവളുടെ ചിരിയും ഇതുപോലെ തിളങ്ങും.
റാണി ഖോലയുടെ കരയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ബുദ്ധപൂർണിമയുടെ പ്രാർഥന നടക്കുന്ന ഒരു ഓഡിറ്റോറിയത്തിന് മുന്നിലെ ചെറിയ തിരക്ക് മാറ്റി നിർത്തിയാൽ, വളരെ ശാന്തമായ യാത്ര. ഞങ്ങൾ വന്നെത്തിയത്, സിലിഗുരിയിൽ നിന്ന് വന്നു റോഡിലാണ്. വലത്തോട്ട് പോയാൽ റാണിപൂൾ, ഇടത്തോട്ട് പോയാൽ ഗാങ്ടോക്ക്. റാണിപൂളിൽ പ്രത്യേകിച്ചൊന്നുമില്ല എന്ന് ആതിര പറഞ്ഞു. ഗാങ്ടോക്ക് ആണ് അവർക്ക് കാണേണ്ടത്. സ്കൂട്ടർ ഇടത്തോട്ട് തിരിഞ്ഞു. വീണ്ടും യാത്ര മുകളിലേക്ക്.
ഇതുവരെ കാണാത്ത ഒരു വഴി മുന്നിൽ. ഇടത്തേക്ക് ചെറിയൊരു ഇറക്കം പോലെ. എൻ്റെ മനസിലെ കണക്കുകൂട്ടൽ വച്ച്, ടാഗലോങ് നിന്ന് നോക്കുമ്പോൾ ദൂരെക്കാണുന്ന കുന്നിൻ ചെരിവിലേക്കുള്ള വഴിയാവണം. ഈ വഴിയിലാണ് ഒരു വ്യൂ പോയിന്റ് ഉള്ളത്; പേര് മറന്നു പോയിരിക്കുന്നു; (ഗൂഗിളിലെ ഒരു ചെറിയ അന്വേഷണം, ലവേഴ്സ് വ്യൂ പോയിന്റ് എന്നാണെന്നു പറയുന്നു; പക്ഷെ ഗൂഗിളിലെ ചിത്രങ്ങൾ കണ്ടിട്ട് രണ്ടും ഒരേ സ്ഥലമാണെന്നു തോന്നുന്നില്ല.) വഴി താഴേക്കിറങ്ങി. നല്ലൊരു കുത്തിറക്കം; ഒരു വളവ് തിരിയുമ്പോഴേക്കും മുന്നിലെ റോഡ് മുഴുവൻ ചെളിയായി കുഴഞ്ഞു കിടക്കുന്നു, അതിലൂടെ വലിയ ലോറികൾ പോയ പാതകളുണ്ട്, ഒരു സ്കൂട്ടറിന് അതിറങ്ങി താഴേക്ക് പോകാം, പക്ഷെ താഴേക്കിറങ്ങിക്കഴിഞ്ഞാൽ ഈ വഴി ഒരു തിരിച്ചുവരവില്ല. താഴെ റോഡ് പണിക്കായി കുറച്ചു മനുഷ്യരുണ്ട്. അവരോട് അറിയാവുന്ന മുറിഹിന്ദിയിൽ ഈ റോഡ് സഞ്ചാരയോഗ്യമാണോ എന്ന് ചോദിച്ചു. അവർ അതെയെന്ന് പറഞ്ഞു. ആ ചെളി നിറഞ്ഞ വഴുക്കലുള്ള റോഡിലൂടെ ഞങ്ങൾ താഴേക്കിറങ്ങി. ഇടതുവശം ചേരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. വലതു വശത്തു മലയിടുക്കും, ഇടതു വശത്ത് കൊക്കയും നടുവിൽ ചെളിയും നിറഞ്ഞ ഒരു റോഡ്. സഞ്ചാരയോഗ്യമായ കുറച്ചു സ്ഥലം, മുന്നേ പോയ ലോറികൾ നിർമിച്ച പാതകൾ മാത്രം. പേടി പുറത്തുകാട്ടാതിരിക്കാനാണോ എന്നറിയില്ല, ആതിര സംസാരിച്ചുകൊണ്ടേയിരുന്നു. ഒന്നിലധികം തവണ ഇറങ്ങി നടക്കണോ എന്ന് ചോദിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് ഞാൻ മറുപടി കൊടുത്തു. ചെളി നിറഞ്ഞ ഇറക്കമിറങ്ങി നിരപ്പായ ഒരു ഭാഗത്തെത്തിയെങ്കിലും, റോഡ് മെച്ചപ്പെട്ടില്ല. പലയിടങ്ങളിലും മണ്ണിടിഞ്ഞു റോഡിനു കുറുകെ കിടന്നു, വളവുകളിൽ റോഡ് കൊക്കയിലേക്ക് ചെറുതായിടിഞ്ഞും, മറ്റു പല സ്ഥലങ്ങളിലും ടാറിങ് നടന്നും, കൊള്ളാവുന്ന കുറച്ച് സ്ഥലങ്ങളിലൊക്കെ മുന്നിൽ പോകുന്ന ലോറികളെ മറികടക്കാനാവാതെ മന്ദം മന്ദം പോകുന്ന മറ്റ് വണ്ടികളുടെ ചെറിയ നിരകളും. എതിരെ വരുന്ന ഭീമൻ വണ്ടികൾക്കിടയിൽ ആനക്കൂട്ടത്തിനു നടുവിൽ പെട്ട കൊച്ചുകുറുക്കനെ പോലെ ഞങ്ങൾ. അവയുടെ ടയറുകൾ കടന്നു പോയിടത്തെ ആനച്ചാലുകളും, ജെസിബികളുടെ തുമ്പിക്കയ്യുകളും. അതിലിരിക്കുന്ന നിസ്സാരൻമാരായ മനുഷ്യരുടെ കയ്യിലാണ് ഞങ്ങളുടെ ജീവൻ. ഒരുപാട് തവണ റോഡ് ഇവിടെ അവസാനിക്കുന്നുവെന്ന തോന്നലുണ്ടായി. പക്ഷെ അപ്പോഴെല്ലാം എതിരെ വരുന്ന വണ്ടികൾ പുതിയ ലക്ഷ്യസ്ഥാനത്തിൻ്റെ തോന്നലുണ്ടാക്കി. അവർക്കാർക്കെങ്കിലും കൈയൊന്നു പിഴച്ചാൽ, നിമിഷാർധത്തിൽ മരണം. ഒരുമണിക്കൂറോളം വണ്ടി ഓടിച്ച് ഞങ്ങൾ ആ വ്യൂ പോയിന്റിന് മുന്നിലെത്തി. വഴി തിരിയാൻ നേരം വന്ന തോന്നൽ ശരിയായിരുന്നു; ടാഗലോങ്ങ് നിന്നു നോക്കുമ്പോൾ കാണുന്ന കുന്നിൻചെരിവ് തന്നെയാണിത്. വ്യൂപോയിന്റിന് ശേഷമുള്ള റോഡ് അത്രയ്ക്ക് പ്രശ്നമുള്ളതായിരുന്നില്ല, നല്ലതായിരുന്നു എന്നതിന് അർത്ഥമില്ല; മരണഭയം മാറി എന്ന് മാത്രമേ അതിനർത്ഥമുള്ളൂ. കുണ്ടും കുഴിയും അങ്ങനെ തന്നെ കിടന്നു. മുൻപേ പോയ അല്ലെങ്കിൽ എതിരെ വന്ന വണ്ടികളുടെ പൊടി അടങ്ങിയ ശേഷം മാത്രം മുന്നിലേക്ക് പോകാൻ തീരുമാനിച്ച് പതുക്കെ പതുക്കെ മുന്നോട്ട് പോയി. വീണ്ടും അരമണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു വീടിനു മുന്നിൽ നിന്ന് ഒരു ഡ്യൂക്ക് ബൈക്കിൽ ഒരു പയ്യനും പെൺകുട്ടിയും യാത്ര തുടങ്ങുന്നത് കണ്ടു. അവനൊരു അഡിഡാസിൻ്റെ ഷൂസും അവൾ ഒരു നൈക്കി ഷൂസും ഇട്ടിരുന്നു. റോഡ് പണിക്കു വേണ്ടിയല്ലാതെ ഈ റോഡിൽ വന്ന മറ്റൊരാളെ കണ്ടപ്പോൾ ചെറിയ ആശ്വാസം തോന്നി. അവർ പോകുന്ന വഴി എന്തായാലും ഒരു ജനവാസ മേഖലയിലേക്കാകുമല്ലോ; അതിനർത്ഥം ഈ കടന്നു വന്ന വഴി തിരിച്ചു പോകേണ്ടി വരില്ലലോ! റോഡ് ചെന്ന് കേറുന്നത് ബംഗാളിൽ ആയാൽപോലും സാരമില്ല. പക്ഷെ ഒരിക്കൽ കൂടി ഈ കടന്നു വന്ന വഴി തിരിച്ചുപോകാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഈ ഭയം ഒന്നും ഞാൻ സഹയാത്രികയെ കാണിച്ചിരുന്നില്ല. അവൾക്ക് മനസ്സിലായോ എന്നും എനിക്കറിയില്ല. ഞങ്ങൾ ഗാങ്ടോക്കിനെക്കുറിച്ചും, ഈ ട്രിപ്പിൻ്റെ ഉദേശമായുള്ള കാര്യത്തെപ്പറ്റിയും മാത്രം സംസാരിച്ചുകൊണ്ടിരുന്നു. മുന്നിലേക്ക് മാത്രം യാത്ര ചെയ്ത് ഒടുവിൽ, റാണി ഖോലയുടെ തീരത്തു തന്നെ എത്തിച്ചേർന്നു. മുൻപ് കണ്ട അതെ കടവുകൾ, അതേ റോഡ്, തിരിവ്, വീണ്ടും ഗാങ്ടോക്കിലേക്കുള്ള കയറ്റം.
“എടാ എവിടെയാ?”
“താഴെ.”
“എപ്പോ എത്തും?”
“ഒരു 40 മിനിറ്റ്.”
“ഒരു പത്ത് മിനിറ്റിൽ എത്താൻ പറ്റുമോ?”
“പോടാ! എന്ത് കാര്യം?”
“അല്ല, ഓളും അവന്മാരും ഇവിടുണ്ട്; നീ വന്ന് അവന്മാരെ ഒന്ന് മാറ്റി താ.”
തുടർന്ന് സംഭവിച്ച കാര്യങ്ങളും, നടന്ന സംഭാഷണങ്ങളും പലതും കൂടെയുള്ളവരുടെ സ്വകാര്യതകളാണെന്നതിനാൽ എഴുതാതെയിരിക്കുന്നു. മുൻ ദിവസങ്ങളിൽ പരിചയപ്പെട്ട പയ്യന്മാരോടൊപ്പം ക്രിക്കറ്റ് കളിച്ചതും, അവർ വേറെയെവിടെയോ പോയ ശേഷം, ദിൽഷാനയും ഹർഷദും ഞാനും ആതിരയും അവരുടെ റൂമിൻ്റെ ടെറസ്സിൽ കയറിയിരുന്നു കഥ പറഞ്ഞതുമാണ് ആ വൈകുന്നേരം സംഭവിച്ച മറ്റു സംഭവങ്ങൾ…ബാക്കിയുള്ളവർ ഏതോ പേരെടുത്ത ആർക്കിടെക്ടിൻ്റെ ഓഫീസിലായിരുന്നു. ഇരുട്ടു വീണു തുടങ്ങുമ്പോഴേക്കും ചെറിയ മഴ പെയ്തു. സ്കൂട്ടർ തിരിച്ചു കൊണ്ട് കൊടുക്കാൻ ഭരത് വിളിച്ചു. ഞാനും ആതിരയും രണ്ടു വണ്ടികളിൽ എംജി മാർഗിന് മുകളിലെ റോഡിൽ എന്ന് മാത്രമുള്ള അറിവിന് പുറത്ത് വണ്ടി തിരിച്ചു കൊടുക്കാനിറങ്ങി. കുറച്ചു കുഴങ്ങിയെങ്കിലും സ്ഥലം കണ്ടെത്തി. റെന്റിനു വണ്ടി തരുന്ന ആ കടയുടെ ഉടമ സ്ത്രീയുടെ ബർത്ത്ഡേ ആണെന്നും, അവർക്കെന്തെങ്കിലും വാങ്ങണം എന്നും ഭരത് തീരുമാനിച്ചിരുന്നു. കണ്ണടയ്ക്കു മീതെ സൂരജിനെ പലപ്പോളും തുറിച്ചു നോക്കികണ്ടിട്ടുള്ള ഭരത്തിന് ഇങ്ങനൊരു വശമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
"അവർക്ക് ഭരത്തേട്ടനെ അങ്ങ് ഇഷ്ടപ്പെട്ടു" എന്ന് ഞങ്ങളുടെ പിന്നാലെ അവിടെയെത്തിയ നിമ്മി പറഞ്ഞു. ഞാനും ആതിരയും പോയ ദുർഘടം പിടിച്ചവഴിയെക്കുറിച്ച് ചെറിയ അഭിമാനത്തോടെ ഞാൻ അവരോട് പറഞ്ഞു.
"ആ വഴി ഞങ്ങൾ ഇന്നലെ പോയി" എന്ന് ഭരത്തും. എൻ്റെ മൊട താഴ്ന്നു. "നീ സ്കൂട്ടറിലാ പോയത്?! എങ്ങനേടാ?" എന്ന് ചോദിച്ച് നഷ്ടപ്പെട്ട ഈഗോയെ ഭരത്ത് തന്നെ തിരികെ തന്നു. കടയുടെ ഉടമ ഒരു പ്ളേറ്റ് മോമോസും കൊണ്ട് പ്രത്യക്ഷപ്പെട്ടു. "പത്ത് പേരുണ്ടല്ലേ?"
പത്തു മോമോസ് കൊണ്ടുവരും എന്ന്കരുതിയ ഞങ്ങൾക്ക് അവർ പത്തു പ്ളേറ്റ് മോമോസ് കൊണ്ടു വന്നു. കഴിച്ചിട്ട് തീരാത്തത് ഞങ്ങൾ പൊതിഞ്ഞെടുത്തു. പാൽപാട കൊണ്ടുണ്ടാക്കിയ ഒരു സോസ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ടാക്സിയിൽ ഞങ്ങൾ തിരിച്ചു ടാഗലോങ്ങിലേക്ക്.
അന്ന് രാത്രിയും അമിത്തിനോടൊപ്പം പാട്ടുപാടിയും വർത്തമാനം പറഞ്ഞും ചെലവഴിച്ചതോർക്കുന്നു. ദിൽഷാന മലയാളത്തിലും അവൻ ഹിന്ദിയിലും മറുപടി പറയുന്ന ദൃശ്യമാണ് മനസ്സിൽ തങ്ങി നിൽക്കുന്നത്. അവനു പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ അവൾ അധികം ശ്രമിച്ചില്ല, പക്ഷെ അവനു മനസിലാവുന്നുണ്ടായിരുന്നു. ഇല്ലെങ്കിലും അവൾക്കു പ്രശ്നമില്ല. ഭാഷയ്ക്കെന്തിനാണ് അർത്ഥം? പിറ്റേന്ന് വെളുപ്പിന് ഞാനും ഭരത്തും മാത്രം ഒരു ടാക്സിയിൽ അവിടെ നിന്ന് ബാഗ്ദോഗ്ര എയർപോർട്ടിലേക്ക് തിരിച്ചു. ബാക്കിയുള്ളവരെല്ലാം വൈകുന്നേരം കൊൽക്കത്തയിലേക്കാണ്. വഴിയിൽ പണിമുടക്കിയ കാറിനു പകരം അതിൻ്റെ ഡ്രൈവർ തന്നെ മറ്റൊരു കാർ സംഘടിപ്പിച്ചു തന്നു. തലേന്ന് രാത്രി വെറും മൂന്ന് മണിക്കൂർ മാത്രം ഉറങ്ങിയതുകൊണ്ട് ഞാൻ കാറിലിരുന്ന് ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ഞാൻ മലയിറങ്ങിക്കഴിഞ്ഞു. സിലിഗുരിയുടെ നിരന്ന റോഡ്. ബാഗ്ദോഗ്രയിലെ തിരക്കൊഴിഞ്ഞ എയർപോർട്ട്. പതുക്കെ പതുക്കെ ഞാൻ യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നു.
ഇതെഴുതുമ്പോൾ ഗാങ്ടോക്ക് വളരെ വിദൂരമായ ഒരു ഓർമ മാത്രം. മേഘവിസ്ഫോടനത്തിൽ ആ മനോഹര നഗരം പ്രളയത്തിൽ മുങ്ങിയ വാർത്ത. കൂടെ വന്ന പേര് പോലുമറിയാത്ത ‘സഹയാത്രികർ’ ‘കുട്ടികൾ’ ഇരുളിൽ നക്ഷത്രങ്ങൾ പോലെ പതുക്കെ പതുക്കെ കൂട്ടുകാരായി തെളിഞ്ഞു വന്നു. യഥാർത്ഥ മലഞ്ചെരുവിൽ നക്ഷത്രങ്ങൾ, മനുഷ്യരത്രേ.

താഴെ ഒരു മുളങ്കൂട്ടത്തിനു ചുവട്ടിൽ, ദൂരെ മലനിരകളെ നോക്കി ഒരു മൂന്നു നിലക്കെട്ടിടം. മൂന്നു നായ്ക്കളും രണ്ടു പൂച്ചകളും സ്വൈര്യ വിഹാരം നടത്തുന്ന, ഇടുങ്ങിയ പടികളും ഇടനാഴികളുമുള്ള, പല നിറത്തിലുള്ള മെത്തകളുമുള്ള ഇളം നീല നിറത്തിലൊരു കെട്ടിടം.
ഇതെഴുതുമ്പോൾ ഞാനീ കെട്ടിടത്തിൻ്റെ കോമൺ ഏരിയയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. മഴ പെയ്യുന്നുണ്ട്. സഹയാത്രികളെല്ലാം നഗരത്തിൽ പല ഭാഗങ്ങളിൽ പോയിരിക്കുകയാണ്. ഞാനും ഹർഷദും ഇവിടെ വൃത്തിയാക്കാൻ നിൽക്കുന്ന ബിനീതയും മാത്രമേ ഇവിടെയുള്ളൂ. കാഞ്ചി എന്ന പട്ടി തണുപ്പിൽ ചെറിയ വിറയലോടെ കോമൺ ഏരിയയിലെ സോഫയിൽ കിടക്കുന്നുണ്ട്. 21 ഡിഗ്രി. ഒരു മണിക്കൂർ മുൻപ് എഴുതിത്തുടങ്ങുന്ന സമയത്ത് ദൂരെ ചാരനിരത്തിൽ പടിഞ്ഞാറെയാകാശത്ത് പർവതങ്ങളുടെ രേഖാരൂപം കാണാമായിരുന്നു. അതിൽ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചതുപോലെ തോന്നുന്ന വീടുകളും. മഴയ്ക്ക് ശക്തികൂടി വന്നു. പർവ്വതങ്ങളിൽ നിന്ന് മഞ്ഞിറങ്ങി വന്നു. കാർമേഘമേത്, കോടമഞ്ഞേത്, മലനിരകളേത്, ഇരുണ്ട ആകാശമേത് എന്നറിയാനാവാത്ത വിധം എല്ലാം ഒരേ നിറമായി മാറി. അവസാനമെഴുതിയ രണ്ടു വരികളെഴുതുന്നതിനിടെ തലയുയർത്തിയപ്പോൾ വീണ്ടും മലനിരകൾ കാണാം, കാർമേഘം മൂടിയ ആകാശം കാണാം. മലയുടേതോ ആകാശത്തിന്റേതോ എന്നറിയാതെ അലയുന്ന കോടമഞ്ഞിനേയും വേർതിരിച്ചറിയാം. മഴ കാതുകളിൽ മാത്രം, കണ്ണുകളില്ല. ഈ മലഞ്ചെരിവ്വ് ഇങ്ങനെയാണ്, തണുപ്പിൻ്റെ തിരശീലയിൽ പ്രകൃതി നാടകം കളിച്ചുകൊണ്ടേയിരിക്കും. രംഗങ്ങൾ മാറും, കഥാപാത്രങ്ങൾ വന്നുപോകും. കാഴ്ചക്കാരൻ അശക്തനാണ്, അവൻ അർത്ഥങ്ങളും ആസ്വാദനവും തേടിക്കൊണ്ടിരിക്കും.
അവർ കൊണ്ടുവന്ന ബാഗുകൾ എണ്ണിവെക്കുന്നതിനിടെ അകത്തേക്ക് നോക്കിയപ്പോൾ പ്രജിത മാം അകത്തു തനിച്ചിരിക്കുന്ന കണ്ടു. ഡൽഹിയിലായിരുന്നപ്പോൾ ഒരു ദിവസം വൈകിയാണ് മാം വന്നത്. ഭരത് ബാഗെടുത്തുവെയ്ക്കാൻ സഹായിക്കുന്ന കണ്ടപ്പോൾ ഏതോ വൈകിവന്ന സഹപാഠിയാണെന്നാണ് കരുതിയത്. ടീച്ചർ ആണെന്നറിഞ്ഞപ്പോൾ ചെറിയ ഞെട്ടലുണ്ടായി. ആർക്കിടെക്റ്റുകൾ ചെറിയ പ്രായത്തിൽ അധ്യാപകരാവുന്നത് സ്വാഭാവികമാണ്. സിദ്ധാർത്ഥിൻ്റെ കോളേജിൽ ഞങ്ങളെക്കാൾ മൂന്നോ നാലോ വയസു മാത്രം പ്രായമുള്ളവർ അധ്യാപകരായി വന്നിട്ടുണ്ട്. പ്രജിത മാമിനോട് ട്രെയിനിലിരുന്നപ്പോൾ ഉനോ കളിക്കുന്നതിനിടെ സംസാരിച്ചിരുന്നു. കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് ആരോടും സംസാരിക്കുന്നതിന് ഇല്ലാതിരുന്ന അപകർഷതാബോധം, ടൂർ ഓപ്പറേറ്റർ ആയി പ്രവർത്തിക്കുമ്പോളുണ്ട്, എന്ന് തിരിച്ചറിഞ്ഞതപ്പോഴാണ്. ശീർഷകങ്ങൾ നൽകുന്ന ആത്മവിശ്വാസം? ഉള്ളിൽ അലിഞ്ഞു ചേർന്നു പോയ മേൽ-കീഴ് വ്യതാസങ്ങൾ?
ഒറ്റയ്ക്കിരിക്കുന്നതെന്താ എന്ന് ചോദിച്ചപ്പോൾ മുറികളിലെന്തൊ ആശയക്കുഴപ്പമുണ്ടെന്നു പറഞ്ഞു. പ്രശ്നമിതാണ്, ആറു പേരുടെ ഒരു ഡോർമിറ്ററി, 4 പേരുടെ 3 ഡോർമിറ്ററി എന്നിവയാണ് ഞങ്ങൾക്കായുള്ളത്. മാമിൻ്റെ മുറി രണ്ടു ദിവസം കഴിഞ്ഞേ കിട്ടുകയുള്ളൂ. അപ്പോൾ, ഒരുമുറിയിൽ അധികമായൊരു മെത്തയിടാം. അപ്പോൾ ആരുടെ മുറിയിലാണ് മാമിനെ ഉൾപെടുത്തേണ്ടി വരിക എന്നതാണ് പ്രശ്നം. ആറുപേരുടെ മുറിയിൽ ആൺകുട്ടികൾ ആറുപേർ. തങ്ങളുടെ ഹോസ്റ്റൽ മുറികളിലെ ആൾക്കാരെത്തന്നെ ഉൾപ്പെടുത്തിയ മൂന്നു മുറികൾ പെൺകുട്ടികളും എടുത്തു. ആറുപേരുടെ വലിയ മുറിയിൽ ഒരു അധിക കട്ടിലിട്ട്, അവിടെക്കൊരു പെൺകുട്ടിയെ മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നെനിക്ക് മനസിലായി. പക്ഷെ, ആൺകുട്ടികളോടൊപ്പം കിടക്കാൻ ഒരു പെൺകുട്ടി തയ്യാറാവുമോ? ആയാൽ തന്നെ, യാഥാസ്ഥിതികയാണോ കൂടെയുള്ള അദ്ധ്യാപിക? അവർക്കു പ്രശ്നമുണ്ടാവുമോ? അൽപം ധൈര്യം സംഭരിച്ചു ചോദിച്ചു, “മാം, പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചു കിടക്കുന്നതിൽ മാമിനു പ്രശ്നമുണ്ടോ?”
“ഏയ് എനിക്കെന്താ പ്രശ്നം? അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.. ഞാൻ ഇടപെടുന്നൊന്നുല്യ” എന്ന് പറഞ്ഞു.
പ്രശ്നം പരിഹരിക്കാനായി ഞാൻ മുകളിലേക്ക് കയറി. ഇതിനിടെ സ്വന്തം പെട്ടികൾ എല്ലാവരും കൈക്കലാക്കിയിരുന്നു. മുകളിൽ കോമൺ ഏരിയയിൽ ആൾക്കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു. സാഹചര്യം മുഴുവനായി നോക്കി മനസിലാവുന്നതിനു മുൻപ്, കനം കുറഞ്ഞു തുടങ്ങിയ മുടിയും. മെലിഞ്ഞ ശരീരവും, ഈ കാലാവസ്ഥയ്ക്ക് ഒരുകാരണവശാലും യോജിക്കാത്ത അയഞ്ഞ ഒരു ബനിയനുമായി ഒരാൾ അടുത്തേക്ക് വന്നു. മലയാളത്തിൽ സംസാരിച്ചു തുടങ്ങി. ദിനേശ് എന്ന തമിഴ്നാട്ടുകാരനായ യാത്രക്കാരനാണ് അയാൾ. ടാഗലോങ്-ൻ്റെ 1.0 എന്ന മറ്റൊരു ശിഖരത്തിൻ്റെ നടത്തിപ്പുകാരനാണ് അവൻ. ബിയറിൻ്റെ ചെറിയ മണം വമിക്കുന്നുണ്ടായിരുന്നു ദിനേശിൽ നിന്ന്. സ്വന്തം ജോലികളെല്ലാം കഴിഞ്ഞു രണ്ടെണ്ണം അടിച്ചു സൈഡ് ആവാൻ നിന്നവനെ മലയാളികളെ മാനേജ് ചെയ്യാനായി വിളിച്ചുകൊണ്ടു വന്നതാണെന്ന് എനിക്ക് മനസിലായി. “ആള് നല്ല ഫിറ്റാ” എന്ന് നിമ്മി ബെന്നി പറഞ്ഞു. കൂടെ വന്ന എല്ലാവരെയും ഒന്ന് വിളിക്കുമോ എന്ന് ദിനേശ് ചോദിച്ചു. എല്ലാവരും കോമൺ ഏരിയയിലെത്തി. ആൾക്കാരെ എവിടെയൊക്കെ കിടത്താം എന്നത് എഴുതിയ ഒരു പേപ്പറുമായി ദിനേശ് ചർച്ച ഏറ്റെടുത്തു. ഓരോ മുറിയിലുള്ളവരെ ഒരുമിച്ചു മാറ്റിയും തിരിച്ചുമിരുത്തി. ആതിര ആൺകുട്ടികളുടെ മുറിയിൽ കിടക്കാമെന്നും, എനിക്കും ഹർഷദിനും തട്ടിലെ കോമൺ ഏരിയയിൽ കിടക്കയിട്ടുതരാമെന്നും പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെട്ടു. ബാൽക്കണിയിലെ കോമൺ ഏരിയയിൽ സ്വൈര്യവിഹാരം നടത്തുന്ന പട്ടികളെ ചിലർക്കിഷ്ടമായില്ല. ഈ നിസാര കാര്യത്തിനാണോ വിളിച്ചു കൂട്ടി ചെസ്സ് കളിക്കുന്ന പോലെ ആലോചിച്ചത് എന്നും ചിലർ പിറുപിറുക്കുന്നുണ്ടായിരുന്നു. യാത്രക്കാർക്ക് വേണ്ടിയുള്ള ഹോസ്റ്റലിൽ വന്ന് ഉപഭോക്താക്കളുടെ വിശേഷാധികാരത്തോടെ സംസാരിച്ച ചിലരോട് എനിക്ക് ചെറിയ ദേഷ്യം തോന്നി. നിമ്മിയോട് ഞാൻ ദിനേശിനെ ന്യായീകരിക്കാൻ ശ്രമിച്ചു, “പുള്ളിയുടെ ജോലിയല്ല ഇത്, രണ്ടെണ്ണം അടിച്ചു സൈഡ് ആവാൻ നിന്നവനെ മലയാളികളെ മാനേജ് ചെയ്യാനായി വിളിച്ചുകൊണ്ടു വന്നതാ” എന്ന് ഞാൻ പറഞ്ഞു. ആ മെലിഞ്ഞ മനുഷ്യനോട് അനുകമ്പയും സഹതാപവും സ്നേഹവും തോന്നി. അത്രയും നേരം കോമൺ ഏരിയയിൽ ഒരു ഗിറ്റാറും സിഗരറ്റുമായിരുന്ന മുടി നീട്ടി വളർത്തിയ സുന്ദരനായ ചെറുപ്പക്കാരൻ എഴുന്നേറ്റു.
“Hi guys, I'm Amith. Your host..”
ഇത്രയും നേരം അനങ്ങാത്ത താനാണോ ഹോസ്റ്റ്? പിള്ളേരുടെ വെറുപ്പും വാങ്ങി ഇല്ലാത്ത ബോധം കഷ്ടപ്പെട്ടുണ്ടാക്കിയ ദിനേശ് അല്ലെ?
അമിത് പാലിക്കേണ്ട കുറച്ചു നിയമങ്ങൾ പറഞ്ഞു, ചുറ്റുമുള്ള ആൾക്കാർക്ക് ശല്യമുണ്ടാക്കരുത്, രാത്രി ഒരുപാട് ഒച്ചപ്പാടുണ്ടാക്കരുത് എന്നൊക്കെ. പിറ്റേന്ന് രാവിലെ സിറ്റി ടൂർ പോകേണ്ടിയിരുന്നതുകൊണ്ട്, ആർകിറ്റെക്റ്റുകളെല്ലാം ഉറങ്ങാൻ പോയി. രാത്രി ഇനി നടന്നങ്ങു പോണം എന്ന് പരാതി പറഞ്ഞുകൊണ്ട് ദിനേശ് പുറത്തേക്കും പോയി. അമിതും ഗിറ്റാറും വീണ്ടും ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കിയിരിപ്പായി. അവൻ പാടുന്നുണ്ടായിരുന്നു. അസൂയ എന്നിൽ ചെറിയ കോപവും വെറുപ്പുമുണ്ടാക്കി. രാവിലെ സിറ്റി ടൂറിനു ഞാൻ വരുന്നില്ലെന്നും, എന്നെ വിളിക്കണ്ടായെന്നും ഹർഷദിനോട് പറഞ്ഞിട്ട് ഞാൻ ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം ഞാൻ എഴുന്നേൽക്കുമ്പോൾ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. എനിക്കുള്ള പ്രഭാത ഭക്ഷണം അടുക്കളയിൽ അടച്ചു വച്ചിരുന്നു. മൂന്നാം നിലയിലെ ബാൽക്കണിയിലാണ് ഇന്നലെ പറഞ്ഞ കോമൺ ഏരിയ. വടക്കു ഭാഗത്ത് ചെറിയൊരു കൌണ്ടറും, അതിനോട് ചേർന്ന് അടുക്കളയും. കൗണ്ടറിനു മുന്നിലെ പടികൾ കയറി ഒരു ഇടനാഴിയിലെത്താം, ഇടനാഴിയുടെ വടക്കുവശത്തെ വാതിൽ തട്ടിന് മുകളിലേക്കും, തെക്കേ വാതിൽ കഴുകിയ തുണികൾ വിരിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ചെറിയ ബാൽക്കണി. തട്ടിലേക്കുള്ള വാതിൽ തുറന്നു കയറിയാൽ മറ്റൊരു കോമൺ ഏരിയയാണ്. തടികൊണ്ട് നിർമിച്ച ചുവരുകൾ, തുറന്നാൽ ആകാശം കാണാവുന്ന ജനലുകൾ, അതിനും പടിഞ്ഞാറുഭാഗത്ത് മറ്റൊരു ബാൽക്കണി. ബാൽക്കണിയോട് ചേർന്ന പടികൾ കയറിയാൽ ഏറ്റവും മുകളിലെ വളരെ ഉയരംകുറഞ്ഞ ഡോം. അതിൽ മൂന്നു കട്ടിലുകളിലായി 6 കിടക്കകൾ. അതിൻ്റെ വടക്കു കിഴക്കേമൂലയിൽ ഒരു ചെറിയ ദ്വാരമുണ്ട്. അതിലൂടെ താഴത്തെ കോമൺ റൂമിലെ മെത്തകളിലേക്ക് നിരങ്ങിയിറങ്ങാം. കഴിച്ചുകഴിഞ്ഞ് ബാഗും എടുത്ത് ഞാൻ റോഡിലേക്ക് പടികൾ കയറി. രാത്രി കയറി വന്ന വഴിക്കെതിരെ നടന്നു. ഇരുവശത്തും മരങ്ങൾ വളർന്ന ചുരംപോലെയുള്ള വഴികൾ. പാറക്കെട്ടുകളിലൂടെ ഒരു ചെറിയ ഒഴുക്കു കാണാം. കാട്ടരുവിയൊഴുകുന്നതാവണം; ഇടയിൽ കാണുന്ന പൈപ്പുകൾ ചെറിയ സംശയമുണ്ടാക്കുന്നുണ്ട്. ആദ്യത്തെ കയറ്റത്തിൽ ഒരു സ്കൂളുണ്ട്. വഴിയുടെ താഴത്തെ തട്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നു. എതിരെ നടന്നുവരുന്ന കുട്ടികൾ മൂന്നു തരം യൂണിഫോം ധരിച്ചിട്ടുണ്ട്. ചിലർ കോട്ടും സ്യുട്ടും ടൈയും, ചിലർ കമ്പിളി സ്വെറ്റർ, ചിലർ സ്പോർട്സ് ജാക്കറ്റ്/വിൻഡ്ബ്രെക്കറുകൾ. ആൺകുട്ടികളാണധികവും. ചാഞ്ഞ കൺപോളകളും കൂർത്ത താടിയെല്ലുകളും വെളുത്ത ത്വക്കുമുള്ളവർ. ഇടയ്ക്ക് ഒന്നോ രണ്ടോ കറുത്ത ത്വക്കും, കട്ടിരോമങ്ങളുമുള്ള ദ്രാവിഡ വംശജരെക്കാണാം. സ്ത്രീകൾക്കെല്ലാം ഒന്നുകിൽ ഇരുപതുകൾ, അല്ലെങ്കിൽ അൻപതുകൾ പ്രായം തോന്നും, അതിനിടയിൽ പ്രായം ആർക്കും തോന്നുന്നില്ല. ഗാങ്ടോക്കിനെക്കുറിച്ചു പറയുമ്പോൾ ഉറപ്പായും പറയേണ്ട ഒന്നാണ് പൂക്കൾ. റൂമിൽ നിന്ന് മുകളിലേക്ക് കയറുന്ന പടികൾ മുതൽ ഈ വഴിയോരങ്ങളിലെല്ലാം പലതരം പൂക്കൾ പൂത്തുനിൽകുന്നു. എല്ലാ ബാൽക്കണികളിലും ചെറിയ ചെടിച്ചട്ടികൾ നിറയെ പൂക്കൾ. തെരുവുകളിലെ വിളക്കുകാലുകളിൽ ചെടിച്ചട്ടികൾ തൂക്കിയിടാൻ പ്രത്യേക ഡിസൈനുകൾ. അവയിലും പല നിറത്തിലെ പൂക്കൾ. എല്ലാം ഒരടി പൊക്കത്തിലുള്ള ചെടികൾ. നിറമുള്ള പൂക്കളെല്ലാം അവൾക്കും, കുഞ്ഞുവെള്ളപ്പൂക്കൾ മിറിയത്തിനും തഹാനിക്കും അയച്ചു കൊടുത്തു. ഒന്നുപോലും മണത്തു നോക്കിയില്ല എന്ന് ഇതെഴുതുമ്പോൾ ഓർക്കുന്നു. നഷ്ടമായിപ്പോയി.
ലക്ഷ്യമില്ലാതെ നടക്കുന്നതിനിടെ “എടാ” എന്നൊരു വിളി കേട്ടു. മാതൃഭാഷ? തിരിഞ്ഞു നോക്കിയപ്പോൾ ദിനേശാണ്. ഒരു കഫെയുടെ മുന്നിൽ നിന്ന് വിളിക്കുകയാണവൻ.
“ഇതാണ് ട്രാവൽ കഫെ.” ഉള്ളിൽ വച്ച് അവൻ പരിചയപ്പെടുത്തി. 1.0 യുടെ ഏറ്റവും താഴത്തെ നില ട്രാവൽ കഫേയാണ്. ജനലിനോട് ചേർന്ന് 4 പേർക്കിരിക്കാവുന്ന മൂന്ന് മേശകൾ, നടുവിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഒരു മേശ, ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ഒരു സോഫ, കൗണ്ടറിനു മുന്നിൽ രണ്ടു സോഫകൾ, തലയിണകളും കുഷനുകളും നിരത്തിയ ഒരു തടികൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോം എന്നിവയാണ് ഉള്ളിൽ. നടുവിലെ വലിയ തൂണിൽ പലരുടെ കയ്യറക്ഷരങ്ങൾ പേറുന്ന സ്റ്റിക്കി നോട്ടുകൾ, പല നഗരങ്ങളുടെ സ്റ്റിക്കറുകൾ. അതിൽ തന്നെ നെഞ്ചോളം പൊക്കത്തിൽ ഒരു തട്ടും, തട്ടിൽ നിറം പിടിപ്പിച്ച കുപ്പികൾ, മെഴുകുതിരികൾ, ഒന്ന് രണ്ട് ചെടികൾ. കൗണ്ടറിനു പിന്നിലെയും, തടി പ്ലാറ്റ്ഫോമിന് പിന്നിലെയും തട്ടിൽ പുസ്തകങ്ങൾ, ഒരു ഗിറ്റാർ, ഒരു യുകലേലി ചുവരിനോട് ചേർന്നുള്ള സോഫയുടെ പിന്നിലെ പടികളിറങ്ങിയാൽ താഴെ അടുക്കളയിലേക്കും, അതിനപ്പുറത്തെ സ്മോക്കിങ് കോർണരിലേക്കും പോകാം. പൊതുസ്ഥലത്തു നിന്ന് പുകവലിക്കുന്നതിനു പകരം, ദൂരെ മഞ്ഞുമൂടിയ മലനിരകൾ നോക്കി തണുപ്പിൽ നിന്ന് രക്ഷപെടാനായി പുകവലിക്കാൻ അവിടുത്തെ സ്ഥിരം സന്ദർശകരായ കുറച്ചാളുകൾ വരാറുണ്ടെന്ന് ഞാൻ പിന്നീട് മനസിലാക്കി. അവിടെയാണ് ഏറ്റവും കൂടുതൽ കഥകൾ കേട്ടതും, ആൾക്കാർ ഏറ്റവും ആത്മാർഥമായി സംസാരിച്ചതും. ദിനേശിനെ കൂടുതൽ പരിചയപ്പെട്ടു. യാത്രകൾ കാരണം വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ അഞ്ചുഭാഷകൾ സംസാരിക്കുന്നവൻ. സൗമ്യൻ, ശാന്തൻ. ഞാൻ എഴുത്തുകാരനാണ് എന്ന് പറഞ്ഞപ്പോൾ മുന്നിലെ ബോർഡിൽ എഴുതാൻ ഒരു വരി പറഞ്ഞു തരാമോ എന്ന് ചോദിച്ചു. When the wells go dry, we’ll know the worth of water- (കിണറു വറ്റുമ്പോൾ നമ്മൾ വെള്ളത്തിൻ്റെ വിലയറിയും) ഇത്രയും അവൻ എഴുതി വച്ചിട്ടുണ്ട്. ഗാങ്ടോക്ക് കഠിനമായ ജലക്ഷാമം നേരിടുന്ന സമയമാണ്; നഗരത്തിലേക്കുള്ള ജലവിതരണം മുടങ്ങിയിരിക്കുന്നു. അതുകാരണം കഴിഞ്ഞ നാല് ദിവസമായി കഫെ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിട്ട് ഇന്ന് തുറന്നതേയുള്ളൂ. ഈ വരിയോടുകൂടെ എഴുതാൻ We are open എന്നുള്ളതിന് മറ്റൊരു രീതിയിൽ പറഞ്ഞ് തരാമോ എന്നായിരുന്നു അവനറിയേണ്ടത്. We’re still running though, എന്നെഴുതാം എന്ന് ഞാൻ പറഞ്ഞു കൊടുത്തു. കഫേയിലെ കൗണ്ടറിനു മുന്നിലിരുന്ന മുൻവശത്തെ ഒരു കെട്ട് മുടി മാത്രം വെളുത്ത നിറം പൂശിയ ഒരാളോട് അനുവാദം ചോദിച്ചിട്ട് ആ വരി ദിനേശ് ബോർഡിലെഴുതി ചേർത്തു. ഒരു ചായ പറഞ്ഞിട്ട് ചുവരിനോട് ചേർന്ന സോഫയിലിരുന്ന എനിക്കടുത്ത് വന്നിരുന്ന്, കൂടെ വന്നവരൊക്കെ എവിടെപ്പോയി എന്ന് ദിനേശ് ചോദിച്ചു. അവരെല്ലാം ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ തന്നെ സിറ്റി കാണാൻ പോയെന്നു പറഞ്ഞപ്പോൾ എനിക്കെന്താ പോണ്ടേ എന്നവൻ തിരക്കി. എന്നിട്ട് നാളെ ഇവിടുത്തെ താമസക്കാരി (മറ്റൊരു യാത്രക്കാരി) രാഷി എൻചെ, താഷി വ്യൂപോയിന്റ്, ദോ ദ്രുൽ ചോർട്ടൻ, റോപ്പ്വേ എന്നിവ കാണാൻ പോകുന്നുണ്ടെന്നു പറഞ്ഞു. പക്ഷെ എനിക്കാഗ്രഹം, ഏതെങ്കിലും കാട്ടുവഴിയിലൂടെ നടക്കാനും, ഒന്നുരണ്ട് അരുവികൾ കാണാനും ഒക്കെയായിരുന്നു. ദിനേശ് കയ്യിലിരുന്ന നോട്ട്പാഡിൽ പല സ്ഥലങ്ങളിലേക്കുമുള്ള വഴികൾ വരച്ചു കാണിച്ചുകൊണ്ടേയിരുന്നു. ഉച്ചയോടടുത്ത് നാളത്തെ എൻ്റെ സഹയാത്രികയാവാൻ സാധ്യതയുള്ള രാഷി ജനലിനടുത്ത് തൻ്റെ ലാപ്ടോപുമായി വന്നിരുന്നു. കുറച്ചു കഴിഞ്ഞ് ഗണേശിനോട് വഴിയെക്കുറിച്ചെന്തോ ചോദിക്കാനായി ഞാനും അവനുമിരുന്ന സോഫയുടെ അടുത്തേക്ക് വന്നു. ഞാൻ സുബ്ബുവിനോട് ഒരു എപിക് ഹോട് ചോക്ലേറ്റ് പറഞ്ഞിട്ടിരിക്കുകയായിരുന്നു. ക്യാബ് ഫെയറിനെക്കുറിച്ചാണ് സംഭാഷണം എന്ന് എനിക്ക് മനസിലായി. ഗണേശ് എൻ്റെ നേരെ നോക്കി.
“ഇയാളും പോകുന്നു എന്ന് പറയുന്നുണ്ടായിരുന്നു..” (ഹിന്ദി)
“വി ക്യാൻ ഷെയർ എ ക്യാബ്.. ഇഫ് യു ആർ ഓക്കേ വിത്ത് ഇറ്റ്.” എന്ന് ഞാനും പറഞ്ഞു.
“യാ ഷുവർ.”
പിറ്റേന്ന് രാവിലെ ഏഴുമണിക്ക് ഇവിടെ നിന്നിറങ്ങാം എന്ന് തീരുമാനമായി. സിക്കിമിലെ തണുപ്പിൽ ഏഴു മണിക്ക് എഴുന്നേൽക്കുക എന്നത് മാത്രമല്ല, 2.0യിലെ നൂറു പടിയും കയറി, ആറരയ്ക്ക് ഇത്രയും നടന്നും വരണം എന്നത് എനിക്കത്ര എളുപ്പമായി തോന്നിയില്ല. രാത്രി 2.0 യിലേക്ക് എൻ്റെ കൂടെ വരാൻ ഞാൻ ദിനേശിനെ ശട്ടം കെട്ടി. എന്നിട്ട് ഇന്ന് രാത്രി തന്നെ തിരിച്ചു വരാനും, രാത്രി ഇവിടെ കിടന്നുറങ്ങിയിട്ട് രാവിലെ എഴുന്നേറ്റ് പോകാനും തീരുമാനിച്ചു.
കഫെയുടെ സ്മോക്കിങ് സ്ഥലത്തു വച്ച് അന്ന് രണ്ട് പുതിയ ആൾക്കാരെ പരിചയപ്പെട്ടു. ആവിഷ്ക്കാർ എന്നൊരു നേപ്പാളി പയ്യനും, സുലൈമാൻ എന്നൊരു സിംഗപ്പൂർ തമിഴനും. ആവിഷ്കാർ സംഗീതജ്ഞനാണ്. നീണ്ട ചുരുളൻമുടിയും നല്ല ചിരിയുമുള്ള പൊക്കം കുറഞ്ഞ ഒരു സുന്ദരൻ. പാൽപാടയുടെ നിറമുള്ള ഒരു സ്വെറ്റർ ആയിരുന്നു അവനിട്ടിരുന്നത്. അതെവിടെ നിന്ന് വാങ്ങിയതാണെന്ന് ഞാൻ ചോദിച്ചു. Zara -യിൽ നിന്നാണെന്ന് അവൻ പറഞ്ഞു. ഇടയിൽ കുഞ്ഞു ദ്വാരങ്ങൾ പോലെ നെയ്ത സ്വെറ്റർ. തണുപ്പ് കാലത്ത് ഒരു ടീഷർട്ടിൻ്റെ മുകളിൽ ഇട്ടാൽ തണുപ്പിനെ പ്രതിരോധിക്കാനും, ചൂടുകാലത്ത് വായുസഞ്ചാരം ഉണ്ടാക്കുന്നതുമായത്. ദക്ഷിണേന്ത്യയിൽ അവൻ ഊട്ടിയിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു; അവിടുത്തെ വളവും തിരിവും നിറഞ്ഞ റോഡിലൂടെ വാടകയ്ക്കെടുത്ത കാർ അവിടുത്തുകാരേക്കാൾ നന്നായി ഓടിച്ച കഥ പറഞ്ഞു അവൻ. അവസാനം അവിടുത്തെ ഡ്രൈവർമാർ മാലയിട്ട് ആദരിച്ചതൊഴികെ എല്ലാം വിശ്വസനീയം തന്നെ. കാരണം, സിക്കിമിലെ ഡ്രൈവർമാരെപ്പറ്റി പ്രത്യേകം പറയണം. അവൻ്റെ ബാൻഡിലെ ഡ്രമ്മർ സൃഷ്ടിച്ച മലയാളം വരികളും ഉൾപ്പെട്ട ഒരു പാട്ട് അവൻ കേൾപ്പിച്ചു തന്നു. അത് പിന്നീട്. സുലൈമാൻ ഒരു എക്സ്പോര്ട് കമ്പനി നടത്തുന്ന സിങ്കപ്പൂർ തമിഴനാണ്. ഒരുപാട് സിഗരറ്റ് വലിക്കും. സിംഗപ്പൂർ നിന്ന് കൊണ്ടുവന്ന സിഗരറ്റിൻ്റെ പെട്ടി എനിക്ക് കാണിച്ചു തന്നു. കാലം തെറ്റി പ്രസവിച്ച ഒരു നവജാത ശിശുവിൻ്റെ ചിത്രമാണ് അതിലുള്ളത്. അത് കണ്ടിട്ട് വലി നിർത്താത്ത ആരും മറ്റൊരു മുന്നറിയിപ്പും സ്വീകരിക്കാൻ പോകുന്നില്ല. അത്രയ്ക്ക് ഭീകരമായ ചിത്രം. സുലൈമാൻ കേരളത്തെപ്പറ്റി ചോദിച്ചു. മിതഭാഷിയും സൗമ്യനുമായ മനുഷ്യൻ. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും അയാളെ ഞാൻ വീണ്ടും വീണ്ടും കാണുകയും ചെയ്തു. സുലൈമാൻ്റെ ബർത്ത്ഡേ ആണെന്ന് ആരോ പറഞ്ഞു. “ശെരിക്കും?” ആവിഷ്ക്കാർ ചോദിച്ചു. “എൻ്റെയും!” അവനും പറഞ്ഞു. അവർ പരസ്പരം കൈപിടിച്ച് കുലുക്കി. എന്തൊരു യാദൃശ്ചികത! രണ്ടായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചെത്തിയ ഞാൻ പരിചയപ്പെട്ട രണ്ടാൾക്കാർ ഒരേദിവസം ജന്മദിനം ആഘോഷിക്കുന്നു! അതും ഇന്ന്! 800 കോടി ആൾക്കാരുടെ ലോകത്ത് അതിൽ വലിയ യാദൃശ്ചികത കാണുന്നതിൽ അർത്ഥമുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ എൻ്റെ കൊച്ചു ലോകത്തിൽ അതൊരു കൗതുകകരമായ കാര്യമാണ്.
വൈകുന്നേരം, മലയാളിയായ എഴുത്തുകാരി (content writer-freelance) അലീഷയും ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ഏതോ ഒരു വിങ്ങിലെ HR ആയ സഞ്ചിതയും കഫേയിലേക്ക് വന്നു. അവരും മുകളിലെ ഏതോ ഒരു കിടക്കയുടെ താത്കാലിക അവകാശികളായിരുന്നു. സഞ്ചിത പിറ്റേന്ന് നോർത്ത് സിക്കിം കാണാൻ പോകുന്നുവെന്ന് പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂറോളം ഞങ്ങൾ മൂന്നുപേരും സംസാരിച്ചു. അതിനിടയിൽ സഞ്ചിത അവളുടെ കഥ പറഞ്ഞു. ഒരു പൊതു സന്ദർഭത്തിൽ പറയാനുള്ള അനുവാദം അവളിൽ നിന്ന് വാങ്ങിയിട്ടില്ലാത്തതു കൊണ്ടു മാത്രം അതിവിടെയെഴുതുന്നില്ല. സ്വന്തം ജീവിതത്തിലെ ഒരു ഇരുണ്ട ഓർമയെ മറക്കാനും, അതുണ്ടാക്കിയ മുറിവിനപ്പുറം, സ്വയം കണ്ടെത്താനും സ്നേഹിക്കാനും വേണ്ടി അവൾ ആദ്യമായി നടത്തുന്ന തനിച്ചുള്ള ഒരു യാത്ര എന്ന് മാത്രം പറയാം. ഏഴുമണിയോടടുത്ത് “വീണ്ടും കാണാം” എന്ന് പറഞ്ഞ് അവർ മുകളിലെ മുറികളിലേക്ക് പോയി. പിന്നെ കഫെയിൽ കണ്ടത് വിഘ്നേശ് എന്ന് പേരുള്ള ഒരു തമിഴനെയും, അവൻ്റെ സംഘത്തെയുമാണ്. മൂന്നു മേശകൾ ചേർത്തിട്ട്, അവർ പത്തുപേർ അവരവരുടെ ഫോണുകളിൽ വരികൾ നോക്കി പാട്ടു പാടുന്നുണ്ടായിരുന്നു. കൗണ്ടറിന് മുന്നിലെ സോഫയിൽ, അതിലുമുറക്കെ ഹിന്ദിപാട്ടുകൾ സ്പീക്കറിലിട്ട് ഒരു ഉത്തരേന്ത്യൻ ടീമും. തലേന്ന് 2.0യിൽ വന്നിരുന്ന ഹാഷിം എന്ന ആർക്കിടെക് (എന്നോടൊപ്പം വന്ന കൂട്ടത്തിലെ ഋഷിയുടെ സുഹൃത്ത് ആണ് ഹാഷിം) ആ സംഘത്തിനോടൊപ്പം ഉണ്ടായിരുന്നു. ഈ ബഹളത്തിൽ നിന്നെല്ലാം മാറി ഒരു മൂലയിൽ, ഞാനും ദിനേശും, (ഏഴരയോടടുത്ത് വന്ന) അമിതും, എനിക്ക് പേരറിയാത്ത രണ്ട് ബാംഗ്ലൂർ സ്വദേശികളും- അവർ ജോഡികളാണെന്ന് ഞാൻ ഊഹിച്ചു.
“സാധാരണ ഒൻപത് മണിയൊക്കെ ആവുമ്പോൾ എല്ലാം ക്ലോസ് ചെയ്യുന്നതാ.. ഇന്ന് കുറച്ച് ദിവസം കൂടി തുറന്നതല്ലേ, അതുകൊണ്ട് പോട്ടെന്നു വച്ചു.”
പത്തുമണിയോട് അടുത്തും കഫെയിൽ പാട്ടും ഡാൻസും അവസാനിച്ചിരുന്നില്ല. തമിഴോ മലയാളമോ പാട്ടുകൾക്ക് എല്ലാവരും തുള്ളിക്കൊണ്ടിരുന്നു; ഇടയ്ക്ക് ഹാഷിമിൻ്റെ കൂടിയിരുന്ന കൂട്ടുപുരികമുള്ള ഒരു പെൺകുട്ടി എഴുന്നേറ്റ് ഹിന്ദിപ്പാട്ടുകൾ വച്ചു. അവൾക്കും കൂടെയുള്ള നാല് പേർക്കും ആസ്വദിക്കാനും ഡാൻസ് കളിക്കാനും വേണ്ടി കൂടെയുള്ള ദക്ഷിണേന്ത്യക്കാർക്ക് മനസിലാവാത്ത പാട്ടുകൾ വയ്ക്കുന്നത് ഈ രാജ്യത്തിൻറെ പരിച്ഛേദമല്ലാതെ മറ്റെന്താണ്?
പത്തു മണി കഴിഞ്ഞ് ഞാനും ദിനേശും 2.0യിലേക്ക് നടന്നു. മുകളിലെ കോമൺ റൂമിൽ മീറ്റിങ് നടക്കുന്നതേയുള്ളൂ. തലേന്ന് ഞാൻ കിടന്നിടത്ത് ഇപ്പോളൊരു തടിമേശയും അതിലൊരു പ്രോജെക്ടറും ഉണ്ട്. കൂടെ വന്ന 19 പേരും ഈ മുറിയിലുണ്ട്. അവർ നാളെ പോകേണ്ട സ്ഥലങ്ങളും, അതിനു വേണ്ടിയുള്ള സംഘങ്ങളും ഒരുക്കുന്ന തത്രപ്പാടിലാണ്. അവർക്കൊരു ബുദ്ധിമുട്ടാവേണ്ട എന്ന് കരുതി ഞാൻ ബാൽക്കണിയിലേക്കിറങ്ങി. ആഹാരം കഴിച്ചിട്ട് ഞാനും ദിനേശും തിരിച്ചു പടികയറി. പടികയറുന്നതിനിടെ സംസാരിച്ചത് കൊണ്ടാവണം, മുകളിലെത്തിയപ്പോൾ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. ഭൂതലത്തിൻ്റെ ഉയരവും, തണുപ്പും, കഠിനാധ്വാനവും കലർന്ന ഒരു കിതപ്പ് എന്നെ അലട്ടി. നെഞ്ച് പടപടാ മിടിച്ചു. ദിനേശിന് യാതൊരു ബുദ്ധിമുട്ടും കണ്ടില്ല. അടുത്ത ഡിസംബറിൽ പർവ്വതാരോഹണം കോഴ്സ് പഠിക്കാൻ പോകുന്നവനാണോ നൂറു പടി ബുദ്ധിമുട്ടാവുന്നത്? തലേന്ന് തിരിച്ചു പോകാൻ നേരം പട്ടി ഓടിച്ചു എന്നവൻ പറഞ്ഞിരുന്നു; അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ ഓടാൻ ശ്വാസം പോലുമില്ലല്ലോ എന്നോർത്ത് ഞാൻ ഒരല്പം പേടിച്ചു. അനർത്ഥങ്ങളൊന്നുമുണ്ടായില്ല. ട്രാവൽ കഫേയിലെത്തി, മുകളിലേക്കുള്ള പടികയറി കോമൺ റൂമിലെ സോഫയിൽ അവനും, ഒരു മൂലയിൽ ഒരു കട്ടിലിട്ട് ഞാനും കിടന്നു. പുറത്ത് ഹാപ്പി ബർത്ത്ഡേ സുലൈമാൻ എന്നൊരു കൂട്ടം പാടുന്നുണ്ടായിരുന്നു.
രാവിലെ 6 30 നോടടുപ്പിച്ച് ഞാൻ എഴുന്നേറ്റു. തലേന്ന് ഇട്ടുകൊണ്ട് വന്ന മഞ്ഞ ഹൂഡി മുറിയിൽ ഊരിവച്ചിട്ട് ദിനേശിൻ്റെ പച്ച വിൻഡ്ബ്രെക്കർ എടുത്തിട്ടു. 7 മണിക്ക് രാഷി പുറത്തേക്ക് വന്നു.ഉച്ചവരെ ഗാങ്ടോക്കിൽ പലയിടങ്ങൾ പോകുന്നതിന് 1500 രൂപ പറഞ്ഞുറപ്പിച്ച് അവൾ ഒരു ടാക്സി വിളിച്ചു. പോകുന്ന ഇടങ്ങളെപ്പറ്റിയോ ടാക്സിയുടെ ചെലവുകളെപ്പറ്റിയോ എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഞങ്ങൾ മുകളിലേക്കുള്ള വളഞ്ഞ റോഡ് കയറിത്തുടങ്ങി. ആദ്യം നിർത്തിയത് താഷി വ്യൂപോയിന്റിലായിരുന്നു. വിദൂരതയിൽ വീണ്ടും പർവതങ്ങൾ, മഞ്ഞു മൂടിയവ. കുന്നിൻമുകളിൽ ഒറ്റപ്പെട്ട ഒരു വീട് കണ്ടു. അങ്ങനെയൊരിടത്ത് താമസിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നു എന്ന് രാഷി പറഞ്ഞു. സിക്കിമിലെ മലഞ്ചെരുവിലെ വീടുകൾ കാർഡ്ബോർഡ് പെട്ടികളെ ഓർമിപ്പിക്കുന്നു എന്ന് ഞാനും പറഞ്ഞു. വ്യൂപോയിന്റിന് മുകളിലേക്കുള്ള വഴികളിലും പലതരം കുഞ്ഞുപൂക്കൾ വിരിഞ്ഞു നിന്നു. അവിടെനിന്ന് വിദൂരതയിൽ കണ്ട പർവ്വതം കാഞ്ചൻജംഗ ആയിരുന്നെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ശ്രദ്ധയിൽപെടാതെ കണ്ടുപോകുന്ന എന്തെല്ലാം കാര്യങ്ങളാണ് പിന്നീടോർക്കുമ്പോൾ വിലപ്പെട്ടതാണെന്നറിയുന്നത്. മുൻപേയറിഞ്ഞിരുന്നെങ്കിൽ അവയുടെ ഭംഗി കൂടുമായിരുന്നോ? അറിഞ്ഞില്ല എന്ന ഖേദമാണോ ആ ഓർമയുടെ ഭംഗി? വ്യൂപോയിന്റിനു നടുവിലെ കെട്ടിടത്തിന് പിന്നിൽ ആളനക്കമില്ലാത്ത ഒരു പാർക്കുണ്ടായിരുന്നു. പഴയ ഓസ്കാർ വൈൽഡിൻ്റെ കഥയിലെ സ്വാർത്ഥനായ ഭീമൻ്റെ ശിശിരത്തിലെ പൂന്തോട്ടം പോലെ ചലനമില്ലാത്ത കുറച്ചു പൂച്ചെടികളും മരങ്ങളും, കുട്ടികളില്ലാത്ത സീസോയും ഊഞ്ഞാലുകളും.
എൻചെ ആശ്രമത്തിനു മുന്നിൽ ഞങ്ങളെ ഇറക്കി, അതിനു മുന്നിലെ പാർക്കിങ്ങിലുണ്ടാവും എന്ന് പറഞ്ഞിട്ട് കാറുകാരൻ താഴേക്കിറങ്ങിപ്പോയി. പടികൾ കയറുന്നതിനിടെയാണ് ഞാനോർത്തത്, ആ കാറോ ഡ്രൈവറെയോ ഇനി കണ്ടാൽ ഞാൻ തിരിച്ചറിയില്ല. സഹയാത്രികയ്ക്ക് അറിയാമായിരിക്കും. പടികൾക്ക് ഇരുവശത്തും മന്ത്രങ്ങളെഴുതിയ പ്രാർത്ഥനാചക്രങ്ങളുണ്ട്. യോദ്ധ സിനിമയിലാണ് ഞാൻ ഇവ ആദ്യം കാണുന്നത്. അതിൽ എഴുതിയിരിക്കുന്ന അറിയാത്ത ഭാഷയിലെ അക്ഷരങ്ങൾ മന്ത്രങ്ങളാണെന്ന് കുഞ്ഞായിരിക്കുമ്പോഴേ ഞാൻ മനസിലാക്കിയിരുന്നു. ചൊല്ലുന്നതിനു പകരം ഇവ കറക്കിയാൽ മതിയെന്നും. മന്ത്രങ്ങൾ പഠിക്കുന്നതിനേക്കാൾ എന്തെളുപ്പം! ഘടികാരങ്ങളുടെ കറക്കത്തിൻ്റെ ദിശയിലാണ് ഇവ കറക്കേണ്ടതെന്ന് അതിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അറിയാതെ ആദ്യം ഒന്ന് രണ്ടെണ്ണം തിരിച്ചു കറക്കിപ്പോയത് ആരും കാണാത്തത് ഭാഗ്യം. രാഷി ആദ്യം മുതൽക്കേ ശരിയായ രീതിയിലായിരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. എല്ലാമറിയുന്ന ദൈവങ്ങൾക്ക് പ്രാർത്ഥനയ്ക്ക് കൃത്യമായ ദിശയിലല്ല കറക്കുന്നതെന്നത് പ്രശ്നമായിരിക്കുമോ? പടികൾക്ക് മുകളിൽ ആരാധനാലയത്തിൻ്റെ വിവിധ കെട്ടിടങ്ങൾ. പല സന്യാസിമാരെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ. പറക്കാനുള്ള കഴിവുണ്ടായിരുന്നു ഒരു ‘വെള്ള സ്വാമി’യുടെ കഥ വായിച്ചിട്ട് സത്യത്തിലെൻ്റെ നാസ്തിക മനസിന് ചിരിയാണ് വന്നത്. അവിടെയും നിറയെ പൂച്ചട്ടികൾ, നിറഞ്ഞു നിൽക്കുന്ന പൂക്കൾ, ഒരു ഓറഞ്ച് നിറത്തിലെ ചിത്രശലഭം. ഏറ്റവും പടിഞ്ഞാറു ഭാഗത്തെ പ്രാർഥനാലായത്തിൽ ഞങ്ങൾ കയറി. മൂന്നു ബുദ്ധന്മാരുടെ വലിയ പ്രതിമകൾ. ഗുരു പരമ സംഭവ, ഗൗതമ ബുദ്ധ എന്നിവരെ ഞാൻ തിരിച്ചറിഞ്ഞു. മൂന്നാമനെ മനസിലായില്ല. ഓരോ ബുദ്ധന്മാരെ തിരിച്ചറിയാൻ അവരുടെ കൈമുദ്രകൾ കൊണ്ടു സാധിക്കും എന്ന് രാഷി പറഞ്ഞു. ബുദ്ധപ്രതിമകൾക്ക് മുന്നിലായി സഭ കൂടാനെന്നപോലെ കസേരകളുണ്ട്. Monk chairs- ൽ ഇരിക്കരുത് എന്ന ബോർഡും. ഗാങ്ടോക്കിലെ പൂക്കളെപ്പോലെ വർണങ്ങൾ വാരിയെറിഞ്ഞതാണ് ആശ്രമങ്ങളിലെ ചുവരുകളും. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണെല്ലാം. ബുദ്ധിസ്റ്റ് ആർട്ട് വളരെ സവിശേഷമായതാണ്. വളരെയധികം വളഞ്ഞ വരകളാണ് എല്ലാ ചിത്രങ്ങളുടേതും. മൃഗങ്ങളുടെ മുഖം, മേഘങ്ങൾ, മനുഷ്യരുടെ കൈകാലുകൾ എല്ലാം ചുരുണ്ട വരകൾ കൊണ്ടു നിർമ്മിച്ചവ. സമാനമായ ചിത്രം ഇതിനു മുമ്പ് കണ്ടത് ശ്രീലങ്കയുടെ പതാകയിലോ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സിയിലോ ആണ്. ഓഫീസ് മുറിയെന്നു തോന്നിപ്പിക്കുന്ന കെട്ടിടത്തിൻ്റെ മുന്നിലെ വെളുത്ത ഓർക്കിഡ് പൂക്കൾക്ക് പിന്നിലായി ആനയുടെ മുകളിൽ ഇരിക്കുന്ന കുരങ്ങൻ, കുരങ്ങൻ്റെ കയ്യിലെ മുയൽ, മുയലിനു മീതെ പറക്കുന്ന പക്ഷി.. ഇവരെല്ലാം ഒരു മരത്തിലേക്ക് നോക്കി നിൽക്കുന്ന ചിത്രം വരച്ചു തൂക്കിയിരിക്കുന്നു. പണ്ടേതോ ജാതക കഥകളുടെ പുസ്തകത്തിൽ കണ്ട ഒരു കഥ ഓർമയുടെ ജാലകത്തിനുപിന്നിൽ ഒളിച്ചു കളിക്കുന്നു. കൂടെ വന്നവൾക്കും ഓർമ്മയില്ല. ഞങ്ങൾ പടികളിറങ്ങി. രാവിലെ പല്ലു തേച്ചില്ല എന്നത് എന്നെ ചെറുതായി അലട്ടുന്നുണ്ടായിരുന്നു. ഒരു ചായ കുടിച്ചാൽ നാവിനൊരു നവോന്മേഷം വരും. ആശ്രമത്തിൻ്റെ പടികൾക്ക് കീഴെയുള്ള ചെറിയ കാന്റീനിൻ്റെ പുറത്തെ കസേരകളിൽ ഞങ്ങളിരുന്നു. അകത്ത് ഒരാശ്രമത്തിനു ചേരാത്തതരം പുച്ഛം കലർന്ന നിസ്സംഗതയുമായി ഒരു മധ്യവയസ്ക. വാർധക്യം അവർക്ക് വളരെയടുത്താണ്. ഒരു കാപ്പിക്കും ചായക്കും കൂടി 50 രൂപയായി. സുഖസൗകര്യങ്ങളുടെ വർജ്ജനം പ്രധാന മൂല്യമായ ഒരു മതത്തിൻ്റെ ആരാധനാലയത്തിന് മുന്നിലെ ചായക്ക് നഗരത്തിനെക്കാൾ വിലക്കൂടുത്തലാണ് എന്നതൊരു വിരോധാഭാസമല്ലേ? വിശ്വാസത്തിനേക്കാൾ ദൈവത്തിനേക്കാൾ വലുതാണ് മുതലാളിത്തം. വെറുതെ സംസാരിക്കുന്നതിനിടെ ഞാൻ ചോദിച്ചു, "ലോകത്തിൽ സാധ്യമായ എന്തും സാധിക്കാൻ ഒരവസരം ഇപ്പോൾ കിട്ടിയാൽ.. എന്ത് സാധിക്കും?" ലോകസമാധാനം എന്നൊന്നും പറയരുത് എന്നു മുൻപേ പറഞ്ഞിരുന്നു. അങ്ങനെയൊന്നുമില്ല.. എനിക്ക് വേണ്ടതെല്ലാം കയ്യിലുണ്ട് എന്ന് അവൾ മറുപടി പറഞ്ഞു. "തനിക്കോ?" "പറക്കാനുള്ള കഴിവ്. അല്ലെങ്കിൽ ടെലിപോർടെഷൻ. ഫുട്ബാൾ കളിക്കാനുള്ള കഴിവ് ചോദിക്കുമായിരുന്നു.. പക്ഷെ പ്രായം കടന്നു പോയില്ലേ…." അങ്ങനെ ചർച്ച ഫുട്ബോളിലേക്കെത്തി. അപ്പോഴാണ് അവൾ പറയുന്നത്, രാഷി ക്യാമ്പ്-നു വിൽ പോയിട്ടുണ്ട്. ഫോട്ടോകളും കാണിച്ചു. സ്വന്തം ആഗ്രഹങ്ങൾ മറ്റുള്ളവർ നടത്തുമ്പോൾ അസൂയയും കോപവും വിഷമവുമുണ്ടാവും. ഞാൻ ഉള്ളാലെ കരഞ്ഞു. കാർ പാർക്കിങ്ങിലേക്ക് നടക്കുന്നതിനിടെ നമ്മുടെ കാർ കണ്ടാൽ എനിക്കറിയില്ല എന്ന സത്യം ഞാൻ തുറന്നു പറഞ്ഞു. ഒരു ചെൽസിയുടെ സീറ്റ് കവർ മാത്രം ഓർമയുണ്ട്. രസമുള്ള കാര്യമെന്തെന്നാൽ, രാഷിക്കും അതുമാത്രമേ ഓർമയുള്ളൂ! പക്ഷെ ഞങ്ങൾ കാറും ഡ്രൈവറെയും വളരെയെളുപ്പം കണ്ടെത്തി. അയാൾ സീറ്റ് താഴ്ത്തിയിട്ട് ഉറങ്ങുകയായിരിക്കുന്നു. ഞങ്ങൾ ഒന്നു രണ്ടു തവണ വിളിച്ചിട്ടാണ് അയാൾ എഴുന്നേറ്റത്. വളവും തിരിവുമുള്ള റോഡുകളിലൂടെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച ഒരാളാണ് ഞങ്ങളുടെ വണ്ടിയോടിക്കുന്നത് എന്നത് എനിക്ക് ചെറിയ ഭയം ഉണ്ടാക്കി. പക്ഷേ അതൊന്നും അയാളെ അലട്ടിയതേയില്ല. കേരളത്തിലെ നിവർന്ന റോഡുകളിലൂടെ ഒരു ഡ്രൈവർ ഓടിക്കുന്നതിനേക്കാൾ ആയാസത്തിൽ അയാൾ വണ്ടിയോടിച്ചു കൊണ്ടിരുന്നു. ഇടുങ്ങിയ ഒരു റോഡിൽ വച്ച്, ഏതോ മന്ത്രിയുടെതാണെന്ന് തോന്നുന്നു, ഒരു വാഹന വ്യൂഹം മിന്നൽ വേഗത്തിൽ ഞങ്ങളെ കടന്നുപോയി. (ആ വഴിയിലാണ് മുഖ്യമന്ത്രിയുടെ ഭവനം എന്ന് ഭരത് പിന്നീട് പറഞ്ഞു. )
റോപ്പ് വേ യുടെ മുന്നിൽ ചെറിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. കൗണ്ടറിൽ ഇരിക്കുന്ന ആൾ ഞങ്ങൾ ടിക്കറ്റ് ചോദിച്ചപ്പോൾ 10 മിനിറ്റ് എന്ന് പറഞ്ഞു. പക്ഷേ അയാൾ മറ്റൊരു ജോലിയിലും വ്യാപൃതനായിരുന്നില്ല. ഞാനും സഹയാത്രികയും കാത്തിരുന്നു. പുറത്തു കണ്ട ജനക്കൂട്ടം പതുക്കെ അകത്തേക്ക് കയറി. ഞങ്ങൾക്ക് രണ്ടുപേർക്കും പിന്നിലായി ചെറിയൊരു ക്യൂ പ്രത്യക്ഷപ്പെട്ടു. കൗണ്ടറിലെ കൂട്ടുകാരന് ചലനമില്ല. വിവിധ റേറ്റുകൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. ട്രെയിനിലെ സീസൺ ടിക്കറ്റ് പോലെ ഒരു മാസത്തേക്കുള്ള ടിക്കറ്റ് എടുക്കാൻ ഉള്ള അവസരമുണ്ട്. വേണമെങ്കിൽ റോപ്പ് വേ കയറി നഗരത്തിൻ്റെ മറ്റൊരു ഭാഗത്തെത്തി അവിടെ കുറച്ചു നേരം നടന്നു കണ്ടശേഷം തിരിച്ചുവരാം എന്നൊരു വഴി ദിനേശ് തലേന്ന് രാത്രി പറഞ്ഞിരുന്നു. ഈ നഗരത്തിലെ പലരുടെയും യാത്ര മാർഗ്ഗമാണത്. സമയവും പണവും ഒരുപോലെ ലാഭം. പക്ഷേ ഉച്ചയ്ക്ക് മുൻപ് തിരിച്ചെത്തണമെന്ന് ഉള്ളതുകൊണ്ട് അതിനൊരു സാധ്യതയുണ്ടാകില്ല എന്ന് എനിക്ക് തോന്നിയിരുന്നു. രാഷിക്ക് ജോലിക്ക് കയറേണ്ടതുണ്ട്. രണ്ട് മലഞ്ചെരുവുകളെ തമ്മിൽ കണക്ട് ചെയ്ത വളരെ കട്ടിയുള്ള ലോഹ കയറിൽ 10 പേർക്ക് കയറാവുന്ന ലോഹ കൂട്. വാതിലുകളും ജനാലകളും ഗ്ലാസ് കൊണ്ട് നിർമ്മിച്ചത്. അതിലൂടെ പോകുമ്പോൾ മലഞ്ചെരുവുകളിലെ കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ചത് പോലെ തോന്നുന്ന കെട്ടിടങ്ങൾ കാണാം. മുന്നിൽ കാണുന്ന നഗരത്തിൻ്റെ കഷ്ണത്തിലെ കെട്ടിടങ്ങൾ കണ്ട് ദേ തൻ്റെ കാർഡ്ബോർഡ് പെട്ടികൾ എന്നു പറഞ്ഞ് രാഷി ചിരിച്ചു. മുന്നിലൊരു നൂറടി താഴ്ചയിൽ മരങ്ങൾ, പാറക്കെട്ടുകൾ, വീടുകൾ. പണ്ടൊരു കൊടേക്കനാൽ യാത്രയ്ക്കിടയിൽ വച്ച്, പർവ്വതങ്ങൾ കാണുമ്പോൾ നമ്മൾ എത്ര ചെറുതാണ് എന്നോർമ്മ വരും എന്നുപറഞ്ഞ സുഹൃത്തിനെ ഞാനപ്പോൾ ഓർത്തു. അക്കരെ എത്തിയ ഉടനെ ഞങ്ങൾ തിരിച്ചു വന്നു. അരമണിക്കൂറിന് ഇടയിൽ വീണ്ടും ഞങ്ങളുടെ ഡ്രൈവർ ഉറങ്ങിയിരുന്നു. അയാളെ വീണ്ടും വീണ്ടും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുന്നതിൽ എനിക്ക് കഷ്ടം തോന്നി. പക്ഷേ ഇതാവാം അയാളുടെ ജീവിതചര്യ. ഈ ചെറിയ ഉറക്കങ്ങൾ ആകും റോഡിൽ അയാളെ ഉണർത്തിയിരുത്തുന്നത്. ദോ ദ്രുൽ ചോർട്ടൻ ഒരു ചെറു കുന്നിന്മുകളിലെ ആശ്രമമാണ്. വലിയൊരു ദീപശിഖയുടെ സ്തൂപം അതിൻ്റെ നടുവിലായി കാണാം. അതിനു ചുറ്റും നൂറ്റിയെട്ട് പ്രാർത്ഥനാചക്രങ്ങളും. ഇവിടെയും കാണാം ചെടിച്ചട്ടികളിലെ പൂക്കൾ. പ്രാർത്ഥനാ ചക്രങ്ങൾ കറക്കേണ്ട ദിശയ്ക്ക് എതിരെ കറക്കികൊണ്ട് ഒരു ടൂറിസ്റ്റ് ഞങ്ങൾക്കെതിരെ നടന്നു വന്നു. “ദിസ് ഈസ് നോട്ട് ഹൗ ഇറ്സ് സപ്പോസ്ഡ് ട്ടു ബീ” എന്ന് രാഷി അഭിപ്രായപ്പെട്ടു. പക്ഷെ തിരുത്താൻ വിളിച്ചിട്ട് അയാൾ ശ്രദ്ധിച്ചില്ല. ഞങ്ങൾക്കിടത്തുവശത്തെ കെട്ടിടത്തിൽ നിന്ന് ഒരു സന്യാസി മുഖത്ത് ആശങ്കയോടെ “ഓയ് ഓയ്” എന്നുറക്കെ വിളിച്ചുകൊണ്ട് പുറത്തേക്കോടി വന്നു.
കാര്യം ചക്രം കറങ്ങുന്ന ദിശയാണെന്ന് ഞങ്ങൾക്ക് മനസിലായി. “ഭായ് സാബ്” എന്ന് ഞാൻ ഉറക്കെ വിളിച്ചു. അയാൾ തിരിച്ചു. “വേസെ നഹി, ഐസെ കരോ” എന്ന് ഞാൻ ആംഗ്യം കാണിച്ചു. അയാൾ അനുസരിച്ചു. വളരെക്കുറച്ചു മുറ്റം മാത്രമുള്ള അവിടെ നിന്ന് ഞങ്ങൾ താഴേക്കിറങ്ങി. ഇറങ്ങുന്ന വഴിയിൽ മരങ്ങൾക്കിടയിലൂടെ നീളുന്ന ഒരു കൊച്ചുവഴി കണ്ടു. ഒന്നു രണ്ട് ഫോട്ടോ എടുത്തു തരുമോ എന്ന് ഞാൻ സഹയാത്രികയോട് ചോദിച്ചു. അവൾ കനിവ് കാട്ടി. ഉയർന്നു നിൽക്കുന്ന പച്ചമരങ്ങൾക്കിടയിൽ പച്ചജാക്കറ്റ് ഇട്ടു നടക്കുന്ന എൻ്റെ പിന്നിൽനിന്നുള്ള കുറച്ചു ചിത്രങ്ങൾ അവളെടുത്ത് തന്നു. നമ്പർ വച്ചുമാറാൻ താൽപര്യമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, അവൾ ബ്ലൂടൂത്ത് വഴി അയച്ചുതരാം എന്ന് പറഞ്ഞു. ഡ്രൈവർ വീണ്ടും ഉറങ്ങിയിരുന്നു. ഇങ്ങോട്ട് വരുന്ന വഴിയിൽ വളരെ അടുത്തായി ടിബറ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബോർഡ് കണ്ട ഓർമയിൽ ഞാൻ പറഞ്ഞു, “അതുവരെ നടന്നാലോ? അയാൾ കുറച്ച് ഉറങ്ങിക്കോട്ടെ…” ഞങ്ങൾ ഇന്സ്ടിട്യൂട്ടിലേക്ക് നടന്നു. വഴിയിൽ കറുത്ത ഇടതൂർന്ന രോമങ്ങൾ വളർന്ന ഒരു പട്ടി ഒരു കടയുടെ ചുവരിനോട് ചേർന്നിരുന്നു മയങ്ങുന്നതു കണ്ടു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി ടിബറ്റിനെക്കുറിച്ചും ബുദ്ധ മതത്തെക്കുറിച്ചും വിശദമായി പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമാണ്. മൂന്നായി തിരിച്ച ഒരു ഹാളിനുള്ളിൽ ആ തിരിവുകളുടെ ഇരുവശങ്ങളിലുമായി ബുദ്ധിസ്റ്റ്/ടിബറ്റൻ കലാസൃഷ്ഠികൾ, പ്രതിമകൾ, പുരാവസ്തുക്കൾ എന്നിവ നിരത്തി വച്ചിരുന്നു. എൻ്റെയും റാഷിയുടെയും ശ്രദ്ധ ഒരുപോലെ പതിഞ്ഞത് തലയോട്ടികൾ കൊണ്ടുണ്ടാക്കിയിരുന്ന പാത്രങ്ങളിലാണ്. എല്ലാ പ്രധാന ചടങ്ങുകളിലും ഈ തലയോട്ടിപ്പാത്രങ്ങൾ പ്രധാന സ്ഥാനം വഹിച്ചു. പല ബുദ്ധന്മാരുടെയും അവതാരരൂപങ്ങൾ ആയുധങ്ങളോടും പുസ്തകങ്ങളോടും താമരയോടുമൊപ്പം (താമര ബുദ്ധമതത്തിന് വളരെ പ്രധാനമാണെന്ന് എനിക്കവിടെ നിന്ന് മനസ്സിലായിരുന്നു.) ഈ പാത്രങ്ങളും കയ്യിലേന്തി. കപാലങ്ങൾ എന്നാണ് അവയെ പറയുക. ആനന്ദം ത്യജിക്കുക ഉറുമ്പിനെപ്പോലും നോവിക്കാതിരിക്കുക എന്നതൊക്കെ പ്രധാന തത്വങ്ങളാണെന്ന് വിശ്വസിച്ചിരുന്ന മതത്തിലിതാ വളരെ ചെറിയ കൈ വിലങ്ങുകൾ, രതിയെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ, വർണ്ണനകൾ, കപാലങ്ങൾ, ശത്രുവിൻ്റെ തുടയെല്ലെടുത്ത് നിർമിച്ച നാദസ്വരങ്ങൾ. “Naah budhism is pretty hardcore” എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. മുകളിലെ നിലയിൽ ബുദ്ധ ഗ്രന്ഥങ്ങളുടെ ഒരു ലൈബ്രറിയുണ്ടായിരുന്നു. തടികൊണ്ട് നിർമിച്ച പടികൾ മുകളിലേക്ക് കയറുമ്പോൾ ആ ആനയുടെ മുകളിലെ കുരങ്ങൻ്റെ കയ്യിലെ മുയലിൻ്റെ മുകളിലെ പക്ഷിയുടെ ചിത്രം കണ്ടു. ലൈബ്രറിയിൽ പുസ്തകങ്ങളെക്കാൾ താളിയോലകളും, തുണികളിലെഴുതിയ ഗ്രന്ഥങ്ങളുമായിരുന്നു. എല്ലാം ചില്ലലമാരകൾക്കുള്ളിൽ. തടികൊണ്ട് നിർമിച്ച തറ ഞങ്ങൾ നടക്കുമ്പോൾ ചെറുതായി തേങ്ങി. ഓരോ ചുവടും ശ്രദ്ധിച്ച് ഞങ്ങൾ വെറുതെ നടന്നു. പാലിയായാലും ബോധിക് ആയാലും ഞങ്ങൾക്ക് രണ്ടുപേർക്കും വായിക്കാൻ അറിയില്ല.അതുകൊണ്ട് തന്നെ ഈ പുസ്തകങ്ങളൊന്നും ഞങ്ങളെടുക്കുന്നതിൽ അർത്ഥമില്ല. എടുക്കാൻ അനുവാദമുണ്ടോ എന്ന് പോലും ഞങ്ങൾ അന്വേഷിച്ചില്ല. പുറത്തേക്കിറങ്ങുന്നതിനിടെ ആ മുറിയുടെ മൂലയിലിരുന്നയാൾ ഞങ്ങളോട് ശബ്ദം താഴ്ത്തി എന്തോ പറഞ്ഞു. വ്യക്തമാവാത്തതുകൊണ്ട് ഞങ്ങൾ അടുത്തേക്ക് ചെന്നു. “You can take photos if you want”. ഞങ്ങൾ വീണ്ടും ഉള്ളിലേക്ക് നടന്നു. ബുദ്ധസന്യാസിമാരുടെ സഭകൂടുന്നതിൻ്റെ ഒരു മോഡൽ അവിടെയുണ്ടാക്കി വച്ചിരുന്നു, അതിൻ്റെയും പുസ്തകങ്ങൾക്കിടയിൽ നിൽക്കുന്ന എൻ്റെയും കുറച്ചു ചിത്രങ്ങൾ സഹയാത്രിക എടുത്ത് തന്നു. തിരിച്ചു നടക്കുമ്പോൾ വീണ്ടും ആ പട്ടിയെക്കണ്ടു. സ്ഥാനം മാറിയിട്ടുണ്ട്, ഭാവം മാറിയിട്ടില്ല. തണുത്ത മലഞ്ചെരുവിൻ്റെ അലസഭാവം ആ നായേക്കാൾ നന്നായി ഉൾക്കൊണ്ട മറ്റൊന്നുമില്ല.
സമയം പന്ത്രണ്ടിനോട് അടുക്കുന്നുണ്ടായിരുന്നു. രാഷിക്ക് ഒരുമണിക്കെങ്കിലും ജോലിക്ക് കയറണം. ആഹാരവും കഴിച്ചിട്ടില്ല. ഞങ്ങൾ എംജി മാർഗിലേക്ക് പോകാൻ തീരുമാനിച്ചു. എംജി മാർഗ് ബാംഗ്ലൂർ ചർച്ച് റോഡിനെ ഓർമിപ്പിച്ചു. കല്ല് പാകിയ ഇരുപതടിയോളം വീതിയുള്ള പാത. അതിനെ രണ്ടായി മുറിക്കുന്ന നടുവിലെ സിമന്റ് അരമതിലുകളുടെ നടുവിൽ പൂച്ചെടികൾ. അവയോട് ചേർന്ന് ഇരിപ്പിടങ്ങൾ. പാതയ്ക്കിരുവശത്തും മൂന്നും നാലും നിലകെട്ടിടങ്ങൾ കൂടുതലും റസ്റ്റോറന്റുകൾ. ബാക്കിയുള്ളവയെല്ലാം തുണിക്കടകൾ, സ്റ്റേഷനറിക്കടകൾ, ബ്രാൻഡ് സ്റ്റോറുകൾ. ഒരുപാടു നേരം കഴിക്കുന്നതെവിടെ എന്ന ചോദ്യത്തിനൊപ്പം അലഞ്ഞതിനു ശേഷം, ഞങ്ങൾ ഒരു കഫെയിൽ കയറി. എംജി മാർഗിൻ്റെ നടുവിൽ, ഒരു മൂന്നാം നിലയിലെ ബാൽക്കണിയിൽ കസേരകളും മേശകളുമുള്ള ഒരു കഫെ. ചതുര മുഖമുള്ള ഒരു പെൺകുട്ടി ഞങ്ങളെ ആനയിച്ചു. ചൂടുവെള്ളം ഒഴിച്ചു തന്നു. ഓർഡർ ചെയ്ത സാധനം സമയമെടുക്കുമെന്ന് അവൾ പറഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി. മുൻപെങ്ങോ ആരോ കഫെയിൽ പറഞ്ഞുകേട്ട ഒരു ടിബറ്റൻ റസ്റ്റോറന്റ് അതിനെതിരെയുണ്ടായിരുന്നു. ഫ്ലാറ്റിൽ ഒരിക്കൽ ടിബറ്റൻ ഫുഡ് ഓർഡർ ചെയ്തത് എനിക്കിഷ്ടപെട്ടിലായിരുന്നു എന്ന് ആഹാരം മുന്നിലെത്തിയതിനു ശേഷമാണ് ഞാനോർത്തത്. തുക്പ എന്ന സൂപ്പ് പോലുള്ള സാധനം ഞാനും ഒരു പ്ളേറ്റ് മോമോസ് അവളും വാങ്ങി. ആഹാരം കഴിക്കാൻ അവൾക്ക് വലിയ ബുദ്ധിമുട്ടാണെന്നും. പലപ്പോഴും കൂടെയുള്ളവർ കഴിച്ചു തീർക്കേണ്ട അവസ്ഥയുണ്ടാവാറുണ്ടെന്നും റോപ്പ് വേയിൽ വച്ച് അവൾ പറഞ്ഞിരുന്നു. തുക്പ കഴിച്ചു പകുതിയാവുന്നതുവരെ അതെൻ്റെ പ്രതീക്ഷയായിരുന്നെങ്കിൽ, അതിനു ശേഷം അതെൻ്റെ ഉൽക്കണ്ഠയായി മാറി. പക്ഷെ അല്പം ബുദ്ധിമുട്ടിയെങ്കിലും, ആഹാരം അല്പം പോലും പാഴായില്ല! കഴിച്ചു പുറത്തിറങ്ങി, അടുത്തുകണ്ട ഒരാളോട് തിരിച്ചു പോകാൻ ടാക്സി എവിടെ കിട്ടുമെന്ന് ചോദിച്ചു. ലാൽ ബസാറിൻ്റെ മുന്നിൽ നിന്ന് കിട്ടും എന്നയാൾ പറഞ്ഞു. എംജി മാർഗിലെ കടകളുടെ ഇടയിലുള്ള പടികളിറങ്ങി ചെല്ലുന്നതാണ് ലാൽ ബസാർ എന്ന് അയാൾ പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായി. രാം ഗോപാൽ വർമയുടെയും അനുരാഗ് കശ്യപിൻ്റെയും സിനിമകളിൽ മാത്രം ഞാൻ കണ്ടിട്ടുള്ളപോലത്തെ പടിക്കെട്ടുകളിറങ്ങി ഞങ്ങളൊരു റോഡിലെത്തി. അവിടെ നിന്ന് ഒരു ടാക്സിക്കാരനോട് വിലപേശി 200 രൂപ കൊടുക്കാമെന്നേറ്റ് ഞങ്ങൾ കയറി. ട്രാവൽ കഫെയിൽ ദിനേശ് ചെറിയ തിരക്കിലായിരുന്നു.
ഇതെഴുതുമ്പോൾ ഞാൻ ബാംഗ്ലൂരിലെ തേർഡ് വേവ് എന്ന കഫെയിലിരിക്കുകയാണ്. മുന്നിലൊരു (സ്കൂളിന്റേതെന്ന് തോന്നുന്ന) ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. മിറിയം എന്നോടൊപ്പമുണ്ട്. അവൾ ജോലിത്തിരക്കിലാണ്. യാത്ര കഴിഞ്ഞു വീട്ടിലെത്തി ഏകദേശം ഒരുമാസത്തോളം ആയിട്ടും ഇതുവരെ ഞാൻ വീട്ടിലിരുന്ന് എഴുതിയതിലുമധികം ഇതിനോടകം എഴുതിക്കഴിഞ്ഞു. ഓരോ യാത്രയും യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോടലുകളാണ് എന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു; വീടും, വീട്ടിലെ മുറിയുമെല്ലാം യാഥാർത്ഥ്യങ്ങളാണ്. യാഥാർത്ഥ്യങ്ങളിൽ മിഥ്യയില്ല. മിഥ്യയില്ലെങ്കിൽ സർഗാത്മകതയില്ല. അപ്പോൾ വേദനകളിൽനിന്ന് കവിതയെഴുതുന്നവരോ? അവരുടെ യാഥാർത്ഥ്യങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ സൃഷ്ടിക്കുന്ന മിഥ്യകളാവാം അവരുടെ കവിതകൾ. ഞാനീ എഴുതുന്നതൊന്നും മിഥ്യയല്ലല്ലോ, അപ്പോളെനിക്കെഴുതാൻ വേണ്ട രക്ഷപെടൽ നൽകുന്നതൊരുപക്ഷേ, സ്ഥലകാലങ്ങളാവാം. പക്ഷെ യാത്രയുടെ പല ഭാഗങ്ങളും മറന്നു കഴിഞ്ഞു. ചില ചിത്രങ്ങൾ മാത്രം മനസ്സിൽ ബാക്കിയുണ്ട്. ദിവസങ്ങളുടെ ക്രമം നഷ്ടപ്പെട്ടുകഴിഞ്ഞു. ഏത് ചിത്രം ഏതു ദിവസത്തേത് എന്നോർമ്മയില്ല. അതോർത്തെടുക്കുക എന്നതാണ് എഴുത്തിന് ഏറ്റവും വലിയ തടസം.
വൈകുന്നേരം ഹർഷദ് 1.0യിലേക്ക് വന്നു. കുറച്ചുനേരം അവിടെ സമയം ചെലവാക്കിയ ശേഷം, ഒരു ജാക്കറ്റ് വാങ്ങാൻ ലാൽ ബസാറിലേക്ക് പോകാമെന്ന് പ്ലാൻ ഇട്ടു. രാവിലെ പോയ ഓർമ എനിക്കുണ്ടായിരുന്നു, പക്ഷെ വഴിയറിയില്ല; പക്ഷെ ഗാങ്ടോക്കിൽ ഒരുവിധം എല്ലായിടത്തും ഇന്റർനെറ്റ് തരക്കേടില്ലാതെ കിട്ടുമായിരുന്നതുകൊണ്ട്, അതൊരു പ്രശ്നമേ ആയിരുന്നില്ല. ഗൂഗിൾ മാപ്സ് ഓൺ ചെയ്ത് ഞങ്ങൾ നടന്നു. ഇതില്ലായിരുന്നെങ്കിൽ വഴി ചോദിച്ചു ചോദിച്ചു പോകേണ്ടി വന്നേനെ എന്ന് ഞാനോർത്തു. ആൾക്കാരെ തമ്മിൽ ബന്ധിപ്പിക്കാനെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച ഇന്റർനെറ്റ്, ആൾകാരോടു സംസാരിക്കേണ്ടാത്ത അവസ്ഥ സൃഷ്ടിക്കുന്നതിൽ ചെറിയൊരു വിരോധാഭാസം തോന്നി. പക്ഷെ എല്ലാവർക്കും എന്നെപ്പോലെ മനുഷ്യരോട് സംസാരിക്കാൻ കൊതി തോന്നണമെന്നില്ലലോ. രാവിലെ പടികളിറങ്ങിച്ചെന്ന റോഡിൽ ഞാനും ഹർഷദും ചെന്നെത്തി. പടികളിറങ്ങുന്നതിനിടെ ‘പേമ’ (താമര എന്നർത്ഥം) എന്ന പേരുള്ള ഒരു സ്ത്രീയുടെ കടയിൽ നിന്ന് ഞാൻ രണ്ട് അമ്മമാർക്കും ഓരോ ഷാൾ വാങ്ങി. താഴത്തെ റോഡിൽ വലിയൊരു അഞ്ചുനിലക്കെട്ടിടത്തിൻ്റെ ചുറ്റുമായി കുറച്ചു കടകൾ കണ്ടു. എന്ത് വേണമെങ്കിലും കിട്ടും എന്നെല്ലാവരും പറഞ്ഞ ലാൽ ബസാർ ഇതാണോ? ഇവിടെയുള്ള കടകളിൽ, ഹർഷദിന് വേണ്ട ജാക്കറ്റോ, എനിക്ക് വേണ്ട പാന്റോ ഒന്നും കാണുന്നില്ല. ഞങ്ങൾ ആ കെട്ടിടത്തിന് ചുറ്റും നടന്നു നോക്കി. അതിനിടെ അവനു വിശക്കുന്നെന്നു പറഞ്ഞ്, ചെറിയൊരു മോമൊ കടയിൽ കയറി ഒരു പ്ലേറ്റ് മോമോകളും ചായയും കഴിച്ചു. അപ്പോഴാണ് ആ സംശയം ഉണ്ടായത്, ഇനി ലാൽ ബസാർ ഇതല്ലെങ്കിലോ? അങ്ങനെ ആ കടയിൽ നിന്ന സ്ത്രീകളോട് ഞങ്ങൾ ലാൽ ബസാറിനുള്ളിലേക്കുള്ള വഴി ചോദിച്ചു. അവരുടെ മറുപടിയിൽ നിന്നാണ് മനസിലായത്, കവടിയാറിലെ ഫ്ളാറ്റുകളെപ്പോലുള്ള ഈ കാണുന്ന അഞ്ചുനിലക്കെട്ടിടമാണ് ലാൽ ബസാർ. അതിലേക്ക് നയിക്കുന്ന ഒരു ബസ് കേറിപ്പോകാൻ വലിപ്പമുള്ള വാക് വേയുടെ മുന്നിൽ നിന്നാണ് ഞങ്ങൾ നടന്നു തുടങ്ങിയത്.
ലാൽ ബസാർ ഒരുപാട് കുഞ്ഞുകടകൾ ചേർത്തടുക്കി നിർമിച്ച ഒരു വലിയ ബഹുനില മാർക്കറ്റാണ്. കയറി ചെല്ലുമ്പോൾ കാണുന്ന നില പലവ്യഞ്ജനങ്ങൾക്കായുള്ളതാണ് (ഒന്നാം നില എന്ന് പറയാം, അതിനു താഴത്തെ നിലയിൽ പാർക്കിംഗ് മാത്രമേയുള്ളൂ). പഴങ്ങൾ, പച്ചക്കറികൾ, പലഹാരങ്ങൾ, പല വലിപ്പത്തിൽ ഉരുട്ടി വച്ച വെണ്ണ. അങ്ങനെ പലതും. നമ്മുടെ സ്വന്തം കായവറുത്തതും അച്ചപ്പവും വരെ ആ കൂട്ടത്തിലുണ്ട്. എല്ലാ കടകളിലും ഒരേ സാധനങ്ങളൊക്കെ തന്നെ. ഇവർക്കെല്ലാം കച്ചവടമുണ്ടോ? എല്ലാവർക്കും ലാഭമുണ്ടാവുന്നുണ്ടോ? സ്ഥിരം ഉപഭോക്താക്കളുണ്ടോ? ആ പത്തമ്പത് പലചരക്കുകടകൾക്ക് മുകളിലെ നിലകളിൽ വസ്ത്രങ്ങളാണ്. ചില കടകൾ സ്ത്രീകളുടെ വസ്ത്രങ്ങൾ മാത്രം, ചിലയിടത്ത് പുരുഷന്മാരുടെ വസ്ത്രങ്ങൾ, ചില കടകളിൽ ടീ ഷർട്ടുകൾ മാത്രം. മുകളിലേക്കുള്ള പടിക്കെട്ടുകളിൽ ആൾക്കാർ മുറുക്കിത്തുപ്പിയ പാടുകളുണ്ട്. ഗാങ്ടോക്ക് നഗരത്തിൽ വൃത്തിഹീനമായി ഞാൻ കണ്ട ഒരേ ഒരിടം ലാൽ ബസാറിലെ പടികളാണ്. മുകളിലേക്ക് പോകുന്തോറും വിലപേശലുകൾക്ക് അവസരമേറി. താഴെ അറുന്നൂറും അഞ്ഞൂറും പറഞ്ഞ പലതും മുകളിൽ മുന്നൂറും നാനൂറുമായി. ഞാനൊരു ജീൻസും, ഒരു കമ്പിളി ടീ ഷർട്ടും, ഓം മണി പദ്മെ ഹം എന്നെഴുതിയ കറുത്ത മറ്റൊരു ടീ ഷർട്ടും വാങ്ങി. തലേന്ന് ആവിഷ്കാർ ഇട്ടിരുന്ന ‘സാറാ’യുടേത് എന്നവൻ പറഞ്ഞ ക്രീം നിറത്തിലെ ജാക്കറ്റ് സ്ത്രീകളുടെ സെക്ഷനിൽ കിടക്കുന്നത് ഞാൻ കണ്ടു. അവൾക്കായത് വാങ്ങണോ വേണ്ടേ എന്ന് ചിന്തിച്ചിട്ട് ഉത്തരം കിട്ടിയില്ല. അതുകൊണ്ട് തൽകാലം അതു തിരിച്ചു വച്ചു. ഹർഷദിന് ഇഷ്ടപ്പെട്ട ജാക്കറ്റ് കണ്ടെത്താനായി ഒരുപാട് അലയേണ്ടി വന്നു. ഒടുവിൽ ഹിന്ദി സീരിയലുകളിൽ നായകൻ്റെ കുറുമ്പുകൾക്ക് കൂട്ടുനിൽക്കുന്ന രസികയായ അമ്മായിമാരെപ്പോലെ മണി കിലുങ്ങുന്ന പോലെ സംസാരിക്കുന്ന ഒരു ചേച്ചി പച്ച നിറത്തിലെ ഒരു ജാക്കറ്റ് വാങ്ങാൻ അവനെ പ്രേരിപ്പിച്ചു. “ഒരു വർഷം ഗ്യാരണ്ടി” അവർ ഉറപ്പു കൊടുത്തു. “അതിന് ഞങ്ങൾ ഇവിടെ ഒരു വർഷം കാണില്ലലോ” “ഞാൻ ഒരാളുടെയും മുഖം മറക്കില്ല. എന്ന് കൊണ്ടു വന്നാലും ഞാൻ മാറ്റിത്തരും” എന്നവർ വളരെ വിശ്വാസം തോന്നുന്ന ഭാവത്തിൽ പറഞ്ഞു. ഞങ്ങൾ താഴെ പാർക്കിങ്ങിൽ നിന്ന് ഒരു ടാക്സി പിടിച്ചു. 2.0 യിൽ എല്ലാവരും ആഹാരം കഴിക്കുന്ന സമയമായിരുന്നു. ഞങ്ങൾ കൂടി കഴിച്ചാൽ പാത്രങ്ങളെല്ലാം എടുത്തു കഴുകി വെക്കാമായിരുന്നു എന്ന് പ്രഭാത് ദാ പറഞ്ഞു. മാം ഒന്നും കഴിക്കുന്ന കണ്ടില്ല; കഴിക്കുന്നില്ലേ? എന്ന് ചോദിച്ചപ്പോൾ ഒരു ഓംലറ്റ് നേരത്തെ കഴിച്ചു എന്ന് പറഞ്ഞു. മാമിൻ്റെ ആഹാരരീതി പ്രത്യേകതയുള്ളതാണ്. മരുന്നുകൾ കഴിക്കുന്നത് കൊണ്ട്, എന്നും ഏഴുമണിക്ക് മുൻപേ അത്താഴം കഴിക്കാറുണ്ട്. എന്തിന് മരുന്നുകൾ കഴിക്കുന്നു എന്നും അന്ന് എന്നോട് പറഞ്ഞിരുന്നു, പുള്ളികാരിയുടെ സ്വകാര്യതയെക്കരുതി ഇവിടെ എഴുതുന്നില്ല എന്നേയുള്ളൂ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. ജീവിതം, പ്രണയം, വിവാഹം എന്നിവയെക്കുറിച്ചെല്ലാം തിളങ്ങുന്ന കണ്ണുകളോടെ പുള്ളിക്കാരി സംസാരിച്ചു. കുറച്ചു നൊമ്പരങ്ങളും. കുട്ടിക്കാലത്തെയും വിവാഹത്തിൻ്റെയും ഫോട്ടോകൾ കാണിച്ചു തന്നു. പ്രൊഫഷനിലെ ബുദ്ധിമുട്ടുകളെപ്പറ്റിയും എക്സൈറ്റ്മെന്റുകളെപ്പറ്റിയും സംസാരിച്ചു. പരമ്പരാഗത രീതികൾ എങ്ങനെ പുതിയ രീതികൾക്ക് തടസ്സമാവുന്നു എന്നതിനെപ്പറ്റി വളരെ പക്വത നിറഞ്ഞ ഉത്തരം പറഞ്ഞതോർക്കുന്നു. “ഈ വാസ്തു എന്നൊക്കെ പറയുന്നത്, ദിക്ക്, കാറ്റിൻ്റെ ഗതി, ലൈറ്റ് എന്നൊക്കെയുള്ള കാര്യങ്ങൾ നോക്കിയാണ് പറയുന്നേ. പണ്ട് സയൻസ് ഇപ്പഴത്തെപ്പോലെ അല്ലല്ലോ. അപ്പൊ അന്നത്തെ അളവുകളുണ്ടായിരുന്നു. പിന്നെ ഈ വിരൽ വണ്ണം, കോൽ നീളം എന്നൊക്കെ പറയുന്നത് ഒരു സ്റ്റാൻഡേർഡൈസ്ഡ് അളവല്ല, നമ്മൾ ഓരോ സാധനം കഷ്ടപ്പെട്ട് വരച്ച് അളവൊക്കെ കൃത്യമാക്കി നിക്കുമ്പോ അവര് കൊണ്ടു വരുന്ന ആൾകാർ പഴയ അളവിന് ഓരോ കാര്യങ്ങൾ പറയും. പ്രാക്ടിക്കൽ അല്ലെങ്കിൽ പോലും ക്ലയൻ്റിൻ്റെ വിശ്വാസം അല്ലെ.. നമ്മൾ എന്ത് ചെയ്യും? അപ്പൊ ഇച്ചിരി ബുദ്ധിമുട്ട് തോന്നാറുണ്ട്. ചിലർ വന്നിട്ട് പറയും, നിങ്ങൾ നോക്കി വരച്ചതല്ലേ.. ഇതൊക്കെ ഒരു വിശ്വാസം അത്രയേ ഉള്ളൂ എന്ന് പറഞ്ഞിട്ട് നമ്മുടെ അളവിന് കുറ്റി അടിച്ചിട്ട് പോകും.” ഈ വിഷയത്തിന് മുന്നേ പറഞ്ഞ കാര്യങ്ങളുടെ തീവ്രതയിൽ അല്പം വീണ്ടും പ്രകാശം. മനപ്പൂർവം വിഷയം മാറ്റി വിട്ട എൻ്റെ മനഃസാന്നിധ്യത്തിൽ എനിക്കൊരു സ്വകാര്യ സന്തോഷം തോന്നി. എൻ്റെ ഓർമ ശരിയാണെങ്കിൽ, അന്ന് രാത്രിയാണ് അവരുടെ സർ വന്നത്. മുകളിലെ ടോം ആൻഡ് ജെറി എന്ന ഡോർമിറ്ററിയിൽ നിന്ന് ആതിര പുറത്താക്കപ്പെട്ടു. മാമിനു പ്രത്യേക റൂം കിട്ടി, മാം ഇറങ്ങിക്കൊടുത്ത കട്ടിൽ ആതിരയ്ക്ക് കിട്ടി.
അടുത്ത ദിവസം കൂടെ വന്ന യാത്രക്കാരിൽ ഒരുവൾക്ക് പനിപിടിച്ചിരിക്കുന്നുണ്ടായിരുന്നു; ഞാൻ 1.0യിലേക്ക് പോകാനിറങ്ങിയപ്പോൾ അവൾക്ക് മരുന്ന് വാങ്ങാനും, സ്ഥലം കാണാനുമായി ഹർഷദ് കൂടെയിറങ്ങി. ട്രാവൽ കഫെയിൽ പഴയ ആൾകൂട്ടം തന്നെ; കെൻട്റുക്ക് എന്ന ടാഗലോങിൻ്റെ മാനേജർ ഞാനിരിക്കാറുള്ള സോഫയിലിരുന്ന് ജോലി ചെയ്യുന്നുണ്ട്, സുബ്ബു കൗണ്ടറിനു പിന്നിലുണ്ട്, ദിനേശ് ആൾക്കാർക്ക് സാധനം എടുത്തു കൊടുക്കുന്നു, കണക്കുകൾ എഴുതുന്നു. സുലൈമാൻ ഹാഷിം എന്നിവർ സിഗരറ്റ് വലിക്കാനായി അകത്തേക്ക് വരുന്നു. പുതിയ ആരെയെങ്കിലും കഥ കേൾക്കാനായി കിട്ടുമോ എന്നായിരുന്നു എൻ്റെ നോട്ടം; പക്ഷെ ഒറ്റയ്ക്കുള്ള യാത്രക്കാർ ആരും അവിടേക്ക് വന്നില്ല. അല്ലെങ്കിൽ, ഞാൻ ശ്രദ്ധിച്ചില്ല. സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. അപ്പോഴേക്കും, ഹോസ്റ്റലിൽ നിന്നും വയ്യാതെ കിടന്ന നിഖില ഹർഷദിനെ വിളിച്ചു. ഞങ്ങൾ മരുന്നും വാങ്ങി തിരിച്ചു നടന്നു. ദൂരെ മലകൾക്കു മുന്നിൽ മഞ്ഞിറങ്ങുന്നുണ്ടായിരുന്നു. ഞാൻ ലാപ്ടോപ് എടുത്ത് എഴുതാൻ തുടങ്ങി. കുറെ നാളുകളായി പുറത്തെടുക്കാതിരുന്ന സർഗാത്മകത തീസ്ത നദിപോലെ ഉള്ളിൽ നിന്നൊഴുകുന്നത് എനിക്ക് തിരിച്ചറിയാമായിരുന്നു. ആളുകൾ വന്നുകൊണ്ടിരുന്നു. ആതിരയും നിമ്മിയും അൻസലും ഋഷിയും പലപ്പോഴായി കാരംസ് കളിക്കാൻ കൂടി. സഞ്ജയും പ്രഭാത് ദായും കളിയ്ക്കാൻ വരുന്നതു വരെ ഞങ്ങൾ ചെറിയ കളികൾ കളിച്ചു സമയം കളഞ്ഞു. അവർ രണ്ടുപേരും പ്രൊഫഷണലുകളെപ്പോലെ ഓരോന്നായി ഫിനിഷ് ചെയ്തുകൊണ്ടിരുന്നു. ഒരേ ഒരു കളിയെക്കുറിച്ച് മാത്രം പ്രത്യേകം പറയണം, കാരണം അത് മുന്നിൽ കണ്ടപ്പോൾ അമ്പരന്ന് ഞാനിതു ലോകം മുഴുവൻ പറയുമെന്ന് നിമ്മി ബെന്നിക്ക് വാക്ക് കൊടുത്തിരുന്നു. എൻ്റെ ടീമിന് എതിരേയായിരുന്നു നിമ്മി കളിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ പങ്കാളികൾ (അൻസലും ഋഷിയും ആണെന്നാണ് എൻ്റെ ഓർമ്മ..) ഞങ്ങളെക്കാളും സ്വാഭാവികമായും മികച്ചവരായിരുന്നു. കളിയുടനീളം എന്നെപ്പോലെ തന്നെ മോശം പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു നിമ്മി. അവസാനം, അവർക്ക് രണ്ടു കട്ടകളും, റെഡും മാത്രം ബാക്കിയായി. ഞങ്ങൾക്ക് രണ്ടോ മൂന്നോ ബാക്കി. അത്രയും നേരം അസാധാരണമായി ഒന്നും പുറത്തെടുക്കാതെ നിമ്മി, അടുത്ത നിമിഷം ഒരദ്ഭുദം കാണിച്ചു. ഒറ്റ സ്ട്രൈക്കിൽ റെഡും ഒരു വൈറ്റും വീഴ്ത്തുകയും, അടുത്ത സ്ട്രൈക്കിൽ റിവേഴ്സ് അടിച്ച് അവസാനത്തെ വൈറ്റ് വീഴ്ത്തുകയും ചെയ്തു. എൻ്റെ മനോവീര്യം അതോടെ തീർന്നു. രാത്രി, കോമൺ ഏരിയയിൽ പിറ്റേന്നത്തെ പ്ലാനുകളെക്കുറിച്ചും, അന്നത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടക്കുകയായിരുന്നു. അവരെ കഴിക്കാൻ വിളിക്കൂ, അടുക്കള അടയ്ക്കണം എന്ന് പ്രഭാത് ദാ പറഞ്ഞു. ഞാൻ ചെന്ന് വാതിലിൽ തട്ടി. പതുക്കെ അകത്തേക്ക് തലയിട്ടു. “സർ കഴിക്കാൻ പറയുന്നു, അവർക്ക് അടുക്കള അടയ്ക്കണമെന്ന്.. ബുദ്ധിമുട്ടാവില്ലെങ്കിൽ മീറ്റിങ് അത് കഴിഞ്ഞും ആകാമല്ലോ…” സർ നിർദേശം അംഗീകരിച്ചു. എല്ലാവരും താഴേക്ക് വന്നു. ആരോ എന്നോട് “താനെന്ത് പരിപാടിയാടോ കാണിച്ചേ” എന്ന് ചോദിച്ചു.
എനിക്ക് മനസിലായില്ല. “കഴിക്കാൻ വിളിച്ചാൽ അത് ചെയ്താൽ പോരെ.. മീറ്റിംഗ് അത് കഴിഞ്ഞും നടത്താം എന്ന് ഐഡിയ കൊടുക്കുന്നതെന്തിന്…” എല്ലാവരും കിടന്നു കഴിഞ്ഞിട്ടും അന്ന് രാത്രി ദിൽഷാനയും അപർണ്ണയും ആതിരയും ഭരതും നിമ്മിയും കോമ്മൺ ഏരിയ ബാൽക്കണിയിൽ ബാക്കിയായി. ഓരോരുത്തരുടെയായി പേരുകൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
പിറ്റേന്ന് രാവിലെ ഞാനും ഹർഷദും 2.0 യിലേക്ക് നടന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഞങ്ങളവിടെയിരുന്നു. അവിടെയുണ്ടായിരുന്ന എവറസ്റ്റ് കീഴടക്കുന്നതിനെക്കുറിച്ചുള്ള നാഷണൽ ജിയോഗ്രഫിക്കിൻ്റെ ബുക്ക് എടുത്ത് മറിച്ചു നോക്കാൻ തുടങ്ങി. ദിനേശ് ജോലികൾ ചെയ്ത് തീർത്ത് വന്നടുത്തിരുന്നു. അവിടെ താമസിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും, അടുത്ത സെപ്റ്റംബറിൽ നടത്താൻ പോകുന്ന പർവ്വതാരോഹണ കോഴ്സിനെക്കുറിച്ചും വാചാലനായി. ഉച്ച കഴിഞ്ഞ് കിരൺ എന്ന മലയാളിയായ പയ്യൻ (അവനെ ഇവിടെ വച്ച് പരിചയപ്പെട്ടതാണ്. മുൻപൊരു രാത്രി ഇവിടെ ചെറിയ ആഘോഷം നടന്ന ദിവസം അവനും സുഹൃത്തുക്കളും ഇവിടെയുണ്ടായിരുന്നു) ഒരു വലിയ ട്രാവൽ ബാഗ് തൂക്കിയ ഒരു പെൺകുട്ടിയുമായി വന്നു. ഇതുവരെയും അവിടെ നടന്നുപോയ ഒരു പെൺകുട്ടിയെയും ശ്രദ്ധിക്കുകയോ അവരെക്കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഹർഷദ്, അവളെ ശ്രദ്ധിച്ചു. “കണ്ടിട്ട് ഒരു ട്രാവലർ ആണെന്ന് തോന്നുന്നു അല്ലെ”എന്ന് പറഞ്ഞു. അവളുടെ ബാഗിന് മുകളിൽ സ്ലീപ്പിങ് ബാഗ് ചുരുട്ടി വച്ചിരുന്നു. ഒറ്റയ്ക്ക് ബാക്ക്പാക്കിങ് ചെയ്യുന്ന ഒരാളിലല്ലാതെ അത് കണ്ടിട്ടില്ല ഞാൻ. അവൾ കിരണിനോട് മലയാളത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടു; (ഹർഷദ് കേട്ടില്ല എന്ന് പിന്നീട് എനിക്ക് മനസിലായി.) നാലുമണിയോടടുത്ത് ദിനേശിന് അവൻ്റെ ക്രോക്സിൽ വയ്ക്കാനുള്ള ബാഡ്ജും, കുറച്ചു ടീ ഷർട്ടും വാങ്ങണം എന്ന് പറഞ്ഞു. പക്ഷെ ശമ്പളം വന്നിട്ടില്ല. എനിക്കും വെറുതെയിരുന്ന് മടുത്തിരുന്നു. വാ പോയിട്ട് വരാം, തത്കാലം സാധനം വാങ്ങാനുള്ള പണം ഞാൻ തരാം, എന്നിട്ട് ശമ്പളം കിട്ടുമ്പോൾ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞ് അവനെയുംകൊണ്ട് ഞങ്ങൾ ലാൽ ബസാറിലേക്ക് പോയി. അവിടുത്തെ കടകൾക്ക് നമ്പർ ഉണ്ടെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. മൂന്നാം നിലയിലെ ഒരു കടയിൽ നിന്ന് ഞാൻ അവൾക്കും വസ്ത്രങ്ങൾ വാങ്ങി. ലാൽ ബസാറിന് വിശാലമായ ഒരു ടെറസ് ഉണ്ട്. ഒരു പാർക്ക് പോലെ ആൾക്കാർ ഒത്തുകൂടി നിൽക്കുന്ന, കുട്ടികൾ ഫുട്ബോൾ കളിക്കുന്ന ഒരിടം. അതിൽ നിന്ന് ഒരു പാലം നേരിട്ട് എംജി മാർഗിലേക്ക് നീളുന്നു. സൂരജ് കൂടെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ കളിയ്ക്കാൻ പോയേനെ എന്ന് ഞാൻ ഹർഷദിനോട് പറഞ്ഞു. എംജി മാർഗിലെ ക്രോക്സ് കടയിൽ ഞങ്ങൾ കയറി. ഏത് ബാഡ്ജ് വാങ്ങണം എന്ന് ദിനേശിന് തീരുമാനിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. BOHO എന്നീ അക്ഷരങ്ങൾ ഞാനെടുത്തു കൊടുത്തു. നാടോടി കലാകാരൻ എന്നർത്ഥം വരുന്ന bohemian എന്ന വാക്കിൻ്റെ ചുരുക്കെഴുത്താണ് എന്ന് ഞാൻ പറഞ്ഞു കൊടുത്തു. അവനതിഷ്ടമായി. ഇനി പർവ്വതങ്ങളിലും വിശാലമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും അവൻ നടന്നു പോകുമ്പോൾ ഇങ്ങു കേരളത്തിൽ ഒരുപക്ഷെ ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഒരുവൻ എടുത്തുകൊടുത്ത അക്ഷരങ്ങൾ അവൻ്റെ ചെരുപ്പിനെയലങ്കരിക്കും. അപ്പോഴേക്കും ഹർഷദിന് വിശക്കാൻ തുടങ്ങി. ഒരു ബംഗാളി ഹോട്ടലിൽ കയറി ഞങ്ങൾ മീൻ ചേർന്ന ഊണ് പറഞ്ഞു. ഒരുതരത്തിലും എന്നിൽ മതിപ്പുണ്ടാക്കാൻ ആ ഊണിനു പറ്റിയില്ല. പോരാത്തതിന്, അടുത്തിരുന്ന മേശയിലെ ഒരു സ്ത്രീക്ക് ഊണിൽ നിന്ന് മുടിയും കിട്ടി. എത്രയും വേഗം ഊണുകഴിച്ച് ഞങ്ങൾ പുറത്തിറങ്ങി. 2.0 ലക്ഷ്യമാക്കി നടന്നു. ഹർഷദ് അപ്പോൾ തന്നെ 1.0യിലേക്ക് മടങ്ങിപ്പോയി. ഞാൻ 2.0യിൽ തുടർന്നു. സന്ധ്യ മയങ്ങി തുടങ്ങി. അപ്പോഴേക്ക് നോർത്ത് സിക്കിം പോയിരുന്ന സഞ്ചിത തിരിച്ചെത്തി. ചെറിയ സംഭാഷണത്തിന് ശേഷം, ക്ഷീണമുണ്ട് ഒന്നു കിടക്കട്ടെ എന്ന് പറഞ്ഞ് അവൾ മുകളിലേക്ക് പോയി. ഞാനും ദിനേശും സംസാരം തുടർന്നു. ഒരു മണിക്കൂറിനു ശേഷം അവൾ താഴേക്കിറങ്ങി വന്നു. എന്നെയോ ദിനേശിനെയോ ശ്രദ്ധിക്കാതെ, സാരംഗ് ദായുടെ അടുത്തേക്ക് നടന്നു ചെന്നു. കഴിഞ്ഞ ദിവസം നടന്ന സംഭാഷണത്തിൻ്റെയോ കഥകൾ കൈമാറിയതിൻ്റെയോ വിദൂര പരിചയം പോലും കാണിക്കാത്തതിൽ എനിക്ക് ചെറിയ അലോസരം തോന്നി. പക്ഷെ കേട്ട കഥകളിൽ നിന്ന് മനസ്സിലാക്കിയിടത്തോളം, ആൾക്കാരെ സംശയത്തോടെ മാത്രം നോക്കിക്കാണാൻ നിർബന്ധിതയായ ഒരു പെൺകുട്ടിയോട് വീണ്ടും ഇടിച്ചുകയറി സംസാരിക്കുന്നത് ശരിയല്ല എന്ന തിരിച്ചറിവിൽ, ഞാൻ എൻ്റെ അലോസരം ഉള്ളിൽ തന്നെ ഒതുക്കി. ഭാരതത്തിൻ്റെ ഏതോ കോണിൽ ജനിച്ച ഞാൻ, മറ്റേതോ കോണിൽ ജനിച്ച ആ പെൺകുട്ടി. ഞങ്ങൾ ഇവിടെ മലമുകളിൽ കണ്ടു മുട്ടിയത് തന്നെ എന്തൊരു വിദൂര സാധ്യത. അതിൽത്തന്നെ രണ്ടു മണിക്കൂർ കഥകൾ പറഞ്ഞത് അതിലും അത്ഭുദം; അതിനപ്പുറത്തേക്ക് കൂടുതൽ പരിചയം പുതുക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമില്ല. രാത്രിയിൽ വീണ്ടും ഹോസ്റ്റലിലേക്ക് പോകാനിറങ്ങിയപ്പോൾ ഒറ്റയ്ക്ക് നടക്കുന്നതോർത്ത് മടുപ്പുണ്ടായി. ദിനേശിനെ വിളിച്ചിട്ട് അവൻ വന്നില്ല. പക്ഷെ അവനാണ് സാരംഗ് ദാ പുറത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ കൂടെപ്പോകാൻ നിർദേശിച്ചത്. സാരംഗ് ദാ ടാഗലോങിൻ്റെ ഉടമയാണ്. അദ്ദേഹവും വേറെ രണ്ടു പേരും ചേർന്നുള്ള പാർട്ണർഷിപ്പിലാണ് ഇത്. ഉയരം കുറഞ്ഞ ഒരു മനുഷ്യൻ. മുടി നീട്ടി വളർത്തിയിരിക്കുന്നു; മുന്നിലെ ഒരു കൂട്ടം മുടിയിൽ വെള്ള നിറം. നിറം പിടിപ്പിച്ചതാണോ നരയാണോ എന്ന് ഞാൻ ചോദിച്ചില്ല. നരയാണെങ്കിൽ പ്രകൃതിക്ക് ഇയാളോടൊരു പ്രത്യേക സ്നേഹം കാണും, അത്രയ്ക്ക് കൃത്യവും മനോഹരവുമാണ് ആ നിറംപിടിപ്പിക്കൽ. സിക്കിമിലെ പൂക്കളെന്നെപ്പോലെ തന്നെ. സാരംഗ് ദായും ഞാനും പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ ആഹാരത്തെക്കുറിച്ച്, മൺസൂണിനെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗീയതയെക്കുറിച്ച്. സൗമ്യനായ മനുഷ്യൻ. ഈ മലഞ്ചെരുവിൽ എല്ലാവരെയും പോലെ തന്നെ. തിളങ്ങുന്ന ചിരിയും പ്രകൃതവുമുള്ളവർ. പടിയിറങ്ങിയ ഞങ്ങളോടൊപ്പം ബൂന്തിയോ കാഞ്ചിയോ കൂടെ വന്നു. രാത്രി അകത്തെ കോമൺ റൂമിലിരുന്ന് ഞങ്ങൾ ഉണോ കളിച്ചു. ആ കളി എനിക്കിന്നും പിടി തന്നിട്ടില്ല. മനസ്സിൽ സൂക്ഷിക്കേണ്ട എന്തൊക്കെയോ കാര്യങ്ങളുണ്ട് എന്നെനിക്കറിയാം.. പക്ഷെ എന്ത് എന്നിപ്പോഴും അറിയില്ല. വളരെ വ്യക്തമായ അവ്യക്തതകൾ ജീവിതത്തിൻ്റെ ഭാഗമാണല്ലോ! നേഹയെ ഒന്നും ഓരോന്നും പറഞ്ഞ് കിടക്കാൻ പോകാൻ അനുവദിക്കാതെ ഞാനും അപർണയുംകൂടി തടഞ്ഞു വച്ചു. എന്തോ അത്യാവശ്യത്തിനു മുറിയിൽ പോയിട്ട് വരാമെന്ന് പറഞ്ഞു പോയ നേഹയുടെ ഫോൺ തിരിച്ചു വരാനുള്ള ഉറപ്പിന് വേണ്ടി ഞങ്ങൾ വാങ്ങി വച്ചു. കൃത്യ സമയത്താണ് അവളുടെ അമ്മ വിളിച്ചത്. അപർണ ഫോണെടുത്തിട്ട് നേഹ താഴെ മുറിയിലാ വരുമ്പോ പറയാം ആന്റി എന്ന് പറഞ്ഞു. കുറെ സമയമായിട്ടും നേഹ തിരിച്ചു വന്നില്ല. ഫോൺ ഇവിടെ വച്ചിട്ട് കിടന്നുറങ്ങിയോ എന്ന് നിഖില സംശയം പ്രകടിപ്പിച്ചു. അല്പം വൈകിയെങ്കിലും നേഹ തിരിച്ചു വന്നു. 'അമ്മ വിളിച്ചിരുന്നു, എന്ന് അപർണ പറഞ്ഞു. “എന്നിട്ട്?” “ഞാൻ എടുത്തു.” എന്ന് ഞാൻ പെട്ടെന്ന് പറഞ്ഞു. ആ നിമിഷത്തിൽ തന്നെ ആ നുണക്കഥയുടെ പങ്കാളികളായി അപർണ്ണയും നിഖിലയും മാറി. “അയ്യോ!” “ആ.." ഞാൻ പറഞ്ഞു, "ആന്റി നേഹ കുളിക്കുകയാ.. ഫോൺ പുറത്ത് വച്ചേക്കുന്നു; വരുമ്പോ പറയാം എന്ന്.” നേഹ ചെറുതായി പേടിച്ചു. ഞാൻ കഥ വിട്ടില്ല. “ഞാൻ ചോദിച്ചു, എന്നെക്കുറിച്ചു പറഞ്ഞിട്ടില്ലേ? ഞാൻ അലൻ, അപ്പൊ അമ്മയ്ക്ക് അറിയില്ല പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു ആ പക്ഷെ അമ്മേടെ കാര്യം ഇപ്പോഴും പറയും” എന്നൊക്കെ ഞാൻ ഭാവവ്യത്യാസമില്ലാതെ പറഞ്ഞു. നിമിഷനേരം കൊണ്ട് നുണക്കഥ മെനയാനുള്ള കഴിവിൽ എനിക്കഭിമാനം തോന്നണൊ? കുറച്ചു നേരം തീ തീറ്റിച്ചിട്ട് നേഹയോട് ഞങ്ങൾ സത്യം പറഞ്ഞു. ഭരത് കപ്പലണ്ടി കൊണ്ടുതന്നു. കുറച്ചുനേരം അത് കൊറിച്ചിട്ട് നേഹയും നിഖിലയും താഴേക്ക് പോയി. ഞാൻ കിടന്നുറങ്ങാൻ മുകളിലേക്കും.
അടുത്ത പകൽ ഞാൻ പുറത്തേക്ക് പോയില്ല. മഞ്ഞിൻ്റെ കുടമാറ്റം കണ്ട് കോമൺ ഏരിയയിൽ തന്നെ ഇരുന്നു. നമ്രതയും നിമ്മിയും അന്ന് പുറത്തേക്ക് പോയിരുന്നില്ലയെന്ന് തോന്നുന്നു. അവർ മുകളിലെ കോമൺ ഏരിയയിലേക്ക് വന്നപ്പോൾ ഞാൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. എഴുതിയത് ഞാനവർക്ക് വായിച്ചുകൊടുത്തു. രണ്ടുപേർക്കും മലയാളം വളരെ നന്നായറിയില്ല. അക്ഷരങ്ങളറിയാം എന്നേയുള്ളൂ. പണ്ടായിരുന്നെങ്കിൽ മാതൃഭാഷ അറിയാത്തത് നാണക്കേടാണ് എന്ന നിലയിൽ ഞാൻ ചിന്തിക്കുമായിരുന്നു; പക്ഷെ ആ കാലം പോയി. ഭാഷകളെല്ലാം മനുഷ്യൻ തന്നെ നിർമിച്ചവയാണ്. ഒരു ഭാഷയും മറ്റൊന്നിനു മുകളിലല്ല. ഒരു സംസ്കാരത്തിനെ ഏറ്റവും നന്നായി മനസിലാക്കാൻ ആ നാടിൻറെ ഭാഷ അറിയുന്നത് നന്നായിരിക്കും എന്നതൊരു വസ്തുതയാണ്. അതിനു പക്ഷെ സംസാര ഭാഷ മതി. ബഷീറിനെയും എം ടി യെയും വായിച്ചവർ മാത്രമാണ് യഥാർത്ഥ മലയാളികൾ എന്ന കുപ്പിക്കഴുത്തുപോലുള്ള ചിന്ത എന്നേ കുഴിച്ചു മൂടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ, അവർക്കെത്ര മലയാളമറിയാം എന്നറിയാൻ കുറച്ച് അക്ഷരങ്ങൾ എഴുതിച്ചു നോക്കിയപ്പോൾ എനിക്കൊരല്പം പോലും അധീശത്വം തോന്നിയില്ല.
അവർ താഴേക്ക് പോയ ശേഷം ഞാൻ ഒറ്റയ്ക്കിരുന്ന് എഴുത്ത് തുടർന്നു. പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട്. മഴയോടൊപ്പം കോടമഞ്ഞും വന്നു. കുറച്ചു ദിവസങ്ങളായി എല്ലാ വൈകുന്നേരങ്ങളിലും കണ്ടിട്ടും കൊതി തീരാത്ത പ്രകൃതിയുടെ നാടകം. എങ്ങനെയാണ് ഈ നഗരത്തിലെ ആൾക്കാർ ജോലികൾ ചെയ്ത് തീർക്കുക? എങ്ങനെയാണവർ ഈ മായാജാലം കണ്ടു സമയം കളയാതെയിരിക്കുക? മാദണ്ഡ മഹർഷിയുടെ തപസിനു കാവലിരുന്ന മുചുകുന്ദ മഹാരാജാവിന്റേതുപോലെ, സമയത്തിൻ്റെ ചലനമറിയാതെ നിന്ന് പോവുകയില്ലേ? മനസിൻ്റെ ദേവാസുരയുദ്ധത്തിൽ നിന്ന് സമാധാനം കണ്ടെത്താൻ ഇവിടെ വന്ന് സദാ തപസ്സിലായ ഹിമാലയത്തെ നോക്കിയിരിക്കുന്ന ഞാൻ അഭിനവ മുചുകുന്ദനല്ലാതെ മറ്റാരാണ്? ഒറ്റയ്ക്കിരിക്കുന്നത് അവിടെ ജോലിക്കു നിൽക്കുന്ന പെൺകുട്ടി കണ്ടു. “കഴിച്ചോ?” എന്നവൾ ഹിന്ദിയിൽ ചോദിച്ചു. അടുക്കള അവധിയായിരുന്നതുകൊണ്ട് ഞാനൊന്നും കഴിച്ചിരുന്നില്ല. “നൂഡിൽസ് ഉണ്ടാക്കാൻ അറിയാമെങ്കിൽ ഉണ്ടാക്കി കഴിച്ചോ!” എന്നവൾ പറഞ്ഞു. ഞാൻ ടാഗലോങിലെ അതിഥിയല്ല താമസക്കാരനും യാത്രികനും ആണെന്ന് തിരിച്ചറിഞ്ഞ മറ്റൊരു നിമിഷം.അവൾ ഒരു പാക്കറ്റ് നൂഡിൽസ് ഫ്രിഡ്ജിൽ നിന്ന് എടുത്തു തന്നു. എടുത്ത പാത്രത്തിൽ വെള്ളം കൂടുതലാണെന്ന് അവിടെ ജോലിക്ക് നിൽക്കുന്ന പ്രായമായ സ്ത്രീ അവരുടെ ഭാഷയിൽ അവളോട് പറഞ്ഞത് ഞാൻ കേട്ടു. (അവർ അവിടെ നിന്ന് മാറിയപ്പോൾ ഞാൻ അവളോട് ചോദിച്ച് മനസിലാക്കിയാണ്.) പത്രാസും ജാടയും തലയിൽ കിരീടം വച്ചതുപോലുള്ള മുടിയും മാത്രമേയുള്ളൂ, നൂഡിൽസ് പോലും ഉണ്ടാക്കാനറിയില്ല എന്നവർ ചിന്തിച്ചുകാണണം. ഇവിടെ ജോലിക്ക് വന്നിട്ട് മൂന്നു വർഷത്തോളമായെന്ന് അവൾ പറഞ്ഞു. അനിയത്തിയെ പഠിപ്പിക്കാനായി പതിനഞ്ച് പതിനാറ് വയസിൽ പഠിപ്പു നിർത്തി ജോലിക്ക് പോയി തുടങ്ങിയവളാണിവൾ. ഇന്ത്യയിലെ പല നഗരങ്ങളിലും ഇടയ്ക്ക് കുറച്ചു വർഷം ഗൾഫിലും ജോലി ചെയ്തു. അനിയത്തി ഇപ്പോൾ ബംഗാളിൽ എവിടെയോ ബന്ധുക്കളുടെ ആരുടെയോ കൂടെ അവൾക്ക് പോലുമറിയാത്ത ഏതോ കോഴ്സ് പഠിക്കുന്നു. സ്വന്തം ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞോ അവൾ? അതോ സ്വന്തം ജീവിതം ജീവിക്കാത്തതിന് കുറ്റബോധമുണ്ടാവുമോ? സന്തോഷവതിയാണോ? മലഞ്ചെരുവിലെ മറ്റൊരു നക്ഷത്രം.
മൂന്നുമണിയോടടുത്ത് ഭരത് തിരിച്ചെത്തി. രാത്രിയിൽ മീറ്റിങ്ങിനിടയിൽ ഉപയോഗിക്കാൻ കൊണ്ട് വച്ചിരുന്ന പ്രോജെക്ടറിൽ സിനിമയിടാം എന്ന് ചർച്ചയുണ്ടായി. സ്ക്രീനിന് അടുത്ത് രണ്ട് പ്ലഗ് പോർട്ടുകളുണ്ടായിരുന്നു; അതിൽ ഒരു എക്സ്സ്റ്റെൻഷൻ കേബിൾ കൊടുത്തിരുന്നു; പക്ഷെ നിർഭാഗ്യവശാൽ, അന്ന് രാത്രി മുതൽ അതു പ്രവർത്തിക്കാതെയായി. ഋഷിയും ഞാനും ഗോവിന്ദും പല പല കോമ്പിനേഷനുകളും പരീക്ഷിച്ചു. അങ്ങനെ പ്രൊജക്ടർ സ്ക്രീനിനു അടുത്തും, ലാപ്ടോപ്പ് ചാർജർ അയ കെട്ടിയ പോലെ എതിരെയുള്ള ചുവരിലെ പ്ലഗ് പോർട്ടിലും കൊടുക്കേണ്ടി വന്നു. ഒരു സാധാരണ ടി വിയേക്കാൾ അല്പംകൂടി വലിയ സ്ക്രീനിൽ ഞങ്ങൾ സിനിമ കാണാൻ തയാറായിരുന്നു. ഏതു കാണണം എന്നത് ചർച്ചയായിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾക്കൊത്ത് പോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. യാത്ര തുടങ്ങുമ്പോൾ എനിക്ക് “കുട്ടികൾ/വിദ്യാർത്ഥികൾ/സഹയാത്രികർ” എന്ന ഒരേ ഒരു വ്യക്തിത്വം മാത്രമായിരുന്നവർ, ഇപ്പോൾ ഓരോ പേരുകളാണ്; ഓരോ വ്യക്തികളാണ്. അവർക്കാർക്കും ഒരേപോലെയുള്ള ഇഷ്ടങ്ങളല്ല, ഇഷ്ടക്കേടുകളല്ല. ഒരുപാടു നേരത്തെ സംസാരത്തിനു ശേഷം ഡാവിഞ്ചി കോഡ് ഇടാൻ തീരുമാനമായി. എൻ്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് മുന്നോട്ട് വച്ച നിർദേശമായിരുന്നു അത്. പുസ്തകത്തിൽ നിന്ന് എനിക്ക് കിട്ടിയ റോബർട്ട് ലാങ്ടൺ ആയിരുന്നില്ല ടോം ഹാങ്ക്സ്. പണ്ടൊരിക്കൽ ഗായത്രി ഇതിന് എതിരഭിപ്രായം പറഞ്ഞതോർക്കുന്നു. ഷഹീന വളരെയധികം താല്പര്യത്തോടെ കണ്ടു കൊണ്ടിരുന്നു. തുടക്കത്തിൽ ശ്രദ്ധിക്കാതിരുന്നവരൊക്കെ പതുക്കെ പതുക്കെ ശ്രദ്ധിച്ചു തുടങ്ങി. തൻ്റെ മതത്തിനോടും ദൈവത്തിനോടും അചഞ്ചലമായ ഭക്തിയും വിശ്വാസവും വച്ചു പുലർത്തിയിരുന്ന നിമ്മിയോട് സിനിമയ്ക്ക് ശേഷം കുറച്ചു നേരം സംസാരിച്ചു. ഒരുപാട് മനസിനെ പിടിച്ചുകുലുക്കിയിട്ടില്ല എന്ന തിരിച്ചറിവിൽ, മാൻ ഫ്രം എർത്ത് കൂടി കാണിക്കാൻ തീരുമാനിച്ചു. കണ്ടുകൊണ്ടിരിക്കുന്നതിനിടെ സർ കയറി വന്നു. “മാൻ ഫ്രം എർത്ത് അല്ലെ?” ഞങ്ങൾ അതെയെന്ന് തലകുലുക്കി. സ്വന്തം വിദ്യാർത്ഥികളുടെ നടുവിൽ ടൂർ ഓപ്പറേറ്റർ ആയി വന്ന ചെറുപ്പക്കാരൻ സിനിമ കണ്ടു കിടക്കുന്നതിൽ അയാൾക്ക് ഈർഷ്യ തോന്നിയോ ആവോ? മുഖത്തെന്തായാലും ഭാവമാറ്റമില്ല. അങ്ങനെ ഒരുപാട് ഭാവങ്ങൾ പ്രകടിപ്പിക്കുന്ന ഒരാളല്ല അലോക് സർ. എന്നെക്കാളും ഒന്നോ രണ്ടോ വയസിനു മൂപ്പുണ്ടാവും; ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുണ്ടെന്നു തോന്നുന്നു. ഓരോ ദിവസത്തെയും നടകളുടെ എണ്ണം പൂർത്തിയാക്കുന്നതിൽ വിശ്വസിക്കുന്ന പഞ്ചസാര ഉപയോഗിക്കാത്ത മെലിഞ്ഞ ചെറുപ്പക്കാരൻ. വിനയ് ഫോർട്ടിനോട് സാമ്യതയുള്ള ശബ്ദം. പുള്ളിക്കാരൻ ടോം ആൻഡ് ജെറിയിലേക്കുള്ള പടികളിലിരുന്ന് കുറച്ചു നേരം സിനിമ കണ്ടു. അപ്പോഴേക്കും കഴിക്കാനുള്ള നേരമായി. സിനിമ പകുതിക്ക് വച്ച് നിർത്തി ഞങ്ങൾ കഴിക്കാനായി പോയി. തിരിച്ചു വന്ന് വീണ്ടും തുടർന്നു. മൂന്നാമത് ജോജോ റാബിറ്റ് കണ്ടു, പകുതി കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും ഉറക്കം വരുന്നുണ്ടായിരുന്നു. ഏറ്റവും ശ്രദ്ധയോടെ കണ്ടിരുന്ന ഷഹീന പോലും ഉറങ്ങിത്തുടങ്ങി. ഞാനെഴുന്നേറ്റ് പിന്നിലേക്ക് നോക്കിയപ്പോൾ പലരും പുതപ്പിനടിയിലാണ്. അങ്ങനെ അന്നത്തെ രാത്രി പാതിമയക്കത്തിൽ അവസാനിച്ചു.
ഇനിയൊരു ദിവസത്തെ കഥ വളരെ ചെറുതാണ്. അതുണ്ടാക്കിയ വികാരങ്ങൾ വലുതാണെങ്കിലും, സംഭവങ്ങൾ ചെറുതാണ്. ദൂരം എനിക്കും അവൾക്കുമിടയിൽ എന്നും അലകളുണ്ടാക്കിയിരുന്നു. അതുപോലെയടിച്ച ഒരു കുഞ്ഞല വളർന്നു വലിയ തിരയായി തീരങ്ങളെ പിടിച്ചുകുലുക്കി. യാത്രയെപ്പറ്റിയെഴുതുന്നതിനിടെ പ്രണയത്തിലെ കുഞ്ഞു വഴക്കുകളെ വലിച്ചിടുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് അതു പറയുന്നില്ല. അതുപോലെ തന്നെ, ഈ ദിവസങ്ങളിലെ ചില രാത്രികളിൽ തണുപ്പിനും ഇരുട്ടിനും ചിലപ്പോൾ അമിത്തിൻ്റെ പാട്ടിനുമൊപ്പം രണ്ടു (ഒരു രാത്രിയിൽ മൂന്ന്) കൂട്ടുകാരികൾ പറഞ്ഞ കഥകളും കാര്യങ്ങളുമുണ്ട്. അവയും, അവരുടെ സ്വകാര്യത മാനിച്ച് മറച്ചു വെക്കാനാണ് തീരുമാനം. അതിലൊരാൾ അറിയാതെ ഉള്ളിൽ നിന്ന് വീഴുന്ന മനസിൻ്റെ വെള്ളിവെളിച്ചങ്ങൾക്ക് മാപ്പുപറയുന്നവളാണ്. അവളുടെ കഥകൾ അവളല്ലാതെ ആരു പറഞ്ഞാലും ശരിയാവില്ല. അടുക്കളയിൽ സ്വയം നൂഡിൽസ് ഉണ്ടാക്കി തിന്നത് ഈ ദിവസം ആണോ എന്നും ഞാൻ സംശയിക്കുന്നു.
അടുത്ത ദിവസം രാവിലെ,ഭരതും ഹർഷദും വന്നു വിളിച്ചു. രാത്രി ടോം ആൻഡ് ജെറിയിൽ പുതിയ കൂട്ടർ വരുന്നു. ഞങ്ങളുടെ പയ്യന്മാർക്ക് പുതിയ രണ്ടു മുറികൾ, ഭരത് എൻ്റെയും ഹർഷദിൻ്റെയും കൂടെ കോമ്മൺ ഏരിയയിൽ സാറിന് ടാഗലോങ്ങിനോട് ചേർന്ന മറ്റൊരു ഹോം സ്റ്റേയിൽ പുതിയൊരു മുറി എന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുന്നു. അങ്ങനെ ആ മുറി കാണാനാണ് അവന്മാർ വന്നു വിളിച്ചത്. പല്ലുപോലും തേയ്ക്കാതെ കൂടെയിറങ്ങി. ടാഗലോങിൻ്റെ ഗേറ്റിനു പുറത്തെ സിമന്റ് പാകിയ ചെറിയ പടികൾ ഇറങ്ങി താഴേക്ക്. ആ ചെറിയ ഇടവഴികളിലൂടെ നടക്കുമ്പോൾ ഈ നഗരത്തിലെ മറ്റെല്ലാ വഴികളുംപോലെ പലനിറത്തിലെ പൂക്കൾ കൈ നീട്ടി കാലിൽ തൊടും. സാറിനു കാണിച്ചുകൊടുത്തത് സുന്ദരമായ ഒരു കൊച്ചു മുറി. മലകളിലേക്ക് നോക്കി നിൽക്കുന്ന ചരിഞ്ഞ മേൽക്കൂരയുള്ള വലിയ ജനാലകളുള്ള മുറി. ബുദ്ധൻ്റെ ഒരു ചിത്രം ചുവരിൽ കണ്ടു. ടാഗലോങിൻ്റെ പ്രസരിപ്പിനേക്കാൾ പ്രശാന്തതയാണ് ഈ സ്ഥലത്തിൻ്റെ മുഖമുദ്ര എന്ന് തോന്നും. ഞാൻ മനസ്സിലാക്കിയിടത്തോളം സാറിന് മുകളിലെ ബഹളത്തെക്കാൾ ഇതാവും ഇഷ്ടം. FOMO എന്ന കൂട്ടത്തിൽ കൂടാൻ പറ്റാതാവുമ്പോഴുള്ള വിഷമം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രതീക്ഷിച്ച് തിരിച്ചു വന്നു. അല്പം നടന്നപ്പോൾ തന്നെ കിതയ്ക്കുന്നുണ്ട്. അപ്പോഴാണ് ഇന്ന് നാഥുല പോകുന്നുണ്ട് എന്ന കാര്യം ഒരു ഭാരമായി തോന്നിയത്. ഈ ഉയരത്തിൽ ഇത്രയും ബലഹീനനാണ് എൻ്റെ ശ്വാസകോശമെങ്കിൽ, 13000 അടി മുകളിൽ എന്താവും അവസ്ഥ?
3 ബനിയനുകൾ ഒന്നിനുമുകളിൽ ഒന്നായി ഇട്ടു.കയ്യിലുള്ള ഒരേ ഒരു ജീൻസും ഇട്ടു. ഈ ട്രിപ്പിലെ ഏറ്റവും അടുത്ത സന്തതസഹചാരിയായ ചെവി മൂടി വെയ്ക്കാൻ പറ്റുന്ന തൊപ്പിയും ബാഗിലിട്ട് മുകളിലേക്കുള്ള പടികൾ കയറി. കാറുകൾ തയാറായിരുന്നു. എൻ്റെ ഓർമ എന്നെ ബുദ്ധിമുട്ടിക്കുന്നു, ആദ്യം ഞങ്ങൾ കയറിയ കാറിൽ ആരൊക്കെയായിരുന്നു എന്നോർക്കുന്നില്ല. പ്രജിത മാം ആയിരുന്നോ? എന്തായാലും അതിലൊരാൾ പകുതിവഴിക്ക് വച്ച് കാർ മാറികയറി. ഞങ്ങളുടെ കാറിലെ മണം ആ ആൾക്കിഷ്ടമാകുന്നുണ്ടായിരുന്നില്ല. ഡ്രൈവർ സിഗരറ്റ് വലിക്കുന്ന ആളായിരുന്നു. അതിൻ്റെയും കാറിൻ്റെയുള്ളിലെ എയർ ഫ്രഷ്നറിൻ്റെയും സംയുക്തമണം കാറിനുള്ളിലെ ആൾക്കാരെ മാറ്റി. ഷഹീനയും ഞാനും ഹർഷദും അൻസലും. പേരറിയാത്ത ഡ്രൈവർ വളരെയധികം വേഗതയിൽ ചുരത്തിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ കാറോടിച്ചു. ഒരു വശത്തു പാറക്കെട്ടുകളും മറുവശത്ത് താഴ്വാരവുമുള്ള 200 മീറ്ററിലധികം നിവർന്ന പാത ഒരിടത്തുമില്ലാത്ത ടാർ വിരിച്ച റോഡ്. സിക്കിമിലെ മറ്റുറോഡുകളേക്കാൾ മെച്ചമായത്. കുറച്ചു നേരത്തെ ചാഞ്ചാട്ടം നിറഞ്ഞ യാത്രയ്ക്ക് ശേഷം, ദൂരെ വെള്ളനിറത്തിലെ മേലങ്കിയണിഞ്ഞ പർവതങ്ങൾ കാണാറായി. ജീവിതത്തിൽ ആദ്യമായി മഞ്ഞു കാണുന്നു. എൻ്റെ ഉള്ളിൽ എന്തോ വന്നു നിറയുന്നത് എനിക്കനുഭവപ്പെട്ടു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹിമത്തിൻ്റെ ആലയം, ഇതാ കൺമുന്നിൽ. ഫോൺ ക്യാമറയിൽ കുറച്ചു ചിത്രങ്ങൾ പകർത്തി. പതിയെപ്പതിയെ, ചുറ്റുമുള്ള മലകളെല്ലാം വെള്ളപ്പട്ടു പൊതിഞ്ഞവയായി മാറി. അവസാനമായി പാറക്കെട്ടുകൾ പുറത്തുകാണാവുന്ന മലഞ്ചെരുവിൻ്റെ ചുവട്ടിലെ കോട്ടുകളും ഷൂസുകളും വിൽക്കുന്ന/വാടകയ്ക്ക് കൊടുക്കുന്ന കടയ്ക്ക് മുന്നിൽ ഞങ്ങളുടെ കാറുകൾ നിർത്തി. മഞ്ഞുമലകളുടെ മുന്നിലും. താഴ്വാരങ്ങളുടെ പശ്ചാത്തലത്തിലും കുറച്ചു ഫോട്ടോസ് എടുത്ത് തരുമോ എന്ന് കൂട്ടത്തിലെ നല്ല ക്യാമറകൾ ഉളളവരോട് ചോദിക്കും എന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് നല്ലൊരു കോട്ട് വളരെ പ്രധാനമായ ഒരാവശ്യമായിരുന്നു. അൻസൽ എടുത്തിട്ടു നോക്കിയ പച്ച കോട്ട് നല്ല ഭംഗിയുള്ളതായിരുന്നു. ഞാനെടുത്ത നീല എൻ്റെ സൈസിനെക്കാൾ വലുതും. നിരാശയോടെ അതുമിട്ടു പുറത്തേക്കിറങ്ങുന്നതിനു തൊട്ടുമുൻപാണ് പച്ചക്കോട്ടിനു വലിപ്പം പോരാ എന്ന് കണ്ട് അൻസൽ അതൂരിവെക്കുന്നത് കണ്ടത്. ഒരു നിമിഷം പോലും കളയാതെ ചാടിയെടുത്തു. ആത്മവിശ്വാസത്തിന് ഒരു കുതിച്ചുചാട്ടം. ശിശിരകാല ഫാഷനാണ് ഗ്രീഷ്മകാലത്തേക്കാൾ നല്ലതെന്ന് എനിക്കെന്നും തോന്നിയിരുന്നു. അതിട്ട് നടക്കാനും ഇതാ ഒരവസരം. ഒരു ജോഡി കയ്യുറകളും വാങ്ങി, നീല നിറത്തിലെ ഒരു ബൂട്ടും തെരഞ്ഞെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. ഗൂഗിൾ പേ പ്രവർത്തിക്കാത്ത ഈ മലമുകളിൽ നോട്ടുകെട്ടുകൾ സംഘടിപ്പിക്കാൻ ഹർഷദ് ഓടിനടക്കുന്നുണ്ടായിരുന്നു. എല്ലാവരും കോട്ടുകൾക്കുള്ളിലായിക്കഴിഞ്ഞിരുന്നു. ഒന്നു രണ്ടാൾക്കാർക്ക് കയ്യുറ കയറ്റാൻ പരസഹായം വേണ്ടിയിരുന്നു. ആരെയൊക്കെയോ ഞാനും സഹായിച്ചതോർക്കുന്നു. കാറുകൾ വീണ്ടും മുകളിലേക്ക് കയറിത്തുടങ്ങി. പതുക്കെപ്പതുക്കെ റോഡിൻ്റെ അവസ്ഥ മോശമാകാൻ തുടങ്ങി. കല്ലുകളിളകി കിടന്ന പലയിടങ്ങളിലും ചെളിവെള്ളം തളംകെട്ടി. ചിലയിടങ്ങളിൽ റോഡിനു കുറുകെ നീരൊഴുക്കുകൾ, നിരനിരയായി മുന്നോട്ടും പുറകോട്ടും പോകാൻ പറ്റാത്ത വണ്ടികൾ. ഇടയ്ക്കിടെ പട്ടാളക്കാരുടെ വലിയ വണ്ടികൾ.. ചില നീരൊഴുക്കുകളെ റോഡിന് അടിയിലാക്കാനും വീതി കൂടാനും റോഡിനു നടുവിൽ കലുങ് പണികൾ നടക്കുന്നുണ്ട്. മഞ്ഞുമലകൾക്കിടയിലെ ഒരു ഗ്രാമത്തെ കടന്നു ഞങ്ങൾ മുന്നോട്ട് പോയി. ഫോട്ടോകളെടുക്കുന്നത് ശിക്ഷാർഹം, ഡ്രോണുകൾ നിരോധിച്ചിരിക്കുന്നു എന്നിങ്ങനെ ബോർഡുകൾ പതിപ്പിച്ച ഒരു ഗ്രാമം. പട്ടാളക്കാർക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കാനോ, ഒരു മറയായോ നില നിൽക്കുന്ന ഗ്രാമമാവണം… രാജ്യസുരക്ഷയുമായി നേരിട്ടു ബന്ധമില്ലെങ്കിൽ ഈ ബോർഡുകളോ ഇത്രയും ബന്ധമറ്റ ഒരിടത്തൊരു ഗ്രാമമോ അനാവശ്യമാണ്. ഈ പട്ടാളക്കാരുടെ സാനിധ്യം അവർക്ക് ധൈര്യമായിരിക്കുമോ? അതോ ഒരു ആക്രമണം ഉണ്ടാവാം എന്നുള്ള ചിന്ത തൂങ്ങിക്കിടക്കുന്ന ഡമാസ്കസിൻ്റെ വാളോ? എൻ്റെ തലയ്ക്ക് ഭാരം കുറയുന്ന പോലെ തോന്നി. ഞാൻ അറിയാതെ മയങ്ങിപ്പോയി. കണ്ണുതുറക്കുമ്പോൾ ബാബ ഹർഭജൻ സിങ് സമാധിയുടെ മുന്നിൽ കാർ നിർത്തുകയാണ്. ഇന്ന് നമ്മൾ പോകുന്ന ഏറ്റവും ദൂരെയുള്ള ഇടം ഇതാണ്. നാഥുല ചുരത്തിനടുത്ത് പോകാൻ പ്രത്യേക അനുമതി വേണം. അത് ഞങ്ങൾക്കില്ല. നദിയിൽ വീണു മരിച്ച ഹർഭജൻ സിങ് എന്ന പട്ടാളക്കാരനു വേണ്ടി പണിതിരിക്കുന്ന സമാധിയാണിത്. ഇങ്ങനെയൊന്നു പണിയണം എന്ന് അയാൾ സ്വപ്നത്തിൽ വന്ന് ആവശ്യപ്പെട്ടത്രെ. രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും ആരോഗ്യവും സമയവും ചോദ്യങ്ങളില്ലാതെ വിട്ടു കൊടുക്കുന്നവരുടെ മനോവീര്യത്തിന് വേണ്ടി യുക്തിക്കു നിരക്കുന്നതല്ലെങ്കിൽ പോലും വിശ്വാസങ്ങൾ ചോദ്യം ചെയ്യാതിരിക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സുഖലോലുപതയുടെ ആനുകൂല്യങ്ങളെ (അവ തിരിച്ചറിയുക പോലും ചെയ്യാതെ) അനുഭവിക്കുന്ന എനിക്കോ നിങ്ങൾക്കോ ഇരുപതിനായിരം അടി മുകളിൽ പലപ്പോഴും പൂജ്യത്തിനു താഴെ മാത്രം താപനിലയുള്ള ഈ പർവ്വതത്തിൻ്റെ ചരിവിൽ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്ന് തോന്നുന്നില്ല. സമാധിക്ക് ചുറ്റും മഞ്ഞു മലകളുണ്ട്, പക്ഷെ ഇത്രയും സഞ്ചാരികളും അവർക്ക് വേണ്ടിയുള്ള കാന്റീനും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടവും, പിന്നെ സമാധിസ്ഥലവും തിങ്ങിയിരിക്കുന്നതു കൊണ്ടാവാം, അവിടെ തറ മൂടിക്കിടക്കുന്ന മഞ്ഞിൻ്റെ പുതപ്പില്ല. ചെറിയ ചരിവുകളിലെ മഞ്ഞു വാരിയെറിഞ്ഞു കളിക്കുന്നത് സമാധിയോടുള്ള അനാദരവായത് കൊണ്ട് ആരും അതിനു മുതിരുന്നുമില്ല. എല്ലാവരും പല ഗ്രൂപ്പുകളിലെ ചിത്രങ്ങളെടുത്തു. ഗൂഗിൾ പിക്സൽ കയ്യിലുള്ള നേഹയും നമ്രതയുമെടുക്കുന്ന ചിത്രങ്ങൾക്കായിരുന്നു തിരക്ക് കൂടുതൽ. അവരുടെ ക്ലാസിലെ ഒരാളെപ്പോലെ തന്നെ എന്നെയും ചിത്രങ്ങളിൽ അവർ പങ്കു ചേർത്തു. എനിക്ക് ഒറ്റയ്ക്കും ചിത്രങ്ങളെടുത്തു തന്നു. മനുഷ്യരെ സന്തോഷിപ്പിക്കാൻ അധികം ഒന്നും ചെയ്യേണ്ടതില്ലല്ലേ… കുറച്ചു നേരം കഴിഞ്ഞ് പല ദിശയിലേക്കും എല്ലാവരും തിരിഞ്ഞു പോയപ്പോൾ, സാന്ദർഭികവശാൽ ഞാനും നിമ്മിയും നേഹയും ഒരുമിച്ചായി. അതെങ്ങനെ സംഭവിച്ചു എന്നെനിക്ക് കൃത്യമായി ഓർക്കാൻ സാധിക്കുന്നില്ല. ഒരുപക്ഷെ, കാർഡോ ഗൂഗിൾ പേയോ പ്രവർത്തിക്കാത്ത ഇവിടെ, ചായ വാങ്ങിത്തരാൻ കയ്യിൽ കാശുള്ളവരെ വിധി എൻ്റെ കൂടെ നിർത്തിയതാവാം. അല്ലെങ്കിൽ, ആ കണക്കു കൂട്ടലിൽ ഞാൻ കൂടെ കൂടിയതാവാം. എന്തായാലും, പട്ടാളക്കാർ നടത്തുന്ന കാന്റീനിലെ ചായക്ക് വേണ്ടിയുള്ള വരിയിൽ ഞങ്ങൾ മൂന്നുപേരുമെത്തി. നല്ല തിരക്ക്; പല നിറത്തിലെ ജാക്കറ്റ് ധരിച്ച പല പ്രായത്തിലെ ജനങ്ങൾ. കട്ടിയുള്ള കയ്യുറകൾ കാരണം കയ്യിലെ ചായയുടെ ചൂട് തിരിച്ചറിയാനാവാതെ ചായക്കപ്പ് പേടിച്ച് ചുണ്ടോടടുപ്പിക്കുന്നവർ, സ്ഥലത്തിൻ്റെ ഗൗരവത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഓടിനടക്കുന്ന കുട്ടികൾ, അവരെ നിയന്ത്രിക്കാൻ പാട് പെടുന്ന അമ്മമാർ, മറ്റെല്ലാ സ്ഥലങ്ങളിലും സേവനം വൈകുമ്പോൾ പ്രശ്നമുണ്ടാക്കാൻ മടികാണിക്കാത്ത, എന്നാൽ പട്ടാളക്കാരോട് ദേഷ്യപ്പെടാൻ ധൈര്യമില്ലാത്തത് കൊണ്ട് പല്ലിറുമ്മുന്ന ആണധികാരികൾ, മധുവിധു ഇനിയും കൈമോശം വന്നിട്ടില്ലാത്ത പ്രായം ചെന്ന ജോഡികൾ. ഹിന്ദി സംസാരിക്കുന്ന, സൈനികരോട് ഇടപഴകി ശീലമുണ്ടാവാനിടയുള്ള നിമ്മി ബെന്നി ഈ കൂട്ടത്തിൽ ജലാശയത്തിലെ മീനെന്ന പോലെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. അവൾ തന്നെയാണ് സാധനങ്ങൾക്ക് ഓർഡർ കൊടുത്തതും. കലോറി കൂട്ടുന്നതൊരു ബുദ്ധിയാവും എന്ന് കരുതി ഞാൻ മധുരപലഹാരങ്ങളാണ് വാങ്ങിയത്. ഒരു സാൻഡ്വിച്ചും ചായയും ഞങ്ങളുടെ മേശപ്പുറത്തുണ്ടായിരുന്നത് ഓർക്കുന്നു. ആരാണ് വാങ്ങിയത് എന്നോർക്കുന്നില്ല. ആഹാരവും കഴിഞ്ഞ് കാന്റീനിൻ്റെ പിൻവാതിലിലൂടെ പുറത്തിറങ്ങുമ്പോൾ എല്ലാവരും ഫോട്ടോ എടുക്കാനായി താഴ്വാരത്തിനു അഭിമുഖമായി പാർക്കിങ്ങിന് സമീപത്ത് സിമന്റ് പാകിയിരുന്ന ഒരിടത്തു കയറി നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും കുറച്ചു ഫോട്ടോ എടുത്തു. കല്യാണമണ്ഡപങ്ങളിലെ ക്യാമറ മാനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഞങ്ങൾക്കൊരു വീഡിയോ എടുത്ത് തന്ന് ഷൈൻ ചെയ്യാനുള്ള ഒരു ഡ്രൈവറിൻ്റെ ശ്രമം വിജയിച്ചില്ല. നേരം വൈകുന്നുണ്ടെന്ന് അവർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അവരവരുടെ കാറുകളിലേക്ക് തിരിച്ചുകയറി. ആ സമയത്ത് ആരോ ഒരാളെ കാണാനില്ലായിരുന്നു. അയാളെവിടെ എന്ന് ഞങ്ങൾ പരസ്പരം ചോദിക്കുന്നത് കേട്ട് ഡ്രൈവർമാർ അയാളുടെ പേര് മനസിലാക്കി ഉറക്കെ വിളിച്ചത് വൈകുന്നേരങ്ങളിൽ ഗാങ്ടോക്കിൽ വീഴുന്ന കോടയ്ക്കിടയിലെ കാഴ്ചകൾ പോലെ മങ്ങിയ ഒരോർമയായി അവശേഷിക്കുന്നു. ഞങ്ങൾ യാത്ര തിരിച്ചു. തിരിച്ചുള്ള യാത്ര വളരെ പതുക്കെയായിരുന്നു. നിരനിരയായി കിടക്കുന്ന വണ്ടികളിൽ നിന്നിറങ്ങി ഓടി മുന്നിലെ ഒരു കാറിലെ ആൾക്കാരെ തട്ടി വിളിച്ചാലോ എന്ന് ഞാനും ഹർഷദും ആലോചിച്ചു. പ്രാവർത്തികമാക്കുന്നതിന് മുന്നേ നിരനിരയായി കിടന്ന വാഹനങ്ങൾ അനങ്ങി. അവയുടെ ചലനം മുകളിൽ നിന്ന് നോക്കുമ്പോൾ, അരയിൽ കെട്ടാൻ വേണ്ടി ബെൽറ്റ് ചലിക്കുന്നത് പോലെയാവും. ഈ റോഡുകൾ പർവ്വതങ്ങളെ വരിഞ്ഞു മുറുക്കുന്നുണ്ടാവുമോ?
സൊങ്ങോ (Tsomgo) തടാകത്തിനു സമീപത്ത് ഞങ്ങൾ നിർത്തി. തടാകം, തല എന്ന അർത്ഥങ്ങളുള്ള രണ്ടു വാക്കുകൾ ചേർന്നുണ്ടായതാണ് സൊങ്ങോ എന്ന പേര്. ചങ്കു എന്ന സ്ഥലത്തായതു കൊണ്ട് അങ്ങനെയുമൊരു പേരുണ്ട്. ഓരോ കാലാവസ്ഥയിൽ ഓരോ നിറമാണ് ഈ പ്രദേശത്തിന്. ഇപ്പോൾ ആകാശത്തിൻ്റെ നീലയും മഞ്ഞിൻ്റെ വെള്ളയും ഈ തടാകത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഇവിടെയൊരു കാന്റീനുണ്ട്, ബാത്റൂമുകളുണ്ട്; ചെറിയൊരു നടപ്പാതയും, അതിൽ നിന്ന് തടാകത്തെ നോക്കിക്കാണാൻ ഒരു വ്യൂ പോയിന്റുമുണ്ട്. വ്യൂ പോയിന്റിൽ നിന്ന് മലയുടെ മുകളിലേക്ക് ഒരു റോപ് വേ പോകുന്നുണ്ട്. എല്ലാവരും ആദ്യമേ ചെന്നു കയറിയത് കാന്റീനിലേക്കാണ്. സൂപ്പുകൾ ഓർഡർ ചെയ്തു. ആരാണ് കാശുകൊടുത്തത് എന്നറിയില്ല. ഭരത്തോ നിമ്മിയോ ആവണം. സന്മനസിനു നന്ദി! ചൂടുവെള്ളമൊഴിച്ച് മൂന്ന് മിനിറ്റ് വച്ചേക്കുമ്പോൾ പാകമാവുന്ന നൂഡിൽ സൂപ്പുകൾ. ആഹാരത്തിനു ശേഷം റോപ് വേ കയറുക എന്നതാണ് ലക്ഷ്യം. പുറത്തിറങ്ങിയ അനഘയ്ക്ക് സുഖമില്ലാത്തപോലെ തോന്നി. ഋഷിയും അവളും ഷഹീനയും ഒരു കാറിൽ തിരിച്ചു പോയി. റോപ് വെയിലേക്ക് കയറുന്ന വാതിലിനു വശത്തെ മലഞ്ചെരുവിൽ മഞ്ഞു വീണു കിടക്കുന്നുണ്ട്. സ്വസ്ഥമായി ഒരിടത്ത് ചെന്നിരുന്ന് മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ ആ ചരിവിലേക്ക് നടന്നത്. കൂടെ വന്നവർക്ക് ഉദ്ദേശങ്ങൾ വേറെയായിരുന്നു. മഞ്ഞു കൊണ്ട് നിർമിച്ച പന്തുകൾ തലങ്ങും വിലങ്ങും പാഞ്ഞു. സാറിനാണ് ഏറ്റവും കൂടുതൽ എറി കിട്ടിയതെന്ന് ഓർക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഗൗരവം എല്ലാം അതോടെ അലിഞ്ഞില്ലാതായി. ഒറ്റയ്ക്ക് സാധിക്കുന്നത്രയും പ്രത്യാക്രമണങ്ങൾ പുള്ളി തിരിച്ചും കൊടുത്തു. കൊണ്ടും കൊടുത്തും ഞാനും കൂടി. എല്ലാം കഴിഞ്ഞെന്ന് കരുതി അവിടെയടുത്തുള്ള ചെറിയ ക്യാന്റീനിൻ്റെ പടിയിലിരുന്നു കോട്ടും ഷൂസും ഊരി അതിനുള്ളിലെ മഞ്ഞ് മാറ്റുന്നതിനിടെ അപർണ ഒട്ടും പ്രതീക്ഷിക്കാതെ കുറെ മഞ്ഞു വാരി എനിക്ക് നേരെയെറിഞ്ഞു. അനഘയും കൂട്ടുണ്ടായിരുന്നു. (കൂട്ടത്തിൽ രണ്ട് അനഘമാർ ഉണ്ടായിരുന്നു.) പ്രതികാരം ചെയ്യണമെന്ന് കരുതി പടിക്ക് താഴെ നിന്നവരുടെ മുകളിൽ ഒരുപിടി മഞ്ഞുമായി ഞാൻ പ്രത്യക്ഷപ്പെട്ടെങ്കിലും, വേണ്ടായെന്ന് കരുതി ആക്രമണത്തിൻ്റെ തോത് കുറച്ചുകൊടുത്തു.
റോപ് വേ കയറി മുകളിലേക്ക് പോകാൻ വലിയ ക്യൂ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങളുടെ കൂട്ടത്തിന് മുകളിലേക്ക് പോകാൻ കുറച്ചു കാത്തു നിൽക്കേണ്ടി വന്നു. കാരണം ഇന്റർനെറ്റ് ഇല്ലാത്ത ഈ മലമുകളിൽ കൊടുക്കാൻ നോട്ടുകെട്ടുകളില്ല എന്നുള്ളത് തന്നെ. രാജാവ് നോട്ടുകൾ നിരോധിച്ച് പരമാവധി ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത് ഇവിടെയറിഞ്ഞില്ല എന്നുണ്ടോ? എന്താണ് അദ്ദേഹത്തിൻ്റെ തോഴൻ ആന്റിലയിലെ പ്രഭു ഇവിടങ്ങളിൽ ഇന്റർനെറ്റ് കൊടുക്കാത്തത്? ഭരത്തും ഹർഷദും പൈസ സ്വരുക്കൂട്ടാൻ ഓടിനടക്കുന്നുണ്ടായിരുന്നു. കയ്യിൽ പണമില്ലാത്തതിൻ്റെ അപകർഷതാബോധം വല്ലാതെ ബാധിച്ചിട്ട്, ഞാൻ പോകുന്നില്ല എന്ന് തീരുമാനിച്ചു. പക്ഷെ പിയർ പ്രഷർ കൊണ്ടോ, നഷ്ടബോധം അധികമായിപ്പോവും എന്ന ഭയം കൊണ്ടോ, തീരുമാനം എളുപ്പം മാറി. വീണ്ടും ആരുടെയൊക്കെയോ ദയ. ഒരുസമയം 8 പേർക്ക് മാത്രം കയറാൻ പറ്റുന്ന റോപ് വേ. പല ഊഴങ്ങളിലായി കയറി ഞങ്ങളെല്ലാവരും മുകളിലെത്തി. ഏറ്റവും മുകളിൽ, ഒരു വീട്ടുമുറ്റത്തിൻ്റെ വലിപ്പത്തിൽ ഒരു മഞ്ഞുതട്ട്. അതിനു ചുറ്റും പല മലകൾ വെള്ള പുതച്ചു നില്കുന്നു. ആ മഞ്ഞു തട്ടിന് താഴെ പത്തു നൂറടി താഴ്ചയാണ്. വലിയ ബലമൊന്നും തോന്നിക്കാത്ത വേലി കെട്ടിയിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് സുരക്ഷാസംവിധാനമൊന്നുമില്ല. വീണ്ടും ചിത്രങ്ങളെടുക്കാനുള്ള അവസരം. യാതൊരു മാനദണ്ഡവും നോക്കാതെ ആരുടെയൊക്കെയോ കൂടെ ചിത്രങ്ങളെടുത്തു. സ്ഥലത്തിൻ്റെ ഭംഗി കൂടെയുള്ളവരുടെ അകലത്തെ മറികടക്കുന്ന സാഹചര്യങ്ങളാണിവ. തിരിച്ചുപോകാൻ നേരമായി എന്ന് അവിടുത്തെ ജോലിക്കാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ ഒരുപാട് വൈകിയാൽ അപകടമായിരിക്കും. മഞ്ഞു വന്നു മൂടാം, വെളിച്ചമില്ലാണ്ടാവാം.. തിരിച്ചു പോകാൻ നേരം എന്നോടൊപ്പം റോപ് വെയിലുണ്ടായിരുന്ന ഒരു കുടുംബം, ഇവിടെ കരടികളിറങ്ങാറുണ്ട് എന്ന് പറയുന്നത് കേട്ടു. അതിനെല്ലാം മുൻപേ, കുന്നിറങ്ങണമത്രേ. ഞങ്ങളെ ഇവിടെയെത്തിച്ച ടാക്സിക്കാരും ബഹളം വയ്ക്കുന്നുണ്ടായിരുന്നു. സന്ധ്യക്ക് മുൻപേ പട്ടാളക്കാരുടെ ചെക്ക്പോസ്റ്റ് കടക്കണം. ഇല്ലെങ്കിൽ അവർ ദേഷ്യപ്പെടും, പ്രശ്നമുണ്ടാക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങുകയായിരുന്നു ഞങ്ങൾ. കോട്ടും ഷൂസും വാടകയ്ക്ക് തന്നയിടത്തും പൈസയ്ക്ക് ഓട്ടമുണ്ടായി. ഇതിനെല്ലാം കടം തന്നത് കാറുകളുടെ ഡ്രൈവർമാരായിരുന്നു എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. ഞങ്ങളുടെ കമ്പനിക്ക് പ്രതീക്ഷിക്കാത്ത ചെലവുകളുണ്ടാകാൻ പോകുന്നതാണ് ഇതെല്ലാം എന്ന് ഞാൻ വേദനയോടെ മനസിലാക്കി. അപർണ്ണയും അനഘയുമെറിഞ്ഞ മഞ്ഞ് കട്ടയെ പെട്ടെന്നോർമ്മ വന്നു. തിരിച്ച് കാറിൽ ഞാനും ഹർഷദും അൻസലുമായിരുന്നു. അൻസൽ അർബൻ പ്ലാനിങ്ങിനെപ്പറ്റിയും അവരുടെ കോഴ്സിൻ്റെ സാധ്യതകളെപ്പറ്റിയും എൻ്റെ ചോദ്യത്തിന് ഉത്തരമായി വിശദമായി പറഞ്ഞു. കൂടെ വന്നവരുടെ ഉദ്യോഗത്തെപ്പറ്റി ആദ്യമായി അന്നാണ് സംസാരിക്കുന്നത്. ഇത്രയും നാൾ അവരുടെ ജോലി അവരുടെ; ഞാൻ കാണുന്ന സിക്കിം എൻ്റെ എന്നതായിരുന്നു സമീപനം. 2.0യിൽ പ്രഭാത് ദാ തുക്പാ പോലെയെന്തോ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. മലകയറിയിട്ടു വരുമ്പോൾ ഏറ്റവും നല്ല ആഹാരം അതാണത്രേ. എല്ലാവർക്കും ഇഷ്ടമായതായി തോന്നിയില്ല. കഞ്ഞി പോലൊരു പലഹാരം. അതിലിട്ട് ഇളക്കി കുടിക്കാൻ എരിവുള്ള എന്തോ ഒരു ചമ്മന്തിയും. ചേരയുടെ നടുക്കഷണം തന്നെ തിന്നാൻ തയാറായി ഇറങ്ങിയതുകൊണ്ടാവണം, എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. രാത്രി ഷഹീന ജോജോ റാബിറ്റിൻ്റെ ബാക്കി കാണണം എന്ന് പറഞ്ഞു.. അതിനിടയിൽ മുകളിലെ ടോം ആൻഡ് പുതിയ താമസക്കാർ വന്നു. അവർ മുൻകൂട്ടി എല്ലാം ബുക്ക് ചെയ്തിരുന്നതാണ്. സ്ഥലം കാണിക്കാൻ അവരെയു കൊണ്ടു വന്ന ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി, “its not usualy this crowded” എന്ന് പറയുന്നത് കേട്ടു. അതിനു ശേഷം സീക്രട്ട് ലൈഫ് ഓഫ് വാൾട്ടർ മിറ്റി ഇട്ടെങ്കിലും, മിക്കവാറും എല്ലാവരും മലകയറിയ ക്ഷീണത്തിലും (ഒരുപക്ഷെ സിനിമയോടുള്ള താൽപര്യക്കുറവ് കാരണവും) മയങ്ങിപ്പോയി.
കോമൺ ഏരിയയിലെ ഹാമക്കിൽ കിടക്കുകയായിരുന്നു ഞാൻ. പിറ്റേന്ന് 3 മണിക്ക് എഴുന്നേറ്റ് നേരത്തെ പണിയെടുക്കാൻ പോണം എന്ന് ഭരത് പ്ലാനിടുന്നുണ്ടായിരുന്നു. അതുകൊണ്ട് സാധാരണ വൈകിയും കോമൺ ഏരിയയിൽ കാണാറുള്ള നിമ്മിയും നേഹയും നിഖിലയുമെല്ലാം നേരത്തേ പോയി. മൂന്ന് മണിക്ക് ഭരത്തിനെ വിളിക്കാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മൂന്ന് മണിക്ക് അലാറം വച്ചിട്ട് ഞാൻ ഹാമക്കിൽ തന്നെ കിടന്നു. ഇനി ഒന്നോ രണ്ടോ മണിക്കൂറേ ബാക്കിയുള്ളൂ. ഭരത്തിനെ ഉണർത്തിയ ശേഷം ഞാൻ താഴെയിറങ്ങി കിടക്കാം എന്നതായിരുന്നു ഉദ്ദേശം.
മൂന്ന് മണി. എൻ്റെ ഫോൺ അലാറം മുഴങ്ങി.
“ഭരത്തെ”
“ഉം?”
“ഭരത്തെ…”
“ഉം….?”
“എടാ മണി മൂന്ന് ആയി..”
“ഏ?”
“മണി മൂന്നായെന്ന്..”
“മൂന്നായാ? ഓക്കേ.. ഞാൻ എണീക്കാം..”
കടമ നിർവഹിച്ച സന്തോഷത്തോടെ ഞാൻ എൻ്റെ കിടക്കയിലേക്ക് കമഴ്ന്നു.
4 May
രാവിലെ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. “ഭരത് ചേട്ടൻ എണീറ്റില്ലേ??” അപ്പോൾ ഞാൻ മൂന്നുമണിക്ക് വിളിച്ചത്? “ഇദ്ദേഹം ഇതൊന്നും അറിയാതെ ഉറങ്ങുവാണ്” എന്നാരോ പറയുന്നു. എന്നെക്കുറിച്ചാണ്. എനിക്ക് മനസിലായി. എൻ്റെ തലയ്ക്ക് മീതെ പുതപ്പുണ്ട്. ഞാൻ ഇനിയും കണ്ണ് തുറന്നിട്ടില്ല. ചെവിയും തലച്ചോറും മാത്രമേ ഉണർന്നിട്ടുള്ളൂ. “എന്ത് സംഭവിച്ചാലും അറിയില്ല!” (ഭാവാർത്ഥം) വീണ്ടും ആരോ പറയുന്നു. “അതൊക്കെ അറിയും!” എന്ന് കണ്ണ് തുറക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു. “അയ്യോ ഉണർന്നു കിടക്കുവാണോ?” “പണിക്ക് പോ പിള്ളേരെ” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തിരിഞ്ഞു കിടന്നു.
അന്ന് വൈകുന്നേരം ഒരു ക്യാമ്പ് ഫയറും അനഘയ്ക്കൊരു സർപ്രൈസ് ബർത്ത്ഡേ പാർട്ടിയും പ്ലാൻ ചെയ്തിരുന്നു. അതിൻ്റെ സാധനങ്ങൾ വാങ്ങിക്കുന്നതിനും, പിന്നെ എന്നത്തേയും പോലെ 1.0യിലിരിക്കാനും ഞാനും ഹർഷദും പുറത്തേക്കിറങ്ങി. വാതിൽക്കൽ എത്തിയപ്പോഴാണ് ബാഗ് എടുത്തിട്ടില്ല എന്നോർത്തത്. വീണ്ടും മുകളിലേക്ക് കയറി, ബാഗ് എടുത്ത് തിരിച്ചു വന്നപ്പോൾ നമ്രത മുറി തുറന്നു പുറത്തേക്ക് വന്നു. “ആ തപ്പിയ ആളെക്കിട്ടി. വന്നേ…” മുറിക്കുള്ളിലേക്കാണ് ക്ഷണം. വിളിക്കുന്ന ആളെ സംശയമുണ്ടായിട്ടല്ല, പക്ഷെ ആ റൂമിൽ വേറെയും ആൾകാർ താമസമുണ്ടല്ലോ.. അവർക്ക് ഞാൻ കയറുന്നതിൽ പ്രശ്നമുണ്ടാവുമോ എന്ന് കരുതി ഒന്ന് മടിച്ചു. “കേറി വാ!” മുകളിൽ നിന്ന് എന്തെങ്കിലും എടുക്കാനാണോ? പക്ഷെ അതിനെന്തിനാ ഞാൻ? കട്ടിലിൽ കുറച്ചു ചിത്രങ്ങൾ നിരത്തി വച്ചിരുന്നു. ഒരുപക്ഷെ അവളെടുത്ത ചിത്രങ്ങളാണോ? അല്ല, പോസ്റ്റ് കാർഡുകളാണ്. ഗാങ്ടോക്കിൻ്റെയും ഹിമാലയത്തിൻ്റെയും പല ചിത്രങ്ങളുള്ളവ. ഇതിൽ വരികളെഴുതാനാണ് എൻ്റെ സഹായം വേണ്ടത്. എന്നിലെ എഴുത്തുകാരന് പ്രതീക്ഷിക്കാതെ കിട്ടിയ ഒരനുമോദനം. ചെറുതല്ലാത്ത സന്തോഷം തോന്നി. അതേ അളവിൽ ഭയവും. ഞാനൊരു എഴുത്തുകാരനാണ്, അല്ലെങ്കിൽ എഴുതാൻ കഴിവുള്ളവനാണ് എന്ന തിരിച്ചറിവാണല്ലോ ഈ ക്ഷണത്തിനു കാരണം; പക്ഷെ എനിക്ക് സഹായിക്കാനാവാതെ വന്നാൽ? അപമാനിതനാവുന്നത് പോട്ടെന്ന് വെക്കാം, ആത്മവിശ്വാസത്തിനേൽക്കുന്ന ക്ഷതം..എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല പ്രസന്നവദനയായി മാത്രം കണ്ട ഈ പുതിയ സുഹൃത്ത് തന്നിരുന്നത്. (ഞാൻ ഈ ജോലിക്ക് കൊടുത്ത അത്രയും ഗൗരവം അവൾ കൊടുത്തിരുന്നോ എന്ന് ഞാൻ സംശയിക്കുന്നു. അവൾക്കൊരുപക്ഷേ എന്തെങ്കിലും ചെറിയ ‘സാധനം’ മതിയായിരുന്നിരിക്കാം…) എഴുതുന്നതാർക്കാണെന്നറിയണം, അവർ ഇവൾക്കാരാണെന്നറിയണം, ഈ ചിത്രങ്ങളിലൂടെയും കത്തിലൂടെയും അതയക്കുന്ന മനസിലൂടെയും എന്താണ് പറയുന്നതെന്നറിയണം. അതെല്ലാം ഇവളുടെ വാക്കുകളിലൂടെ പറയണം; കുറച്ചു നേരത്തെ ചർച്ചകളിലൂടെ ഞങ്ങൾ ഓരോ കത്തിലും ഉൾപ്പെടുത്തേണ്ട വരികളിൽ ഒരുമിച്ചെത്തിച്ചേർന്നു. ഞാൻ പറഞ്ഞു കൊടുത്തു എന്ന് പറഞ്ഞാൽ നുണയാവും. എഴുതിയ വാക്കുകൾ ഞാൻ കൊടുത്തതാവാം, ജീവനും ആത്മാവും അവളുടേത് തന്നെയാണ്. ആ കാർഡുകൾ കിട്ടിയ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ, അവരത് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഇത്രയും പരത്തിയെഴുതിയത്. പുറത്തിറങ്ങിയപ്പോഴേക്ക്, പകുതി വഴിക്ക് വച്ച് ഹർഷദ് എന്നെ അന്വേഷിച്ച് തിരിച്ചു വന്നത് കണ്ടു. ഞങ്ങൾ വീണ്ടും നൂറുപടികൾ കയറി, എന്നത്തേയുംപോലെ 1.0യിലേക്ക് നടന്നു. ഹൈസ്കൂളിന് മുന്നിലെ കയറ്റത്തിൽ ഭരത്ത് വാടകയ്ക്കെടുത്ത ബൈക്കിലിരുന്ന് ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. മൂന്ന് ചെറുപ്പക്കാരും ഒരു പെൺകുട്ടിയുമാണെന്ന് അടുത്ത് ചെന്നപ്പോൾ മനസിലായി. ഏതെങ്കിലും പെൺകുട്ടി അല്ല, ബാഗും തൂക്കി കഴിഞ്ഞ ദിവസം 1.0യിലെത്തിയ പെൺകുട്ടി. കൂടെയുള്ള പയ്യന്മാരെ എനിക്കറിയാം, ഹർഷദിനറിയില്ല; രണ്ടാമത്തെ രാത്രിയിൽ 1.0യിൽ നടന്ന ചെറിയ പാർട്ടിയിൽ കിരണിനോടൊപ്പം ഇവരുണ്ടായിരുന്നു. പേരുകൾ അവർ പറഞ്ഞു, അപ്പോൾ തന്നെ മറന്നു. പെൺകുട്ടിയുടെ പേര് പിന്നീട് പലപ്പോഴായി കേട്ടതുകൊണ്ട്, ഇപ്പോൾ ഓർമയുണ്ട്. റിസ്വാന. അവളുടെ കഥ പിന്നാലെ വരും. കുറച്ചു നേരം അവിടെ നിന്ന് സംസാരിച്ചു. റിസ്വാന ഇപ്പോൾ 1.0യിലല്ല താമസം, ഇവരുടെ റൂമിലേക്ക് മാറി.സ്കൂളിൻ്റെ ഗ്രൗണ്ടിന് അപ്പുറത്ത് വശത്താണ് അവരുടെ റൂം.
“സമയം കിട്ടുമ്പോ ഇറങ്ങ്.” എന്നവർ പറഞ്ഞു.
“അവള് മലയാളിയാടാ…” അവരെ കടന്ന് ഞങ്ങൾ നടക്കുമ്പോൾ ഹർഷദ് അത്ഭുദത്തോടെ പറഞ്ഞു. “നിനക്ക് അറിഞ്ഞൂടാർന്നോ?” “ഇല്ലാ…”
ട്രാവൽ കഫെയിൽ വളരെ തണുത്ത ഒരു ദിവസമായിരുന്നു. കേക്ക് വാങ്ങണം എന്ന് ദിനേശിനോട് തലേന്ന് പറഞ്ഞിരുന്നു. ട്രാവൽ കഫെയിൽ കേക്ക് കിട്ടുമെങ്കിലും, അതിലും ലാഭം അപ്പുറത്ത് നിന്ന് വാങ്ങുന്നതാവും എന്നവൻ ഉപദേശിച്ചു. ട്രാവൽ കഫെയിൽ ഒരു പൗണ്ട് കേക്കിന് കൊടുക്കുന്ന വിലയ്ക്ക് തൊട്ടപ്പുറത്തെ ബേക്കറിയിൽ ഒരു കിലോ കേക്ക് കിട്ടും! ദിനേശിന് ഒരു സലാം വച്ചിട്ട് ഞാൻ ബേക്കറിയിൽ പോയി ഒരു കേക്കിന് ഓർഡർ കൊടുത്തു. വൈകുന്നേരമാവുമ്പോഴേക്ക് തരാം എന്നവർ പറഞ്ഞു. ട്രാവൽ കഫേയിൽ വെറുതെയിരുന്നു സമയം കളയുന്നതിനിടെ “ഉറക്കം വരുന്നുണ്ട്, ഞാൻ മുകളിലെ കോമ്മൺ ഏരിയയിൽ കിടക്കാൻ പോകുന്നു” എന്ന് പറഞ്ഞ് ഹർഷദ് മുകളിലേക്ക് കയറിപ്പോയി. സുലൈമാൻ ഇടയ്ക്ക് വന്നു; ഞാൻ എന്നും ഇരിക്കാറുള്ള സ്ഥലത്ത് ഒരു പെൺകുട്ടി സുലൈമാനോട് സംസാരിച്ചിരിക്കുന്നുണ്ട്. ദിനേശും അവളോട് സംസാരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഇവിടുത്തെ ആളാണെന്ന് തന്നെ തോന്നും, അത്രയും സ്വാതന്ത്ര്യം അവൾ പ്രസരിപ്പിക്കുന്നുണ്ട്.താഴത്തെ സ്മോക്കിങ് ഏരിയയിൽ വച്ച് അവൾ സ്വയം പരിചയപ്പെടുത്തി. ഐശ്വര്യ. രണ്ടു ദിവസം കഴിഞ്ഞ് ഇവിടെ അടുത്തുള്ള ഒരു മണ്ഡപത്തിൽ നടക്കാൻ പോകുന്ന കല്യാണത്തിന് ഡ്രസ്സ് വാങ്ങണം എന്ന കാര്യം ആവിഷ്കാറിനോട് പറയുന്നത് കേട്ടപ്പോഴാണ് എൻ്റെ സംശയം ശരിയായിരുന്നു എന്ന് മനസിലായത്. ഐശ്വര്യ ടാഗലോങിൻ്റെയും ട്രാവൽ കഫെയുടെയും അടുത്തയാളാണ്. ബൂന്തി എന്ന നായക്ക് പേരിട്ടതുപോലും അവളാണ്. കഴിഞ്ഞ ദിവസം പുതിയ താമസക്കാരെ ടോം ആൻഡ് ജെറി കാണിക്കാൻ കൊണ്ടുവന്നതും ഇവൾ തന്നെ. ട്രാവൽ കഫെയുടെ ഉടമ മനീഷ ദീദിയുടെ സഹോദരൻ്റെയോ സഹോദരിയുടെയോ മറ്റോ വിവാഹമാണ്. ഐശ്വര്യ മുംബൈയിലും ഡൽഹിയിലും ജീവിച്ചതിൻ്റെ ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞു. ഡൽഹിയുടെ കഥകൾ വളരെ ഭീതിയുണ്ടാക്കുന്നതാണ്. ഒരിക്കൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന അവളെ കാറിൽ ചില പുരുഷന്മാർ പിന്തുടർന്നത്രെ. ഓട്ടോക്കാരൻ തന്ത്രപൂർവം അവർക്ക് ഒരു യു-ടേൺ കിട്ടാത്ത രീതിയിൽ വണ്ടി തിരിച്ച് അവർ ശ്രദ്ധിക്കാത്ത ഒരു റോഡിൽ ഇറക്കി വിട്ടിട്ട്, “രക്ഷപ്പെട്ടോളൂ മാഡം, അവർ കറങ്ങി വരാൻ കുറച്ചു സമയമെടുക്കും… അതിനു മുൻപേ പൊയ്ക്കോളൂ” എന്ന് പറഞ്ഞു. അവളുടെ കൂട്ടുകാരിയുടെ ഫ്ലാറ്റ് വീട്ടുടമസ്ഥൻ അവൾ ജോലിക്ക് പോകുന്ന സമയത്തിന് മറ്റാർക്കോ തുറന്നു കൊടുത്ത കഥയും പറഞ്ഞു. ആ സമയത്ത് എന്തോ ആവശ്യത്തിന് അവിടെത്തിയ അവൾ പുറത്തിറങ്ങാൻ പറഞ്ഞിട്ടും എന്തോ അധികാരമുള്ളമുള്ള പോലെ ആ ആജാനബാഹുവായ മനുഷ്യൻ ബാൽക്കണിയിൽ സിഗരറ്റ് വലിച്ചു നിന്നത്രേ. പോരാത്തതിന് അവിടെയുള്ള ഗലികളിൽ പലയിടങ്ങളിലും രാത്രികളിൽ പെൺകുട്ടികളുടെ കരച്ചിലും കേട്ടിട്ടുണ്ട് എന്നവൾ പറഞ്ഞു. ഈ കഥകളെല്ലാം, ഗാങ്ടോക്കുമായി താരതമ്യം ചെയ്യാൻ വേണ്ടി പറഞ്ഞതാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ നഗരത്തിൽ ഒരിക്കൽ പോലും ഇതൊന്നും നേരിടേണ്ടി വന്നിട്ടില്ല. പലവർണപ്പൂക്കൾ പോലെ ചിരിക്കുന്ന മനുഷ്യർ നിറഞ്ഞ മലഞ്ചെരുവിൽ ആയിരം നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്ന ഈ നഗരം വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നു.
കൗണ്ടറിനു മുന്നിലെ സോഫയിൽ ഒരു പിസ്സയുടെ സ്ലൈസ് ബാക്കിയുണ്ടായിരുന്നു. ഐശ്വര്യ അതെനിക്കു നീട്ടി. അവൾ ലാപ്ടോപ്പിൽ മാർവെലസ് മിസ് മൈസെൽ കാണുകയായിരുന്നു.
“കാണുന്നോ?”
“ഏയ്.. താൻ സീസൺ രണ്ടോ മൂന്നോ ഒക്കെ ആയിരിക്കില്ലേ?”
“ഞാൻ ഇത് ഒരുപാട് തവണ കണ്ടതാ. വീണ്ടും വീണ്ടും കാണാറുണ്ട്. കണ്ടിട്ടില്ലെങ്കിൽ ട്രൈ ചെയ്ത് നോക്ക്.”
അബദ്ധവശാൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിമാറുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് മാർവെലസ് മിസ് മൈസെൽ. ഉള്ളിൽ ആംഗ്സൈറ്റി ഇഷ്യൂസ് ഉള്ളവർക്ക് കണ്ട ഷോകൾ വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാവും എന്ന് എവിടെയോ വായിച്ചതോർത്തു. പുരുഷാധിപത്യത്തിനെതിരെ വാ തോരാതെ സംസാരിച്ച, ഡൽഹിയിൽ ഇത്രയും നാൾ ജോലി ചെയ്ത, നാടോടിയായി ജീവിക്കുന്ന പെണ്ണിന് അത്തരത്തിലൊരു അവസ്ഥയുണ്ടാവാം, സ്വാഭാവികം. അതിൽ നിന്നൊരു നല്ല ബ്രേക്കാവാം ഹിമാലയവും, അതിനു ചുവട്ടിലെ ഈ പൂന്തോട്ടം പോലത്തെ നഗരവും.
അവൾ ഹെഡ്സെറ്റ് എനിക്ക് നീട്ടി. ഞങ്ങൾ ഒരുമിച്ച് സീസൺ 1 എപ്പിസോഡ് 1 കണ്ടു. എനിക്ക് വളരെയധികം ഇഷ്ടമായി. തിരിച്ചു വന്നിട്ട് ബാക്കി കാണണം എന്ന് മനസ്സിലുറപ്പിച്ചു. വൈകുന്നേരം കേക്ക് വാങ്ങിക്കൊണ്ട് പോകാനായി നേഹയും ഭരത്തും വന്നു. ഇപ്പോൾ പേരോർമ്മയില്ലാത്ത ഏതോ രണ്ട് പേസ്റ്ററികളും കഴിച്ചതോർക്കുന്നു. ഭയമുളവാക്കുംവണ്ണം പിന്നിലേക്ക് നേഹയെ ചരിക്കുന്ന അളവിൽ അകറ്റിക്കൊണ്ട് കേക്കിൻ്റെ പെട്ടിയിരുന്നു.
“നിങ്ങളെ വിളിക്കാൻ തിരിച്ചു വരണോ” എന്ന് ഭരത്ത് ചോദിച്ചു. “
ഞങ്ങൾ എന്തായാലും നടക്കാം. നീ അങ്ങെത്തിയിട്ട് വിളിക്ക്. ഞങ്ങൾ എത്താറായിട്ടില്ലെങ്കിൽ വാ”
ഞാനും ഹർഷദും ഇരുൾ വീണു തുടങ്ങിയ വഴിയിലൂടെ തിരിച്ചു നടന്നു. ഹർഷദ് വളരെ വേഗം നടക്കുന്നുണ്ട്. ഞാൻ അവളോട് ഫോണിൽ സംസാരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അവൻ്റെ വേഗം എൻ്റെ നടത്തത്തിനില്ല. ആദ്യത്തെ വളവു തിരിയുമ്പോഴേക്ക് പരിചയം തോന്നിക്കുന്ന രണ്ട് നിഴലുകൾ റോഡരികിൽ നിൽക്കുന്ന കണ്ടു. റിസ്വാനയും സുഹൃത്തും. ഹർഷദ് രണ്ടുപേരെയും കാണാതെ നടന്നു പോയിക്കഴിഞ്ഞിരുന്നു. ഞാൻ പിന്നിൽ നിന്ന് വിളിച്ചു നിർത്തി. അവർ തിരിച്ച് റൂമിലേക്ക് നടക്കുന്ന വഴിയാണ്. ഞാൻ മനസ്സിൽ കണക്കുകൂട്ടി. കൂടെയുള്ള പയ്യൻ്റെ ശ്രദ്ധ ഞാൻ കൈകാര്യം ചെയ്താൽ, ഹർഷദിന് അവളോട് സംസാരിക്കാം. യാത്രികരാണല്ലോ രണ്ടാളും. മിണ്ടാനും പറയാനും എന്തെങ്കിലും ഉണ്ടാവാതിരിക്കുമോ?
എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഒരുവൻകൂടി കയറിവന്നു. രണ്ടുപേരുടെ ശ്രദ്ധതിരിക്കാനുള്ള സംഭാഷണ വൈദഗ്ധ്യം എനിക്കുണ്ടോ? ഉണ്ടെന്ന് അന്ന് മനസിലായി. ഹർഷദ് അവളോട് സംസാരിച്ചുകൊണ്ട് ഞങ്ങൾ മൂന്നുപേരുടെ പിന്നാലെ വന്നു. സ്കൂളിന് മുന്നിൽ വച്ച് അവർ റൂമിലേക്ക് തിരിഞ്ഞ ശേഷം, ഭരത്ത് വിളിച്ചു. അവിടെ നിന്ന് ഹോസ്റ്റൽ വരെ ഞങ്ങൾ മൂന്നുപേരും അവൻ വാടകയ്ക്കെടുത്ത ബൈക്കിൽ.
ഹോസ്റ്റലിനുള്ളിൽ ഗ്രൗണ്ട് ഫ്ലോറിലെ കോമൺ ഏരിയയിൽ എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. ഹർഷദിനെ സഹായിക്കാൻവേണ്ടി കട്ട് ചെയ്ത അവളുടെ ഫോൺകാൾ തുടരാൻ വേണ്ടി ഞാൻ പുറത്തു തന്നെ നിന്നു. ഹർഷദും അകത്തു കയറിയില്ല; അവിടെ നിന്ന് സംഘടിപ്പിച്ച സ്കേറ്റ് ബോർഡിൽ കളിച്ചുകൊണ്ട് അവനും മുറ്റത്ത് നിന്നു. പെട്ടെന്ന് ഉള്ളിൽ നിന്ന് ഇതുവരെകേൾകാത്ത ഒരു പുരുഷ ശബ്ദത്തിലെ ഗാനം കേട്ടു. ജനൽകർട്ടനിലൂടെ ഞാൻ പാളി നോക്കി. അലോക് സർ പാടുന്നു. നന്നായിട്ട് തന്നെ. ഞാൻ വായുംപൊളിച്ച് ജനലിനു പുറത്തു നിൽക്കുന്നത് അകത്തുള്ള ആരൊക്കെയോ ശ്രദ്ധിക്കുന്നത് വരെ ഞാൻ അനങ്ങിയില്ല. കുറച്ചു കഴിഞ്ഞ് ഞാൻ ഉള്ളിലേക്ക് ചെന്നു. മൂന്ന് ടീമായി തിരിഞ്ഞ് അന്താക്ഷരി കളിക്കുകയാണവർ. എൻ്റെ ഗർവ് ഉയർത്തിക്കൊണ്ട്, എന്നെ ടീമിലെടുക്കാനൊരു ചെറിയ പിടിവലി നടന്നു. ഇങ്ങോട്ട് വരുന്ന ട്രെയ്നിലിരുന്ന് കളിച്ച അന്താക്ഷരിയുടെ മത്സരം സൃഷ്ടിച്ച വിലയാണിത്. പുറത്ത് ഞങ്ങൾക്കായൊരു ക്യാമ്പ് ഫയർ തയ്യാറാവുന്നുണ്ടായിരുന്നു. സാധാരണഗതിയിൽ 2.0 യിൽ അനുവദനീയമായ ഒന്നല്ല ഇത്. ഞങ്ങളുടെ പ്രത്യേക അപേക്ഷ മാനിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ശബ്ദം കുറയ്ക്കണം എന്ന നിർദേശമുണ്ടായിരുന്നു. ക്യാമ്പ്ഫയറിനു ചുറ്റുമിരിക്കുമ്പോൾ എല്ലാവരും ഒരുമിച്ച് പാട്ടുപാടാൻ പലപ്പോഴും ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല.. അങ്ങിങ്ങ് ചില മൂളിപ്പാട്ടുകളുടെ കനലെരിഞ്ഞിരുന്നു; പക്ഷെ ആളിപടർന്നില്ല. കൂടെയുണ്ടായിരുന്ന പുതിയ സർ (ബെയ്ലി നായർ എന്നാണ് അദ്ദേഹത്തിൻ്റെ പേരെന്ന് പിന്നീടറിഞ്ഞു) ഹിന്ദിയിലെ പാട്ടുകൾ പാടിയിരുന്നു. എല്ലാവർക്കും ഒരനക്കം വച്ചത് dumb charades കളിച്ചുതുടങ്ങിയപ്പോഴാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ നിസ്സാരമായി കണ്ടുപിടിച്ച് ഞാനെൻ്റെ കഴിവ് തെളിയിച്ചു. എൻ്റെയും ഭാരത്തിൻ്റെയും കടിച്ചാൽ പൊട്ടാത്ത സിനിമാപ്പേരുകൾ കണ്ടെത്താനാവാതെ പലരും കുഴങ്ങി. ഞങ്ങളുടെ ടീമിലും ചെറുപരാജയങ്ങളുണ്ടായി. ശബ്ദം ഒരല്പമുയരുമ്പോൾ മൂന്ന് നിലകൾക്ക് മുകളിലെ ജനലിൽ നിന്ന് അമിത്തിൻ്റെ ശബ്ദം കേട്ടു. “ഗയ്സ്, വോളിയം!”
അവസാനം, ഭരത്തിൻ്റെ ഏതോ മാസ്റ്റർപീസ് സിനിമ, “ആ എനിക്ക് മനസിലായി. ഇത് ഭരത്തേട്ടൻ പറഞ്ഞതല്ലേ? ഞങ്ങൾ അന്നൊരുദിവസം കളിച്ചപ്പോൾ ഇറക്കിയതാ” എന്ന് പറഞ്ഞ് നിഖില കണ്ടുപിടിച്ചു. അതായിരുന്നു അവസാനത്തേത്. വൈബ് വിചാരിച്ചപോലെ വന്നില്ല എന്ന് ആതിര എന്ന കിളി പലതവണ പറയുന്നത് ഞാൻ കേട്ടിരുന്നു. അത്താഴത്തിനു ഗ്രിൽഡ് ചിക്കൻ പറഞ്ഞിരുന്നു; എണ്ണത്തിലുണ്ടായ ചെറിയ ആശയക്കുഴപ്പം എനിക്ക് കൂടുതൽ കഷണങ്ങൾ നേടിത്തന്നു. ബൂന്തിക്കും പുണ്ടേയ്ക്കും ചിക്കൻ കൊടുക്കാൻ ശ്രമിച്ച ചിലരെ ഞാൻ തടഞ്ഞു. എതിർപ്പുണ്ടായിട്ടല്ല, ഇങ്ങനെ സ്വന്തം പ്ലേറ്റിൽ നിന്ന് കൊടുത്ത് ശീലിപ്പിച്ചിട്ട്, അവർ അതും പ്രതീക്ഷിച്ചിട്ട് വീണ്ടും കയറി വരുമ്പോൾ ഇവരിലുള്ളവർ തന്നെ പരാതി പറയില്ലേ? രാത്രി കോമൺ ഏരിയയിൽ വച്ച് അനഘയ്ക്കായി വാങ്ങിയ കേക്ക് മുറിക്കപ്പെട്ടു. ഗിഫ്റ്റിൻ്റെ കാര്യം പറഞ്ഞ് ഋഷിയെ കളിയാക്കിയെന്നല്ലാതെ മറ്റൊന്നും ആ സംഭവത്തെക്കുറിച്ച് ഓർമ കിട്ടുന്നില്ല. ഇതെഴുതുമ്പോൾ, സിക്കിം ഒരു വിദൂര സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ആ രാത്രി വളരെ വൈകിയാണ് കിടന്നത്. രാവിലെ ആരെയെങ്കിലുംകൊണ്ട് സ്കൂട്ടറിൽ പോകേണ്ടി വരും എന്ന് കിടക്കുംമുൻപ് ദിൽഷാന പറഞ്ഞു. എൻ്റെ മുഖത്തെ അതൃപ്തി കണ്ടാവണം, “അല്ല വേറെ ആളുണ്ടോ എന്ന് നോക്കാം…” എന്ന് തിരുത്തി. “ഇല്ല സാരമില്ല. വേണമെങ്കിൽ രാവിലെ വിളിച്ചാൽ മതി” എന്ന് പറഞ്ഞ് ഞാൻ ഉറങ്ങാൻ പോയി. വിളിക്കില്ല എന്ന് ഞാൻ കണക്ക് കൂട്ടി.
5 may
തണുപ്പിൽ മൂടിപ്പുതച്ചു കിടന്ന എന്ന രാവിലെ 9 മണിയടുപ്പിച്ച് ആതിര തിരക്കിട്ടു വന്ന് വിളിച്ചു. “എണീക്ക് എണീക്ക്… നമുക്ക് പോണം!” വൈകിയെന്ന് എനിക്ക് ഉണരുമുൻപേ മനസിലായി. ചാടി എഴുന്നേറ്റ് അവിടെ കിടന്ന 7up കുറച്ചെടുത്ത് വായ കഴുകി പുറത്തേക്കിറങ്ങി. എന്നെയും ആതിരയെയും കാത്ത് ഒരു N-Torque നൂറുപടിമേലെ ഇരിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ നഗരത്തിലേക്ക് തിരിച്ചു. അന്ന് ബുദ്ധ പൂർണിമയായിരുന്നു. ചില കടകൾ അടഞ്ഞു കിടന്നു. ഇൻഡസ്ട്രിയൽ ഏരിയയിൽ, 1.0 യുടെ മുന്നിൽ, ശിരസിൽ വിശുദ്ധ ഗ്രന്ഥങ്ങൾ വച്ച്, മുന്നിലെ ബുദ്ധ ഭിക്ഷുക്കളെ അനുഗമിച്ച് ചെറിയൊരു ജാഥ നടന്നു പോയി. ബാൽക്കണികളിലും നടപ്പാതകളിലും, കൈകൂപ്പിയും കൂപ്പാതെയും ആളുകൾ നിരന്നു നിന്നു. നാട്ടിലെ ഉത്സവങ്ങൾക്കോ പുനഃപ്രതിഷ്ഠകൾക്കോ നടത്തുന്ന ജാഥകൾ പോലെ ആളും ബഹളവുമില്ല, ആനയും അമ്പാരിയുമില്ല, രണ്ടെണ്ണം അടിച്ചിട്ട് കൈലി മടക്കിക്കുത്തി അർമാദിക്കുന്ന അണ്ണന്മാരില്ല; സ്കൂൾ കുട്ടികളെപ്പോലെ വരിയായി ആരുടേയും വഴിമുടക്കാതെ നടന്നു പോകുന്ന ചുവപ്പു കമ്പിളി പുതച്ച കുറച്ചു മനുഷ്യർ. തുടയെല്ല് കൊണ്ട് സംഗീതോപകരണവും, തലയോട് കൊണ്ട് കപാലവും ഉണ്ടാക്കിയവരുടെ പിന്മുറക്കാർ. ഗെയ്മർ ഭാഷയിൽ പറഞ്ഞാൽ, നേർഫ് ചെയ്യപ്പെട്ട ബുദ്ധിസം.
“എങ്ങോട്ടാ?”
ആതിരയ്ക്കും വലിയ നിശ്ചയമില്ല. ഈ നഗരത്തിൽ കണ്ട് തീർക്കാത്ത ഇടങ്ങൾ വല്ലതുമുണ്ടെങ്കിൽ കണ്ട് തീർക്കാനാണ് ഇന്നത്തെ പകൽ. പക്ഷെ ആതിര ഒരുവിധം എല്ലായിടവും കണ്ടു കഴിഞ്ഞു. ഞങ്ങൾ കുന്നിൻ മുകളിലേക്ക് കയറി. ഒരുപരിചയവുമില്ലാത്ത ഏതൊക്കെയോ വഴികയറി ഒടുവിൽ ഒരു ഡോമിനോസ് (അതോ പിസ്സ ഹട്ട് ആയിരുന്നോ?) ന് മുന്നിലെത്തി. ഈ നേരം മുഴുവൻ ഞങ്ങൾ പലകാര്യങ്ങൾ സംസാരിക്കുകയായിരുന്നു. കൂടെ വന്നവരെപ്പറ്റി, സ്വന്തം സുഹൃത്തുക്കളെയും ഇഷ്ടങ്ങളെയും പറ്റി. ഓരോരുത്തരെയും പറ്റി എനിക്കെന്ത് തോന്നി എന്ന് അവൾ ചോദിച്ചിരുന്നു; ഞാൻ ആൾക്കാരെ മനസിലാക്കുന്നതെങ്ങനെ എന്നറിയാനാവും. എൻ്റെ നിരീക്ഷണങ്ങൾ ഏറെക്കുറെ ശരിയാണെന്ന് ആതിരയുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലായി. ഒരാഴ്ച മുൻപ് ഒരുപരിചയവും ഇല്ലാതിരുന്ന 20 പേരെ ഞാൻ ഇത്രയധികം മനസ്സിലാക്കിയിരിക്കുന്നു എന്നതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി. ഒരുപക്ഷെ ഈ മലഞ്ചെരുവിൽ ആകർഷകമായ എന്തെങ്കിലുമുണ്ടോ എന്ന് തേടിനടന്ന ഒരു ദേശാടനക്കാരൻ സ്വന്തം കൂട്ടത്തിലേക്ക് ഒരല്പം മുൻപേ നോക്കിയിരുന്നെങ്കിൽ എത്രയോ മുൻപേ ഉത്തരങ്ങൾ കിട്ടിയേനെ. ആൽക്കമിസ്റ്റിലെ സാന്റിയാഗോയെപ്പോലെ! ഓരോരുത്തരും ഓരോ കഥാപാത്രങ്ങൾ; അവരവരുടേതായ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ... ഇണക്കങ്ങൾ പിണക്കങ്ങൾ…ഒരേ മേഖലയിൽ പ്രവർത്തിച്ചിട്ടും, പല വീക്ഷണങ്ങൾ ഉള്ളവർ. കഴിച്ചിട്ടിറങ്ങി ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. നിശബ്ദത എപ്പോഴുണ്ടാവുന്നോ അപ്പോഴെല്ലാം ആതിര ചോദ്യങ്ങൾ ചോദിച്ചു. ഇനിയും പോയിട്ടില്ലാത്ത ഇടങ്ങൾ ഗൂഗിൾ മാപ് നോക്കി കണ്ടെത്തി പോവുക എന്നതായിരുന്നു പ്ലാൻ. അങ്ങനെ കണ്ടെത്തിയ സ്ഥലമാണ് ബൻ ജാക്രി വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള പാർക്കും. വെള്ളച്ചാട്ടം കാണാൻ വേണ്ടി പല തട്ടുകളിലായി മേൽക്കൂര കെട്ടിയ ഇടങ്ങളും, വെള്ളം വീണൊഴുകിപോവുന്ന ഇടത്തിനു കുറുകെ റോപ്പ് വെയും, യാതൊരുവിധ യുക്തിയും മനസിലാക്കാനാവാതെ അവിടവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രതിമകളുമുള്ള ഒരു സ്ഥലം. അവിടെ കുട്ടികൾക്ക് കളിക്കാനായി നിർമിച്ചിരിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്; അല്ലെങ്കിൽ, അതിനുള്ള സംവിധാനങ്ങൾ പണി കഴിപ്പിച്ചിട്ടുണ്ട്. അവയെല്ലാം പക്ഷെ ഞങ്ങൾ ചെല്ലുമ്പോൾ പ്രവർത്തന രഹിതമായിരുന്നു. (തിരിച്ചുവന്ന ശേഷം വായിച്ചപ്പോൾ, സൂര്യ ദേവൻ്റെ പിന്മുറക്കാരനായ ഒരു വൈദ്യൻ്റെ പേരിലാണ് ആ പൂന്തോട്ടം എന്നും, അയാളുടെ പ്രതിമകൾ അവിടെയുണ്ടായിരുന്നുവെന്നും മനസിലായി.) പലപ്രായക്കാരായ സന്ദർശകർ; തുടക്കത്തിൽ വെള്ളം ഉടുപ്പിൽ വീഴുന്നതിനു പോലും എതിർപ്പുണ്ടായിരുന്ന ഒരു പ്രണയ ജോഡികൾ പതുക്കെ പതുക്കെ വെള്ളത്തിലേക്കിറങ്ങി ചിത്രങ്ങളെടുക്കുന്നതു കണ്ടു. ആ പാർക്കിൽ നിന്നിറങ്ങി ഒരു പാലം കടന്ന്, വലിയൊരു റോഡ് വലതു വശത്തേക്ക് തിരിയുന്നു; തീസ്റ്റയുടെ കൈവഴിയായ റാണി ഖോല, (റാണിയുടെ നദി എന്നർത്ഥം). ടിബറ്റൻ പടയാളികളിൽ നിന്ന് രക്ഷപെടാനായി മംഗാർ റാണി ആത്മാഹൂതി ചെയ്ത നദിയാണ് റാണി ഖോല. പ്രൈവറ്റ് ക്വാറി എന്ന സ്ഥലത്ത് സ്കൂട്ടർ നിർത്തി ഞങ്ങൾ റാണി ഖോലയുടെ അരികിലേക്കിറങ്ങി. ഉരുളന്കല്ലുകൾക്ക് മീതെ തെളിഞ്ഞ ജലം ഒഴുകിപ്പോകുന്നു. പാറക്കെട്ടുകൾ നദിയുടെ നടുവിൽ, ഏതോ ആർക്കിടെക്ട് ശ്രദ്ധയോടെ വച്ചതുപോലെ ഭംഗിയായിരിക്കുന്നു. ഞങ്ങൾ ചിത്രങ്ങളെടുത്തു. നാട്ടിലേക്ക് കൊണ്ടു വന്ന് അവൾക്ക് കൊടുക്കാൻ ഞാൻ നദിയിൽ നിന്ന് കുറച്ചു കല്ലുകളും ഒരുപിടി മണലും എടുത്തു. ആ പുഴമണൽ കറുത്ത നിറമുള്ളതും, വെയിലേറ്റാൽ തിളങ്ങുന്നതും ആയിരുന്നു. കുപ്പിയിൽ വാരി നിറച്ച ശേഷം, എൻ്റെ ഉള്ളംകൈ വെള്ളാരംകല്ല് പോലെ തിളങ്ങി. ഇത് കാണുമ്പോൾ അവളുടെ ചിരിയും ഇതുപോലെ തിളങ്ങും.
റാണി ഖോലയുടെ കരയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ബുദ്ധപൂർണിമയുടെ പ്രാർഥന നടക്കുന്ന ഒരു ഓഡിറ്റോറിയത്തിന് മുന്നിലെ ചെറിയ തിരക്ക് മാറ്റി നിർത്തിയാൽ, വളരെ ശാന്തമായ യാത്ര. ഞങ്ങൾ വന്നെത്തിയത്, സിലിഗുരിയിൽ നിന്ന് വന്നു റോഡിലാണ്. വലത്തോട്ട് പോയാൽ റാണിപൂൾ, ഇടത്തോട്ട് പോയാൽ ഗാങ്ടോക്ക്. റാണിപൂളിൽ പ്രത്യേകിച്ചൊന്നുമില്ല എന്ന് ആതിര പറഞ്ഞു. ഗാങ്ടോക്ക് ആണ് അവർക്ക് കാണേണ്ടത്. സ്കൂട്ടർ ഇടത്തോട്ട് തിരിഞ്ഞു. വീണ്ടും യാത്ര മുകളിലേക്ക്.
ഇതുവരെ കാണാത്ത ഒരു വഴി മുന്നിൽ. ഇടത്തേക്ക് ചെറിയൊരു ഇറക്കം പോലെ. എൻ്റെ മനസിലെ കണക്കുകൂട്ടൽ വച്ച്, ടാഗലോങ് നിന്ന് നോക്കുമ്പോൾ ദൂരെക്കാണുന്ന കുന്നിൻ ചെരിവിലേക്കുള്ള വഴിയാവണം. ഈ വഴിയിലാണ് ഒരു വ്യൂ പോയിന്റ് ഉള്ളത്; പേര് മറന്നു പോയിരിക്കുന്നു; (ഗൂഗിളിലെ ഒരു ചെറിയ അന്വേഷണം, ലവേഴ്സ് വ്യൂ പോയിന്റ് എന്നാണെന്നു പറയുന്നു; പക്ഷെ ഗൂഗിളിലെ ചിത്രങ്ങൾ കണ്ടിട്ട് രണ്ടും ഒരേ സ്ഥലമാണെന്നു തോന്നുന്നില്ല.) വഴി താഴേക്കിറങ്ങി. നല്ലൊരു കുത്തിറക്കം; ഒരു വളവ് തിരിയുമ്പോഴേക്കും മുന്നിലെ റോഡ് മുഴുവൻ ചെളിയായി കുഴഞ്ഞു കിടക്കുന്നു, അതിലൂടെ വലിയ ലോറികൾ പോയ പാതകളുണ്ട്, ഒരു സ്കൂട്ടറിന് അതിറങ്ങി താഴേക്ക് പോകാം, പക്ഷെ താഴേക്കിറങ്ങിക്കഴിഞ്ഞാൽ ഈ വഴി ഒരു തിരിച്ചുവരവില്ല. താഴെ റോഡ് പണിക്കായി കുറച്ചു മനുഷ്യരുണ്ട്. അവരോട് അറിയാവുന്ന മുറിഹിന്ദിയിൽ ഈ റോഡ് സഞ്ചാരയോഗ്യമാണോ എന്ന് ചോദിച്ചു. അവർ അതെയെന്ന് പറഞ്ഞു. ആ ചെളി നിറഞ്ഞ വഴുക്കലുള്ള റോഡിലൂടെ ഞങ്ങൾ താഴേക്കിറങ്ങി. ഇടതുവശം ചേരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. വലതു വശത്തു മലയിടുക്കും, ഇടതു വശത്ത് കൊക്കയും നടുവിൽ ചെളിയും നിറഞ്ഞ ഒരു റോഡ്. സഞ്ചാരയോഗ്യമായ കുറച്ചു സ്ഥലം, മുന്നേ പോയ ലോറികൾ നിർമിച്ച പാതകൾ മാത്രം. പേടി പുറത്തുകാട്ടാതിരിക്കാനാണോ എന്നറിയില്ല, ആതിര സംസാരിച്ചുകൊണ്ടേയിരുന്നു. ഒന്നിലധികം തവണ ഇറങ്ങി നടക്കണോ എന്ന് ചോദിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് ഞാൻ മറുപടി കൊടുത്തു. ചെളി നിറഞ്ഞ ഇറക്കമിറങ്ങി നിരപ്പായ ഒരു ഭാഗത്തെത്തിയെങ്കിലും, റോഡ് മെച്ചപ്പെട്ടില്ല. പലയിടങ്ങളിലും മണ്ണിടിഞ്ഞു റോഡിനു കുറുകെ കിടന്നു, വളവുകളിൽ റോഡ് കൊക്കയിലേക്ക് ചെറുതായിടിഞ്ഞും, മറ്റു പല സ്ഥലങ്ങളിലും ടാറിങ് നടന്നും, കൊള്ളാവുന്ന കുറച്ച് സ്ഥലങ്ങളിലൊക്കെ മുന്നിൽ പോകുന്ന ലോറികളെ മറികടക്കാനാവാതെ മന്ദം മന്ദം പോകുന്ന മറ്റ് വണ്ടികളുടെ ചെറിയ നിരകളും. എതിരെ വരുന്ന ഭീമൻ വണ്ടികൾക്കിടയിൽ ആനക്കൂട്ടത്തിനു നടുവിൽ പെട്ട കൊച്ചുകുറുക്കനെ പോലെ ഞങ്ങൾ. അവയുടെ ടയറുകൾ കടന്നു പോയിടത്തെ ആനച്ചാലുകളും, ജെസിബികളുടെ തുമ്പിക്കയ്യുകളും. അതിലിരിക്കുന്ന നിസ്സാരൻമാരായ മനുഷ്യരുടെ കയ്യിലാണ് ഞങ്ങളുടെ ജീവൻ. ഒരുപാട് തവണ റോഡ് ഇവിടെ അവസാനിക്കുന്നുവെന്ന തോന്നലുണ്ടായി. പക്ഷെ അപ്പോഴെല്ലാം എതിരെ വരുന്ന വണ്ടികൾ പുതിയ ലക്ഷ്യസ്ഥാനത്തിൻ്റെ തോന്നലുണ്ടാക്കി. അവർക്കാർക്കെങ്കിലും കൈയൊന്നു പിഴച്ചാൽ, നിമിഷാർധത്തിൽ മരണം. ഒരുമണിക്കൂറോളം വണ്ടി ഓടിച്ച് ഞങ്ങൾ ആ വ്യൂ പോയിന്റിന് മുന്നിലെത്തി. വഴി തിരിയാൻ നേരം വന്ന തോന്നൽ ശരിയായിരുന്നു; ടാഗലോങ്ങ് നിന്നു നോക്കുമ്പോൾ കാണുന്ന കുന്നിൻചെരിവ് തന്നെയാണിത്. വ്യൂപോയിന്റിന് ശേഷമുള്ള റോഡ് അത്രയ്ക്ക് പ്രശ്നമുള്ളതായിരുന്നില്ല, നല്ലതായിരുന്നു എന്നതിന് അർത്ഥമില്ല; മരണഭയം മാറി എന്ന് മാത്രമേ അതിനർത്ഥമുള്ളൂ. കുണ്ടും കുഴിയും അങ്ങനെ തന്നെ കിടന്നു. മുൻപേ പോയ അല്ലെങ്കിൽ എതിരെ വന്ന വണ്ടികളുടെ പൊടി അടങ്ങിയ ശേഷം മാത്രം മുന്നിലേക്ക് പോകാൻ തീരുമാനിച്ച് പതുക്കെ പതുക്കെ മുന്നോട്ട് പോയി. വീണ്ടും അരമണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു വീടിനു മുന്നിൽ നിന്ന് ഒരു ഡ്യൂക്ക് ബൈക്കിൽ ഒരു പയ്യനും പെൺകുട്ടിയും യാത്ര തുടങ്ങുന്നത് കണ്ടു. അവനൊരു അഡിഡാസിൻ്റെ ഷൂസും അവൾ ഒരു നൈക്കി ഷൂസും ഇട്ടിരുന്നു. റോഡ് പണിക്കു വേണ്ടിയല്ലാതെ ഈ റോഡിൽ വന്ന മറ്റൊരാളെ കണ്ടപ്പോൾ ചെറിയ ആശ്വാസം തോന്നി. അവർ പോകുന്ന വഴി എന്തായാലും ഒരു ജനവാസ മേഖലയിലേക്കാകുമല്ലോ; അതിനർത്ഥം ഈ കടന്നു വന്ന വഴി തിരിച്ചു പോകേണ്ടി വരില്ലലോ! റോഡ് ചെന്ന് കേറുന്നത് ബംഗാളിൽ ആയാൽപോലും സാരമില്ല. പക്ഷെ ഒരിക്കൽ കൂടി ഈ കടന്നു വന്ന വഴി തിരിച്ചുപോകാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഈ ഭയം ഒന്നും ഞാൻ സഹയാത്രികയെ കാണിച്ചിരുന്നില്ല. അവൾക്ക് മനസ്സിലായോ എന്നും എനിക്കറിയില്ല. ഞങ്ങൾ ഗാങ്ടോക്കിനെക്കുറിച്ചും, ഈ ട്രിപ്പിൻ്റെ ഉദേശമായുള്ള കാര്യത്തെപ്പറ്റിയും മാത്രം സംസാരിച്ചുകൊണ്ടിരുന്നു. മുന്നിലേക്ക് മാത്രം യാത്ര ചെയ്ത് ഒടുവിൽ, റാണി ഖോലയുടെ തീരത്തു തന്നെ എത്തിച്ചേർന്നു. മുൻപ് കണ്ട അതെ കടവുകൾ, അതേ റോഡ്, തിരിവ്, വീണ്ടും ഗാങ്ടോക്കിലേക്കുള്ള കയറ്റം.
വഴിയിലെ ഒരു ചായക്കടയിലിരുന്നു പേരറിയുന്നതും അറിയാത്തതുമായ പലഹാരങ്ങൾ കഴിച്ചുകൊണ്ടിരുന്നപ്പോൾ ഹർഷദ് വിളിച്ചു.
“എടാ എവിടെയാ?”
“താഴെ.”
“എപ്പോ എത്തും?”
“ഒരു 40 മിനിറ്റ്.”
“ഒരു പത്ത് മിനിറ്റിൽ എത്താൻ പറ്റുമോ?”
“പോടാ! എന്ത് കാര്യം?”
“അല്ല, ഓളും അവന്മാരും ഇവിടുണ്ട്; നീ വന്ന് അവന്മാരെ ഒന്ന് മാറ്റി താ.”
തുടർന്ന് സംഭവിച്ച കാര്യങ്ങളും, നടന്ന സംഭാഷണങ്ങളും പലതും കൂടെയുള്ളവരുടെ സ്വകാര്യതകളാണെന്നതിനാൽ എഴുതാതെയിരിക്കുന്നു. മുൻ ദിവസങ്ങളിൽ പരിചയപ്പെട്ട പയ്യന്മാരോടൊപ്പം ക്രിക്കറ്റ് കളിച്ചതും, അവർ വേറെയെവിടെയോ പോയ ശേഷം, ദിൽഷാനയും ഹർഷദും ഞാനും ആതിരയും അവരുടെ റൂമിൻ്റെ ടെറസ്സിൽ കയറിയിരുന്നു കഥ പറഞ്ഞതുമാണ് ആ വൈകുന്നേരം സംഭവിച്ച മറ്റു സംഭവങ്ങൾ…ബാക്കിയുള്ളവർ ഏതോ പേരെടുത്ത ആർക്കിടെക്ടിൻ്റെ ഓഫീസിലായിരുന്നു. ഇരുട്ടു വീണു തുടങ്ങുമ്പോഴേക്കും ചെറിയ മഴ പെയ്തു. സ്കൂട്ടർ തിരിച്ചു കൊണ്ട് കൊടുക്കാൻ ഭരത് വിളിച്ചു. ഞാനും ആതിരയും രണ്ടു വണ്ടികളിൽ എംജി മാർഗിന് മുകളിലെ റോഡിൽ എന്ന് മാത്രമുള്ള അറിവിന് പുറത്ത് വണ്ടി തിരിച്ചു കൊടുക്കാനിറങ്ങി. കുറച്ചു കുഴങ്ങിയെങ്കിലും സ്ഥലം കണ്ടെത്തി. റെന്റിനു വണ്ടി തരുന്ന ആ കടയുടെ ഉടമ സ്ത്രീയുടെ ബർത്ത്ഡേ ആണെന്നും, അവർക്കെന്തെങ്കിലും വാങ്ങണം എന്നും ഭരത് തീരുമാനിച്ചിരുന്നു. കണ്ണടയ്ക്കു മീതെ സൂരജിനെ പലപ്പോളും തുറിച്ചു നോക്കികണ്ടിട്ടുള്ള ഭരത്തിന് ഇങ്ങനൊരു വശമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
"അവർക്ക് ഭരത്തേട്ടനെ അങ്ങ് ഇഷ്ടപ്പെട്ടു" എന്ന് ഞങ്ങളുടെ പിന്നാലെ അവിടെയെത്തിയ നിമ്മി പറഞ്ഞു. ഞാനും ആതിരയും പോയ ദുർഘടം പിടിച്ചവഴിയെക്കുറിച്ച് ചെറിയ അഭിമാനത്തോടെ ഞാൻ അവരോട് പറഞ്ഞു.
"ആ വഴി ഞങ്ങൾ ഇന്നലെ പോയി" എന്ന് ഭരത്തും. എൻ്റെ മൊട താഴ്ന്നു. "നീ സ്കൂട്ടറിലാ പോയത്?! എങ്ങനേടാ?" എന്ന് ചോദിച്ച് നഷ്ടപ്പെട്ട ഈഗോയെ ഭരത്ത് തന്നെ തിരികെ തന്നു. കടയുടെ ഉടമ ഒരു പ്ളേറ്റ് മോമോസും കൊണ്ട് പ്രത്യക്ഷപ്പെട്ടു. "പത്ത് പേരുണ്ടല്ലേ?"
പത്തു മോമോസ് കൊണ്ടുവരും എന്ന്കരുതിയ ഞങ്ങൾക്ക് അവർ പത്തു പ്ളേറ്റ് മോമോസ് കൊണ്ടു വന്നു. കഴിച്ചിട്ട് തീരാത്തത് ഞങ്ങൾ പൊതിഞ്ഞെടുത്തു. പാൽപാട കൊണ്ടുണ്ടാക്കിയ ഒരു സോസ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ടാക്സിയിൽ ഞങ്ങൾ തിരിച്ചു ടാഗലോങ്ങിലേക്ക്.
അന്ന് രാത്രിയും അമിത്തിനോടൊപ്പം പാട്ടുപാടിയും വർത്തമാനം പറഞ്ഞും ചെലവഴിച്ചതോർക്കുന്നു. ദിൽഷാന മലയാളത്തിലും അവൻ ഹിന്ദിയിലും മറുപടി പറയുന്ന ദൃശ്യമാണ് മനസ്സിൽ തങ്ങി നിൽക്കുന്നത്. അവനു പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ അവൾ അധികം ശ്രമിച്ചില്ല, പക്ഷെ അവനു മനസിലാവുന്നുണ്ടായിരുന്നു. ഇല്ലെങ്കിലും അവൾക്കു പ്രശ്നമില്ല. ഭാഷയ്ക്കെന്തിനാണ് അർത്ഥം? പിറ്റേന്ന് വെളുപ്പിന് ഞാനും ഭരത്തും മാത്രം ഒരു ടാക്സിയിൽ അവിടെ നിന്ന് ബാഗ്ദോഗ്ര എയർപോർട്ടിലേക്ക് തിരിച്ചു. ബാക്കിയുള്ളവരെല്ലാം വൈകുന്നേരം കൊൽക്കത്തയിലേക്കാണ്. വഴിയിൽ പണിമുടക്കിയ കാറിനു പകരം അതിൻ്റെ ഡ്രൈവർ തന്നെ മറ്റൊരു കാർ സംഘടിപ്പിച്ചു തന്നു. തലേന്ന് രാത്രി വെറും മൂന്ന് മണിക്കൂർ മാത്രം ഉറങ്ങിയതുകൊണ്ട് ഞാൻ കാറിലിരുന്ന് ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ഞാൻ മലയിറങ്ങിക്കഴിഞ്ഞു. സിലിഗുരിയുടെ നിരന്ന റോഡ്. ബാഗ്ദോഗ്രയിലെ തിരക്കൊഴിഞ്ഞ എയർപോർട്ട്. പതുക്കെ പതുക്കെ ഞാൻ യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നു.
ഇതെഴുതുമ്പോൾ ഗാങ്ടോക്ക് വളരെ വിദൂരമായ ഒരു ഓർമ മാത്രം. മേഘവിസ്ഫോടനത്തിൽ ആ മനോഹര നഗരം പ്രളയത്തിൽ മുങ്ങിയ വാർത്ത. കൂടെ വന്ന പേര് പോലുമറിയാത്ത ‘സഹയാത്രികർ’ ‘കുട്ടികൾ’ ഇരുളിൽ നക്ഷത്രങ്ങൾ പോലെ പതുക്കെ പതുക്കെ കൂട്ടുകാരായി തെളിഞ്ഞു വന്നു. യഥാർത്ഥ മലഞ്ചെരുവിൽ നക്ഷത്രങ്ങൾ, മനുഷ്യരത്രേ.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ