“എടാ ചെറുക്കാ.. നീയിങ്ങു വന്നേ!”
“അമ്മാവൻ ഒന്ന് ചുമ്മാതിരുന്നേ.. അച്ചായൻ ഇപ്പൊ ഇറങ്ങും.. അന്നേരത്തേക്ക് കാറൊന്നു തുടച്ചിടാം എന്ന് വിചാരിച്ചാ സമ്മതിക്കത്തില്ലായോ?”
“അയ്യോടാ പുന്നാരേ.. അച്ചായൻ എന്നാ ചെയ്യാൻ പോകുവാ എന്നെനിക്ക് അറിയത്തില്ലായോ? നീ ഇവിടുത്തെ കാറിന്റെ വളയം പിടിക്കാൻ തൊടങ്ങീട്ട് രണ്ടാഴ്ച അല്ല്യോ ആയിട്ടൊള്ള്? ഞാനേ കഴിഞ്ഞ 40 കൊല്ലമായിട്ട് അച്ചായന്റെ കൂടെയാ. മനസ്സിലായോ?”
“ആയി”
“എന്നാ ആയിട്ടില്ല. എടാ അങ്ങേര് കല്യാണം കഴിക്കുന്നേനു മുന്നേ, ഈ വാതിൽ കടക്കുമ്പോ എനിക്കറിയാം, എങ്ങോട്ട് പോകാൻ ഇറങ്ങുവാ എന്ന്. അത്രേം മനപ്പൊരുത്തം ആയിരുന്നു. മനസ്സിലായോ?”
“അമ്മാവൻ ഒന്ന് മാറിക്കെ.. ദേഹത്തു വെള്ളം വീഴും.”
ദിവാകരൻ ചെറിയ ഈർഷ്യയോടെ രണ്ടു ചുവടു പിന്നിലേക്ക് എടുത്തു.
“എടാ ചെറുക്കാ.. അങ്ങേര് ഇപ്പൊ കഷായപ്പുല്ല് വെള്ളത്തിൽ ഇട്ടു കാണത്തേ ഒള്ള്. അതിനി തെളയ്ക്കണം, തണുക്കണം, എന്നിട്ട് കുളിക്കണം. മുടി ഒണങ്ങിയേച്ച് കറുത്ത പാന്റും വെള്ള ഷർട്ടും എടുത്തിടണം. എന്നിട്ടേ പുറത്തോട്ട് വരത്തൊള്ളൂ”
“അതൊക്കെ ശരി, എന്നെ ഇങ്ങനെ ചെറുക്കാ ചെറുക്കാ എന്ന് വിളിക്കുന്നതേ എനിക്കത്ര പിടിക്കണില്ല. എനിക്ക് നല്ലൊരു പേരുണ്ട്.”
“ആന്നോ.. എന്നതാ നിന്റെ പേര്?”
“ഗോപാലകൃഷ്ണൻ”
“ഓ വലിയ കോവാല കിഷ്ണൻ.. ഇതാണോടാ നല്ല പേര്? അങ് തിരുവനന്തപുരത്താർന്നേൽ നിന്നെ കൊവാലെഷ്ണൻ എന്ന് വിളിച്ചേനെ..അറിയാവോ?”
“ഓ”
“ആ എന്നാ അറിയത്തില്ല. എടാ ഇവുടുത്തെ അന്നാമ്മച്ചി ഇല്ലേ? അവരുടെ ശരിക്കും പേര് കുമാരി എന്നായിരുന്നു അറിയാവോ?”
“അതിനിപ്പോ എന്നാ?”
“എടാ ആ പേരിന് ഗും പോരാ എന്നും പറഞ്ഞ് തോമാച്ചായൻ ഇട്ടു കൊടുത്ത പേരാ അന്ന. നിന്റെ പേരും അങ്ങേര് മാറ്റുവായിരിക്കും”
“അയ്യേ, എന്തായാലും മാറ്റി, പിന്നെ നല്ല പേര് വല്ലതും ഇട്ടൂടായിരുന്നോ..”
“ആ പഷ്ട്. വെറുതെയാണോ നീ വളയം പിടിക്കലിൽ നിന്ന് പോയെ! എടാ അതേതാണ്ട് പുസ്തകത്തിലെ നായികേടെ പേരാ! അറിയാവോ? അച്ചായൻ പണ്ട് പട്ടം കിട്ടാൻ പടിക്കുന്ന കാലത്ത് വായിച്ച നോവലാ.. അതെങ്ങനെ? പഠിപ്പും വിവരോം ഇല്ലാത്തോൻമാർക്ക് എങ്ങനറിയാൻ!”
“ദേ കാർന്നോരെ! ഞാൻ അന്തസ്സായിട്ട് ഡിഗ്രി വരെ പഠിച്ചതാ! തലേലെഴുത്ത് കൊണ്ട് വേറെ ജോലി കിട്ടീല! അല്ല.. ഇതിനെന്നാ ഒരു കുറവ്?”
“ദിവാകരാ.. ഗോപാലകൃഷ്ണനോട് ഇങ്ങു കേറി വരാൻ പറ!” അകത്തു നിന്ന് തോമസ് മാപ്പിള വിളിച്ചു പറഞ്ഞു.
“ചൂട് വെള്ളം എടുത്ത് വെക്കാൻ വിളിക്കുവാ.. ചെല്ല്”
ഗോപാലൻ അകത്തു കയറി വളരെ പെട്ടെന്ന് പുറത്തു വന്നു.
“അല്ലമ്മാവാ, അച്ചായൻ പട്ടം കിട്ടാൻ പഠിക്കാൻ പോയെന്നോ? പിന്നെന്നാ അച്ചനാവാതെ പോയത്?”
“ആ കഥ വല്ലതും പുതിയ പിള്ളാർക്ക് അറിയാവോ! അന്നത്തെ വല്യ കഥയായിരുന്നു!”
“ഓ ഞങ്ങക്ക് ഒന്നും അറിയത്തില്ല. നിങ്ങള് വല്യ പണ്ഡിതൻ.”
“പെടയ്ക്കാതെടാ കോവാലകൃഷ്ണാ! കഥ പറയട്ടെ!”
“അച്ചായൻ ഇവിടെ പണ്ട് ആരായിരുന്നു എന്നറിയാമോ? എല്ലാ പള്ളിപ്പെരുന്നാളിനും ആരെങ്കിലും ഒക്കെയായിട്ട് തല്ലുപിടിക്കും. ഈ... തിരക്കിനിടേല് പെണ്ണുങ്ങളെ തോണ്ടാനും പിടിക്കാനും വരുന്ന അവന്മാരുമായിട്ട്.. അച്ചായൻ ഇവിടുന്ന് നല്ല പളപളായൊള്ള മുണ്ടും ഉടുത്തോണ്ട് പോയിട്ട്, അതിമ്മേൽ ചോരയും ആക്കിയിട്ടാ വരുന്നേ. ഈ മുണ്ടു പറിച്ചടി ഇല്ലേ? മറ്റേ സിനിമായേൽ കാണിച്ച? അത് കണ്ടുപിടിച്ചതാരാന്നാ?”
“പിന്നെ ഇതൊക്കെ ശരിക്കും ഉള്ളതാണോ?”
“എടാ ചെറുക്കാ ഞാൻ എന്നാത്തിനാ കള്ളം പറയുന്നേ?”
“ആ എന്നിട്ട്?”
"ഇവിടെ വന്ന മദർ സുപ്പീരിയറിന്റെ മരുമോൻ ചെക്കനെ ഒരു ദിവസം അച്ചായൻ പിടിച്ച് തല്ലി! ചാവണ്ടേ ആയിരുന്ന്. അന്ന് അച്ചൻ പിടിച്ച് തിരുരൂപത്തിന്റെ മുന്നിൽ വച്ച് സത്യം ചെയ്യിച്ച്, തല്ലു നിർത്തി നന്നായിക്കോളാമെന്ന്… അതു കഴിഞ്ഞ്, ഒരു മൂന്നു മാസം കഴിഞ്ഞ്, ഒരു പാതിരാത്രിക്ക് ദൈവവിളി വന്നു! ഇവുടുത്തെ അമ്മച്ചിക്ക് തീരെ താല്പര്യം ഇല്ലായിരുന്നേ.. പിന്നെ, അച്ചായൻ തീരുമാനിച്ചാ തീരുമാനിച്ചതാ! സെമിനാരിൽ പഠിക്കാൻ അങ് ചെന്നൈക്ക് പോക്കളഞ്ഞു! അവിടുന്ന് ഒരു ക്രിസ്മസിന് തിരിച്ചു വരുന്ന വഴി ട്രെയിനിൽ വച്ചാ അന്നാമ്മേ കാണുന്നെ! എന്നാ ചന്തിയായിരുന്നെന് അറിയാമോ?”
“അമ്മാവൻ ചന്തം എന്നാണോ ഉദ്ദേശിച്ചെ?”
“ഞാൻ പറഞ്ഞത് തന്നാ ഉദ്ദേശിച്ചേ! എനിക്കതു പറയാം! ഞാനും അച്ചായനും തമ്മിലുള്ള ഇരിപ്പു വശം അതാ! മനസ്സിലായോ?”
“ഉവ്വ!”
“എന്നാ മനസിലായിട്ടില്ല. ഈ ട്രെയിനിലെ രണ്ടു തട്ടൊള്ള സീറ്റ് ഇല്ലായോ?”
“ഓ സൈഡ് സീറ്റ്”
“ആ സീറ്റ്.. അതൊക്കെ അറിയാല്ലേ? മിടുക്കാ! അതിന്റെ മേലെ വരീൽ കിടക്കുവായിരുന്നു അച്ചായൻ. അതിനു ഇപ്പുറത്തെ മൂന്നു നെല സീറ്റിന്മേൽ ചരിഞ്ഞ് കെടക്കുവായിരുന്നു അന്നമ്മ! അന്നത്തെ പേര് കുമാരിന്നാണെ. അന്നേരം, ഈ വാഴ നടാൻ കുന്നു കൂട്ടിയ പോലൊള്ള പിന്നാമ്പുറം കണ്ടതും.. അച്ചായൻ ദൈവവിളിക്ക് ചെവി പൊത്തിക്കളഞ്ഞ്. അച്ചായനും സുന്ദരനായിരുന്നെ! തിരുവന്തോരത്ത് എങ്ങാണ്ട് എറങ്ങാൻ ഇരുന്ന അന്നാമ്മ അന്ന് അച്ചായന്റെ കൂടെ കൊല്ലത്തിറങ്ങി. പിന്നെ ഇവിടുന്ന് പോയിട്ടില്ല. എന്നാ പുകിലാ ഉണ്ടായേ എന്നറിയോ? ഇവരുടെ അപ്പനപ്പൂപ്പന്മാരായിട്ട് വല്യ കുടുംബക്കാരാ.. തിരുവനന്തപുരത്തുന്നു രാജാവുമായിട്ടെങ്ങാണ്ട് എന്തോ വഴക്കിട്ട് വന്ന കുടുംബക്കാരാ.. അവിടോട്ട് ആരാ ഏതാ എന്നറിയാത്ത ഒരു പെണ്ണിനേം കൊണ്ട് കേറി വന്നാലോ! അതും പട്ടം വാങ്ങാൻ പോയ ചെക്കൻ!”
“അപ്പൊ അന്നാമ്മേടെ അച്ഛനും അമ്മയുമൊക്കെ?”
“അപ്പനും അമ്മയുമൊന്നും ഇല്ലാത്ത കൊച്ചായിരുന്നെന്നാ തോന്നണേ! ആരും അന്വേഷിച്ചും വന്നിട്ടില്ല.. അന്നാമ്മ എങ്ങോട്ടും പോയിട്ടുമില്ല.”
ആ വലിയ വീട്ടിൽ നിന്ന് പത്തുകിലോമീറ്റർ മാറി ആറു നിലയുള്ള വലിയ ആശുപത്രിക്കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തണുത്ത ഐ സി യുവിൽ ശ്വാസകോശത്തിലേക്ക് നേരിട്ട് കുഴലുകൾ ഘടിപ്പിച്ച് പല താളത്തിൽ മൂളുന്ന യന്ത്രങ്ങളുടെ നടുവിൽ അന്നാമ്മ കിടക്കുന്നുണ്ടായിരുന്നു. വേദനയറിയാതിരിക്കാനും, അനങ്ങാതിരിക്കാനും കൊടുത്ത മയക്കുമരുന്നുകൾ കണ്ടതും കാണാത്തതുമായ പല ഓർമ്മകളും കാഴ്ചകളും അവരുടെ മനസ്സിൽ ഉയർത്തിവിട്ടുകൊണ്ടിരുന്നു. പത്ത് നാല്പത് വർഷം മുൻപ്, ഭയം കാരണം മനസ്സ് മുക്കിക്കളഞ്ഞ ഒരോർമ്മ പതുക്കെ മുകളിലേക്കുയർന്നു വന്നു.നഴ്സിങ്ങിന് മദ്രാസിൽ പഠിക്കുമ്പോഴാണ് ആ ഉയരമുള്ള വെളുത്ത മനുഷ്യനെ പരിചയപ്പെടുന്നത്. തിരുവനന്തപുരത്തെ ഏതോ വല്യ രാജകുടുംബത്തിലെ ആളായിരുന്നു; മദ്രാസിൽ സിനിമ പഠിക്കാൻ വന്ന ഒരു സുന്ദരൻ. കോളേജിന് മുന്നിൽ വരുമായിരുന്നു ഇടയ്ക്ക്. കൂടെയുള്ള കൂട്ടുകാരികളാണ് ആദ്യം കാണിച്ചു തന്നത്. അവരിൽ പലരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുമെങ്കിലും കുമാരിക്ക് അറിയാമായിരുന്നു അവൻ തന്നെയാണ് നോക്കുന്നതെന്ന്. ഒരു ദിവസം അവൻ മോട്ടോർ സൈക്കിൾ കൊണ്ടു വന്നിട്ട് ചോദിച്ചു, മറീനയിൽ കപ്പലണ്ടി തിന്നാൻ വരുന്നോ എന്ന്. അങ്ങനെ കുറെ സായാഹ്നങ്ങൾക്കും മസാല പുരട്ടി ചുരുട്ടി ചുട്ടെടുത്ത ഉരുളക്കിഴങ്ങുകളോടൊപ്പം പങ്കു വച്ച വർത്തമാനങ്ങൾക്കും ശേഷം അവനോട് സത്യം തുറന്നു പറഞ്ഞു, ആരോരും ഇല്ലാത്ത പെണ്ണാണെന്നും തറ തുടച്ചും തുണി കഴുകിയുമുണ്ടാക്കിയ കാശിനാണ് പഠിക്കുന്നതെന്നും.
“ഞാൻ സിനിമ എടുക്കുമ്പോ കുമാരിയെ നായികയാക്കും.”
“അയ്യേ.. എനിക്ക് അഭിനയിക്കാൻ ഒന്നും അരിയില്ല”
“അറിയില്ല.. റ.. റമ്മിന്റെ റാ”
“അറിയില്ല”
“അതൊക്കെ ഞാൻ പഠിപ്പിക്കാം. മിസ് കുമാരി ഷീലയെക്കാളും വലിയ നടിയാവും.”
“എനിക്ക് അഭിനയിക്കാനൊന്നും വയ്യായെ! ആരും പഠിപ്പിക്കുകേം വേണ്ട..”
“എന്നാ അഭിനയം പഠിക്കണ്ട. വേറെ പലതും പഠിപ്പിക്കാനും പറ്റും.”
“അയ്യടാ. ആദ്യം ഞാൻ പഠിച്ച് നല്ലൊരു നഴ്സ് ആവട്ടെ. പിന്നെ രാജാവും രാജ്ഞിയും സമ്മതിച്ചാൽ കല്യാണം.. എന്നിട്ട് മതി ബാക്കി.”
“ദേ ഞാൻ പണ്ടേ പറഞ്ഞതാ.. രാജകുടുംബവുമായിട്ട് ഒരകന്ന ബന്ധം, അത്രയേ ഉള്ളൂ.. അല്ലാതെ ഞാൻ രാജകുമാരനൊന്നും അല്ല. പക്ഷെ നിന്നെ ഞാൻ റാണിയെപ്പോലെ നോക്കും.”
അയാളുടെ കണ്ണിൽ കണ്ടത് മുൻപെങ്ങും കാണാത്ത ഒരു ഭാവമായിരുന്നു. ഇതാണോ കരുണ?
തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ഒരു ജോലി ശരിയാക്കി എന്ന് അയാൾ വന്നു പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. കൂട്ടുകാരികൾ പലരും അപേക്ഷകളയച്ച് കാത്തിരിക്കുമ്പോൾ റാങ്കുകാരിയല്ലാതിരുന്നിട്ടും തനിക്ക് ജോലി കിട്ടിയതിൽ കുറ്റബോധം കലർന്ന ഒരഭിമാനം അവൾക്കു തോന്നി.
“ഇതെങ്ങനെ? എന്നെക്കാളും യോഗ്യതയുള്ളവരുള്ളപ്പോ”
“രാജാവിന് ഇപ്പോഴും തിരുവനന്തപുരത്ത് പ്രജകളുണ്ടെന്നു കരുതിക്കോ!”
തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ മുഖത്തോടു മുഖം നോക്കി മുകളിലെ തട്ടിൽ ഇരുവശങ്ങളിലുമായി അവർ കിടന്നു. വിഴിഞ്ഞത് ഒരു വീട് കണ്ടു പിടിക്കാമെന്നും കൂട്ടിനു വേണമെങ്കിൽ ആരെയെങ്കിലും സംഘടിപ്പിക്കാമെന്നും അയാൾ പറഞ്ഞു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ജനലിനു പുറത്ത് ഒരു ചായക്കാരൻ വന്നു. അരയിലെ കെട്ടിൽ നിന്ന് ഒരു രൂപ എടുത്ത് അയാൾക്ക് നീട്ടി. അയാൾക്ക് ചില്ലറ വേണ്ടിയിരുന്നു. അമ്പതു പൈസ തിരയാനായി രാജകുമാരൻ്റെ ബാഗിൽ പരതിയപ്പോഴാണ് ആ കത്ത് കിട്ടിയത്. ശ്രീലങ്കയിലേക്കുള്ള ബോട്ടിൽ പെണ്ണിനെ കയറ്റാൻ നേരം ഈ കത്ത് കാണിച്ചാൽ മതിയത്രെ. ബാക്കി പണം അപ്പോൾ തരാമെന്ന്. കുമാരിയുടെ തല കറങ്ങി. ഒരു ബലത്തിനു സീറ്റ് ഉറപ്പിച്ചു വച്ചിരുന്ന ചങ്ങലയിൽ പിടിച്ചു നിന്നു. ട്രെയിൻ അനങ്ങിത്തുടങ്ങി. അയാളിപ്പോ സീറ്റിലേക്ക് തിരിച്ചു വരും. അടുത്ത സ്റ്റേഷനിൽ ട്രെയിനെത്തുന്ന വരെ താനറിഞ്ഞത് അയാളറിയാൻ പാടില്ല. മുഖഭാവം മാറാതെയിരിക്കണം. താൻ ഷീലയേക്കാൾ അഭിനയിക്കണം.
ട്രെയിൻ വീണ്ടും മുന്നോട്ട് നീങ്ങി. ഇരുട്ടും നിശബ്ദതയും അതിനുള്ളിൽ തളംകെട്ടി നിന്നു. ഓരോ തവണ ചൂളമടിക്കുമ്പോഴും അവളുടെ നെഞ്ചും പിടച്ചു.
“കുമാരി” ഇരുട്ടിൽ നിന്നും അയാളുടെ ശബ്ദം കേട്ടു. കുമാരി ഉറങ്ങിയ പോലെ കിടന്നു.
“ഉറങ്ങിയോ?”
മറുപടിയില്ല.
“നീ ഉറങ്ങിയില്ല എന്നെനിക്കറിയാം.. ഇന്ന് നിനക്കുറങ്ങാൻ പറ്റുമോ?!”
ഇടറുന്ന തൊണ്ടയിൽ ധൈര്യം വരുത്തി അവൾ പറഞ്ഞു, “ഉറങ്ങിയിട്ടില്ല.”
“ഞാൻ അങ്ങോട്ട് വരട്ടെ, എനിക്കു കൂടി കിടക്കാൻ അവിടെ ഇടമുണ്ടാവുമോ?”
“അത് പിന്നെ…”
ചെറിയൊരു നിശബ്ദത.
“നീ ആ കത്ത് വായിക്കുന്നത് ഞാൻ കണ്ടു. ഇനി ജീവനോടെ നീ തിരുവനന്തപുരത്തെത്തണമെങ്കിൽ ഞാൻ അവിടെ കിടക്കണം. ഇല്ലെങ്കിൽ എനിക്ക് നഷ്ടമൊന്നുമില്ല. കിട്ടിയ കാശ് ഞാൻ മടക്കിക്കൊടുക്കും.”
കുമാരി ചലനമറ്റു പോയി. ഇനി ഇരുട്ടിലൂടെ അയാൾ തന്റെ കിടക്കയിലേക്ക് വരും. ശ്രീലങ്കയിൽ ഏതെങ്കിലും ഇരുട്ടറയിൽ വീണ്ടും വീണ്ടും കൊല്ലപ്പെടുന്നതിന് മുൻപ്, അയാൾ തന്നെ ഇവിടെ വച്ച് കൊല്ലും. ഇല്ലെങ്കിൽ, ഒരേ ഒരു തവണ മാത്രം മരിക്കണം. ഏതാണ് നല്ല തീരുമാനം?
അയാൾ മുകളിൽ നിന്ന് താഴേക്ക് ചാടുന്ന ശബ്ദം കേട്ടു. അകതെന്തോ വെട്ടം മിന്നിമാഞ്ഞെങ്കിലും നോക്കാൻ തോന്നിയില്ല. മരണത്തിന്റെ രൂപമെന്തായിരിക്കും?
സമയം വല്ലാതെ ഇഴഞ്ഞു നീങ്ങി. നിമിഷങ്ങൾക്കുള്ളിൽ അയാൾ അടുത്ത് വരും. തന്റെ ശരീരത്തിലും മനസിലും നഖപ്പാടുകൾ പതിയും. തീവണ്ടിയിലെ ഇരുട്ടും കണ്ണടച്ചുണ്ടാക്കിയ ഇരുട്ടും തമ്മിൽ വ്യത്യാസമില്ല. പക്ഷെ അയാൾ വന്നില്ല. പക്ഷെ അവൾക്ക് സമാധാനിക്കാനായില്ല. വരാൻ പോകുന്ന ദുരന്തത്തിന്റെ കാത്തിരിപ്പിനു ദുരന്തത്തോളം ഭാരമുണ്ട്. ട്രെയിനിന്റെ വേഗം കുറയുന്നു. ഇരുട്ടിലേക്കിറങ്ങി ഓടിയാൽ? ട്രെയിനിൽ നിന്ന് ചാടിയാൽ? മരിച്ചില്ലെങ്കിൽ ഒരുപക്ഷെ സംഭവിക്കാവുന്ന ഏറ്റവും നല്ല ഫലം അതാവില്ലേ? ഓടുന്ന ട്രെയിനിന്റെ വാതിൽക്കലെത്തിയ കുമാരി ഒന്നു മടിച്ചു. കാലുകൾക്ക് ഒരല്പം ബലം കുറയുന്നു. ഏതു നിമിഷവും ഇരുട്ടിൽ നിന്നയാൾ നടന്നെത്താം. ചാടുക എന്നതാണ് തന്റെ അവസാനത്തെ പ്രത്യാശ. മുന്നിൽ വിളക്കുകാലുകളിലെയും വീടുകളിലെയും വെളിച്ചത്തിന്റെ കുത്തുകൾ പിന്നിലേക്ക് ഓടിയകലുന്നു. ട്രെയിനിന്റെ കടകട ശബ്ദം മാത്രം. അറിയാതെ വാതിലിന്റെ കമ്പിയിൽ കൈ മുറുകി. കുമാരി കണ്ണുകൾ ഇറുക്കിയടച്ചു. ഒരു ചുവടു മുന്നോട്ട് വച്ചു. പക്ഷെ വീണത് പിന്നോട്ടാണ്. പിന്നിൽ നിന്നാരോ ഒരു നീളൻ തുണികൊണ്ട് വലിച്ചിട്ടിരിക്കുകയാണ്. കണ്ണ് തുറന്നപ്പോൾ ഒരപരിചിതൻ തനിക്കു നേരെ ടോർച്ചടിക്കുന്നു. തന്നെ മരണത്തിൽ നിന്ന് വലിച്ചിട്ട തുണി അയാളുടെ മുണ്ടാണ്. ആ മുണ്ട് അയാൾ വീണ്ടും മുറുക്കിയുടുക്കുന്നു.
“വേണ്ടാതീനം കാണിക്കല്ലേ! ചാവാൻ എളുപ്പമാ. ജീവിക്കാനാ പാട്.”
അന്ന് അയാളുടെ മുഖത്തു കണ്ടതാണ് കരുണ എന്ന് പിന്നീട് മനസിലായി.
“എന്റെ പേര് തോമസ്. തോമാച്ചൻ എന്നാ നാട്ടിൽ എല്ലാരും വിളിക്കുന്നെ. എന്നതാ കൊച്ചിന്റെ പേര്?”
കുമാരി സ്തബ്ദയായിരുന്നു. എവിടെ തന്നെ ഉപദ്രവിക്കാൻ വരുന്നയാൾ?
“കൊച്ച് ഒറ്റയ്ക്കാണോ? എങ്ങോട്ടാ?”
മറുപടിയില്ല.
“ഇന്നാ ഈ ടോർച്ച് വച്ചോ. ഇരുട്ടത്ത് ഒറ്റയ്ക്കിരിക്കണ്ട. ഞാൻ അപ്പർത്തേ കമ്പാർട്മെൻ്റിലുണ്ടാവും. എന്തേലും ഒണ്ടേ വിളിച്ചാ മതി. ആവശ്യം ഇല്ലാത്ത തോന്നൽ ഒന്നും വേണ്ട കേട്ടോ!”
അവളുടെ സീറ്റ് വരെ തോമാച്ചൻ കൂടെ വന്നു. കുടിക്കാൻ ഒരു കുപ്പി വെള്ളം കൊടുത്തു. കുമാരിക്കെല്ലാം വളരെ യാന്ത്രികമായി തോന്നി. തന്റെ വിശ്വാസത്തെ നശിപ്പിച്ച, തന്നെ നശിപ്പിക്കാൻ വരുന്ന ആളെവിടെ? മരണം വൈകുന്നതെന്തേ?
അയാൾ പിന്നെ വന്നില്ല.
കൊല്ലത്ത് ട്രെയിൻ നിർത്തുമ്പോ തോമാച്ചൻ അടുത്തേക്ക് വന്നു.
“ഇവിടെ ഇറങ്ങുവാ ഞാൻ. വരുന്നോ? അടുത്തൊരു സെമിനാരി ഉണ്ട്, അവിടുത്തെ ആലയത്തിൽ നിക്കാം.”
തോമാച്ചനോടുള്ള വിശ്വാസത്തെക്കാൾ, അവളെ അവിടെയിറക്കിയത് മറ്റേയാളോടുള്ള പേടിയായിരുന്നു.
“ദിവാകരാ.. നീ ഇവളെ പള്ളിടെ ആലയത്തിൽ ആക്കിയേച്ച് വാ.. ഞാൻ ഇവിടിരിക്കാം. മദർ സുപ്പീരിയറിനോട് ഞാൻ വന്നു കാണാം എന്ന് പറഞ്ഞേക്ക്.”
കുമാരി ദിവാകരന്റെ സൈക്കിളിനു പുറകിൽ കയറി. ചരൽ വിരിച്ച വഴിയുടെ ഇരുവശത്തും ചെറി മരങ്ങൾ നിൽക്കുന്ന ഒരു പള്ളിമേടയുടെ മുന്നിൽ സൈക്കിൾ നിന്നു.
ദൈവവിളിയുണ്ടായി സെമിനാരിയിൽ ചേരാൻ പോയ തോമസിന്റെ മടങ്ങി വരവ് പള്ളിമുക്കിൽ വലിയ ചർച്ചയായിരുന്നു. ക്രിസ്തുമസിനു വരുമ്പോ അമ്മച്ചിക്ക് ബൈബിളും വെള്ള മുത്ത് കൊണ്ടുള്ള കൊന്തയും കൊണ്ട് വരാമെന്ന് പറഞ്ഞു പോയ തോമാച്ചൻ, കൊല്ലം ജില്ല കണ്ടിട്ടില്ലാത്ത അത്രയും സുന്ദരിയായ ഒരു പെണ്ണിനേം കൊണ്ടുവന്നത് പള്ളിയിൽ കുർബ്ബാനയ്ക്ക് വന്ന എല്ലാവരും പരസ്പരം ചർച്ച ചെയ്തു. തോമസിന്റെ അമ്മച്ചിക്ക് ഒരു കള്ള നെഞ്ചുവേദന വന്നു; “എനിക്ക് അച്ചനാവണം എന്ന് പറഞ്ഞപ്പോഴും അമ്മച്ചിക്ക് ഈ നെഞ്ചുവേദന വന്നതായിരുന്നു” എന്ന് പറഞ്ഞ്, തോമസ് ആ രോഗം ശരിപ്പെടുത്തിക്കളഞ്ഞു. അച്ചനാവാതെ തന്നെ കാണിച്ച അത്ഭുതം എന്ന് ദിവാകരൻ തമാശ പറഞ്ഞു. ഒരു ദിവസം കുശുകുശുക്കലുകൾക്കെല്ലാം അന്ത്യഅത്താഴം ഒരുക്കികൊണ്ട് തോമസ് പ്രഖ്യാപിച്ചു, “അവളെ ഞാൻ മിന്നു കെട്ടാൻ പോകുന്നു. അവൾക്കു വേണമെങ്കിൽ പള്ളിയിൽ ചേരാം, ഇല്ലെങ്കിൽ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകാൻ നേരം, അമ്പലത്തിന്റെ മുന്നിലും ഞാൻ എന്റെ സൈക്കിൾ നിർത്തും; അത്രേ ഒള്ള്”. പക്ഷെ കുമാരി പള്ളിയിൽ ചേർന്നു, അന്നുമുതൽ അന്നമ്മ എന്ന പേരിനു മാത്രം വിളികേട്ടു. പിന്നീട് തോമസിന്റെ മൂന്ന് പുത്രന്മാരെപ്പെറ്റു. തോമാച്ചന്റെ സ്വത്തുവകകൾ വളർന്നു വന്നപ്പോൾ അതിന്റെ കണക്കു നോക്കാൻ ദിവാകരന്റെ മേലധികാരിയായി. പള്ളിമുക്കിലെ ആദ്യത്തെ ക്ലിനിക്കിലെ ഹെഡ്നേഴ്സ് ആയി. മൂത്തമോന്റെ മരുമോൾക്ക് സാരി ഉടുക്കാനും,മോന് അവളെ സ്വന്തം പാതിയായി കാണാനും പഠിപ്പിച്ചു കൊടുത്തു.
കുളികഴിഞ്ഞ് തോമാച്ചായൻ പുറത്തിറങ്ങി. അലമാര തുറന്ന് അലക്കി ഉണക്കി മടക്കി വച്ചിരുന്ന അടിവസ്ത്രം പുറത്തെടുത്തു. നനഞ്ഞ തോർത്തിനടിയിലൂടെ അടിവസ്ത്രം നനയാതെ ശ്രദ്ധിച്ച് മുകളിലേക്കിട്ടു. ഇടതു കാല് ചവിട്ടി നിന്ന് വലതു കാലുയർത്തിയപ്പോൾ ശരീരം ഒന്നുലഞ്ഞു. വയസായില്ലേ.. ഇനിയിപ്പോ ഒന്നുടെ ഒക്കെ ശ്രദ്ധിക്കണം. ദിവാകരൻ പുതിയ ഡ്രൈവർ ചെക്കനോട് കിന്നാരം പറയുന്നത് ജനല് വഴി കാണാം. അന്നമ്മയെ ആദ്യം കാണുമ്പോ തനിക്ക് ഈ ചെക്കന്റെ പ്രായമേ വരൂ. ആ രാത്രി തോമാച്ചന്റെ മനസിലും പൊങ്ങി വന്നു.
ക്രിസ്തുമസിന് അമ്മച്ചിക്കുള്ള ബൈബിളും കൊന്തയുമായി, അന്നത്തെ മദ്രാസ്, ഇന്നത്തെ ചെന്നൈയിൽ നിന്ന് കേറാൻ നേരം, മനസ്സിൽ കർത്താവും, വരട്ടിയ ബീഫും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രെയിനിൽ തീരെയും തിരക്കുണ്ടായിരുന്നില്ല. തൊട്ടപ്പുറത്തെ കമ്പാർട്ട്മെന്റിലെ രണ്ടുപേരും അടക്കിപ്പിടിച്ചു വർത്താനം പറയുന്നത് കേൾക്കാം. എന്താ പറയുന്നത് എന്ന് വ്യക്തമല്ല. കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുന്ന പിള്ളേരാണെന്നു തോന്നുന്നു. അന്യന്റെ വർത്തമാനത്തിൽ ചെവി കടത്തണ്ട എന്നു കരുതി മേലെയുള്ള ബെർത്തിൽ കയറി കണ്ണടച്ചു കിടന്നു. എവിടാണെന്നറിയില്ല ഒരു ചായക്കാരന്റെ ഉച്ചസ്ഥായിലുള്ള വിളി കേട്ട് കണ്ണ് തുറന്നു. കമ്പാർട്മെന്റിൽ ഇരുട്ടാണ്. അപ്പുറത്തെ കമ്പാർട്മെന്റിലെ പുരുഷൻ നിലത്തിറങ്ങുന്ന ശബ്ദം കേൾക്കാം. അയാളുടെ കാലടി, ബോഗിയുടെ അറ്റത്തെ മൂത്രപ്പുരയിലേക്കകന്നു പോയി. ആ പെണ്ണും നിലത്തിറങ്ങുന്നു. എന്തോ ഉദ്ദേശം ഉണ്ട്. ശെടാ, കല്യാണം ആകുന്നവരെ ഒന്ന് ക്ഷമിച്ചാലെന്നാ? അല്ല, അവൾ പുറകെ പോകുന്നില്ല, അയാളുടെ ബാഗ് വലിച്ചു നീട്ടുകയാണ്. അമ്പടി കള്ളി.. അവന്റെ പണം അടിക്കലാണോ ലക്ഷ്യം? കള്ളം കയ്യോടെ പിടിച്ചാലോ? ഇരുട്ടാണ്, ഒന്നും കാണാൻ വയ്യ. തോമാച്ചൻ സീറ്റിന് അറ്റത്തേക്ക് സ്വയം നീങ്ങിക്കിടന്നു. പുതപ്പിനിടയിലൂടെ ഒളികണ്ണിട്ടു നോക്കി. കടന്നു പോകുന്ന വിളക്കുകളിൽ നിന്ന് അകത്തേക്ക് തെറിച്ചു വീഴുന്ന വെളിച്ചക്കഷണങ്ങളിൽ നിന്ന് എന്തൊക്കെയോ ദൃശ്യങ്ങൾ കാണാം. അവളൊരു കത്ത് വായിക്കുന്നു, അയാൾ ഇത് ദൂരെ നിന്ന് കാണുന്നുണ്ട്. അയാൾ കാണുന്നത് അവൾ കാണുന്നില്ല. ഇതെന്ത് നാടകമാണ് ഈ നടക്കുന്നത്? അവൾ പതുക്കെ കത്ത് തിരികെ വച്ച് മുകളിലേക്ക് കയറുന്നു. ബോഗിയിൽ വീണ്ടും ഇരുട്ട്.
“കുമാരി” ഇരുട്ടിൽ നിന്നും അയാളുടെ ശബ്ദം കേട്ടു.
നിശബ്ദത
“ഉറങ്ങിയോ?”
മറുപടിയില്ല.
“നീ ഉറങ്ങിയില്ല എന്നെനിക്കറിയാം.. ഇന്ന് നിനക്കുറങ്ങാൻ പറ്റുമോ?!”
അവളുടെ ഇടറുന്ന ശബ്ദം, “ഉറങ്ങിയിട്ടില്ല.”
“ഞാൻ അങ്ങോട്ട് വരട്ടെ, എനിക്കു കൂടി കിടക്കാൻ അവിടെ ഇടമുണ്ടാവുമോ?”
“അത് പിന്നെ…”
ഉദ്വേഗം നിറഞ്ഞ ചെറിയ നിശബ്ദത. ഒളിച്ചുകേൾകുന്നതു പാപമല്ലേ കർത്താവെ?
“നീ ആ കത്ത് വായിക്കുന്നത് ഞാൻ കണ്ടു. ഇനി ജീവനോടെ നീ തിരുവനന്തപുരത്തെത്തണമെങ്കിൽ ഞാൻ അവിടെ കിടക്കണം. ഇല്ലെങ്കിൽ എനിക്ക് നഷ്ടമൊന്നുമില്ല. കിട്ടിയ കാശ് ഞാൻ മടക്കിക്കൊടുക്കും.”
ട്രെയിനിനകത്തെ ഇരുട്ടിലും തോമാച്ചന്റെ തലയിൽ വെട്ടം തെളിഞ്ഞു. ഇവൻ അവളെ ചതിച്ചു കടത്തിക്കൊണ്ട് വന്നതാണ്. തന്റെ മുന്നിൽ വച്ചൊരു പെണ്ണ് പിച്ചിച്ചീന്തപ്പെടാൻ പോവുകയാണ്. അത് താനനുവദിക്കുകയാണെങ്കിൽ, കർത്താവിന്റെ ദാസൻ എന്ന് പറയുന്നതിൽ എന്തർഥം? അയാളുടെ കാൽ നിലത്തു വീഴുന്ന ശബ്ദം തോമാച്ചൻ കേട്ടു. തോമാച്ചൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്തു. മിന്നൽ വേഗത്തിൽ ടോർച്ച് തെളിച്ചു കെടുത്തി, അയാളുടെ സ്ഥാനം മനസിലാക്കി. ഒരു നിമിഷം, തോമാച്ചന്റെ മുണ്ട് അയാളുടെ കഴുത്തിൽ ചുറ്റി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് മനസിലാവും മുന്നേ, അയാൾ കാൽ തെറ്റി പിന്നിലേക്ക് വീണു, നിലത്തിടിക്കും മുൻപ് തോമാച്ചൻ മുണ്ട് ഒന്നുകൂടി വലിച്ചു, അയാളൊന്നു പിടച്ചു. അയാളുടെ കാലടികൾ ട്രെയിനിന്റെ കടകട ശബ്ദത്തിൽ മുങ്ങിപ്പോയി. ചലനമറ്റ അയാളുടെ ശരീരം ഇരുട്ടിലെ ഒരു മൂലയിൽ ചാരി വച്ച് തോമാച്ചൻ കാത്തിരുന്നു. ട്രെയിനിന്റെ വേഗത കൂടിയിട്ടു വേണം, പുറത്തേക്കെറിയാൻ. താൻ ചെയ്തത് കർത്താവിനു നിരക്കാത്തതാണോ അല്ലയോ എന്ന് തോമസിന് മനസിലായില്ല. ഒരു മനുഷ്യജീവന് വേണ്ടി, വേറൊന്നു ബലി കൊടുക്കാമോ? ഇയാളെ ജീവനോടെ വിട്ടിരുന്നെകിൽ ഇനിയും ജീവനുകൾ ഇയാളെടുക്കിലായിരുന്നോ? ഒരു കുറ്റവാളിയെ കൊന്നാൽ, ലോകത്തെ കുറ്റവാളികളുടെ എണ്ണത്തിൽ മാറ്റമുണ്ടാവുന്നില്ലലോ. ആ പെങ്കൊച്ച് നിലത്തിറങ്ങുന്ന ശബ്ദം. തിടുക്കപ്പെട്ട് വാതിൽക്കലേക്ക് പോവുകയാണ്. ചാടാൻ തന്നെയാണ് ഉദ്ദേശം, ഇവിടെ നടന്നതൊന്നും അവൾക്കറിയില്ല. അവൾക്കിനി അപകടം വരാനില്ല. പിന്നെന്തിനാണ് ഈ പോക്ക്? തോമാച്ചൻ പുറകെ ചെന്നു. പുറത്തേക്ക് ചാടാനായി മുന്നോട്ടു ചുവടു വച്ച അവളെ അതേ മുണ്ടിൽ തന്നെ കുടുക്കി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് വലിച്ചിട്ടു. ഒരു മനുഷ്യനോടുള്ള കടമ എന്നതിലപ്പുറം ഒന്നും അപ്പോൾ ചിന്തിച്ചില്ല. വഴിയിൽ ഏതോ പാലത്തിൽ നിന്ന് അയാളുടെ ശരീരം ആരും കാണാതെ പുറത്തേക്കെറിഞ്ഞുകളഞ്ഞു. താൻ പുണ്യവാനോ പാപിയോ എന്ന ചോദ്യം വീണ്ടും വീണ്ടും ഉയർത്താതിരിക്കാൻ ആ മുണ്ട് വീട്ടിലെത്തിയ ഉടനെ കത്തിച്ചും കളഞ്ഞു. ഒരു കാര്യം മാത്രം ഉറപ്പായിരുന്നു, ഇനി തിരുവസ്ത്രം ഇടാനാവില്ല.
തോമാച്ചൻ പിന്നെ ജീവിതത്തിൽ പാൻറ്സ് മാത്രമേ ധരിച്ചിട്ടുള്ളൂ. പെട്ടെന്നുണ്ടായ പരിഷ്കാരത്തെപ്പറ്റി ആരും പിന്നെ ചോദിച്ചിട്ടില്ല. അവർക്ക് ചോദിക്കാനും ചർച്ച ചെയ്യാനും വിഷയമായി കുമാരി എന്ന അന്ന പള്ളിയുടെ ആലയത്തിലുണ്ടായിരുന്നു. പതിനെട്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ തോമസിന് തോന്നി, അനാഥയായി ജീവിക്കുന്ന അവളെ, ജീവിതത്തിലേക്ക് വലിച്ചിട്ട തനിക്ക്, അത് മനോഹരമാക്കാനുള്ള കടമയുമില്ലേ? അന്ന് വൈകുന്നേരം തോമസ് പള്ളിമേടയ്ക്ക് മുന്നിൽ ചെന്ന് അവളെക്കണ്ടു.
“നിന്നെ ഞാൻ കല്യാണം കഴിക്കട്ടെ?”
കുമാരി അമ്പരന്നു. ഇന്ന് കണ്ണിൽ കാണുന്നത് കരുണയല്ല.
“നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം, പള്ളിയിൽ ചേരാം, ഒന്നുകൂടി ജനിക്കാം, പുതിയ പേര് വാങ്ങാം, ഇതുവരെയുള്ള നിന്റെ ജീവിതം അവിടെ ഇട്ട് പുതിയത് തുടങ്ങാം. അങ്ങനല്ലേലും എനിക്കൊരു വ്യത്യാസവും ഇല്ല.”
കുമാരി നിലത്തു നോക്കി നിന്നു.
“നീയെന്നതാ ഒന്നും പറയാതെ? ഇഷ്ടമല്ലെങ്കിൽ അല്ലന്നു പറഞ്ഞോ”
“അത്..”
“മടിക്കേണ്ട പറഞ്ഞോ”
“എനിക്കൊരു ആഗ്രഹം ഉണ്ട്;”
“എന്നതാ?”
“കല്യാണം കഴിഞ്ഞാലും എനിക്ക് ജോലിക്ക് പോണം”
“എന്ത് ജോലിക്കാ പോണ്ടേ?”
“നഴ്സ്”
“സമ്മതം.”
കല്യാണത്തിന് പോലും തോമാച്ചൻ മുണ്ട് ഉടുത്തില്ല. ആ പഞ്ചായത്തിൽ ആദ്യമായി കല്യാണത്തിന് കോട്ട് ഇട്ട ചെക്കൻ തോമാച്ചനായിരുന്നു.
തോമാച്ചന്റെ ഫോൺ വർത്തമാനകാലത്തിൽ ഹാളിൽ ഇരുന്ന് ഒച്ചയെടുത്തു.
“ദിവാകരാ ആ ഫോൺ ഒന്നെടുത്തേ”
“ഹലോ”
“ആ ദിവാകരേട്ടാ അപ്പൻ എന്തിയെ?”
“ഒരുങ്ങുവാ”
തോമാച്ചൻ ഫോൺ വാങ്ങി.
“ഫിലിപ്പ് മോനാ” ദിവാകരൻ ഫോൺ കൊടുക്കാൻ നേരം പറഞ്ഞു.
“എന്നതാടാ?”
“അപ്പാ അപ്പൻ വിഷമിക്കാതെ കേൾക്കണം. ഇവര് പറയുന്നത്, വെന്റിലേറ്റർ ഇങ്ങനെ ഓടിക്കുന്നോണ്ടാ അമ്മച്ചിക്ക് ഇപ്പഴും.. അതിൽ നിന്ന് മാറ്റിയാ..”
“ആ.. അതിന്?”
“അല്ല ഇനിയിപ്പോ ഇനിയും കഷ്ടപ്പെടുത്താണോ അമ്മച്ചിയെ?”
“നീ ചുമ്മാതിരുന്നേ ഫിലിപ്പെ. അവളിങ് കേറിപ്പോരും.” ഫോൺ കട്ടായി.
തോമാച്ചൻ അലമാര തുറന്നു.ഷർട്ടും മുണ്ടും കയ്യിലെടുത്തു. എന്നിട്ട് മുണ്ട് അരയിൽ ചുറ്റി മടക്കിക്കുത്തി പുറത്തേക്കിറങ്ങി.
❤️
മറുപടിഇല്ലാതാക്കൂ