ആ കാട്ടിൽ കൂട്ടത്തിൽ നിന്നും അകന്നു ജീവിക്കുന്ന ഒരു ചെന്നായയുണ്ടായിരുന്നു. കൂട്ടത്തിന്റെ നിയമങ്ങളെല്ലാം വിഡ്ഢിത്തമാണെന്നു സ്വയം പറഞ്ഞു വിശ്വസിച്ച ഒരു ചെന്നായ. കാട്ടിനു നടുവിലെ അപ്പൂപ്പൻതാടി മരത്തിൽ വസിക്കുന്ന യക്ഷി അവന്റെ സുഹൃത്തായിരുന്നു. അവർ കൈകോർത്തു നടന്നില്ല, മഴയത്തു നൃത്തം ചെയ്തില്ല. അവൻ്റെ കർമ്മങ്ങളിൽ അവനും, അവളുടെ കർമ്മങ്ങളിൽ അവളും മുഴുകിക്കഴിഞ്ഞു. കാട്ടിലെ പച്ചപ്പുല്ലുകൾക്ക് അവൻ്റെ ദംഷ്ട്രകളും നഖങ്ങളുമേറ്റ് വീഴുന്ന മൃഗങ്ങളുടെ ചോര നിറം കൊടുത്തു. അവൾ കണ്ട ചോരത്തുള്ളികളെ യക്ഷി മായ കൊണ്ടു കുഞ്ഞു പൂക്കളാക്കി മാറ്റി. ആ പൂക്കൾ കാട്ടിലെങ്ങും വിരിഞ്ഞു നിന്നു. അവർക്ക് മാത്രം അവ ഭംഗിയുള്ളവയായി തോന്നി. കഥകളിൽ കേട്ടറിഞ്ഞ മനുഷ്യർ ആ കുഞ്ഞുപൂക്കളെ നരകപ്പൂക്കളെന്നു വിളിച്ചു. അവൻ്റെ സമാധാനവും, അവളുടെ വിനോദവും, മനുഷ്യരുടെ ഭയവുമായി ആ പൂക്കൾ കാടാകെ പൂത്തുനിന്നു.
കാടിനു നടുവിലൂടെ ഒരു നദിയൊഴുകിയിരുന്നു. കാടിന് വടക്കായി മനുഷ്യലോകത്തു നടന്ന യുദ്ധങ്ങളിൽ രണവും കബന്ധങ്ങളും ഒഴുകി വന്നിരുന്ന നദി. അതിലൂടെ ജീവൻമാത്രം ബാക്കിയായി, ഒരു തടിയിൽ തങ്ങി ഒരു ദേവതയൊഴുകി വന്നു. പുരുഷാരത്തിന്റെ അഹന്തയും ക്രൗര്യവും അർഹതയില്ലാതെ അനുഭവിക്കേണ്ടി വന്ന ഒരു പാവം ജനദേവത. കരയിലടിഞ്ഞ് നാഴികകൾ കഴിഞ്ഞു കണ്ണ് തെളിഞ്ഞ അവൾ ചുറ്റും നോക്കി. നരകപ്പൂക്കൾ. അവൾക്ക് ഭയം തോന്നിയില്ല, കൗതുകം തോന്നി. പൂക്കൾ നയിച്ച വഴിയിലൂടെ നടന്നു നീങ്ങുന്ന അവളെ, മൂന്നടിപൊക്കമുള്ള കലയുമായി വിഹരിച്ചിരുന്ന ഒരു മ്ലാവിന്റെ ചോര നുണഞ്ഞുകൊണ്ടിരുന്ന ചെന്നായ കണ്ടു. അവൾ അവനെയും. അവൻ്റെ ദംഷ്ട്രകൾ അവൾക്ക് മുല്ലമൊട്ടുകളായി തോന്നി. രക്തമുണങ്ങി കറുത്ത നഖങ്ങൾ അവൾ മയ്യ് പുരണ്ടതായി കണ്ടു. അവളവനു നേരെ കൈ നീട്ടി. ഭയവും രണവും മണത്തു മരവിച്ച അവന്റെ നാസാരന്ധ്രങ്ങളിൽ അന്നാദ്യമായി സുഗന്ധം പരന്നു. കൂർത്തുയർന്ന ചെവികൾ താണു. വിജൃംഭിച്ച രോമങ്ങൾ ശാന്തമായി. കണ്ണുകളിലെ ജ്വാല നക്ഷത്രങ്ങളായി. പാരിജാതപ്പൂക്കളിറുത്ത് അവളവനു മാല കെട്ടിക്കൊടുത്തു.
അപ്പൂപ്പൻതാടി മരത്തിൽ നിന്ന് കാണാനാവാത്ത ദൂരത്ത് ഒരു വാകച്ചുവട്ടിൽ അവർ സമയം ചെലവഴിച്ചു. കാടാകെ മാറിയിരിക്കുന്നു; കാട്ടിലിപ്പോൾ നരകപ്പൂക്കളില്ല. ചോരയുടെ ഗന്ധമില്ല. യക്ഷി എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നു ചെന്നായ ചിന്തിക്കാറുപോലുമില്ല. മടിയിൽ കിടക്കുന്ന ചെന്നായയുടെ തലതടവിക്കൊണ്ട്, നദി വറ്റുന്നതിനു പ്രതീകമായുദിക്കുന്ന ശുക്ര നക്ഷത്രത്തെ പ്രതീക്ഷിച്ച് അവൾ ഇരുന്നു. അവനൊരു ചെന്നായയാണ്. അവൾക്കറിയാം. വേട്ടയാടുക, ചോരവീഴ്ത്തുക, പൗർണമി നിലവിനൊപ്പം ഓരിയും കാട്ടിൽ വിരിക്കുക, എന്നതെല്ലാം അവന്റെ ധർമ്മമാണ്. തന്റെ മടിയിൽ കിടക്കുന്നവനോ? എറുമ്പിനെപ്പോലും തൊടാത്തവൻ. മടയിലേക്ക് വന്നു കയറിയ ഇളമാനുകളെ ചിരിച്ചുകൊണ്ടു മടക്കിയയച്ചവൻ. അവൾ വീടിനെക്കുറിച്ചോർത്തു. തനിക്കു പോകേണ്ടയിടം, തന്റെ സ്വഗൃഹം. ശ്വേതവർണത്തിനു ശോഭകൊടുക്കുമാറ് നിലകൊള്ളുന്ന നെയ്ത്തുഗ്രാമം. അവിടെയ്ക്കിവനെ കൊണ്ടു പോകാനാവുമോ? അവളുടെ ചിന്തകൾ അവനും കേൾക്കുന്നുണ്ടായിരുന്നു. താൻ ശരിക്കുമൊരു നായയാവാത്തതിന് അവൻ നിയതിയെ പഴിച്ചു.
ചൈത്രമാസത്തിലെ ഒരു വെളുപ്പാൻകാലത്ത് കിഴക്കു ശുക്രനക്ഷത്രം ഉദിച്ചുനിൽക്കുന്നതവൾ കണ്ടു. നദി വറ്റിയിരിക്കും; തനിക്കു പോകാറായി. ശരിയാണ്, വൈതിരിണി വരണ്ടു കിടക്കുന്നു. അപ്പുറം കടന്നൊരു അരയോജന നടന്നാൽ ഗ്രാമമായി.ഗ്രാമം ഗുരുപൂർണിമയ്ക്ക് ഒരുങ്ങുന്നുണ്ടാവും. എല്ലാവരും ഒന്നിച്ചെത്തുന്ന ദിവസമാണ്. അന്നേക്കവിടെയെത്തണം. അവർ ഒരുമിച്ചു നദിയുടെ തീരത്തേക്ക് നടന്നു. അവളുടെ കാൽവണ്ണയ്ക്ക് തൊട്ടു മുകളിൽ മാത്രം ജലം. അവൻ്റെ നിഴൽ കണ്ട് തെളിനീരിൽ ഒഴുക്കിനു കുറുകെ ചലനമില്ലാതെ നീന്തുന്ന മീനുകൾ കല്ലുകൾക്കടിയിലേക്കു പോയൊളിച്ചു. അവൾക്ക് അക്കരെ പോകണം. അവനോ?
അവൾ ക്ഷണിച്ചാൽ? അവനത് രക്ഷയോ ശിക്ഷയോ? സാധുമൃഗത്തിന്റെ ശിരസ്സുലഞ്ഞു. അവൾ നടന്നു തുടങ്ങി. അവനു ചലനമില്ല. അവളെത്ര നായയായി കണ്ടാലും, അവൻ വന്യജീവിയാണ്. മനുഷ്യലോകത്തു സ്ഥാനമില്ലാത്തവൻ. നദിക്കക്കരെ നിന്ന് അവൾ തിരിഞ്ഞു നോക്കി. തെറ്റാരു ചെയ്തു? ശരിയാര് ചെയ്തു? വ്യത്യസ്തതകളിലെ ശരിതെറ്റുകൾ ആര് നിശ്ചയിച്ചു?
അവളെ ഇത്രയും നാൾ അവഗണിച്ചെന്ന് യക്ഷി പരാതി പറഞ്ഞില്ല. താൻ ചെയ്തതിൽ തെറ്റുണ്ടെന്ന് ചെന്നായ്ക്കും തോന്നിയില്ല. വിശാഖം തുടങ്ങുന്നതിനു നാല് ദിവസങ്ങൾക്ക് മുൻപ് വീണ്ടും പൗർണമി വന്നു. അവൻ ദേവതയെ ഓർത്തു. അവൻ്റെ ഓരി മരത്തലപ്പുകൾക്കുമുയരെ കേട്ടു. നരകപ്പൂക്കൾ വീണ്ടും പൂത്തു തുടങ്ങിയിരിക്കുന്നു.
♥️
മറുപടിഇല്ലാതാക്കൂ