ബന്നാർഘട്ട റോഡിൻ്റെ തിരക്കേറിയ ഒരു ഭാഗം മുറിച്ചു കടന്നുകൊണ്ട് ഒരുപറ്റം കഴുതകളും അവയെ നയിച്ചുകൊണ്ടൊരു മനുഷ്യനും നടക്കുന്നുണ്ടായിരുന്നു. ഇടത്തേയറ്റത്തു മുന്നിൽ നടന്ന കഴുത പെട്ടെന്ന് കൂട്ടം മാറി റോഡിനു നടുവിലേക്ക് നടന്നു; എതിരെ വരുന്ന ബൈക്ക്-കാർ യാത്രക്കാരാരും ഇതൊരു അസാധാരണ സംഭവമായി കണക്കാക്കുന്നില്ല. കഴുതകളെ നയിച്ച് കൊണ്ട് വന്ന മെലിഞ്ഞ മനുഷ്യൻ ചാടി അതിൻ്റെ കൂടെയത്തി. കയ്യിലുണ്ടായിരുന്ന വടികൊണ്ട് കഴുത്തിനും ചുമലിനും ഇടയിലായി ഒറ്റയടി വച്ചുകൊടുത്തു.യാതൊരൊച്ചയും ഉണ്ടാക്കാതെ അത് തൻ്റെ കൂട്ടത്തിൽ ചേർന്നു.
കന്നഡത്തിലും ഇംഗ്ലീഷിലും ലക്ഷ്യസ്ഥാനങ്ങളെഴുതിയ 365ആം നമ്പർ ബസ് ബി പി എലിനു മുന്നിൽ വന്നു നിന്നു. നടുവിലെ വാതിലിൽക്കൂടി അർജുൻ അകത്തേക്കു കയറി. മൂന്നു വർഷത്തെ ബാംഗ്ലൂർ ജീവിതത്തിൻ്റെ ഭാരം പലവർണത്തിലുള ഉടുപ്പുകളായി അവൻ്റെ ബാഗിനുള്ളിൽ മടങ്ങിക്കിടന്നു. പണ്ടൊരു മഞ്ഞുകാലത്ത് ഈ നാട്ടിലേക്കു വരുമ്പോൾ അവൻ്റെ കണ്ണുകളിലുണ്ടായിരുന്ന തിളക്കം ഇപ്പോൾ കെട്ടുപോയിരിക്കുന്നു. “എല്ലിഗേ?”
കട്ടിക്കണ്ണടയിലൂടെ അവനെ നോക്കി കണ്ടക്ടർ ചോദിച്ചു. അയാളുടെ കയ്യിൽ ഈ നഗരത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന നോട്ടുകൾ ഞെരിഞ്ഞമങ്ങിയിരുന്നു. “മജെസ്റ്റിക്”. ബസ് തിരക്കിനിടയിലൂടെ ഇഴഞ്ഞു നീങ്ങി.
ഇതുപോലെയൊരു ബസ് യാത്രയാണ് എല്ലാത്തിൻ്റെയും തുടക്കം. വർക്ക് ഫ്രം ഹോം അവസരങ്ങൾ അവസാനിച്ചു തുടങ്ങിയ സമയത്ത് കോപ്പിറൈറ്റർമാരിൽ ഒരാളെങ്കിലും എല്ലാ ദിവസവും ഓഫീസിലുണ്ടാവണം എന്ന ഉത്തരവിനെ വെറുപ്പോടെയാണവൻ വായിച്ചത്. ജെ പി നഗറിൽ നിന്ന് ഡോംലുർ വരെ ഓട്ടോയിൽ പോകാൻ ദിവസവും 500 രൂപ ചിലവാണ്. അച്ഛന് മരുന്ന് വാങ്ങാൻ നാട്ടിലേക്ക് പണമയക്കണം എന്നുള്ളതുകൊണ്ട്, ഓരോ രൂപയും ലാഭിക്കണം എന്ന് കരുതിയിരുന്നു; വർക്ക് ഫ്രം ഹോം കിട്ടിയ സമയത്തെ യാത്രാക്കൂലി ഇതിനായി മാറ്റി വച്ചിരുന്നു. പക്ഷെ അതെല്ലാം ഇപ്പോൾ തകിടം മറിയാൻ പോവുകയാണ്. കുഞ്ഞുകുട്ടിപരാധീനങ്ങൾ കാരണം മറ്റു രണ്ടു കോപ്പിറൈറ്റർമാരും ആഴ്ചയിൽ ഓരോ ദിവസം വീതമേ വരൂ; ബാച്‌ലറും പുരുഷനുമായ തൻ്റെ കടമയല്ലേ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ? പക്ഷെ മൂന്നു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ ചെലവാക്കുകയെന്നാൽ..
ഓഫീസിലെ തമിഴ് ടീമിലെ ഐശ്വര്യയാണ് വഴി പറഞ്ഞു തന്നത്;
“നീങ്ക ബി പി എൽ ഇരുന്ത് ജി-4 ബസിലെ ഏറി സെയിൻ്റ് പാട്രിക് ചർച്ച് പോയിടുങ്കെ. അങ്കേയിരുന്ത് കണ്ടിപ്പാ ഡോംളൂർ ബസ് കിടയ്ക്കും”
കർണാടകത്തിലെ മിക്ക ബസുകളിലും ടിക്കറ്റിനായി ക്യൂആർ കോഡ് സ്കാൻ ചെയ്യാമെന്നും ഐശ്വര്യ തന്നെ പറഞ്ഞു. എങ്കിലും പരിചയമില്ലാത്ത ഭാഷയിൽ ടിക്കറ്റ് ചോദിച്ചു വാങ്ങി രണ്ടു ബസ് കയറിപ്പോകാൻ മനസ് അനുവദിച്ചില്ല.
മാനേജർ ഓഫീസിലുണ്ടാവില്ല എന്നുറപ്പിച്ച ഒരു വെള്ളിയാഴ്ച അത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
“സെയിൻ്റ് പാട്രിക് ചർച്ച്”
“ഇപ്പട്ടു”
“എന്താ?”
“ട്വൻഡി”
ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനായി ഫോൺ ഉയർത്തി കാണിച്ചു.
“ഇല്ല”
പേഴ്സിൽ ഇരുപതു രൂപയ്ക്കായി ചില്ലറത്തുട്ടുകൾ തേടുമ്പോൾ തൊലിയുരിഞ്ഞു പോകുന്ന പോലെ തോന്നി. തിരുവനന്തപുരത്തെ ബസ് റൂട്ടുകളുടെ ഉസ്താദായിരുന്ന കൗമാരക്കാരൻ മനസിലിരുന്നു പൊട്ടിച്ചിരിച്ചു. വളർന്നു വളർന്നു കഴുതയായോ?
അലസഭാവത്തിൽ ടിക്കറ്റ് കീറിത്തന്ന് കണ്ടക്ടർ പോയി. ചമ്മൽ മാറ്റാൻ ഫോണിൽ നിന്ന് പാട്ട് കേൾക്കുന്നതിനിടെയാണ് പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു സീറ്റിൽ മുഖത്തോടു മുഖം നോക്കിയിരിക്കുന്നു സംസാരിക്കുന്ന രണ്ടുപേരെ കണ്ടത്. ചുരുണ്ട താടി അലസമായി വളർത്തിയിട്ടിരിക്കുന്ന ഒരുവനും, അവനോട് സംസാരിക്കാനായി സ്വന്തം കമ്പനി ലോഗോ പതിച്ച ബാഗ് മടിയിൽ വച്ച് ചരിഞ്ഞിരിക്കുന്ന മറ്റൊരുവനും. ഏറ്റവും പുതിയ തമിഴ് പ്രേമ സിനിമയിലെ പാട്ടാണ് ഫോണിൽ കേൾക്കുന്നത്. ആ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെത്തന്നെ നോക്കിയിരുന്നുപോകുന്നു; ബസിലിരുന്നു കേൾക്കുന്ന പാട്ടുകൾ മനസ്സിൽ ചിത്രീകരിക്കുന്നത് പണ്ടേയുള്ള ശീലമാണ്. എങ്കിലും സർഗാത്മകതയ്ക്കപ്പുറം എന്തെങ്കിലും പ്രചോദനമുണ്ടോ ഇതിന്? അവൻ്റെ നീണ്ട കൺപീലികൾ വളർന്നു വളഞ്ഞ്, കൂർത്ത പുരികത്തിൽ തട്ടുമെന്നു തോന്നും, വശങ്ങളിൽ മാത്രം പറ്റെ വെട്ടിയ തിരകൾ പോലത്തെ മുടി. ചിരിക്കുമ്പോൾ ഒരു കൂർത്ത പല്ല് കാണാം. തനിക്കെന്താണ് പുഞ്ചിരി നിർത്താനാവാത്തത്? മുഖം ചുവക്കുന്നുണ്ടോ? അർജുൻ പെട്ടെന്ന് മാസ്‌ക് എടുത്തു വച്ചു. മുഖത്തിൻ്റെ പകുതിയെയും നാണത്തെയും അതു മറച്ചു. അടുത്ത ആഴ്ചയിൽ പല ദിവസവും മനപ്പൂർവം ആ ബസ് തേടിപ്പിടിച്ചു കയറിയെങ്കിലും അവനെക്കണ്ടില്ല. അവസാനമില്ലാതെയെഴുതപ്പെട്ട ഒരു കഥയായി അവനവശേഷിക്കും എന്ന് അർജുൻ വിശ്വസിച്ചു.
ആഴ്ചകൾക്കു ശേഷം മറ്റൊരു വെള്ളിയാഴ്ച വൈകുന്നേരം ഐശ്വര്യ ”പൂൾ വെളയാടപ്പൊറേൻ, വരിങ്കളാ” എന്ന് ചോദിച്ചു.
“എനക്ക് നീന്തൽ അറിയില്ല, ഐ മീൻ തെരിയാതെ”
“അയ്യോ സാമി, സ്വിമിങ് പൂൾ ഇല്ലേ, ഇന്ത ടേബിൾ മേലെ ബോൾസ് വച് വിളയാടുമെ, അത്.”
“ഓ അതുവാ.. അതും വെളയാടാൻ തെരിയില്ല”
“അതൊന്നും പറവാ ഇല്ലേ.. ഉങ്ക ഫ്ളാറ്റോടെ പക്കത്തു താൻ ഇന്ത പബ്. വന്തിട്, ഓക്കേ വാ?”
മഞ്ഞ വെളിച്ചം നിരയായി മേൽക്കൂരയിൽ പിടിപ്പിച്ച പബ്. സാധാരണ ബാംഗ്ലൂർ പബ്ബുകളെപ്പോലെ തിരക്കില്ല. ഒഴിഞ്ഞ നാലഞ്ചു മേശകൾ, ചുറ്റും കസേരകൾ. ചില മേശകളിൽ ആഹാരവും പല ഉയരത്തിലുള്ള ഗ്ലാസുകളും, ഒഴിഞ്ഞവ, നിറഞ്ഞവ.. പാതിയൊഴിഞ്ഞവ. ഒരു മൂലയിൽ മാറി നിൽക്കുന്നവരുടെ കയ്യിൽ എരിയുന്ന സിഗരറ്റ് കുറ്റികൾ.
ഐശ്വര്യ പൂൾടേബിളിനരികെ കയ്യിൽ സ്റ്റിക്കുമായി നിൽക്കുന്നുണ്ടായിരുന്നു.
“അർജുൻ. വെളയാട്രിയാ?”
ഇല്ലായെന്ന് തലകുലുക്കി.
“വാട്സ് യുവർ പൊയ്സൺ?”
“എന്ന?”
“ഡ്രിങ്ക്സ്.. എന്ന വേണം ഉങ്കളുക്ക്?”
“ബിയർ?”
“വെട്രി.. അർജുനുക്ക് ഒരു പൈൻ്റ് കൊട്. അത് വെട്രി.. എന്നോടെ കസിൻ”
പൂൾ ടേബിളിന് അടുത്തുള്ള മേശപ്പുറത്തിരുന്ന വലിയൊരു ബിയർ ടവറിൽ നിന്ന് അവനു വേണ്ടി ബിയർ ഒഴിക്കുന്ന വെട്രിയെ അപ്പോഴാണ് അർജുൻ കാണുന്നത്. അവൻ്റെ മുഖം വീണ്ടും ചുവന്നു. അതേ കൺപീലികൾ.
“ഹിയർ” വെട്രി അടുത്തുവന്നു കയ്യിലിരുന്ന ഗ്ലാസ് നീട്ടി. അർജുൻ്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. “ഇറുക്കമാ പുടിച്ചുകോങ്കോ. കീഴെ വീഴപ്പൊകുത്” വെട്രി ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ്റെ കൂർത്ത പല്ലുകൾ വെളിപ്പെട്ടു. മുഖത്തേക്ക് രക്തം ഇരച്ചു കയറുന്നത് അർജുൻ അറിഞ്ഞു.
നിറങ്ങളും വരകളും വീണ പന്തുകൾ ടേബിളിൽ പല ഭാഗത്തേക്കും ഉരുണ്ടു പല കുഴികളിൽ വീണു. തൻ്റെ കണ്ണുകളും അവിടെയും ഇവിടെയും തട്ടിപ്പോകുന്നത് അർജുന് മനസിലാകുന്നുണ്ടായിരുന്നു. മനസ്സ് അവനെ നോക്കാൻ വേണ്ടി അവയെ ഉരുട്ടിവിടുന്നതായി അവനു തോന്നി. ഇടയ്ക്ക് എപ്പോഴോ അവനെ നോക്കിയ വെട്രി ഒന്ന് ചിരിച്ചു. അർജുൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു. “ഛെ.. ചിരിച്ചാൽ മതിയായിരുന്നു; ഇപ്പോൾ അവനെന്ത് കരുതിക്കാണും?” വീണ്ടും തലയുയർത്തി നോക്കിയെങ്കിലും അവൻ ഇപ്പോൾ ഐശ്വര്യയെ നോക്കുകയാണ്.
“ഏയ് ഐഷു.. ഇനി എന്നോടെ ടേൺ താൻ.. എവളോം നേരം വെയിറ്റ് പൺരത്?”
“ആ ഓക്കേ വാ..”
“ഏയ് അർജുൻ, വെളയാട്രിയാ??” ഇപ്പോൾ ചോദ്യം വെട്രിയുടേതെയാണ്.
“ഇല്ല.. എനക്ക് തെരിയില്ല”
“അതൊന്നും പ്രച്ചന ഇല്ലേ.. വാ”
അവൻ അർജുനെ വലിച്ച് എഴുന്നേൽപ്പിച്ചു.
ത്രികോണാകൃതിയിൽ അടുക്കിയ പത്തു പന്തുകൾ. അവയ്ക്ക് നേരെയായി വെള്ളപ്പന്ത്.
വെട്രി അർജുൻ്റെ പിന്നിൽ നിന്നു ഇടതു കൈകൊണ്ട് അവൻ്റെ ഇടതു കൈപിടിച്ചു.. “കൈ ഇപ്പടി വെക്കണം.” വിരലുകൾ ഉയർത്തി ടേബിളിൻ്റെ മുകളിൽ വച്ചുകൊടുത്തു. “സ്റ്റിക്ക് തമ്പ്ക്കും പോയിൻ്റ് ഫിംഗർക്കും മേലെ ഇരിക്കണം. ബാക്കിലെ ഹാൻഡ് ഇപ്പടി വച്ച്, ബാളെ പാത്ത് ക്വിക്കാ പുഷ്”
അടുക്കി വച്ചിരുന്നവയുടെ നിര തെറ്റി. അവ നിയന്ത്രണം വിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു.
“ഗുഡ് ഷോട്ട്” വെട്രി ചിരിക്കുകയാണ്. അവനെല്ലാം മനസിലാകുന്നുണ്ടോ?
രാത്രി തിരിച്ചിറങ്ങാൻ നേരം മഴ പെയ്യുന്നുണ്ടായിരുന്നു. അർജുൻ തിരിച്ചു പോകാനുള്ള ഓട്ടോ പിടിക്കാൻ ഫോണിലുള്ള എല്ലാ അപ്പുകളിലും പരതി.
“ഇന്നേരം ഓട്ടോ കെടക്കാത് അർജുൻ.”
“അയ്യോ, അപ്പൊ എന്ത് ചെയ്യും?”
“വെട്രി ഡ്രോപ്പ് പണ്ണിടുവാ ഉന്നെ”
“അത്..”
“ഭയപ്പെടാതെ, അവൻ ഡ്രൈവറാ വന്തത്.. കുടിക്കലെ! സേഫാ പോലാം”
വെട്രി പാർക്കിങിൽ നിന്നും കാറുമായി വന്നു.
“വെട്രി, നീ അർജുനെ ഡ്രോപ്പ് പണ്ണിട്ട് വാ”
“ഐഷു വരുന്നില്ലേ?”
“യു വിൽ ഗോ ബാക് ദിസ് വെ ഒൺലി നോ? നാ ഒരു സ്‌മോക്ക് എടുത്ത് വെയിറ്റ് പൺറെൻ”
പറഞ്ഞു തീരുന്നതിനു മുന്നേ, അവരുടെ കൂടെ നിന്ന കൂട്ടുകാരി സിഗരറ്റ് എടുത്തുകഴിഞ്ഞു.
കാർ മഴയിലൂടെ പതുക്കെ നീങ്ങി.
“വെട്രി എന്ത് ചെയ്യുന്നു?”
“___ -ൽ കോപ്പി റൈറ്റർ ആണ്..” തമിഴ് കലർന്ന മലയാളത്തിൽ മറുപടി വന്നു.
“മലയാളം അറിയാമോ?”
“ലിറ്റിൽ ബിറ്റ്.. അതെപ്പടി സൊൽരത്.. കുറച് അറിയും?”
“അറിയാം..”
“ആമ, അറിയാം…നീങ്ക ജെ പി നഗറിൽ ഇരുക്കാ ല്ലേ?”
“ആമ..”
“ഓഫീസ് കൊഞ്ചം ദൂരെ ല്ലേ?”
“യെസ്, ബസിൽ താൻ പോണം.”
“തെരിയും എനക്ക്”
“എപ്പടി?”
“അന്നേക്ക് നാൻ പാർത്തേനെ.. നീങ്ക വെക്കപ്പെടർത്”
കാർ നിന്നു.
“നാനും ഉങ്കളെ തേടിട്ട് ഇരുന്തേൻ.. അപ്പൊ താ ഐഷുവോടെ സ്റ്റാറ്റസിലെ പാത്തേൻ”
വെട്രി അടുത്തേക്ക് വരികയാണ്. കാറിൽ തണുപ്പ് കൂടുന്നുണ്ടോ? എന്നിട്ടും താൻ വിയർക്കുന്നതെന്ത്?
“കണ്ടത്ൽ സന്തോഷം ഉണ്ടോ?” വീണ്ടും മുറിമലയാളം; അവൻ്റെ കണ്ണ് തിളങ്ങുന്നുണ്ടോ? അവൻ്റെ മുഖം അർജുൻ്റെ മുഖത്തിന് വളരെ അടുത്താണ്. കഴുത്തിൽ അവൻ്റെ ശ്വാസം പതിയുന്നുണ്ട്.
“ക്ലിക്ക്” വാതിൽ തുറക്കുന്ന ശബ്ദം.
“ഉങ്ക ഫ്ലാറ്റ് വന്തത്”
അവൻ അടുത്തേക്ക് വന്നത് വാതിൽ തുറക്കാനായിരുന്നോ?
“വിൽ സീ യു എഗൈൻ.”
കാർ അകന്നു പോയി. അർജുൻ ദൂരേയ്ക്ക് അകന്നുപോകുന്ന ചുവന്ന വെട്ടത്തിൽ നോക്കി മഴ നനയുന്നതറിയാതെ നിന്നു.
******
ദിവസങ്ങളുടെ ഫോൺ വിളികൾക്കും, പബ്ബുകളുടെ സന്ദർശനത്തിനും, ഉദയാസ്തമയങ്ങൾക്കും ചിരികൾക്കും ശേഷം, വെട്രി അർജുൻ്റെ ഫ്ലാറ്റിലേക്ക് താമസം മാറി. രണ്ടു മുറികളും ഒരടുക്കളയും ഭൂമി തൊടാതെ മണ്ണിൽ വളരുന്ന ചെടികളും നിറത്തിനനുസരിച്ച് അടുക്കിവച്ച പുസ്തകങ്ങളുമുള്ള ഫ്ലാറ്റിലേക്ക് ബിയർകുപ്പികളും സിഗരറ്റ് കുറ്റികളും മറുപുറം കാണാൻ സാധിക്കുന്ന ചെറിയ കടലാസ് തുണ്ടുകളും കണ്ണാടിക്കുപ്പിയിലടച്ച ഉണങ്ങിയ ഇലകളും വന്നു. രണ്ടു മുറികളിൽ രണ്ടു ലോകങ്ങൾ. ഒന്നിലേക്ക് മറ്റെയാളിനെ ആരും പിടിച്ചു വലിച്ചില്ല. വന്നു കയറുന്നയാളെ തടഞ്ഞുമില്ല. മഴ നിർത്താതെ അലച്ചുപെയ്തൊരു രാത്രി, ഒരു കപ്പിൽ കട്ടൻ ചായയുമായി ടിവിക്കു നേരെ പുതപ്പിനടിയിലിരിക്കുന്ന അർജുൻ്റെ അടുത്തേക്ക് വെട്രി വന്നിരുന്നു.
“എന്താ കാണുന്നെ?”
അവൻ്റെ മലയാളം ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു.
“പ്രത്യേകിച്ച് ഒന്നുമില്ല.” വെട്രി മനസിലാവാത്ത പോലെ നോക്കി.
“പെരുസാ ഒന്നും ഇല്ലേ എന്ന് സൊന്നെ” അവസാനം എന്തെന്നറിയാത്ത സിനിമകളും ഷോകളും ഇപ്പോൾ വല്ലാതെ വ്യാകുലതകളുണ്ടാക്കുന്നുണ്ട്. കണ്ടവ തന്നെയാണ് വീണ്ടും കാണുന്നത്.
വെട്രി മേശപ്പുറത്തു നിന്ന് ഒരു സിഗരറ്റ് കയ്യിലെടുത്തു. “യാരോടെ ഫോൺ?”
അർജുൻ ഫോൺ ചെയ്യുന്നത് വെട്രി കണ്ടിരുന്നു.
“മാനേജർ..”
“ഓ അന്ത ആളാ! ഐഷുവുക്കും അന്ത ആളെ സുത്തമാ പുടിക്കാത്.. ഇപ്പൊ എന്ന സൊന്നാ?”
“എനിക്കറിയില്ല.. എൻ്റെ ഈ മാസത്തെ പ്രൊഡക്ടിവിറ്റി ടീമിലെ സെക്കൻഡ് ബെസ്റ്റ് ആണ്! എന്നാലും ____ ചെയ്യുന്നതെല്ലാം ശരി, ഞാനെന്ത് ചെയ്താലും തെറ്റ്!”
“അത് ഏൻന്ന് തെരിയുമാ?”
“എനിക്കെങ്ങനെ അറിയാം?”
“സുപ്പീരിയർസ്‌ക്ക് തേവയ് ഹാർഡ്‌വർക്ക് ഇല്ലേ.. സികോഫൻസി. നീ കേൾവി കേൾക്കും, ബ്ലൈൻ്റാ ഒബേ പണ്ണമാട്ടാ”
“ചിലപ്പോ എനിക്ക് തോന്നും കണ്ണുമടച്ച് പറയുന്നതെല്ലാം അങ്ങ് ചെയ്‌താൽ ഇതൊന്നും ഉണ്ടാവില്ല എന്ന്!”
“യു വാണ്ട് എ ഡ്രിങ്ക്?”
“യാ, വൈ നോട്ട്!”
വെട്രി എഴുന്നേറ്റു, രണ്ടു ചില്ലു ഗ്ലാസുകളിൽ സ്വർണ നിറത്തിലെ വിസ്‌ക്കി ഒഴിച്ചു ഐസും വെള്ളവും ചേർത്ത് അർജുന് നീട്ടി. ഗ്ലാസ്സുകൾ തമ്മിൽ മുട്ടി.
“അർജുൻ ഞാനൊരു കാര്യം സൊല്ലവാ?”
“പറയൂ”
വെട്രിക്ക് പറയാനുണ്ടായിരുന്നത് അവൻ്റെ അമ്മയെക്കുറിച്ചായിരുന്നു. കോയമ്പത്തൂർ വളർന്ന പല്ലാർ ജാതിയിലെ എണ്ണക്കറുപ്പുള്ള പെണ്ണിനോട് പാലക്കാട്ടെ ഒരു ബ്രാഹ്മണന് മോഹം തോന്നി. കുടുംബത്തിലെയും കൂട്ടത്തിലെയും ജാതിചിന്തകളോടുള്ള പ്രതിഷേധം ആ മോഹത്തെ ആളിക്കത്തിച്ചു. അവയോടുള്ള വെറുപ്പ് എതിർപ്പുകളെ മറികടക്കാൻ അയാൾക്ക് പ്രചോദനമായി. അതും പ്രണയവും തമ്മിലുള്ള അന്തരം ആ പെൺകുട്ടി തിരിച്ചറിഞ്ഞില്ല. അവനോടൊപ്പം ആകാശത്തിനു കീഴെ എവിടെയെങ്കിലും ഒരു കൂരയിൽ പോയി താമസിച്ചിരുന്നെങ്കിലും സമാധാനിക്കുമായിരുന്ന അവൾ അയാളുടെ പ്രതിഷേധത്തിൻ്റെ കൊടിയായി മാറി. കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും വെറുപ്പ് നിറഞ്ഞ നോട്ടങ്ങളും തൊലിനിറത്തിനു നേരെയുള്ള വാക്കുകളുടെ ഒളിയമ്പുകളും നേരിട്ട് ആൾക്കൂട്ടത്തിൽ തനിയെ അവൾ നിന്നു. അവളും അവൾക്കു ജനിച്ച മകനും തൊട്ട പാത്രങ്ങളിൽ അവിടെയാരും തൊട്ടില്ല. അവളുടെ കുടുംബത്തിലെ ചടങ്ങുകൾക്കായി പാലക്കാട് നിന്നാരും പോയതുമില്ല. എന്നെങ്കിലും ഒരിക്കൽ അമ്മ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ, അവഗണനകൾ മാത്രം നിറഞ്ഞ ആ വീട്ടിൽ നിന്നിറങ്ങി സ്വന്തം സമാധാനം തേടിപ്പോയിരുന്നെങ്കിൽ.. വെട്രിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
അർജുൻ പുതപ്പ് ഉയർത്തി. ഊഷ്‌മളത തന്നെ പൊതിയുന്നതറിഞ്ഞ വെട്രി കണ്ണു തുടച്ചു. അർജുൻ്റെ പുതപ്പ് അവനേയും ഉള്ളിലാക്കിയിരിക്കുന്നു. അവൻ്റെ കൈകൾ വെട്രിയുടെ ചുമലിനു മീതെയാണ്. അവൻ്റെ ചുമലിലേക്ക് വെട്രി തല ചായ്ച്ചു. അർജുൻ്റെ അടിവയറ്റിലൊരു കുളിര് അനുഭവപ്പെട്ടു. അവൻ വെട്രിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. തല ചരിച്ച് വെട്രി അവനെ നോക്കി; വെട്രിയുടെ മുഖം അടുത്തേക്ക് നീങ്ങി വരുന്നത് അർജുന് അനുഭവപ്പെട്ടു. അവൻ തലയുയർത്തി പിന്നിലേക്ക് നോക്കി.
“എന്ന ആച്ച്?”
“ഡോർ ഓപ്പൺ പണ്ണ വരിയാ എന്ന് നോക്കിയതാ”
വെട്രി പൊട്ടിച്ചിരിച്ചു. അവൻ്റെ കൈകൾ അർജുൻ്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു. അവരുടെ ചുണ്ടുകൾ തമ്മിൽ ചേർന്നു. പുറത്തെ പെരുമഴയിലും, പരസ്പരം പകർന്ന ചൂടിൽ അവർ വിയർത്തു.
ടീവിയിൽ നിന്ന് വരുന്ന വെളിച്ചത്തെ ചുറ്റി നിൽക്കുന്ന ഇരുട്ടും, ആ പുതപ്പും മാത്രം വസ്ത്രമാക്കി അവർ സോഫയിൽ ചായ്ഞ്ഞിരുന്നു. വെട്രിയുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് അർജുൻ ചോദിച്ചു,
“സിഗരറ്റ് കത്തിക്കുമോ?”
വെട്രി പതിയെ ചിരിച്ചു. അവൻ്റെ കൂർത്ത പല്ലുകൾ. അർജുന് വീണ്ടും അവനെ ചുംബിക്കാൻ തോന്നി. അന്നു രാത്രി മുതൽ, ആ വീട്ടിലെ രണ്ടാമത്തെ മുറി വീണ്ടും ഒഴിഞ്ഞു കിടന്നു.
*****
“ആ നീ എവിടെയാ? ഓഫീസിലാണോ?”
“അല്ല വീട്ടിലാ..”
“ഇന്ന് പോയില്ലേ?”
“വർക്ക് ഫ്രം ഹോം ആണ്..”
“അതിനാണെങ്കിൽ പിന്നെ നീ അവിടെ പോയി നിക്കേണ്ട വല്ല കാര്യവുമുണ്ടോ മോനെ?”
“ചെല്ലാൻ പറഞ്ഞാൽ പെട്ടെന്ന് ചെല്ലണ്ടേ അമ്മേ?”
“ഞാനിപ്പോ വിളിച്ചതേ.. മന്മഥൻ മാമൻ വന്നിരുന്നു ഇന്ന്”
“ആ”
“മനസ്സിലായോ നിനക്ക്? അച്ഛൻ്റെ കൂടെ ജോലി ചെയ്തിരുന്ന..”
“,മനസിലായി..”
“ആൾക്കൊരു മോളുണ്ട്.. കാണാൻ നല്ല കുട്ടിയാ.. ഞാൻ കണ്ടിട്ടുണ്ട്.. നല്ല പെരുമാറ്റവും..”
“പറഞ്ഞു വരുന്നതെനിക്ക് മനസിലായി.. അമ്മ ചുമ്മാതിരുന്നേ!”
“അച്ചു നിനക്ക് വയസ് 28 ആയി.. ഇനി എന്നാണെന്നാ?”
“എന്ന് പറഞ്ഞാൽ.. എനിക്കു കൂടി തോന്നണ്ടേ!”
ഫോൺ കട്ടായി.
“അമ്മ എന്ന സൊന്നാ?”
“കല്യാണക്കാര്യം!”
“ഓ.. നീ എന്ന സൊന്നാ?”
“പറ്റില്ലെന്ന് പറഞ്ഞു.”
വെട്രി പുഞ്ചിരിച്ചപ്പോൾ എപ്പോഴത്തെയും പോലെ അവൻ്റെ കണ്ണ് തിളങ്ങിയില്ല എന്ന് അർജുൻ ശ്രദ്ധിച്ചു.
അന്ന് രാത്രി അമ്മയുടെ ഫോണിൽ നിന്ന് വീണ്ടും വിളി വന്നു.
“എന്തമ്മാ?”
“അച്ഛനാടാ..”
“ആഹാ! എന്നാൽ, എന്തച്ഛാ?”
“നമ്മടെ കിഷൻ മരിച്ചുപോയി..”
“അയ്യോ അത്ര പ്രായം ഒന്നും ഇല്ലല്ലോ കിഷൻമാമന്..”
“അതാ.. ഓരോരുത്തരെ കണ്ണടച്ച് തുറക്കുമ്പോഴാ കാണാതാവുന്നത്..”
“ആം.. അച്ഛൻ്റെ മരുന്ന് തീരാറായോ?”
“ആ ഒരാഴ്ചത്തേക്കുണ്ടാവും..”
“തീരുമ്പോ പറഞ്ഞാൽ കിച്ചു വാങ്ങിക്കൊണ്ട് വരും.. പൈസ കൊടുത്തേക്കാം ഞാൻ..”
“അതുപോട്ടെ.. നീയെന്നാ വരിക?”
“അടുത്ത മാസം അവസാനം.. എന്തെ?”
“അല്ല ഒന്നുമില്ല.. എന്നാലും കിഷൻ അണ്ണൻ, അടുത്ത തിങ്കളാഴ്ച ഒന്നാന്തി ഇരിക്കാൻ വരാമെന്നു പറഞ്ഞു പോയ ആളാ…”
അർജുന് അച്ഛൻ പറഞ്ഞു വരുന്നത് മനസിലായി. ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ച് അച്ഛൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
“നീ അവിടെ നന്നായി കഷ്ടപ്പെടുന്നുണ്ട് എന്നച്ഛനറിയാം.. എത്ര നാളായെടാ ഇങ്ങനെ ഒറ്റയ്ക്ക്? കൂട്ടിന് ആരെങ്കിലും വേണ്ടേ?”
“കൂട്ടിന് വെട്രി ഉണ്ടല്ലോ!”
“തമാശ കള അച്ചൂ..”
“എന്നോടെ പേര് എതുക്ക് സൊന്നെ?” എന്ന് ചോദിച്ചു കൊണ്ട് വെട്രി കേറിവന്നു.
“അച്ചൂ നീ ഫോൺ ഒന്ന് ലൗഡ് സ്‌പീക്കർ ഇട്ടേ.”
“അച്ഛൻ ചുമ്മാത്തിരുന്നേ..”
“എന്നാ?” വെട്രിയുടെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു.
“ലൗഡ് സ്പീക്കർ ഇടണമെന്ന്”
അടുത്തനിമിഷം വെട്രി ഫോൺ പിടിച്ചു വാങ്ങി ലൗഡ്‌സ്‌പീക്കർ ഇട്ടു.
“ആ സൊല്ലുങ്കേ അച്ഛാ..”
“മോനെ നീയെങ്കിലും കൂട്ടുകാരന് ഒന്ന് പറഞ്ഞു കൊടുക്കണേ! വയ്യാത്ത അച്ഛനേം അമ്മേം ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കണോ എന്ന്!”
വെട്രിയുടെ ചിരി മാഞ്ഞു.
“ആ.. നാ സൊല്ല്റേൻ അച്ഛാ..”
അവൻ ഫോൺ തിരികെക്കൊടുത്ത് തിരിഞ്ഞു നടന്നു. രണ്ടാമത്തെ മുറിയുടെ വാതിലടയുന്ന ശബ്ദം അർജുൻ്റെ ചെവിയിൽ പതിഞ്ഞു.
രണ്ടു ദിവസം ആ വാതിൽ അടഞ്ഞു തന്നെ കിടന്നു; അല്ലെങ്കിൽ, അർജുൻ പുറത്തുള്ള സമയം കണക്കാക്കി വെട്രി ഉള്ളിൽ ഒളിച്ചിരുന്നു. അതിനിടയിൽ അമ്മ വീണ്ടും വിളിച്ചു. അച്ഛന് ആശുപത്രിയിൽ പോണം, അർജുൻ തന്നെ കൊണ്ട് പോണമെന്ന് വാശിപിടിക്കുകയാണ്. അർജുൻ ധൈര്യം സംഭരിച്ച് വെട്രിയുടെ വാതിലിൽ മുട്ടി. “അച്ഛന് എന്നെ കണ്ടേ പറ്റൂ എന്ന്.. ഞാൻ ഉച്ചയ്ക്കത്തെ ട്രെയിനിന് പോകും.. വാതിൽ തുറക്ക് വെട്രീ”
രണ്ട് നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വാതിൽ തുറന്നു.
“പാക്ക് പണ്ണ ഹെൽപ് വേണമാ?’
“വേണ്ട.. ഞാൻ എല്ലാം എടുത്തു വച്ചു..”
“ഉം”
“ഞാൻ അടുത്ത ആഴ്ച വരും.”
“ഉം”
“പോട്ടെ?”
“സരി”
അർജുൻ തിരിഞ്ഞു.
“അർജുൻ?”
“സൊല്ലെടാ”
“നാനും നാളെ കാലെയിലെ കോയമ്പത്തൂർ പോറാ.. കീ സെക്യൂരിക്കിട്ടെ കൊടുത്തിട്ട് പോറേൻ..” അവൻ്റെ നീണ്ട കൺപീലികളിൽ നനവ്.
ബസിറങ്ങി തിരക്കിനിടയിലൂടെ പെട്ടിയും വലിച്ചു നടക്കുന്നതിനിടെ അർജുന് വെട്രി പണ്ട് പറഞ്ഞത് ഓർമ്മ വന്നു. അധികാരസ്ഥാനങ്ങൾക്ക് വേണ്ടത് അധ്വാനിക്കുന്നവരെയല്ല, എതിർക്കാത്തവരെയാണ്. കൊച്ചുവേളി എക്സ്പ്രസ്സ് അതിന് പോകാനുള്ള സമയം കാത്ത് തീരുമാനിക്കപ്പെട്ട വരിയിൽ കിടന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ